പിണറായി വിജയൻ ഇങ്ങനെ അബദ്ധങ്ങളിൽ ചാടുന്നതെന്തെന്ന് കുറേ ദിവസമായി പലരും തലകുത്തി ആലോചിക്കുകയാണ്. ശബരിമല സ്വർണ്ണക്കട്ട കേസിൽ മുഖ്യമന്ത്രിയുടെ ഗൂഢതന്ത്രങ്ങൾ ചീറ്റിപ്പോയതിന്റെ കുണ്ഠിതമാവുമെന്നു കരുതി. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ തോൽവിയുടെ വൈക്ലഭ്യമാവുമെന്നു വിചാരിച്ചു. ഏയ്—അത് അവർ സമ്മതിക്കില്ല. പ്രായമായതിന്റെ ഓർമ്മക്കുറവോ? നുണ പറയുന്നതിൽ ആ കുറവ് കണ്ടില്ല. വിദേശയാത്രകൾ മുടങ്ങിയതിന്റെ അസ്വസ്ഥതയോ? അറിയില്ല.
അങ്ങനെ ചിന്തിച്ചു നിൽക്കുമ്പോഴാണ് ഒരു വസ്തുത തലയിൽ ഇടിച്ചത്—മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് നികേഷ് കുമാറാണ്. അതെ, നിശ്ശബ്ദ പ്രതികാരം. അല്ലാതെ ഒരാളെ ഇങ്ങനെ തുടർച്ചയായി അബദ്ധത്തിലേക്ക് തള്ളിവിടാൻ എങ്ങിനെയാ സാധിക്കുക?
തിരഞ്ഞെടുപ്പിൽ പൊട്ടി. രാഹുൽ മാൻകൂട്ടത്തെ അറസ്റ്റ് ചെയ്യിച്ച് കോടതി “വിഡ്ഢികൾ” എന്നു വിളിച്ചില്ലെന്നേയുള്ളൂ—പക്ഷേ ആ പോലീസുകാർക്ക് മുന്നിൽ നിൽക്കുന്ന നിയമപ്രശ്നങ്ങൾ വേറെയായി. സഹതാപ തരംഗം കൊണ്ട് എല്ലാം ഓവർടേക്ക് ചെയ്യാമെന്ന കണക്കിൽ പറഞ്ഞ ഒറോട്ടിക്കഥ—എട്ട് നിലയിൽ പൊട്ടി. കുട്ടികളോട് ലളിതജീവിതം പഠിപ്പിച്ച ഒരാൾ, കൊടിയ ദുരിതങ്ങൾ മറന്ന് ഫസ്റ്റ് ക്വാളിറ്റി എ-ക്ലാസ് മീൻ കറിയെ പറ്റി പറഞ്ഞപ്പോൾ സപ്പോർട്ട് ചെയ്ത് കൂടെ നിന്നത് ശിവണ്ണൻ മാത്രം. പിന്നെ? സഖാവ് വാ തുറന്നില്ല.
ഇതിനിടയിൽ ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും മാറിമാറി തട്ടിക്കളിക്കുന്ന കാഴ്ച. മതങ്ങളെ തമ്മിൽ തല്ലിക്കാൻ ശ്രമം; പ്രതിപക്ഷനേതാവിന്മേൽ കുറ്റം. ഇതെല്ലാം അറിയാവുന്ന വിധം ചെയ്യിപ്പിക്കുന്നതാണോ? നികേഷിന് അറിയാം—പുറത്ത് നിന്ന് വില്ലനെ ഒന്നും ചെയ്യാൻ പറ്റില്ല. അകത്ത് കയറണം. അവന്റെ ഉപ്പും ചോറും തിന്നണം. അവന്റെ ഭാഷയിൽ സംസാരിക്കണം. പിന്നെ, ചോരവീഴാതെ പകരം ചോദിക്കണം.
കാരണം ഓർമ്മകൾ കത്തിയിട്ടവയാണ്. നിയമസഭയിൽ എം.വി. രാഘവനെ കയ്യേറ്റം ചെയ്തത് മുതൽ, തറവാട് ചുട്ടെരിച്ചതുവരെ; പാരശ്ശിനിക്കടവിലെ പാമ്പുവളർത്തൽ കേന്ദ്രത്തിന് തീയിട്ട കഥകൾ—കുഞ്ഞായിരുന്നപ്പോഴേ പലരും കേട്ടിട്ടുണ്ട്. പാമ്പുകൾ ചിതറിയ കഥപോലെ, ആ ഓർമ്മകൾ ചിതറിപ്പോകുമോ? ഇല്ല. ഒരാളോട് ചെയ്ത ക്രൂരതകൾ മറക്കാൻ മാളത്തിൽ കയറി ഒളിച്ചാൽ മതി എന്നാണോ കണക്കു?
ഇവിടെ പ്രതികാരം വാൾകൊണ്ടല്ല; വാക്കുകൊണ്ട്. അവതരണത്തിലൂടെ. ഓരോ പോസ്റ്റും ഒരു സ്റ്റേജാണ്. ഓരോ അബദ്ധവും ഒരു സീൻ. ആദ്യം പാത്രം കഴുകൽ—അഖിലേന്ത്യാ പദവിക്ക് കോമാളിത്തത്തിന്റെ ലൈറ്റ്. പിന്നെ കഥ—ഒറോട്ടിയുടെ മണം; ദൈവസങ്കൽപ്പത്തിനും പരിഹാസം. പിന്നെ ക്ഷേമ പെൻഷൻ—പാർട്ടിക്ക് കൊടുക്കുന്ന നാടകം; സംസ്ഥാന നേതൃത്വത്തിന് കസേര കുലുക്കം.
ഇതൊക്കെ യാദൃശ്ചികമല്ല. കിണർഗോലു എന്ന പേര് വെറുതെയല്ല. കിണറ്റിലിറക്കി മുകളിലേക്ക് വാക്കുകൾ കയറുന്നു—കന്നാസും കടലാസും ചേർന്ന രാഷ്ട്രീയ മാജിക്ക്. അടുത്ത ഇര ആരെന്ന ചോദ്യം വെറുതെ. രാഷ്ട്രീയം സീരിയലാണ്—ഇന്നത്തെ എപ്പിസോഡ് കഴിഞ്ഞാൽ നാളെയുടെ ട്രെയ്‌ലർ വരും.
പക—അതിനെ വീട്ടും.
പക്ഷേ ഇവിടെ അത് കൈയാങ്കളിയല്ല; കണക്കുകൂട്ടൽ.
ചിരിയോടെ, കുത്തോടെ.





