"അണ്ണാമലൈ അണ്ണാമലൈ ആശ വെച്ചേൻ എണ്ണാമലേ അന്നം തണ്ണീ ഉണ്ണാമലേ എണ്ണി ഏങ്ങുറേൻ...
തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് ഉയർത്തിവിട്ട രാഷ്ട്രീയ കൊടുങ്കാറ്റ് അടങ്ങും മുമ്പേ, ദ്രാവിഡ മണ്ണിൽ അടുത്ത ഒരു വലിയ കലങ്ങിമറിയലിന് കളമൊരുങ്ങുകയാണ്. ബി.ജെ.പി.യുടെ സംസ്ഥാന മുഖമായി ചുരുങ്ങിയ കാലം കൊണ്ട് വളർന്നുവന്ന കെ. അണ്ണാമലൈ പാർട്ടി വിടുന്നുവെന്ന വാർത്ത തമിഴകത്ത് പുതിയ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും തിരി കൊളുത്തിയിരിക്കുന്നു. ഇത് ഒരു സാധാരണ രാജി അല്ല; മറിച്ച് വലിയൊരു രാഷ്ട്രീയ പരീക്ഷണത്തിന്റെ ഇടവേളയാണ്.
സംസ്ഥാനത്ത് ശക്തമായ അടിത്തറ കണ്ടെത്താൻ വർഷങ്ങളായി ശ്രമിച്ചുകൊണ്ടിരുന്ന ബി.ജെ.പി.യ്ക്ക്, ഈ നീക്കം വലിയ തിരിച്ചടിയാകാം. നേതൃത്വതലത്തിൽ ഉണ്ടായ ഭിന്നതകൾ, തന്ത്രപരമായ അഭിപ്രായവ്യത്യാസങ്ങൾ, കൂടാതെ ജനപ്രീതിയെ വോട്ടുകളാക്കി മാറ്റാനുള്ള പരാജയം—ഇവയൊക്കെയാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. അണ്ണാമലൈ ഇല്ലാത്ത ബി.ജെ.പി. തമിഴ്‌നാട്ടിൽ ഇനി ഏത് ദിശയിലേക്ക് പോകും എന്ന ചോദ്യമാണ് ഇപ്പോൾ പ്രധാനമായും ഉയരുന്നത്.
സിംഗം ഐ.പി.എസിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്
അണ്ണാമലൈ എന്ന വ്യക്തിയെ മനസ്സിലാക്കാതെ തമിഴ്‌നാട്ടിലെ ഈ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളെ വായിക്കാൻ കഴിയില്ല. കരൂർ ജില്ലയിലെ ഒരു സാധാരണ കർഷകകുടുംബത്തിൽ നിന്നാണ് അദ്ദേഹത്തിന്റെ തുടക്കം. എൻജിനീയറിംഗ് പഠനത്തിന് ശേഷം ഐ.ഐ.എം. ലക്നൗവിൽ നിന്ന് എം.ബി.എ.യും കരസ്ഥമാക്കിയ അദ്ദേഹം അക്കാദമിക് രംഗത്ത് തന്നെ ഒരു ശക്തമായ അടിത്തറ നിർമ്മിച്ചിരുന്നു.
പിന്നീട് ഐ.പി.എസ്. ഓഫീസറായി കര്‍ണാടകത്തിൽ സേവനം അനുഷ്ഠിച്ചപ്പോൾ, കർശനക്കാരനായ ഒരു തനത് ശൈലിയുള്ള പൊലീസ് ഓഫീസറെന്ന പേരാണ് അദ്ദേഹം സമ്പാദിച്ചത്. എന്നാൽ 2019-ൽ മാധ്യമങ്ങൾ 'സിംഗം' എന്ന് വിശേഷിപ്പിച്ചിരുന്ന ഈ കണിശക്കാരനായ ഓഫീസർ അപ്രതീക്ഷിതമായി സർവീസിൽ നിന്ന് രാജിവെച്ച് രാഷ്ട്രീയത്തിലേക്ക് കടന്നു. ‘വ്യവസ്ഥിതിക്ക് പുറത്തുനിന്ന് മാറ്റം കൊണ്ടുവരണം’ എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
കൊങ്കു വെള്ളാളർ ഗൗണ്ടർ സമൂഹത്തിൽപ്പെട്ട അദ്ദേഹത്തിന്, പശ്ചിമ തമിഴ്‌നാട്ടിൽ വലിയൊരു സ്വാധീനമുണ്ട്. എന്നാൽ ആ സ്വാധീനം മുഴുവൻ വോട്ടുകളാക്കി മാറ്റാനാകുമോ എന്നത് എപ്പോഴും ഒരു ചോദ്യചിഹ്നമായിരുന്നു.
