മലയാള സിനിമാ സെറ്റുകളിൽ ഒരിക്കൽക്കൊക്കെ ഒരു പ്രത്യേക വാക്ക് കേൾക്കാം — “ശങ്കരാടി ആകരുതേ!”
അത് കേൾക്കുന്നവർക്ക് ആദ്യം ഓർമ്മ വരുന്നത് സന്ദേശം സിനിമയിലെ ആ താത്വികാചാര്യനായ ശങ്കരാടിയെയാകും. എന്നാൽ സിനിമക്കാരുടെ ഭാഷയിൽ “ശങ്കരാടി ആകരുതേ” എന്നത് ഒരു വേറിട്ട അർത്ഥമുള്ള പ്രയോഗമാണ്. അതിന്റെ പിന്നിൽ ഒരു സെറ്റ് കഥയുണ്ട്.
ഒരു സിനിമയുടെ ഷൂട്ടിംഗിനായി ശങ്കരാടിയും സംഘവും വയനാട്ടിലെ ഒരു ആദിവാസി കോളനിയിലെത്തി. ഷൂട്ടിംഗ് രാത്രിയായിരുന്നു. ശങ്കരാടി അന്നേദിവസം ആദിവാസി മൂപ്പന്റെ വേഷത്തിലായിരുന്നു. ഇരുട്ടും കാടും നിശ്ശബ്ദതയും… എല്ലാം ചേർന്നൊരു അന്തരീക്ഷം.
പെട്ടെന്ന് അദ്ദേഹത്തിന് വയറ്റിൽ ഒരു അസ്വസ്ഥത. ഉടനെ ഷൂട്ടിംഗ് സ്ഥലത്തുനിന്ന് അല്പം മാറി അടുത്തുള്ള ഭാഗത്തേക്ക് പോയി. വെളിച്ചം വളരെ കുറവ്. അതുകൊണ്ട് ഒന്നും വ്യക്തമായി കാണാൻ പറ്റുന്നില്ല.
കുറച്ച് സമയം കഴിഞ്ഞ് കാര്യങ്ങൾ തീർത്ത് കഴുകാൻ തുടങ്ങി. പക്ഷേ ഒരു പ്രശ്നം. എത്ര കഴുകിയാലും വൃത്തിയാകുന്നില്ല!
വീണ്ടും കഴുകി… വീണ്ടും കഴുകി…
എന്നാൽ കാര്യങ്ങൾ കൂടുതൽ “അഴകൊഴമ്പൻ” ആയി മാറുകയാണ്.
അപ്പോഴാണ് ശങ്കരാടിക്ക് കാര്യം പിടികിട്ടിയത്. കഴുകാൻ എടുത്ത കുപ്പിയിൽ വെള്ളമല്ല.
നല്ല നറുതേൻ !
ആരോ അടുത്ത ദിവസം ഷൂട്ടിംഗിനായി കൊണ്ടുവന്ന തേൻ കുപ്പിയായിരുന്നു അത്. ഇരുട്ടിൽ തിരക്കിൽ അതൊന്നും ശ്രദ്ധിക്കാൻ പറ്റിയില്ല.
അങ്ങനെ ആ രാത്രിയിൽ കാട്ടിനകത്ത് ശങ്കരാടി അനുഭവിച്ച ആ “മധുര ദുരന്തം” പിന്നീട് സിനിമാ സെറ്റുകളിൽ ഒരു പ്രയോഗമായി മാറി.
അതിനുശേഷം ആരെങ്കിലും അല്പം അഴകൊഴമ്പൻ അവസ്ഥയിലായാൽ സെറ്റിൽ ഉടനെ ഒരാൾ പറയും:
“എടാ… ശങ്കരാടി ആകരുതേ!”





