സന്മനസ്സുള്ളവർക്ക് സമാധാനം
മലയാളികളിൽ സാധാരണക്കാരുടെ ജീവിതവും അനുഭവങ്ങളും മാത്രം പ്രതിപാദിക്കുന്ന ഒരു വേദി ഇവിടെ തുറക്കുകയാണ്. “സന്മനസ്സുള്ളവർക്ക് സമാധാനം” എന്ന പേരിലുള്ള ഈ പംക്തി ഒരു തുറന്ന് പറച്ചിലാണ്. പ്രശസ്തരല്ലാത്ത പക്ഷേ ജീവിതം കൊണ്ട് തന്നെ വലിയ കഥകൾ എഴുതുന്ന സാധാരണ മലയാളികളെ പരിചയപ്പെടുത്തുന്ന ഒരു ശ്രമം. എല്ലാ തിങ്കളാഴ്ചകളിലും കഴിവും മനസ്സും കൊണ്ട് മുന്നേറുന്ന ഒരു സാധാരണക്കാരൻ മലയാളിയെ നിങ്ങൾക്ക് ഇവിടെ പരിചയപ്പെടാം.
“മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം” എന്ന് കേട്ട് വളർന്ന നമ്മൾ ദുബായിലെ കറാമയിൽ ജീവിക്കുന്ന ഒരു പാവം കണ്ണൂർകാരനെ കണ്ടാൽ ആ വാക്കുകളുടെ അർത്ഥം മനസ്സിലാകും.
ഇന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ വൈബുകളും റീലുകളും ആഘോഷിക്കുന്ന കറാമയിൽ, ഒരാൾ യഥാർത്ഥ ഇൻഫ്ലുവൻസറായി നിശബ്ദമായി തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു. അതാണ് കണ്ണൂർ സ്വദേശി രാജേഷ് കക്കോപ്പറവൻ.
ഈയിടെ വാർത്തകളിൽ നിറഞ്ഞുനിന്ന ബഹിരാകാശ യാത്രികയായ സുനിത വില്യംസിനെ നേരിൽ കാണാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനും ഭാഗ്യം ലഭിച്ച ഒരു മലയാളിയും അദ്ദേഹം തന്നെയാണ്.
കണ്ണൂരിലെ തളിപ്പറമ്പിനടുത്തുള്ള വെങ്ങരയിൽ ജനിച്ച രാജേഷ്, പതിനേഴ് വർഷങ്ങൾക്ക് മുൻപ് റെസ്റ്റോറന്റ് ലോകത്ത് ശ്രദ്ധേയനായ സുമേഷ് ഗോവിന്ദനെ പരിചയപ്പെട്ടു. അതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവ്. ഇന്ന് ലോകത്തിലെ മികച്ച രുചികളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന പാരഗൺ റെസ്റ്റോറന്റിന്റെജീവനാഡിയായി മാറിയിരിക്കുകയാണ് രാജേഷ്.
റെസ്റ്റോറന്റിൽ എത്തുന്ന പലർക്കും ആദ്യം കാണുന്നത് രാജേഷിനെയാണ്. അവിടെ എത്തുന്നവരുടെ ഇഷ്ടഭക്ഷണം പോലും ഓർത്ത് വെക്കുന്ന വിധം ആളുകളുമായി അടുപ്പം പുലർത്തുന്ന ഒരാളാണ് അദ്ദേഹം.
സുനിത വില്യംസിനെ കൂടാതെ നോബൽ സമ്മാന ജേതാവായ തുർക്കി വംശജനായ എഴുത്തുകാരൻ ഓർഹൻ പാമുക്, നമ്മുടെ ക്രിക്കറ്റ് താരങ്ങൾ, സിനിമാ താരങ്ങൾ, രാഷ്ട്രീയ നേതാക്കൾ, സാംസ്കാരിക പ്രവർത്തകർ, കോടീശ്വരന്മാർ തുടങ്ങി അനേകം പ്രമുഖരുമായി സൗഹൃദം പങ്കുവെച്ചിട്ടുള്ള ആളാണ് രാജേഷ്. തന്റെ ജീവിതത്തിൽ ഈ സൗഹൃദങ്ങളും അവസരങ്ങളും ലഭിക്കാൻ പ്രചോദനമായത് സ്വന്തം മുതലാളിയായ സുമേഷ് ഗോവിന്ദൻ തന്നെയാണെന്ന് രാജേഷ് തുറന്നു പറയുന്നു.
തന്റെ ജീവിതം പടുത്തുയർത്താൻ പാരഗൺ റെസ്റ്റോറന്റും അവിടെയുള്ള സഹപ്രവർത്തകരും നൽകിയ പിന്തുണയെക്കുറിച്ച് അദ്ദേഹം എന്നും നന്ദിയോടെ പറയുന്നു. മമ്മൂട്ടി, മോഹൻലാൽ, കോടിയേരി ബാലകൃഷ്ണൻ, കെ. സുധാകരൻ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, ലാൽജോസ്, ഇർഫാൻ പത്താൻ, സഞ്ജു സാംസൺ തുടങ്ങി പലരെയും നേരിൽ കാണാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
എന്നാൽ അതിലൊന്നിലും രാജേഷ് അതിശയിച്ചിട്ടില്ല. പലപ്പോഴും വലിയ വിഐപികൾ വന്നുപോയശേഷം മാത്രമാണ് ആളെക്കുറിച്ച് അറിയാൻ കഴിയുന്നത്. അങ്ങനെ നിരവധി അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും “സാധാരണക്കാരനായ എനിക്ക് ഇതിലധികം ഭാഗ്യം വേറെയില്ല” എന്നതാണ് അദ്ദേഹത്തിന്റെ ലളിതമായ നിലപാട്.
പരമാവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാതിരിക്കാൻ ശ്രമിക്കാറുണ്ടെന്നും ചിലത് മാത്രമേ ഇടയ്ക്കൊക്കെ പങ്കുവെക്കാറുള്ളൂ എന്നും അദ്ദേഹം പറയുന്നു. സ്വന്തം മുതലാളി തിരക്കിലായിരിക്കുമ്പോഴും അത് പുറത്തറയാതെ കാര്യങ്ങൾ സുതാര്യമായി മുന്നോട്ട് കൊണ്ടുപോകാൻ രാജേഷ് ശ്രദ്ധിക്കുന്നു.
ഇന്ന് റീലുകളും ഫോട്ടോകളും എടുത്ത് സോഷ്യൽ മീഡിയയിൽ താരങ്ങളാകാൻ ഓടിനടക്കുന്ന അനേകം “പ്രാഞ്ചിയേട്ടന്മാർ” കാണുന്ന കാലത്ത്, ശബ്ദമില്ലാതെ മനുഷ്യബന്ധങ്ങൾ കൊണ്ട് ജീവിക്കുന്ന ഒരാളാണ് രാജേഷ്.
ആ വിനയവും മനുഷ്യസ്നേഹവും തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി. ഇനിയും ഉയരങ്ങളിലേക്ക് അദ്ദേഹം സഞ്ചരിക്കട്ടെ, ഉയരങ്ങളിൽ സഞ്ചരിക്കുന്നവരുമായി സൗഹൃദങ്ങൾ കൂടുതൽ വിരിയട്ടെ എന്നാശംസിക്കുന്നു.
നന്മകൾ മാത്രം നേരുന്നു.





