മലയാളത്തിന്റെ പുണ്യം .. ദി കംപ്ലീറ്റ് ആക്ടർ .. ദാദ സാഹേബ് ഫാൽക്കെ അവാർഡിനുടമ നമ്മുടെ ലാലേട്ടനോടും അദ്ദേഹത്തെ മനസ്സിൽ ആരാധിക്കുന്ന ലക്ഷക്കണക്കിന് ഫാൻസിനോടും ഒരു അഭ്യർത്ഥന ..
താങ്കൾ എൽഡിഎഫ് സർക്കാരിനെ വെളുപ്പിക്കുന്നതിന്റെ ഭാഗമായുള്ള കലാപരിപാടികളിൽ പങ്കാളി ആകുന്നതിൽ വിരോധമൊന്നുമില്ലെങ്കിലും ഒന്നുകൂടി ആലോചിച്ചിട്ട് പോരെ അങ്ങനെയുള്ള കടുത്ത തീരുമാനങ്ങളിൽ തല വെച്ച് കൊടുക്കുന്നത് . താങ്കളെ ഇഷ്ടപ്പെടുന്ന ഒട്ടേറെ ജനത കേരളത്തിലും കേരളത്തിന് പുറത്തും ജീവിക്കുന്നുണ്ട് . അവർ എല്ലാം കാണുന്നു , കേൾക്കുന്നു .
താങ്കളെ പോലെ ഒരാളുടെ മുഖം വെച്ചുകൊണ്ട് ഈ സർക്കാർ ഒട്ടേറെ ഇന്റർവ്യൂകളും പരസ്യങ്ങളും ഒക്കെ ആസൂത്രണം ചെയുന്നുണ്ട് എന്നറിയുന്നു . കെഎസ്ആർടിസി ബസ്സിലെ പരസ്യങ്ങൾ മുതൽ മുഖ്യമന്ത്രിയുമായുള്ള പോഡ്കാസ്റ്റ് വരെ നടന്നുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ നടൻ ഇന്നസെന്റിനെയും കെപിഎസി ലളിതയേയും പച്ചക്ക് പറ്റിച്ചത് നാമിന്നും ഓർക്കുന്നു .
''കേരളത്തെ മദ്യവിമുക്തമാക്കുവാൻ പ്രതിജ്ഞ ബദ്ധരാണ് എൽഡിഎഫ് മുന്നണി . കൂടാതെ മദ്യപരെ ബോധവത്കരിക്കാൻ സമഗ്ര പദ്ധതികളും ഉണ്ട് . അതുകൊണ്ട് നുണ പറയുന്നവരെ തിരിച്ചറിയുക .. നിങ്ങളുടെ വോട്ട് എൽഡിഎഫിന് തന്നെ നൽകുക .. എൽഡിഎഫ് വരും എല്ലാം ശരിയാകും'' ..2016 മെയ് 11 ന് നമ്മുടെയെല്ലാം പ്രിയങ്കരിയായിരുന്ന കെപിഎസി ലളിതാമ്മയെ കൊണ്ട് സിപിഎം പടച്ചുവിട്ട ആദ്യ നുണബോംബ്…
ആ നല്ല നടിയുടെ അവസാന കാലഘട്ടങ്ങളിൽ ലേശം സാമ്പത്തിക ക്ലേശങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുമ്പോൾ പണത്തിനായി മാത്രം ഇങ്ങനെ ഒരു പരസ്യത്തിൽ മദ്യവിമുക്ത കേരളത്തിനായി മനസില്ലാ മനസ്സോടെ അഭിനയിച്ചതാണെന്ന് കരുതാം . പക്ഷെ ഇന്നിപ്പോൾ ആ പരസ്യം നമ്മൾ ട്രോളുകളായി കാണേണ്ടി വരുമ്പോൾ അവരുടെ ആത്മാവ് ഇത്രയേറെ വേദനിക്കുന്നുണ്ടാകാം ...
‘‘ഈ അടുത്ത കാലത്ത് ഞാൻ കേട്ട ഏറ്റവും വലിയ തമാശ പറയട്ടെ !! ബാറുകൾ പൂട്ടി എന്നും കേരളത്തിൽ മദ്യപാനം കുറഞ്ഞുവെന്നും . എവിടെ പൂട്ടി ? ബാറുകൾ തുറന്നു വെച്ചിട്ടുണ്ട് , ബിയറും വൈനും വിക്കോണുണ്ട് ...2014 നെ അപേക്ഷിച്ച് 2015 ഏപ്രിൽ മെയ്മാസം എട്ടര ലക്ഷത്തിൽ പരം കെയ്സ് ബിയറുകൾ കൂടുതൽ വിറ്റു .. 306 ബിവറേജസ് ഔട്ലെറ്റുകളിൽ കൂടുതൽ കൗണ്ടറുകൾ തുറന്നു ഇഷ്ടം പോലെ വിദേശ മദ്യം വിൽക്കുന്നുണ്ട് . കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ വിറ്റതിനെക്കാൾ പതിനാല് കോടിയിലധികം കൂടുതൽ മദ്യമാണ് മെയ് മാസത്തിൽ വിറ്റത് .’’
‘‘അതായത് ഓരോ മാസവും മദ്യ വിൽപ്പന കൂടിക്കൊണ്ടേയിരിക്കുന്നു . എൽഡിഎഫ് വന്നാൽ മദ്യവർജ്ജനത്തിന് ജനകീയ പ്രസ്ഥാനം ആരംഭിക്കും ..മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറയ്ക്കാൻ കർശനമായ നടപടികൾ എടുക്കും ..മദ്യനയം സുതാര്യമായിരിക്കും .. അഴിമതി ഇല്ലാത്തത് ആയിരിക്കും ..എൽഡിഎഫ് വരും .. എല്ലാം ശരിയാകും’’ ... ഇന്നസെന്റിന്റെ വാക്കുകൾ ...