വീഴ്ചകളിലേക്ക് നയിച്ച വഴികളും സഖ്യത്തിലെ വിള്ളലുകളും
അണ്ണാമലൈയുടെ രാഷ്ട്രീയ ശൈലി തമിഴ്‌നാട്ടിൽ വലിയ ദൃശ്യത നേടിക്കൊടുത്തു. ദ്രാവിഡ രാഷ്ട്രീയ ആദര്ശങ്ങളോടുള്ള കടുത്ത എതിർപ്പ്, അണ്ണാദുരൈയും ജയലളിതയും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ വരെ ശക്തമായി വിമർശിക്കൽ, സംസ്ഥാന സർക്കാരിനെതിരെയുള്ള നിരന്തരമായ ആരോപണങ്ങൾ എന്നിവയിലൂടെ അദ്ദേഹം എപ്പോഴും മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി மாறி. പക്ഷേ, തെരഞ്ഞെടുപ്പ് ഫലങ്ങൾ ആ ആവേശത്തെ വോട്ടുകളാക്കി മാറ്റിയില്ല.
സഖ്യരാഷ്ട്രീയം വേണമോ, അതോ സ്വതന്ത്രമായ വളർച്ചയാണോ വേണ്ടത് എന്നതിൽ ബി.ജെ.പി.യ്ക്കുള്ളിൽ തന്നെ അഭിപ്രായവ്യത്യാസങ്ങൾ പുകഞ്ഞിരുന്നു. അണ്ണാമലൈയുടെ കടുത്ത ഭാഷയും മൺമറഞ്ഞുപോയ ജനപ്രിയ നേതാക്കളെ നിശിതമായി വിമർശിക്കുന്ന ശീലവും പലപ്പോഴും സഖ്യകക്ഷികൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. കേന്ദ്രനേതൃത്വത്തിന്റെ കണക്കുകൂട്ടലുകളും സംസ്ഥാനതലത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന ലക്ഷ്യങ്ങളും തമ്മിൽ പൊരുത്തപ്പെടാതെ വന്നതോടെ കാര്യങ്ങൾ കൂടുതൽ വഷളായി.
ഒടുവിൽ ഈ അഭിപ്രായ വ്യത്യാസങ്ങൾ ഇക്കഴിഞ്ഞ ഇലക്ഷന് തൊട്ടു മുമ്പ് അണ്ണാമലൈയ്ക്ക് ബി.ജെ.പി. സംസ്ഥാന അധ്യക്ഷ സ്ഥാനം നഷ്ടപ്പെടുന്നതിലാണ് എത്തിനിന്നത്. ജയലളിതയെ പരസ്യമായി വിമർശിക്കുന്ന സംസ്ഥാന അധ്യക്ഷനെ മാറ്റിക്കൊണ്ടാണ് ബി.ജെ.പി. ഒടുവിൽ അണ്ണാഡിഎംകെയുമായി സഖ്യമുണ്ടാക്കിയത്. താൻ മത്സരിക്കാൻ ആഗ്രഹിച്ച കോയമ്പത്തൂർ സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ, മത്സരരംഗത്തില്ലെന്ന് പ്രഖ്യാപിച്ച അണ്ണാമലൈ പിന്നീട് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ഒട്ടും സജീവമായിരുന്നില്ല.
രജനീകാന്തിന് സംഭവിച്ചതും ജസ്റ്റിസ് അരുണ ജഗദീശൻ കമ്മീഷനും
അണ്ണാമലൈയുടെ ഈ രാഷ്ട്രീയ മാറ്റത്തെ മുൻകാല സംഭവങ്ങളുമായി കൂട്ടി വായിക്കേണ്ടതുണ്ട്. സൂപ്പർതാരം രജനീകാന്ത് ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഔദ്യോഗികമായി തയ്യാറെടുത്തിരുന്ന സമയത്തായിരുന്നു അദ്ദേഹത്തിന്റെ തൂത്തുക്കുടി സന്ദർശനം. 2018 മേയ് മാസത്തിൽ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ നടന്ന സ്റ്റെർലൈറ്റ് വിരുദ്ധ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ പോലീസ് വെടിവെപ്പിനെത്തുടർന്ന്, രജനീകാന്ത് അവിടുത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ചിരുന്നു.
