ഒരു ദിവസം മുതൽ സുരേഷ് ഗോപിയുടെ ഫോൺ ജീവിതം തന്നെ മാറി. നട്ടുച്ചക്കും വിളി… പാതിരാത്രിക്കും വിളി… ചിലപ്പോൾ പുലർച്ചെ നാലുമണിക്കും.

“സാറാണോ സുരേഷ് ഗോപി?”

ആരാണ്?”

“ഞാൻ… ഇന്നാണ് പുറത്തിറങ്ങിയത്.”

എവിടെ നിന്ന്?”

“അത്… ജയിലിൽ നിന്നാണ് സാർ!”

അടുത്ത ദിവസം വീണ്ടും വിളി.

“സാർ, ഇപ്പോൾ കൊല്ലം ബസ് സ്റ്റാൻഡിൽ നിൽക്കുകയാണ്… പറഞ്ഞതുപോലെ നിങ്ങളെ വിളിക്കുകയാണ്.”

മറ്റൊരു ദിവസം:

“സാർ, റെയിൽവേ സ്റ്റേഷനിലാണ്… പുറത്തിറങ്ങിയ ഉടനെ വിളിക്കണമെന്ന് പറഞ്ഞില്ലേ…”

ആദ്യം സുരേഷ് ഗോപി കരുതിയത് സുഹൃത്തുക്കളുടെ ഒരു തമാശയായിരിക്കുമെന്നായിരുന്നു. പക്ഷേ ദിവസങ്ങൾ കഴിഞ്ഞിട്ടും വിളികൾ നിർത്തിയില്ല. ഓരോരുത്തരും ഒരേ രീതിയിൽ സംസാരിക്കുന്നു. എല്ലാവരും പറയുന്ന ഒരു വാചകം മാത്രം ഒരുപോലെ —

“ജയിൽ വിട്ടിറങ്ങിയാൽ നിങ്ങളെ വിളിക്കണം എന്ന് നിങ്ങൾ തന്നെയാണ് പറഞ്ഞത് സാർ.”

അവസാനം കൗതുകം തോന്നി. “ഞാൻ എപ്പോഴാണ് അത് പറഞ്ഞത്?” എന്ന് ചോദിച്ചു.

അപ്പോൾ ഒരാൾ വളരെ ലളിതമായി മറുപടി പറഞ്ഞു:

“പൂജപ്പുര സെൻട്രൽ ജയിലിലെ നോട്ടീസ് ബോർഡിൽ എഴുതിയിട്ടുണ്ടല്ലോ സാർ… നിങ്ങളുടെ പേരും ഫോൺ നമ്പറും കൂടി!”

അപ്പോഴാണ് സുരേഷ് ഗോപിക്ക് കാര്യം മനസ്സിലായത്.

മാസങ്ങൾക്കുമുമ്പ് പൂജപ്പുര സെൻട്രൽ ജയിലിൽ “മാന്യന്മാർ” എന്ന സിനിമയുടെ ഷൂട്ടിങ് നടന്നിരുന്നു. ഇടവേളയിൽ ജയിലിനകത്ത് നടന്നുനടന്ന മുകേഷ്, ജഗദീഷ്, ജഗതി എന്നിവർ ഒരു കാലി നോട്ടീസ് ബോർഡ് കണ്ടു.

മുകേഷിന് ഒരു ആശയം തോന്നി.

ജഗദീഷ് വലിയ അക്ഷരങ്ങളിൽ എഴുതി:

“ഈ ലോകത്ത് ആരും കുറ്റവാളിയായി ജനിക്കുന്നില്ല… സമൂഹമാണ് അവരെ കുറ്റവാളികളാക്കുന്നത്. നിങ്ങൾ ഒരിക്കൽ ഈ ജയിലിൽ നിന്നും മോചിതരായി പുറത്തിറങ്ങുമ്പോൾ എനിക്ക് ഫോൺ ചെയ്യാനും എന്നെ വന്നു കാണാനും മറക്കരുത്. — നിങ്ങളുടെ സ്വന്തം സുരേഷ് ഗോപി.”

അതിനൊപ്പം വളരെ സ്‌നേഹത്തോടെ സുരേഷ് ഗോപിയുടെ സ്വകാര്യ ഫോൺ നമ്പറും ചേർത്തു.

അങ്ങനെ ഒരു ചെറിയ തമാശയായി തുടങ്ങിയ ആ നോട്ടീസ്, ജയിലിൽ നിന്ന് പുറത്തുവരുന്ന ഓരോരുത്തർക്കും ഒരു “ജീവിത നിർദ്ദേശം” ആയി മാറി.

ഒടുവിൽ ഈ വിളികളൊക്കെ കൊണ്ട് തലകറങ്ങി പോയ സുരേഷ് ഗോപി ഒരു പ്രസ്താവനയിറക്കിയത്രേ —

“കൊല്ലത്തുനിന്നുമുള്ള ഒരു നടൻ എന്നെ നിരന്തരമായി വേട്ടയാടിക്കൊണ്ടിരിക്കുകയാണ്!”