ഇപ്പറഞ്ഞത് ഇന്നസെന്റ് ആയതിനാൽ അദ്ദേഹത്തിന് ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണയായി കണക്കാക്കാം . ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സമയത്ത് അതും അസുഖത്തിൽ നിന്നും മോചനം നേടിക്കൊണ്ടിരിക്കുമ്പോൾ വീണുകിട്ടിയ എംപി സ്ഥാനത്തിന് അതും യുഡിഎഫ് കുത്തക മണ്ഡലത്തിൽ നിന്നും ജയിച്ചുകയറിയ സന്തോഷത്തിന്റെ സ്നേഹവായ്പ് . എന്നിരുന്നാലും അവരുടെയൊക്കെ ആത്മാക്കൾ ഇന്നത്തെ എൽഡിഎഫ് സർക്കാരിന്റെ ഡിസ്റ്റിലറി പ്രേമവും ബാറുകളുടെ ഉത്ഘാടനങ്ങളും ഒക്കെ കാണുമ്പോൾ ഏറെ സന്തോഷിക്കുന്നുണ്ടാകാം .
ലാലേട്ടനായാലും ഇതൊക്കെ തന്നെയാണ് ഗതി വരുവാൻ പോകുന്നത് . ശബരിമലയിലെ മൊത്തം സ്ഥാവര ജംഗമ വസ്തുക്കൾ അടിച്ചു മാറ്റിയ ഒരു സർക്കാരിനെ ന്യായീകരിക്കേണ്ടി വരുന്ന ഒരു ദുരവസ്ഥ എങ്ങനെ മറികടക്കും എന്നുള്ളത് ലാലേട്ടന്റെ കൂടെ നടന്ന് കുട പിടിക്കുന്ന മാന്യന്മാർ ഓർത്തുവെച്ചാൽ നന്ന് !!
ലാലേട്ടനെ കൂടാതെ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സകലമാന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ മാരും ഇപ്പോഴത്തെ സർക്കാരിനെ വെളുപ്പിച്ചെടുക്കുവാൻ ക്യുവിലാണ് . ഒരു വസ്തുവിനും കൊള്ളാത്ത ഹോട്ടലുകളിൽ നിന്നും പണം വാങ്ങി അവിടത്തെ പോറോട്ടയെയും ബീഫ് കറിയെയും ' കിടിലൻ ' ' സൂപ്പർ ' 'തകർപ്പൻ ' ' കലക്കൻ ' ' വൗ ' എന്നൊക്കെ പറയുന്നവർക്ക് ഈ സർക്കാർ ലോകത്തിലെ നമ്പർ വൺ എന്ന് പറയുവാൻ മടി കാണില്ലെന്നറിയാം . എന്നിരുന്നാലും നിങ്ങളുടെ മനസാക്ഷിയോട് ചോദിച്ചുകൊണ്ട് മാത്രം കരാറുകളിൽ ഒപ്പുവെക്കുക .
നാളെ നിങ്ങൾ വീമ്പിളക്കി പറയുന്ന ഒരു ഭക്ഷണത്തിനും ഒരു വസ്തുവിനും ഒരുത്തനും വിലകൽപ്പിക്കുകയില്ല എന്നത് അനുഭങ്ങളിൽ കാണാവുന്നതാണ് . കാറ്റുള്ളപ്പോൾ മാത്രമേ തൂറ്റാൻ പറ്റത്തുള്ളൂ എന്നറിയാം . എങ്കിലും ഒന്നുകൂടി ആലോചിച്ചു പ്രവർത്തിക്കുക . അല്ലെങ്കിൽ ഹൈവേയിൽ കാണുന്ന പരസ്യ ബോർഡുകളുടെ അവസ്ഥയിലാകും നിങ്ങളുടെ കാര്യങ്ങൾ !!
ഭരണം നിലനിർത്തേണ്ടത് ഭരിക്കുന്നവരുടെ ജീവന്മരണ പോരാട്ടമാണ് . അതിന്നായി അവർ എന്ത് നുണകളും ജനമനസ്സിൽ എത്തിക്കും .
ആരോഗ്യ കേരളം പോലെ , പെൻഷൻ പോലെ , കെഎസ്ആർടിസി പോലെ , ശമ്പള കുടിശ്ശിക പോലെ .. . - അവസാനം മനുഷ്യന്റെ വയറ്റിൽ നിന്നും പഞ്ഞിക്കെട്ടും കത്രികയും സാമഗ്രികളും ഒക്കെ കിട്ടുമ്പോൾ ജനം അവരെയൊക്കെ കല്ലെറിയാതിരുന്നാൽ മതിയായിരുന്നു .
ലാലേട്ടാ മാപ്പ് .. ശംഭോ മഹാദേവാ...
ശബരിമല അയ്യപ്പനെ എങ്കിലും ഓർക്കണമായിരുന്നു എന്ന് അഭ്യർത്ഥിച്ചുകൊണ്ട് ദാസനും
വെളുപ്പിച്ചു വെളുപ്പിച്ചു കുട്ടി ഇല്ലാതാകുന്നത് കാണേണ്ടി വരുന്നതോർത്ത് നല്ല സഖാവ് വിജയനും





