അയ്യയ്യേ… ഇത് നാണക്കേടുതന്നെ. ഒരുകാലത്ത് സ്‌കൂൾ സ്റ്റേജിൽ തുടങ്ങിയ അഭിനയമാണെന്ന് എല്ലാവർക്കും അറിയാം. അന്നത് ആത്മാർത്ഥമായിരുന്നു; കുട്ടിത്തത്തിന്റെ സത്യസന്ധതയുണ്ടായിരുന്നു.

പക്ഷേ ഇന്നത്തെ അവതരണം കാഴ്ചക്കാരനെ ചിരിപ്പിക്കുന്നതല്ല, അസ്വസ്ഥനാക്കുന്നതാണ്. വാക്കുകൾ അഭിനയമാകുമ്പോൾ, സത്യങ്ങൾ പിന്നിലേക്ക് നീങ്ങുന്നു. ഭരണത്തിന്റെ വേദിയിൽ നിൽക്കുന്നവർക്ക് അഭിനയമല്ല വേണ്ടത്; ഉത്തരവാദിത്വമാണ്. അതാണ് ഇവിടെ കാണാതാകുന്നത്.

പാലക്കാട് കൈ മുറിച്ചുമാറ്റപ്പെട്ട ആ കൊച്ചുകുട്ടിയുടെയും, കോട്ടയത്ത് ആശുപത്രി കെട്ടിടത്തിനടിയിൽ ചതഞ്ഞരഞ്ഞു മരിച്ച ആ പാവം സ്ത്രീയുടെയും, കത്രികകൾ വയറ്റിൽ വെച്ച് തുന്നിക്കൂട്ടപ്പെട്ട നിരപരാധികളുടെയും കണ്ണീരിന്റെ വില കാണാതെ പോകാൻ കഴിയില്ല. ആ കണ്ണീർ കണക്കിലെടുക്കാതെ, എല്ലാം ഒരു നാടകമായി അവതരിപ്പിക്കുമ്പോൾ, ജനങ്ങളുടെ വേദന വെറും പശ്ചാത്തല സംഗീതമാകുന്നു.

അങ്ങനെയെങ്കിലും മന്ത്രി സർക്കാർ ആശുപത്രിയിൽ കയറിയല്ലോ എന്നത് തന്നെ വലിയ സംഭവമായി മാറ്റേണ്ടിവരുന്നത്, ഈ കാലത്തിന്റെ ദാരുണാവസ്ഥയാണ്. കഴുത്ത് ഉളുക്കിയാൽ പോകേണ്ടത് നാട്ടുവൈദ്യരുടെ അടുത്താണ്, ഐസിയുവിലേക്ക് അല്ല—എന്ന സാധാരണ ബുദ്ധി പോലും നാടകത്തിന്റെ ആവേശത്തിൽ മറയുന്നു.

ഇതുപോലൊരു നാടകാഭിനേതാവിനെ തന്നെയാണോ മിസ്റ്റർ പിണറായി വിജയൻ മന്ത്രസ്ഥാനത്തിലിരുത്തിയത് എന്ന ചോദ്യം സ്വാഭാവികമാണ്. വിമർശനം കേൾക്കേണ്ടിടത്ത് വിശദീകരണം, വിശദീകരണം കേൾക്കേണ്ടിടത്ത് നിഷേധം—ഇതാണ് പതിവ്. സോഷ്യൽ മീഡിയയും ചാനൽ വാർത്തകളും നിമിഷങ്ങൾക്കകം ജനങ്ങളുടെ മുന്നിലെത്തുന്ന കാലത്ത്, ഒന്നും സംഭവിച്ചിട്ടില്ലെന്ന പോലെ അഭിനയിക്കാൻ കഴിയില്ല.

അതിനിടയിൽ, എന്തായാലും മന്ത്രിക്ക് ഉളുക്ക് പറ്റിയ വിവരം മന്ത്രി അറിയുന്നതിന് മുമ്പേ ബ്രെക്കിങ് ന്യൂസാക്കിയ ആ ചാനൽ ഉണ്ടല്ലോ—അവർക്കാണ് ഈ നാടകത്തിന്റെ മുഴുവൻ ക്രെഡിറ്റ്. വേദി ഒരുക്കുകയും ലൈറ്റും ക്യാമറയും കൊളുത്തുകയും ചെയ്തത് അവർ തന്നെ.

ഇത്തരം നാടകങ്ങൾ തിരഞ്ഞെടുപ്പ് അന്ന് രാത്രിവരെ തുടരുമെന്നതിൽ സംശയമില്ല. സ്വർണ്ണം കട്ടത് ആരപ്പാ .. സഖാക്കളാണ് അയ്യപ്പാ എന്ന റീലുകൾ കണ്ട് കണ്ട് വീട്ടിൽ ചടഞ്ഞു കുത്തിയിരുന്നിരുന്ന എസ്എഫ്ഐ–ഡിവൈഎഫ്ഐ സഖാക്കളുടെ മൂട്ടിലെ പൊടി തട്ടി പുറത്തിറങ്ങാൻ സാഹചര്യം ഒരുക്കിയ മന്ത്രിക്ക് നൂറു നൂറു ഉളുക്ക് അഭിവാദ്യങ്ങൾ.

പക്ഷേ ഓർക്കണം—ഇത്തരം അഭിനയങ്ങൾക്ക് ഒടുവിൽ വില കൊടുക്കേണ്ടിവരും. രാഷ്ട്രീയത്തിൽ ഓർമ്മക്കുറവ് ജനങ്ങൾക്ക് ഉണ്ടാകാം; എന്നാൽ വേദനയുടെ ഓർമ്മ ദൈർഘ്യമേറിയതാണ്. ചരിത്രം നാടകമല്ല; അത് കണക്കെടുപ്പാണ്.