മലയാളത്തിലെ “ഇരു” വെറും ഒരു സംഖ്യയല്ല; അത് ഒരു കാലഘട്ടത്തിന്റെ കണക്ക് പുസ്തകമാണ്. ഇരുവർ എന്നത് രണ്ട് പേരെന്ന അർത്ഥത്തിൽ ഒതുങ്ങുന്നില്ല—അത് രണ്ടു ചിന്തകൾ, രണ്ടു വഴികൾ, രണ്ടു മനസ്സുകൾ എന്നൊക്കെയാണ്. ഒരാൾ മുന്നിൽ നിൽക്കുമ്പോൾ മറ്റൊരാൾ പിന്നിൽ നിഴലായി നിൽക്കുന്ന രാഷ്ട്രീയം നമ്മൾ കണ്ടു കഴിഞ്ഞു. ഇരുവർ ചേർന്ന് വേദിയിൽ കൈകോർക്കുമ്പോൾ, പിന്നാമ്പുറത്ത് ഇരുപാതകൾ വേർപിരിയുന്ന കഥകളാണ് പതിവ്.

ഇരുവർ തമ്മിലുള്ള ഐക്യം ചിലപ്പോൾ സമവായം; പലപ്പോഴും സൗകര്യവാദം. ഇരുണ്ട നാളുകൾ എന്ന് പറയുമ്പോൾ അത് വെറും വൈദ്യുതി പോയ രാത്രി മാത്രമല്ല. വിശ്വാസം മങ്ങിയ, വാക്കുകൾ തകർന്ന, വാഗ്ദാനങ്ങൾ നിറംകെട്ട ഒരു കാലഘട്ടം. ഇരുണ്ട നാളുകളിൽ മനുഷ്യൻ ഇരുകണ്ണും തുറന്ന് കാണാൻ ശ്രമിക്കും; പക്ഷേ കാണുന്നത് ഇരുനിഴലുകൾ മാത്രം. ചരിത്രം പറയുന്നു—ഓരോ ഇരുണ്ട നാളിനും പിന്നിൽ ഒരു ഇരുവർ കഥയുണ്ട്. ഒരാൾ തീരുമാനമെടുക്കും, മറ്റൊരാൾ പിന്തുണക്കും; ഫലം സമൂഹം ചുമക്കും.

ഇരുപത്തിനാലു മണിക്കൂറും പ്രചാരണത്തിന്റെ വെളിച്ചം കൊളുത്തിയാലും, ജനങ്ങളുടെ മനസ്സിൽ ഇരുട്ട് നിറഞ്ഞാൽ അത് ഇരുണ്ട നാളുകളായിത്തന്നെ രേഖപ്പെടും. ഇരുമുടിക്കെട്ട് ഒരു യാത്രയുടെ പ്രതീകമാണ്. ഭക്തൻ ഇരുഭാരം ചുമന്ന് മല കയറുമ്പോൾ, ദൈവത്തോടൊപ്പം തന്നെ തന്റെ ജീവിതവും കൊണ്ടുപോകുന്നു.

പക്ഷേ ഇന്നത്തെ ജീവിതത്തിൽ ഇരുമുടിക്കെട്ടുകൾ മറ്റൊരു അർത്ഥം നേടിയിരിക്കുന്നു—ഒരു വശത്ത് വിശ്വാസം, മറുവശത്ത് സംശയം; ഒരു വശത്ത് വാഗ്ദാനം, മറുവശത്ത് കണക്കെടുപ്പ്. ഇരുഭാരം ചുമക്കാൻ കഴിയാതെ പലരും ഇരുവഴികളിൽ തളരുന്നു. ചിലർക്കത് ആത്മാർത്ഥതയുടെ അടയാളം; ചിലർക്കത് അഭിനയത്തിന്റെ അലങ്കാരം.