അന്ന് ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കെ. സന്തോഷ് രാജ് എന്ന 21 വയസ്സുകാരനായ വിദ്യാർത്ഥി പ്രതിഷേധക്കാരൻ തനിക്കരികിലെത്തിയ രജനീകാന്തിനോട് "നിങ്ങൾ ആരാണ്?" ("നീങ്ക യാര്?")എന്ന് പരസ്യമായി ചോദിച്ചത് വലിയ രീതിയിൽ തരംഗമാവുകയും മാധ്യമശ്രദ്ധ നേടുകയും ചെയ്തു. ഈ സന്ദർശനത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ, സമാധാനപരമായി നടന്ന പ്രതിഷേധത്തിൽ സാമൂഹിക വിരുദ്ധരാണ് അക്രമം അഴിച്ചുവിട്ടതെന്നും, എല്ലാ കാര്യത്തിനും സമരം ചെയ്താൽ തമിഴ്‌നാട് ഒരു ശ്മശാനമായി മാറുമെന്നും രജനീകാന്ത് പ്രസ്താവിച്ചത് വലിയ ജനരോഷത്തിന് കാരണമായി.
തുടർന്ന് ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് അരുണ ജഗദീശൻ കമ്മീഷൻ രജനീകാന്തിനെ വിളിച്ചുവരുത്തുകയും, സാമൂഹിക വിരുദ്ധരെക്കുറിച്ച് താൻ നടത്തിയ പരാമർശങ്ങൾക്ക് പിന്നിൽ യാതൊരുവിധ തെളിവുകളുമില്ലെന്ന് അദ്ദേഹം കമ്മീഷന് മുൻപിൽ രേഖാമൂലം സമ്മതിക്കുകയും ചെയ്തു. കൃത്യമായ തെളിവുകളില്ലാതെ ഇത്തരമൊരു ഗൗരവമേറിയ പ്രസ്താവന നടത്തിയതിന് കമ്മീഷൻ തന്റെ അന്തിമ റിപ്പോർട്ടിൽ താരത്തെ ശക്തമായി വിമർശിച്ചു. ഈ സംഭവത്തോടെ രജനീകാന്ത് പിന്നീട് പൂർണ്ണമായും രാഷ്ട്രീയപ്രവേശനം എന്ന ചിന്ത തന്നെ ഉപേക്ഷിക്കുകയായിരുന്നു.
വിജയ് തരംഗവും ബി.ജെ.പി.യുടെ ‘ബി ടീം’ തന്ത്രവും
ബി.ജെ.പി. തലകുത്തി മറിഞ്ഞിട്ടും തമിഴ്‌നാട്ടിൽ ഒരു വേരോട്ടത്തിന് സാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അണ്ണാഡിഎംകെയുടെ കൂടെ കൂടിനോക്കിയിട്ടും വിജയം കാണാതെ വന്നപ്പോഴാണ് ടി.വി.കെ. (തമിഴക വെട്രി കഴകം) എന്ന പാർട്ടിയുടെ പേരിൽ ഒരു സാധാരണ പയ്യനായി വന്ന് വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് ഉയർന്നത്. വിജയ് എന്ന ജനപ്രിയ താരത്തിന്റെ ഈ രാഷ്ട്രീയ ഉദയത്തോടെ ബി.ജെ.പി. തങ്ങളുടെ തന്ത്രങ്ങൾ മാറ്റിയെഴുതുകയാണ്. പണ്ട് രജനീകാന്തിന് വന്ന ആ രാഷ്ട്രീയ തിരിച്ചടി അണ്ണാമലയിലൂടെ പരിഹരിക്കാനായുള്ള ബൃഹദ് പദ്ധതിയാണ് ഇപ്പോൾ ബി.ജെ.പി. ആസൂത്രണം ചെയ്യുന്നത്.
തമിഴന്മാർക്ക് ഹിന്ദി ഭാഷയോടുള്ള വിരോധം പോലെ തന്നെ വടക്കേന്ത്യൻ രാഷ്ട്രീയത്തോടും കടുത്ത വിരോധമുണ്ടെന്ന് ബി.ജെ.പി. കേന്ദ്ര നേതൃത്വം കൃത്യമായി മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ അണ്ണാമലയിലൂടെ ഒരു ‘രണ്ടാം നിര ടീമിനെ’ വളർത്തിക്കൊണ്ട് തമിഴ്നാട് പിടിച്ചെടുക്കുവാനുള്ള രഹസ്യ പദ്ധതിയാണിത്. ആന്ധ്രയും ബംഗാളും ബീഹാറും കൈപ്പിടിയിൽ ഒതുക്കിയ ബി.ജെ.പി.ക്ക് ഇനിയുള്ള ഏറ്റവും വലിയ ബാലികേറാമല തമിഴ്‌നാടാണ്. ഈ സാഹചര്യത്തിൽ അണ്ണാമലൈ ഒരു പ്രധാന അണിയറ ശില്പി തന്നെയാണ് എന്ന് രാഷ്ട്രീയ നിരീക്ഷകർ സംശയിക്കുന്നു.
