ഡൽഹിയിൽ നിന്നുള്ള പത്മപ്പട്ടിക വന്നാൽ കേരളത്തിൽ സ്ഥിരം കാഴ്ചയാണ്.

ചിലർ നെഞ്ചുവിരിച്ച് നിൽക്കും, ചിലർ നെഞ്ചിൽ കല്ലുകെട്ടിയപോലെ നിൽക്കും.

ആർക്കാണ് പത്മശ്രീ, ആരാണ് പത്മഭൂഷൺ, ആരാണ് പത്മവിഭൂഷൺ – അതിലല്ല പ്രശ്നം.

ആർക്കാണ് അർഹത, ആരാണ് അടുപ്പം – അവിടെയാണ് കന്നാസും കടലാസും തുടങ്ങുന്നത്.

കലാരംഗത്തെ ചില പത്മധാരികളെ നോക്കാം.

പ്രതിഭ ഉണ്ടായിരുന്നു, ഉണ്ട്. പക്ഷേ തെറ്റുകൾ കണ്ടപ്പോൾ മിണ്ടാതിരുന്നത് ഒരു കലാരൂപമല്ല എന്ന വിമർശനം ആരും കേൾക്കുന്നില്ല. അധികാരത്തോടുള്ള മൗനം ജീവിതകാല സംഭാവനയായി മാറുമ്പോൾ, പത്മം വെറും പൊൻകെട്ട് മാത്രമാകുന്നു.

രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നുള്ള പത്മങ്ങൾ വേറൊരു കഥയാണ്.

പ്രസംഗങ്ങളിൽ ധാർമ്മികത, പ്രവർത്തിയിൽ സൗകര്യവാദം.

ഭരണകൂടം പിഴച്ചപ്പോൾ കണ്ണടച്ച് കയ്യടിച്ചവർക്ക് പത്മം വീണപ്പോൾ, ജനങ്ങൾ ചോദിച്ചത് ഒരു ലളിതമായ സംശയമാണ് –

ഇത് സേവനത്തിനുള്ള അംഗീകാരമാണോ, സഹകരണത്തിനുള്ള സമ്മാനമാണോ?

നീതിപീഠത്തിൽ നിന്നുള്ള ചില പത്മങ്ങൾ…

വിധികൾ ചരിത്രമായി.

പക്ഷേ ചില വിധികൾ നിയമത്തേക്കാൾ വ്യക്തിയെ സംരക്ഷിച്ചുവോ എന്ന ചോദ്യങ്ങൾ ഇന്നും ഫയലുകൾക്കിടയിൽ ജീവനോടെ കിടക്കുന്നു. പത്മം കൊടുത്താൽ ആ സംശയങ്ങൾ റദ്ദാകില്ല.

സാമൂഹ്യ-സമുദായ നേതാക്കളെക്കുറിച്ച് പറയാതിരിക്കാൻ പറ്റില്ല.

സേവനത്തിന്റെ പേരിൽ വേദികൾ കത്തിച്ചവർ,

അതേ വേദിയിൽ നിന്നു തന്നെ വിഭജനത്തിന്റെ വിഷവിത്ത് വിതച്ചതും കേരളം മറന്നിട്ടില്ല.

അവിടെയാണ് ഒരിക്കൽ ഒരു സമുദായ നേതാവ് പറഞ്ഞ വാക്കുകൾ വീണ്ടും ഓർമ വരുന്നത്:

“പണം കൊടുത്താൽ പത്മഭൂഷൺ കിട്ടും. വേണമെങ്കിൽ എന്റെ പട്ടിയെ ഡൽഹിയിലേക്ക് അയക്കും; അതിനും കിട്ടും.”

അന്ന് ചിരിച്ചവർ ഇന്ന് ആ ചിരി തിരിച്ചു വിഴുങ്ങുകയാണ്.

പത്മങ്ങൾ ഇന്ന് ബയോഗ്രഫിയല്ല, ജിയോഗ്രഫിയാണോ എന്ന സംശയം ജനങ്ങൾക്ക് ഉണ്ട്.

ഡൽഹിയോട് അടുപ്പം, അധികാരത്തോട് അടുപ്പം, ഫയലുകളോട് അടുപ്പം –

ഇവ ചേർന്നാൽ ഇവിടെ കഴുത്തിൽ മെഡൽ വീഴും.

അവസാനം ഇത്ര മാത്രം.

പത്മം കിട്ടിയാൽ ഒരാൾ മഹാനാവില്ല.

പത്മം കിട്ടാതിരുന്നാലും ഒരാൾ ചെറുതാവില്ല.

പക്ഷേ പത്മം കിട്ടിയിട്ടും

ചോദ്യങ്ങളിൽ നിന്ന് രക്ഷപെടാമെന്ന് കരുതുന്നുവെങ്കിൽ,

അവിടെ ജനങ്ങളുടെ ഓർമ്മ പട്ടിയെക്കാൾ ശക്തമായി കുരയ്ക്കും.