നട്ടെല്ലൊടിഞ്ഞു ഐസിയുവിൽ കിടക്കുന്ന കേരളത്തിന്റെ നെഞ്ചത്തുകൂടി ഇന്ന് രണ്ടു യാത്രകളാണ് കടന്നുപോകുന്നത്. ഒന്ന്, “ഇനിയുള്ള കേരളത്തിൽ പാവപ്പെട്ടവൻ ഉണ്ടാകില്ല” എന്ന പ്രതിജ്ഞയോടെ നടക്കുന്ന വികസന മുന്നേറ്റ യാത്ര; മറ്റൊന്ന്, “നട്ടെല്ലൊടിഞ്ഞ കേരളത്തെ വീണ്ടെടുക്കാം” എന്ന മുദ്രാവാക്യവുമായി നടക്കുന്ന പുതുയുഗ യാത്ര. രണ്ടും കേരളത്തിന്റെ വേദനയിലൂടെ തന്നെയാണ് നടക്കുന്നത്, പക്ഷേ വഴിയും വാക്കും വ്യത്യസ്തം.
വികസന മുന്നേറ്റ യാത്ര നയിക്കുന്നത് സിപിഎമ്മിന്റെ സമകാലീന ബുദ്ധിജീവിയായ ഡോക്ടർ ഗോവിന്ദൻ മാസ്റ്റർ. ബുജി എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ ബുദ്ധിജീവി, സന്ദേശം സിനിമയിലെ താത്വികാചാര്യൻ ശങ്കരാടിയെ ഓർമിപ്പിക്കും — വായ തുറന്നാൽ പൊട്ടത്തരവും മണ്ടത്തരവും വിഡ്ഢിത്തരവും ഒരുമിച്ചു പുറത്തേക്ക് ഒഴുകുന്ന അപൂർവ കഴിവുള്ള മനുഷ്യൻ. “ഈ വടിയുടെ അറ്റത്ത് ഒരു മണ്ടൻ ഉണ്ട്” എന്ന് പറഞ്ഞാൽ, “ഏത് അറ്റത്ത്?” എന്ന് തിരിച്ചുചോദിക്കുന്നതാണ് ബുദ്ധിജീവിതത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ഈ ജാഥയിൽ പങ്കെടുക്കാൻ, ത്രിപുരയിൽ പാർട്ടി സെക്രട്ടറിയായിരുന്ന പൊറോട്ടക്കാരന് മുദ്രാവാക്യം പഠിപ്പിക്കേണ്ടി വരുന്ന അവസ്ഥ. ആളൊഴിഞ്ഞ കസേരകൾ മുൻകൂട്ടി മനസ്സിലാക്കി, പിണറായി വിജയൻ കൊടുത്ത മുട്ടൻ പണി — ആളെ കൂട്ടാൻ ആളില്ലാതെ പയ്യന്നൂർ മുഴുവൻ തപ്പി കിട്ടിയത് രക്തസാക്ഷികളുടെ ഫോട്ടോകൾ മാത്രം. ജാഥ തീരാറാകുമ്പോഴേക്കും, ഒരു മുൻ മന്ത്രി കൂടി അഴിയെണ്ണാൻ ക്യുവിൽ നിൽക്കുന്ന ദയനീയത; വികസനത്തിന്റെ ഫലമെന്ന് പറയാൻ ഇതിലും നല്ല ഉദാഹരണം വേറെയുണ്ടോ?