അവസാനം “ഇരു” നമ്മെ പഠിപ്പിക്കുന്നത് ഇതാണ്: ഇരുവർ ചേർന്ന് വെളിച്ചം ഉണ്ടാക്കാനും കഴിയും; ഇരുണ്ട നാളുകൾ നീട്ടാനും കഴിയും. ഇരുമുടിക്കെട്ടുകൾ വിശ്വാസത്തിന്റെ ഭാരമാകാം; അല്ലെങ്കിൽ വ്യാജഭാവത്തിന്റെ വേഷമാകാം. ഇരുകണ്ണ് തുറന്ന് നോക്കുമ്പോൾ മാത്രം വ്യത്യാസം തിരിച്ചറിയാം. ഇല്ലെങ്കിൽ, ഇരുവർ ചേർന്ന് ഇരുണ്ട നാളുകൾ നീട്ടി, ഇരുമുടിക്കെട്ട് വച്ചുനിന്നു പ്രാർത്ഥിക്കുന്ന നാടകമാവും നമ്മുടെ സമൂഹത്തിന്റെ ദിനചര്യം.

പക്ഷേ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും, ഇരുകാലികൾക്കും, ഇരുട്ടിന്റെ ആത്മാക്കൾക്കും ഇരുളടഞ്ഞ മനസ്സുള്ളവർക്കും—ഇതൊന്നും മനസ്സിലാകണമെന്നില്ല. അവർക്കു ഇരുകണ്ണുകൾ ഉണ്ടെങ്കിലും കാണുന്നത് സ്വന്തം നിഴൽ മാത്രം. ഇരു ചെവികൾ ഉണ്ടെങ്കിലും ഇരുപത്തിനാലു മണിക്കൂറും കേൾക്കുന്നത് സ്വന്തം ശബ്ദം. മുന്നറിയിപ്പുകൾ ചെവിക്കുള്ളിൽ കയറും മുമ്പേ പുറത്തേക്കൊഴുകും. ഇരുവഴികളും തുറന്നുവെച്ചിട്ടും, അവർ നടക്കുന്നത് ഒരേയൊരു വഴിയിലാണ്—സ്വകാര്യ സൗകര്യത്തിന്റെ വഴി. അവസാനം, സത്യം പുറത്തുവരുമ്പോൾ നാടകങ്ങൾ പൊളിയും.

അപ്പോഴാണ് ഇരുപിടി കത്രിക വയറ്റിൽ എന്ന പോലെ, വാക്കുകളും പ്രവൃത്തികളും ഒരുമിച്ച് കുത്തിനോവിക്കുക. അഴിച്ചുവിടാൻ ഉപയോഗിക്കേണ്ട കത്രിക തന്നെ ജീവനെ മുറിക്കുമ്പോൾ, ഉത്തരവാദിത്വത്തിന്റെ വില ശരീരവും മനസ്സും ചേർന്ന് അടയ്ക്കേണ്ടിവരും. അങ്ങനെയാണ് “ഇരു” നമ്മെ വീണ്ടും പഠിപ്പിക്കുന്നത്: പ്രശ്നം എണ്ണത്തിലല്ല, ബോധത്തിലാണ്—ഇരുകണ്ണ് തുറന്ന് കാണാതെ, ഇരുചെവി തുറന്ന് കേൾക്കാതെ പോയാൽ, ഇരുവർ ചേർന്ന് സൃഷ്ടിക്കുന്നത് വെളിച്ചമല്ല; ഇരുണ്ട നാളുകളുടെ തുടർച്ച മാത്രമാണ്. -

ഇപ്പോഴിതാ ഇരു പത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ പൊറാട്ട് നാടകം കണ്ണൂരിലെ ഐസിയുവിൽ - ഉളുക്കിയത്രേ ഉളുക്കി , കഴുത്തിന്റെ ഇരുവശവും ഉളുക്കി . നാടൻ മർമ്മാണി തൈലം ഇരുകൈകളിൽ ഏറ്റിക്കൊണ്ട് ഇരട്ടച്ചങ്കനും ..