കേരളത്തിന്റെ ലീഡർ: ഓർമ്മകളിൽ ജീവിക്കുന്ന കെ. കരുണാകരൻ
അതാണ് കേരളത്തിന്റെ ലീഡർ — ഇന്നത്തെ ഭരണാധികാരികൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും ഒരു റോൾ മോഡൽ. ശരിക്കും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭീഷ്മാചാര്യർ എന്ന് വിശേഷിപ്പിക്കപ്പെട്ട മലയാളിയുടെ മണിമുത്ത് കെ. കരുണാകരൻ. “നെടുമ്പാശ്ശേരിയുടെ പിതാവിന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കൂ… മാളയുടെ മാണിക്യത്തിന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കൂ… മലയാളിയുടെ മണിമുത്ത്, ഇന്ത്യൻ രാഷ്ട്രീയ ഭീഷ്മാചാര്യർ കെ. കരുണാകരന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കൂ…” — 1991ലെ തിരഞ്ഞെടുപ്പ് വേളയിൽ മാള മണ്ഡലത്തിലെ മനക്കലപ്പടിയിലും പരിസരങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്ന ഈ ചുവരെഴുത്തുകൾ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.
ഇടക്കിടെ ബെൻസ് കാറിൽ മണ്ഡലം ചുറ്റുന്ന ലീഡർ, ഒരിക്കൽ കോണത്തുകുന്നിലെ എം. എസ്. മേനോന്റെ കളത്തിൽ പാർട്ടി പ്രവർത്തകരുടെ മീറ്റിംഗിൽ എത്തിയിരുന്നു. ഓഫീസ് സെക്രട്ടറി കോന്തു പ്രഭാകരനൊപ്പം ചായ കൊടുക്കുന്ന പേരിൽ മീറ്റിംഗിൽ കയറി പറ്റിയപ്പോൾ ലീഡർ ചോദിച്ചു: “കമാൽ സാഹിബ്, എത്ര വോട്ട് ഇവിടെ നിന്നും പിടിക്കാനാകും?” കമാലിന്റെ മറുപടി — “ഏകദേശം ആയിരം.” അതിന് ലീഡറുടെ മറുപടി: “അത്ര വേണ്ട, അഞ്ചുനൂറ് വോട്ടിൽ താഴെ പോകാതിരിക്കാൻ നോക്കൂ. കേരളത്തിൽ നമ്മൾ തൊണ്ണൂറ് സീറ്റുകൾ നേടും.” പിന്നീട് വന്ന ഫലം അതിശയകരമായിരുന്നു —
യുഡിഎഫ് 89 സീറ്റുകൾ നേടി, പിന്നീട് ബാബു ചാഴിക്കാടന്റെ മരണശേഷം തോമസ് ചാഴിക്കാടൻ ജയിച്ചതോടെ അത് 90 ആയി. വെള്ളാങ്കല്ലൂർ പഞ്ചായത്തിൽ 480 വോട്ടിന് ലീഡർ പിന്നിലായിരുന്നെങ്കിലും, കരൂപ്പടന്നയും പുത്തൻചിറയും വികെ രാജൻ മറിച്ചപ്പോൾ ആളൂർ പഞ്ചായത്തിലെ വോട്ടുകൾ മറിച്ചാണ് ലീഡർ വെറും 2474 വോട്ടിന് കേരളത്തിന്റെ മുഖ്യമന്ത്രിയായത്.
അന്നത്തെ വിജയത്തിന് ശേഷം വെള്ളാങ്കല്ലൂരിൽ നിന്നും ഒരു അംബാസിഡർ കാർ നിറയെ കോൺഗ്രസുകാർ കന്റോൺമെന്റ് കൊട്ടാരത്തിൽ ലീഡറെ കാണാൻ എത്തിയതും ഇന്നും ഓർമ്മയിൽ തെളിഞ്ഞുനിൽക്കുന്നു. മുറ്റം നിറയെ പ്രവർത്തകർ. മുരളീധരൻ ഒരു തിണ്ണയിൽ ഇരുന്നു പല്ല് കുത്തുന്നു. തോമസ് മാഷ് അതിഥികളെ സ്വീകരിക്കുന്നു. പത്മജ ചായ നൽകി തിരക്കിലാണ്. അന്ന് ലീഡറുടെ മുറിയിൽ ഏറ്റവും വിശ്വസ്തനായി എംഐ ഷാനവാസ് ഉണ്ടായിരുന്നു.അകത്ത് പുതിയ മന്ത്രിസഭയുടെ ചർച്ചകൾ നടക്കുമ്പോൾ രാമചന്ദ്രൻ നായർ പറഞ്ഞു — “മാളക്കാരെ ലീഡർ വിളിക്കുന്നു.” അബ്ദുക്ക, മോഹൻദാസ് എന്നിവർ മുറിയിൽ കയറി.