അണ്ണാമലൈയുടെ അടുത്ത നീക്കം എന്ത്?
ഇനി അണ്ണാമലൈയുടെ അടുത്ത നീക്കം എന്തായിരിക്കും എന്നതാണ് ഇപ്പോൾ തമിഴകത്തെ ഏറ്റവും വലിയ ചർച്ച. അദ്ദേഹം സ്വന്തമായി ഒരു പാർട്ടി രൂപീകരിക്കുമോ? അങ്ങനെ സംഭവിച്ചാൽ അത് ബി.ജെ.പി.യുടെ നിലവിലുള്ള വോട്ടുകൾ തന്നെ കൂടുതൽ ചിതറാൻ ഇടയാക്കും. അല്ലെങ്കിൽ, പുതിയ രാഷ്ട്രീയ ശക്തികളുമായി അദ്ദേഹം കൈകോർക്കുമോ?
പ്രത്യേകിച്ച് സിനിമാതാരം വിജയ് രാഷ്ട്രീയത്തിൽ വൻ സ്വാധീനമായി മാറിയ സാഹചര്യത്തിൽ, യുവാക്കളുടെയും നഗരവോട്ടർമാരുടെയും പിന്തുണയ്ക്കായി ഇവർ തമ്മിൽ കടുത്ത മത്സരം ഉണ്ടാകാനിടയുണ്ട്. മറ്റൊരു സാധ്യത, അദ്ദേഹം ആശയപരമായി ബി.ജെ.പി.യോട് അടുത്തുനിൽക്കുന്ന ഒരു പ്രാദേശിക പാർട്ടിയുണ്ടാക്കുകയും, 'വടക്കൻ പാർട്ടി' എന്ന ലേബലുള്ള ബി.ജെ.പി.ക്ക് നേരിട്ട് കിട്ടാത്ത തമിഴ് വോട്ടുകൾ പെട്ടിയിലാക്കുകയും ചെയ്യുക എന്നതാണ്. അങ്ങനെ ആയാൽ, വിമർശകർ ഭയപ്പെടുന്നതുപോലെ ബി.ജെ.പി.ക്ക് തമിഴ്നാട്ടിൽ ഒരു പിൻവാതിൽ പ്രവേശനത്തിന് വഴിയൊരുങ്ങുമോ എന്ന സംശയവും ശക്തമാണ്.
അണിയറയിൽ ഒരുങ്ങുന്ന ബി.ജെ.പി. നാടകം
അണ്ണാമലൈയെ മുന്നിൽ നിർത്തി ഒരു തമിഴ് പ്രാദേശിക പാർട്ടി രൂപീകരിക്കുകയും, തുടർന്ന് തമിഴകത്തിന്റെ സ്വന്തം 'തലൈവർ' രജനീകാന്തിനെക്കൂടി ഒപ്പം കൂട്ടി അടുത്ത മുഖ്യമന്ത്രിയായി രജനീകാന്തിനെത്തന്നെ അവതരിപ്പിക്കുകയും ചെയ്യുക എന്ന കൃത്യമായ ബി.ജെ.പി. തന്ത്രമാണ് ഇപ്പോൾ തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാം കണ്ടുകൊണ്ടിരിക്കുന്ന ഈ നാടകങ്ങൾക്ക് പിന്നിലെ യഥാർത്ഥ ലക്ഷ്യം.
വടക്കൻ പാർട്ടി എന്ന ലേബലിൽ തമിഴ് മണ്ണിൽ നേരിട്ട് ജയിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ബി.ജെ.പി, അണ്ണാമലൈയുടെ തമിഴ് സ്വത്വവും രജനീകാന്തിന്റെ ജനപ്രിയതയും ഒരേസമയം ഉപയോഗിച്ച് വിജയ് തരംഗത്തെ തടയാൻ നോക്കുകയാണ്.
അണ്ണാമലൈ എന്ന ഈ അണിയറ ക്യാപ്റ്റൻ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വോട്ട് ഭിന്നിപ്പിക്കുന്ന ഒരു ഘടകമാകുമോ, അതോ രജനീകാന്തിനെ മുൻനിർത്തി തമിഴകത്തിന്റെ ഭരണം പിടിക്കുന്ന മുഖ്യശക്തിയാകുമോ? അതോ കേവലം ഒരു ചെറിയ ഇടവേളയായിട്ട് മാത്രമാണോ ചരിത്രത്തിൽ ഇത് രേഖപ്പെടുത്തുക?
തമിഴകം കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു!!





