പ്രതികാരം—സിനിമയിൽ മാത്രം കാണുന്ന വികാരമല്ല; രാഷ്ട്രീയത്തിലും അത് ഒരു തിരക്കഥയാണ്. നായകൻ വില്ലന്റെ കൂടെ ചേർന്ന് വില്ലനെ തന്നെ തോൽപ്പിക്കുന്ന ക്ലാസിക് സീൻ. ഇരുമ്പഴികളിലെ ജയൻ ഓർമ്മ വരും. പുറത്തു നിന്നാൽ ഒന്നും ചെയ്യാനാവില്ലെന്ന് നായകൻ മനസ്സിലാക്കുന്ന നിമിഷം—അകത്ത് കയറുക, അവന്റെ ചോറു തിന്നുക, അവന്റെ ഭാഷ സംസാരിക്കുക. പിന്നെ, നിശബ്ദമായി പകരം ചോദിക്കുക.
ഇവിടെ കഥ പറയുന്നത് വാൾവെട്ടുകളോ വെടിവെപ്പുകളോ അല്ല. വാക്കുകൾ, ചിരികൾ, “നാടകം” എന്ന പേരിൽ കെട്ടിപ്പടുത്ത രംഗങ്ങൾ—അതെ, ചോര വീഴാത്ത പ്രതികാരം. ഒരുപാർട്ടിയും ഒരു മനുഷ്യനും തമ്മിലുള്ള പഴയ കണക്കുകൾ—വേദനകൾ—ഇന്നത്തെ രാഷ്ട്രീയത്തിൽ എങ്ങനെ “കണ്ടന്റ്” ആകുന്നു എന്നതാണ് ഈ കോളത്തിന്റെ പാഠം.
ഒരുകാലത്ത് നിയമസഭയുടെ നടുത്തളത്തിൽ നടന്ന അപമാനങ്ങളുടെ ഓർമ്മകൾ, കത്തിക്കരിഞ്ഞ തറവാടുകളുടെ കഥകൾ, തെരുവിലൂടെ നടത്തിപ്പുകളുടെ വേദന—ഇതെല്ലാം ഓർമ്മ എന്ന ഫയലിൽ സൂക്ഷിക്കപ്പെട്ടിരുന്നു. സമയം വന്നപ്പോൾ ഫയൽ തുറന്നു. പ്രതികാരം പ്രഖ്യാപനമല്ല; അവതരണം.
ആദ്യം ചെറിയൊരു സീൻ—പാത്രം കഴുകൽ. ചിരിച്ചു കടന്നുപോകാവുന്ന ഒരു ഫ്രെയിം. പക്ഷേ അതിലൂടെ ഒരു അഖിലേന്ത്യാ പദവി കോമാളിത്തത്തിന്റെ ലൈറ്റിൽ നിൽക്കുന്നു. പിന്നെ, ഒരു കഥ—ഒറോട്ടിയുടെ മണം; കഥയുടെ വളവ്—ദൈവസങ്കൽപ്പത്തിന്റെ പോലും പരിഹാസം. മൂന്നാമത്തെ ആക്ടിൽ ക്ഷേമ പെൻഷൻ—പാർട്ടിക്ക് കൊടുക്കുന്ന നാടകം. സ്റ്റേജ് മാറ്റം; അഭിനേതാക്കൾ അതേ. പ്രേക്ഷകർ—കേരളം.
ഇത് യാദൃശ്ചികമോ? അല്ല. കിണർഗോലു എന്ന പേര് വെറുതെയല്ല. കിണറ്റിൽ നിന്ന് വെള്ളം കയറുന്നത് കാണാത്തവർക്ക്, ഗോലുവിന്റെ നീളം മനസ്സിലാവില്ല. ഓരോ തവണയും കിണറ്റിലിറക്കി, മുകളിലേക്ക് വാക്കുകൾ കയറുന്നു. കന്നാസും കടലാസും ചേർന്ന രാഷ്ട്രീയ മാജിക്ക്.
ഇനി അടുത്ത ഇര ആരെന്ന് ചോദിക്കേണ്ട. രാഷ്ട്രീയം ഒരു സീരിയൽ ആണ്—ഇന്നത്തെ എപ്പിസോഡ് തീർന്നാൽ നാളെയുടെ ട്രെയ്‌ലർ വരും. പ്രതികാരം ഇവിടെ ഒരു കയ്യാങ്കളിയല്ല; കഥാപാത്രനിർമ്മാണം. എതിരാളിയുടെ മടയിൽ കയറി, അവന്റെ ഉപ്പും ചോറും തിന്നുകൊണ്ട്, അവന്റെ തന്നെ കണ്ണാടിയിൽ അവനെ കാണിക്കുക—അതിന് ഒരു പ്രത്യേക മധുരമുണ്ട്.
അവസാനം ഓർക്കേണ്ടത് ഇത്രമാത്രം:
പക—അത് വീട്ടാനുള്ളതാണ്.
പക്ഷേ ഇവിടെ അത് വാൾ കൊണ്ടല്ല; വാക്കുകൊണ്ട്.
ചിരിയോടെ, കുത്തോടെ.





