കെ.കെ. ശൈലജ ടീച്ചറെ വീണ്ടും ഒരു രക്തസാക്ഷി പരിവേഷം കെട്ടിപ്പിടിപ്പിക്കാനുള്ള സിപിഎം പി.ആർ. അടവുനയം, ഈയിടെയായി കണ്ടുവരുന്ന കയ്യിലിരുന്ന് പൊട്ടലുകൾ ഓർത്താൽ, വെളുക്കാൻ തേച്ചത് പാണ്ടാവുന്ന അവസ്ഥയിലേക്കാണ് പോകുന്നത്.
വീണ ജോർജ്ജിൽ പറ്റിയ അബദ്ധം ടീച്ചറമ്മയിൽ ആവർത്തിക്കരുത് എന്ന സാമാന്യബോധം പോലും എകെജി സെന്ററിലെ നുണ ഫാക്ടറിയുടെ തിരക്കഥകളിൽ കാണാനില്ല. ഒരു പരാജയം വന്നാൽ അതിനെ “വീരത” ആക്കാനുള്ള അതിവേഗ ശ്രമങ്ങളാണ് ഇപ്പോഴത്തെ എല്ലാ രാഷ്ട്രീയ ദുരന്തങ്ങൾക്കും പിന്നിലെ പൊതുവായ സൂത്രവാക്യം.
മട്ടന്നൂർ കൊടുക്കില്ല, പേരാവൂർ കൊടുക്കും, ടീച്ചർ പിണങ്ങുന്നു, ഒടുവിൽ മട്ടന്നൂർ തന്നെ—ഇതൊക്കെ കേൾക്കുമ്പോൾ 2006-ൽ വി.എസ്. അച്യുതാനന്ദന് കിട്ടിയ “വീര പരിവേഷം” റീസൈക്കിൾ ചെയ്യാനുള്ള ശ്രമമാണെന്ന് തിരിച്ചറിയാൻ വലിയ രാഷ്ട്രീയ പാണ്ഡിത്യം വേണ്ട. പക്ഷേ കാലം മാറി, ജനങ്ങളുടെ ക്ഷമ മാറി, പി.ആർ. കളികളുടെ ഗന്ധം പോലും ജനങ്ങൾക്കിപ്പോൾ ദൂരത്ത് നിന്നേ പിടികിട്ടും. അന്ന് കൈയ്യടിച്ച ജനക്കൂട്ടം ഇന്ന് കണക്കെടുക്കുന്ന ജനതയായി മാറിയിട്ടുണ്ട്.
ഇതിലെ മറ്റൊരു പ്രശ്നം ടീച്ചറമ്മയുടെ തന്നെ ധാർഷ്ട്യമാണ്. വിമർശനം വന്നാൽ എല്ലാം “ശത്രുക്കളുടെ നീക്കം” എന്നൊരൊറ്റ മറുപടിയിൽ ഒതുക്കുന്ന സമീപനം, രാഷ്ട്രീയത്തിൽ ദീർഘകാലം നിലനിൽക്കാനുള്ള ഫോർമുലയല്ല. ആരോഗ്യകാലത്തെ പ്രതിഛായ ഇന്നും ഒരു കവചമായി ഉപയോഗിക്കാമെന്ന തെറ്റിദ്ധാരണയാണ് ഇവിടെ പ്രകടമാകുന്നത്. പക്ഷേ ജനങ്ങൾ പഴയ പത്രക്കട്ടിങ്ങുകൾക്കല്ല, ഇന്നത്തെ അനുഭവങ്ങൾക്കാണ് വോട്ട് ചെയ്യുന്നത്.
എൽഡിഎഫിന്റെ ഇപ്പോഴത്തെ ഗതികേട് നോക്കിയാൽ, ഈ പി.ആർ. നാടകങ്ങൾ കൊണ്ട് മട്ടന്നൂർ പോലും കൈവിട്ടുപോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. തോൽവിയെ മഹത്വമാക്കി മാറ്റാനുള്ള ഈ കന്നാസും കടലാസും കളികൾ അവസാനിപ്പിക്കാതെ, ഓരോ തെരഞ്ഞെടുപ്പും പുതിയ “വീര പരാജയങ്ങളുടെ” കഥകളായി മാറും.
രാഷ്ട്രീയത്തിൽ പരിവേഷങ്ങൾക്കല്ല, പര്യാപ്തതയ്ക്കാണ് വില—അത് മനസ്സിലാകുന്ന ദിവസം വരുമ്പോഴേ ഈ നുണ ഫാക്ടറിക്ക് അവധി കിട്ടൂ.
കന്നാസും കടലാസും