അതിനിടയിലാണ് മറ്റൊരു യാത്ര — പുതുയുഗ യാത്ര. നട്ടെല്ലൊടിഞ്ഞ കേരളത്തെ വീണ്ടെടുക്കാൻ എന്ന പ്രഖ്യാപനത്തോടെ യാത്ര നയിക്കുന്നത്, വെള്ളാപ്പള്ളിയുടെ മുഖ്യ ശത്രുവും സുകുമാരൻ നായരുടെ കണ്ണിലെ കരടുമായ വക്കീൽ വി. ഡി. സതീശൻ. അണികളുടെ ആവേശം അത്രയും ശക്തം; നട്ടെല്ലൊടിയാതിരിക്കാൻ നേതാവിനെ തോളിലേറ്റി കാവൽ നിൽക്കുന്ന പാർട്ടി പ്രവർത്തകർ. പയ്യന്നൂരിലും കൂത്തുപറമ്പിലും നട്ടുച്ചക്ക് കുടുംബസഹിതം ആളുകൾ ഒരു മനുഷ്യനെ വരവേൽക്കാൻ കാത്തുനിൽക്കുന്നു — ഇത് ഒരു ജാഥയല്ല, ഒരു വികാരപ്രകടനമാണ്.
ചെറുപ്പക്കാരും ചെറുപ്പക്കാരികളും അവരുടെ ഭാവി നേതാവിനെ കാണാൻ ഓടിനടക്കുന്നു. സ്റ്റേജിൽ നേതാക്കളെ കൊണ്ട് വീർപ്പുമുട്ടുന്നു; പ്രസംഗിക്കാനുള്ളവർ ക്യുവിൽ. കണ്ണൂരിന്റെ പാർട്ടി ഗ്രാമങ്ങളിലും വീഥികളിലും അണപൊട്ടിയ ആവേശം. പൗരപ്രമുഖന്മാരെ ഒഴിവാക്കി, മത്സ്യ തൊഴിലാളികളെയും ഓട്ടോ തൊഴിലാളികളെയും കേൾക്കാൻ സമയം കണ്ടെത്തുന്ന നേതാവ് — ഉമ്മൻചാണ്ടിയുടെ ജനസമ്പർക്കവും കെ. കരുണാകരന്റെ ജനസമ്മതിയും ഒരേ സമയം ഓർമിപ്പിക്കുന്ന ദൃശ്യം.
യാത്രയുടെ വീര്യം കുറയ്ക്കാൻ കൺവീനറെ ചോദ്യം ചെയ്യുന്ന പിണറായി ഭക്ത പോലീസ്, അതേസമയം ആരെയും കൂസാതെ മരംമുറിക്കുന്ന ചാനലുകാരെ പച്ചക്ക് വിളിച്ചു പറയുന്ന കൺവീനർ. യുവാക്കളുടെ ഭാവി സുരക്ഷിതമാക്കുമെന്ന ജാഥാ ക്യാപ്റ്റന്റെ വാഗ്ദാനങ്ങൾക്കിടയിൽ, ജാഥക്കിടയിൽ മിന്നുന്ന വാർത്താതാരം പുരസ്‌കാരം — യാത്രയും വാർത്തയും അവാർഡും ഒരേ ഫ്രെയിമിൽ.
ഇപ്പോൾ ചോദ്യം ബാക്കി:
എത്ര സീറ്റുകൾ കിട്ടും?
കേരളം പുനർനിർമ്മിക്കാൻ എത്ര സീറ്റുകൾ നിങ്ങൾ കൊടുക്കും?
നട്ടെല്ലൊടിഞ്ഞ കേരളത്തിന് ഐസിയുവിൽ നിന്ന് പുറത്തേക്കിറങ്ങാൻ വോട്ടർമാർ നൽകുന്ന മറുപടി എന്തായിരിക്കും?
ഒരു യാത്ര വികസനത്തിന്റെ കണക്കുപുസ്തകം പിടിച്ചു നടക്കുമ്പോൾ, മറ്റേ യാത്ര മനുഷ്യരുടെ മുഖം വായിക്കുന്നു. ബാക്കി തീരുമാനിക്കുന്നത് കേരളം തന്നെയാണ് — കന്നാസിലൂടെയോ കടലാസിലൂടെയോ അല്ല, ബാലറ്റ് പേപ്പറിലൂടെയാണ്.
— കന്നാസും കടലാസു





