മകനേ തിരിച്ചു വരല്ലേ !!

കേരളത്തിൽ ഇരുണ്ട കാലങ്ങൾ ഇനി ചരിത്രപുസ്തകത്തിലല്ല, വെബ്സൈറ്റിലാണെന്ന് പറഞ്ഞാൽ അതിശയിക്കേണ്ട. ഇരുണ്ടകാലം എന്ന പേരിൽ പ്രചരണം നടത്തി “മകനേ തിരിച്ചു വരല്ലേ” എന്ന് നിലവിളിച്ചപ്പോൾ, അത് രാഷ്ട്രീയ മുന്നറിയിപ്പാണെന്ന് കരുതി ചിലർ ഭയന്നു. പക്ഷേ അതിലേറെ ഭീതിജനകം, ആ വാചകം വായിച്ചപ്പോൾ ഉയർന്ന മറ്റൊരു ചിത്രം തന്നെയായിരുന്നു — പരലോകത്തിരിക്കുന്ന അച്ഛൻ മകനെഴുതുന്ന ഒരു കത്ത്.

“മകനേ, ഇവിടെ ശാന്തിയാണ്. പക്ഷേ നീ അവിടെ ചെയ്യുന്നതെല്ലാം ഇവിടെ വാർത്തയാകുന്നു. നീ പറയുന്ന വാക്കുകൾ ഞങ്ങളെ പോലും വീണ്ടും കൊല്ലുന്നു. ജീവിച്ചിരുന്നപ്പോൾ മര്യാദയോടെ നടന്ന ഞങ്ങളെ, ഇപ്പോൾ പോസ്റ്ററുകളിൽ കളിയാക്കാൻ മാത്രം വേണ്ടിയാണോ നീ ഉപയോഗിക്കുന്നത്?”

ഇരുണ്ട കാലം എന്ന പേരിൽ പടച്ചുവിടുന്ന പ്രചാരണങ്ങൾ, ഒടുവിൽ സ്വന്തം വീട്ടിലെ ചുമരിലേക്കാണ് തിരിച്ചടിക്കുന്നത്. മരിച്ച മന്ത്രിമാരെ വരെ കുത്തിപ്പൊളിച്ച പോസ്റ്ററുകൾ കണ്ടപ്പോൾ, രാഷ്ട്രീയ പരിഹാസമല്ല, അശ്ലീല ആത്മപ്രദർശനമാണ് നടക്കുന്നതെന്ന് തോന്നിപ്പോകും. വോട്ട് ചോദിക്കേണ്ടിടത്ത് വേദന വിൽക്കുന്ന കച്ചവടം.

“മകനേ, നീ അധികാരത്തിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുമ്പോൾ അത് തുറക്കുന്നത് കല്ലറകളാണെന്ന് നീ മനസ്സിലാക്കുന്നില്ല. ഞങ്ങൾ പോയത് വിശ്രമിക്കാൻ, നീ ഞങ്ങളെ വിളിച്ചു വരുത്തുന്നത് പരിഹസിക്കാൻ.”

ഇരുണ്ട കാലങ്ങൾ എപ്പോഴും മറ്റുള്ളവർക്കുള്ളതായാണ് പ്രചാരണങ്ങൾ. പക്ഷേ ഓരോ പോസ്റ്ററും ഓരോ മുദ്രാവാക്യവും തിരിഞ്ഞുനോക്കുമ്പോൾ, അതിന്റെ നിഴൽ വീഴുന്നത് സ്വന്തം മുഖത്തുതന്നെ. എകെജി സെന്ററിലെ കണക്കുകൂട്ടലുകളിൽ എല്ലാം ശരിയായേക്കാം; പക്ഷേ മനസ്സാക്ഷിയുടെ അക്കൗണ്ടിൽ വലിയ നഷ്ടമാണ്.

“മകനേ, നീ രാഷ്ട്രീയം കളിക്കൂ, പക്ഷേ മരിച്ചവരെ കളിപ്പാട്ടമാക്കരുത്. നിന്റെ വിജയം ഞങ്ങളുടെ അപമാനത്തിലൂടെയാണെങ്കിൽ, ആ വിജയം വേണ്ട.”

കത്രിക വയറ്റിൽ വെച്ചുകൊണ്ട് മലയാളി ചോദിക്കുന്നത് ഇത്ര മാത്രം — ഇരുണ്ട കാലങ്ങളെ വിളിച്ചു വരുത്തി മറ്റുള്ളവരെ പേടിപ്പിക്കാമെന്ന് കരുതരുത്. കാരണം, ആ ഇരുട്ട് ഒടുവിൽ സ്വന്തം വീടിന്റെ വെളിച്ചം കെടുത്താനാണ് വരുന്നത്.

അപ്പോൾ പരലോകത്ത് നിന്നൊരു കത്ത് മാത്രം ബാക്കി വരും:

“മകനേ… തിരിച്ചു വരല്ലേ.”

കന്നാസും കടലാസും: