കേരളത്തിലെ ജനങ്ങൾ പാർട്ടിയും ജാതിയും മതവും ഗ്രൂപ്പും നോക്കാതെ എല്ലാം മറന്നുകൊണ്ട് ജയിപ്പിച്ചു പറഞ്ഞയച്ച എംപി മാരിൽ ചിലർ ജയിപ്പിച്ച വോട്ടർമാരെ പരീക്ഷിക്കുന്ന കളികളാണ് നടത്തി കൊണ്ടിരിക്കുന്നത് . ഒരു പ്രത്യേക സാഹചര്യത്തിൽ അവരെല്ലാം നല്ല ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയപ്പോൾ ബക്കറ്റിലെ വെള്ളത്തിൽ തിരമാല ഉണ്ടാകില്ലെന്ന് മനസ്സിലാക്കാനുള്ള പ്രായോഗിക ബുദ്ധി അവന്മാർക്കൊക്കെ ഇല്ലാതെ പോയത് അവരുടെയും അവരുടെ വാലാട്ടികളായി നടക്കുന്നവരുടെയും ബുദ്ധി മോശം അല്ലാതെന്ത് പറയാൻ .

ഇന്നത്തെ ഈ സോഷ്യൽ മീഡിയ കാലഘട്ടത്തിൽ അണികളും ജനങ്ങളും എല്ലാം വീക്ഷിക്കുന്നുണ്ടെന്ന് അവരും മനസ്സിലാക്കേണ്ടതായിരുന്നു .കണ്ണൂരിൽ സുധകാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ ചെറുപ്പക്കാരായ ചൂടന്മാരായ അണികൾ കൂടെയുണ്ടായിരുന്ന ഒരു നല്ല കാലം അവർക്കുണ്ടായിരുന്നു . പക്ഷെ അദ്ദേഹം കണ്ണൂരിൽ നിന്ന് തന്നെ പട പൊരുതിയിരുന്നെങ്കിൽ അവരിപ്പോഴും കൂടെ തന്നെ ഉണ്ടായിരുന്നേനെ .

പക്ഷെ കെപിസിസി പ്രസിഡണ്ട് എന്ന ഒരു നല്ല പൊസിഷനിൽ എത്തിയിട്ടും ശോഭിക്കാൻ ആവാത്തതിൽ അദ്ദേഹത്തിന്റെ പിടിപ്പുകേടുകൾ തന്നെ . അദ്ദേഹത്തിന്റെ കടുത്ത ആരാധകരായ ചെറുപ്പക്കാർ ഒന്നടങ്കം അദ്ദേഹത്തിന്റെ ഇപ്പോൾ എങ്ങനെയെങ്കിലും അദ്ദേഹത്തിനെ ഈ അനാവശ്യ പിടിവാശിയിൽ നിന്നും മനസ്സ് മാറ്റിയെടുക്കുവാനുള്ള ശ്രമത്തിലുമാണ് .

സുധാകരൻ കെപിസിസി പ്രസിഡണ്ട് ആവേണ്ടിയിരുന്നത് സുധീരൻ ആയപ്പോഴോ അല്ലെങ്കിൽ മുല്ലപ്പള്ളി ആയപ്പോഴേ ആയിരുന്നു . അന്ന് അദ്ദേഹം കെപിസിസി പ്രസിഡണ്ട് ആയിരുന്നുവെങ്കിൽ ഇന്നത്തെ ഈ സിപിഎമ്മിന്റെ അഹങ്കാരം കേരളം അനുഭവിക്കേണ്ടി വരില്ലായിരുന്നു .

അന്നദ്ദേഹത്തിന്റെ ആരോഗ്യവും തന്റേടവും ചങ്കൂറ്റവും പിണറായി വിജയൻ എന്ന ഒറ്റയാനെ തളച്ചിടാമായിരുന്നു . പക്ഷെ തന്റെ രണ്ടു സഹോദരങ്ങളും മരണപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യത്തിലും മാനസിക ആരോഗ്യത്തിലും വലിയ മാറ്റങ്ങൾ സംഭവിച്ചിരുന്നു .ഇപ്പോൾ അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ പോലും ആ ഒരു അനാരോഗ്യവും ഓർമ്മക്കുറവുകളും അണികളിൽ വരെ മനസ്സിലായി തുടങ്ങി .

പഞ്ചാബിൽ ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ രണ്ട് പോരാട്ടങ്ങളായിരുന്നു 2014-ലെയും 2017-ലെയും തിരഞ്ഞെടുപ്പുകൾ. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമൃത്‌സറിൽ വെച്ച് ബിജെപിയിലെ അതികായനായ അരുൺ ജെയ്റ്റ്‌ലിയെ ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തി അദ്ദേഹം വലിയൊരു അട്ടിമറി നടത്തി. എന്നാൽ 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പ്രകാശ് സിംഗ് ബാദലിനെ അദ്ദേഹത്തിന്റെ കോട്ടയായ ലംബിയിൽ വെച്ച് നേരിട്ടെങ്കിലും അമരീന്ദറിന് വിജയിക്കാനായില്ല. ആ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വലിയ വിജയത്തിലേക്ക് നയിച്ച് അമരീന്ദർ മുഖ്യമന്ത്രിയായെങ്കിലും, ബാദലിനെ വ്യക്തിപരമായി പരാജയപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. എന്നാലും ആ ചങ്കൂറ്റം പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു .

അതുപോലെ സുധാകരന് വേണേൽ ധർമ്മടം സീറ്റ് ചോദിച്ചു വാങ്ങി അവിടെ തന്റെ മുഖ്യ എതിരാളിയായ പിണറായി വിജയന് മേലെ വലിയൊരു അങ്കത്തിന് വെല്ലുവിളിക്കാമായിരുന്നു . അങ്ങനെ സംഭവിക്കുകയാണെങ്കിൽ കേരളത്തിലെ സകലമാന കോൺഗ്രസ്സ് അനുഭാവികളും സുധാകരൻ ഫാൻസ്‌ ആയി മാറുമായിരുന്നു . ആ തീരുമാനം പാർട്ടിയെ 100 സീറ്റിൽ നിന്നും 110 സീറ്റുകളിലേക്ക് എത്തിക്കാമായിരുന്നു .

ഇന്നിപ്പോൾ സുധാകരൻ ഒരു എടുക്കാ ചരക്ക് ആയി സ്വയമേ മാറിക്കൊണ്ടിരിക്കുന്ന ദുരവസ്ഥയാണ് . കേരളത്തിലെ തൊണ്ണൂറ് ശതമാനം യുഡിഎഫ് നേതാക്കളും എന്തിനധികം എംവി രാഘവൻ വരെ പിണറായി വിജയൻറെ മകന്റെ കല്യാണത്തിൽ പങ്കെടുത്തപ്പോൾ ക്ഷണം ഉണ്ടായിട്ട് വരെ കല്യാണത്തിന് പോകാതെ അണികൾക്കായി മാറി നിന്ന ആ സുധാകരൻ ഇന്നിപ്പോൾ ഈ അവസ്ഥയിൽ ആകുന്നത് എതിരാളികൾക്ക് കൈകൊട്ടി ചിരിക്കുവാൻ അവസരമൊരുക്കുകയാണ്

അതുപോലെ മറ്റു ചില എംപിമാരും പലവിധ അടവ് നയങ്ങളുമായി അസെംബ്ലി മണ്ഡലങ്ങളിൽ നോട്ടമിട്ട് ഇരിക്കുമ്പോഴും ഹൈക്കമാൻഡിന്റെ സൂക്ഷ്മമായ ഇടപെടലുകളാൽ അടങ്ങി ഒതുങ്ങി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് . അതിന്നിടയിൽ എം പിമാർ പഴയ ഗ്രൂപ്പുകളുടെ പേരിൽ പല പാഴുകളെയും നല്ല പ്രതീക്ഷയുള്ള മണ്ഡലങ്ങളിലേക്ക് കെട്ടിയിറക്കിക്കൊണ്ടരിക്കുകയാണ് . എന്താണ് അവർ ഉദ്ദേശിക്കുന്നത് എന്നത് എങ്ങനെ ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല .

തൃശൂർ ജില്ലയിലെ കൈപ്പമംഗലം പോലുള്ള ഒരു സീറ്റിലേക്ക് സ്ഥലം എംപി നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥിക്ക് സ്വന്തം കുടുംബത്തിന്റെ വോട്ടുകൾ വരെ കിട്ടുമോ എന്നത് സംശയമാണ് . ഒരു തരത്തിലും നല്ല കോൺഗ്രസ്സുകാർക്ക് അംഗീകരിക്കുവാൻ സാധിക്കാത്ത വ്യക്തിയെയാണ് സ്ഥലം എംപി കൈപ്പമംഗലത്തേക്ക് നിർബന്ധിക്കുന്നത് . എന്താണ് മാനദണ്ഡം എന്നത് ആർക്കും മനസിലാകുന്നില്ല .

കഴിഞ്ഞ പത്തുകൊല്ലമായി കേരളത്തിലെ കോൺഗ്രസ്സുകാർക്ക് ഭരണമില്ലെങ്കിലും അവർക്ക് ഏറ്റവും ആശ്വാസം ഉണ്ടായിരുന്നത് പാർട്ടിയിലെ ഗ്രൂപ്പുകൾ കെട്ടടങ്ങി എന്ന വാർത്തകളിലാണ് . എന്നിട്ടും പല ഗ്രൂപ്പ് മാനേജർമാരും ഇടയിൽ കയറി കളിയ്ക്കാൻ നോക്കിയിട്ടും അണികളെയും ഇപ്പോഴത്തെ യുവ എംഎൽഎ മാരെയും ഒപ്പം കൂട്ടാൻ പറ്റാതെ നിൽക്കുന്ന അവസ്ഥകളിലായിരുന്നു .

എന്നിട്ടും ചാലക്കുടി എംപി മാത്രമാണ് ഗ്രൂപ്പിന്റെ പേരും പറഞ്ഞുകൊണ്ട് പല കുത്തിത്തിരുപ്പുകളും ഉണ്ടാക്കുവാൻ ശ്രമിച്ചിരുന്നത് . പലയിടത്തും ആ ശ്രമങ്ങൾ പാഴായെങ്കിലും ഇപ്പോഴും പല മണ്ഡലങ്ങളിലേക്കും ഗ്രൂപ്പ് അടിസ്ഥാനത്തിൽ എന്ന് പറഞ്ഞുകൊണ്ട് ആളുകളെ കുത്തിക്കയറ്റുവാനുള്ള ശ്രമത്തിലാണ് .

ഇങ്ങനെയുള്ള അനാവശ്യ ഇടപെടലുകൾ കൂട്ടിയാൽ അടുത്ത തിരഞ്ഞെടുപ്പുകൾ വരുമ്പോൾ അണികൾ തിരിഞ്ഞു കുത്തിയാൽ അതൊക്കെ അവർ നേരിടേണ്ടി വരും .

തുറന്നു പറച്ചിൽ :