ചന്ദനക്കസേരയിൽ ഇരിക്കുന്ന ലീഡറുടെ പിന്നിൽ രാജീവ് ഗാന്ധിക്ക് ഗുരുവായൂർ പ്രസാദം നൽകുന്ന ഒരു ചിത്രം — അത് ഗഫൂർഭായ് തൃശൂർ തേക്കിൻകാട് മൈതാനിയിൽ പകർത്തിയതും, രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പുള്ളതുമായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ ലീഡർ ചിരിച്ചുകൊണ്ട് പറഞ്ഞു: “എടോ അബ്ദൂ, തന്റെ നാടാണ് എന്നെ ചതിച്ചത്. സാരമില്ല, ആളൂരുകാർ സഹായിച്ചു.” അത് കേട്ട് അബ്ദുക്ക കരഞ്ഞു. ലീഡർ ചോദിച്ചു: “എന്താടോ ഈ പ്രായത്തിൽ കരയുന്നത്?” അബ്ദുക്കയുടെ മറുപടി — “ലീഡർ എന്നെ മറന്നില്ലല്ലോ.” അതോടെ മുറി മുഴുവൻ ചിരിയിലായി.
1970ലെ തിരഞ്ഞെടുപ്പിൽ മാളയിലെ കോണത്തുകുന്നിൽ എം. എസ്. മേനോന്റെ വീട്ടിൽ താമസിച്ച് പ്രവർത്തിച്ചിരുന്ന കാലവും ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്നു. എം. എസ്. മേനോൻ സൈക്കിൾ ചവിട്ടി, പിന്നിൽ ലീഡർ ഇരുന്നു കൈവീശുന്നു. സൈക്കിളിന് പിന്നിൽ പോസ്റ്ററും മൈദപ്പശയുടെ ബക്കറ്റുമായി ഓടുന്ന പത്ത് വയസ്സുകാരൻ — പെരുമ്പിലായി അബൂബക്കറിന്റെ മകനായ ഉസ്മാൻ. വർഷങ്ങൾക്കു ശേഷം ഉസ്മാന്റെ വാപ്പ ഗൾഫിൽ നിന്നും ടിആർ അടിച്ച് വന്നപ്പോൾ കാർഗോ സാധനങ്ങൾ കസ്റ്റംസിൽ കുടുങ്ങി.
പണം ഇല്ലാത്തതിനാൽ ഉസ്മാൻ ക്ലിഫ് ഹൗസിൽ എത്തി. ലീഡർ ബെൻസിൽ ഇറങ്ങുമ്പോൾ ഉസ്മാനെ കണ്ടു വണ്ടി നിർത്തി, പോലീസ് ജീപ്പിൽ കയറ്റി സെക്രട്ടറിയേറ്റിൽ എത്തിച്ചു. ഐഎഎസ് മീറ്റിംഗിനിടെ ഉസ്മാനെ വിളിപ്പിച്ച് കാര്യങ്ങൾ ചോദിച്ചു. രാമചന്ദ്രൻ നായരെയും പോലീസിനെയും കൂട്ടി കസ്റ്റംസിൽ പോയി സാധനം ക്ലിയർ ചെയ്തു. നൂറ് രൂപ പിഴ രാമചന്ദ്രൻ നായർ അടച്ചു. നാട്ടിലേക്ക് പോകാനുള്ള പണവും നൽകി.
കരൂപ്പടന്നയിൽ നിന്നൊരു സായ്‌വ് മകനെ എയർഫോഴ്‌സിൽ നിന്നു രാജിവെപ്പിക്കാൻ അപേക്ഷിച്ചപ്പോൾ ലീഡറുടെ മറുപടി കടുപ്പമായിരുന്നു: “ജോലി കിട്ടാൻ വരാം, കളയാൻ വേണ്ട.” ബിഎസ്‌സി ബോട്ടണിക്കാരനെ എപിപിയാക്കി, ബിഎസ്‌സി സുവോളജിക്കാരനെ ബാങ്ക് ഉദ്യോഗസ്ഥനാക്കിയ അനുഭവങ്ങൾ മാളക്കാർക്ക് അറിയാം. അട്ടപ്പാടിയിലെ ബിഡിഒ സുരേന്ദ്രനാഥും എസ്.ഐ ശിവരാമനും ലീഡറെ മറക്കില്ല. മാധവൻ നായരും ഇബ്രാഹിം ഇക്കയും അനിയത്തിയമ്മയും രാഘവമേനോനും ചേട്ടത്തിയാരും ലീഡറിനായി പടപൊരുതിയവരാണ്.
ലീഡറുടെ ഗുരുവായൂർ യാത്രകൾ കേരളത്തിൽ ബിജെപിയുടെ വളർച്ച തടഞ്ഞുവെന്നത് പലരും പറയുന്ന കാര്യമാണ്. വെള്ളപ്പൊക്കം കാണിക്കാൻ ഡൽഹിയിൽ നിന്നുള്ള ഉദ്യോഗസ്ഥരെ വേമ്പനാട്ട് കായലിന് മുകളിലൂടെ ഹെലികോപ്റ്ററിൽ പറത്തി കേന്ദ്രഫണ്ട് നേടിയ കഥയും രാഷ്ട്രീയ മിടുക്കിന്റെ ഉദാഹരണമാണ്.
മഹാരാഷ്ട്രയിൽ ശരത് പവാർ സ്വകാര്യ വിമാനം അയച്ച് വിളിച്ചപ്പോൾ മൂന്ന് ദിവസം മുംബൈയിൽ നിന്ന് 22 എംഎൽഎമാരെ മറുകണ്ടം ചാടിച്ചാണ് ലീഡർ തിരിച്ചെത്തിയത്. ഹിന്ദി അറിയാതെ എങ്ങനെ എന്ന് ചോദിച്ചപ്പോൾ — “മാട്ടുചന്തയിലെ ആംഗ്യഭാഷ” എന്നാണ് അദ്ദേഹത്തിന്റെ മറുപടി.
ജീവിതത്തിൽ ലീഡർ രണ്ടുതവണ മാത്രമാണ് കരഞ്ഞത് — ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ മരണത്തിലും, ചിലർ ചാരൻ എന്ന് വിളിച്ചപ്പോഴും. ഒരുകാലത്ത് ഏത് ഡീലും അദ്ദേഹത്തിന്റെ തലയിലായിരുന്നു. ഇന്ന് പലരും മുഖ്യമന്ത്രിമാരായപ്പോൾ ആ ആരോപണങ്ങൾ ആരും ചോദിക്കുന്നില്ല. മക്കൾ രാഷ്ട്രീയത്തിൽ ഏറ്റവും അധികം വിമർശിക്കപ്പെട്ടത് ലീഡറായിരുന്നുവെങ്കിലും, ഇന്ന് എല്ലാ പാർട്ടികളിലും അതേ കഥ തുടരുന്നു.
ആന്റണിയുമായുള്ള ആരോഗ്യകരമായ മത്സരം പാർട്ടിക്ക് ഗുണം ചെയ്തു. 2001 തിരഞ്ഞെടുപ്പിൽ ആറന്മുള, വടക്കേക്കര, ഇരിക്കൂർ സീറ്റുകൾ ലീഡർ സ്വന്തമാക്കി. ഗോപീകൃഷ്ണന്റെ മാതൃഭൂമി കാർട്ടൂൺ പോലും ഓർമ്മയിൽ — “ആന്റണിയുടെ പടക്കക്കടയിൽ ബീഡി വലിച്ച് ഇരിക്കുന്ന ലീഡർ.”
സഖാക്കൾ എത്ര തവണ “കരിങ്കാലി” എന്നു വിളിച്ചാലും ലീഡറെ കണ്ടാൽ എഴുന്നേറ്റ് നിൽക്കാതെ ആരും നിന്നിരുന്നില്ല. അതാണ് കരുണാകരൻ. അങ്ങനെയാണ് അദ്ദേഹം കേരളത്തിന്റെ ലീഡർ ആയത്.
ലീഡറുടെ ഓർമ്മകൾ ഇന്നും മനസ്സിൽ സൂക്ഷിച്ചുകൊണ്ട് —





