കേരളത്തിലെ മുസ്ലിം ലീഗ് അഥവാ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന പാർട്ടിയാണ് ഇന്ന് ഇന്ത്യയിൽ തന്നെ ഏറ്റവും അച്ചടക്കമുള്ള കേഡർ പാർട്ടി എന്നാരെങ്കിലും പറഞ്ഞാൽ സമ്മതിച്ചേ പറ്റൂ . അതുകഴിഞ്ഞിട്ട് വേണേൽ ദ്രാവിഡ മുന്നേറ്റ കഴകം അഥവാ ഡിഎംകെ ആണെന്ന് നമ്മുക്ക് പറയാം .
കാരണം ഓരോരോ തിരഞ്ഞെടുപ്പുകളിലും അവർ സ്വീകരിക്കുന്ന നയം , അവരുടെ അണികളുടെ കൂറ് , നേതാക്കന്മാരുടെ പ്രതികരണങ്ങൾ , സമീപനങ്ങൾ , പ്രസ്താവനകൾ എല്ലാം കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ അവരുടെ കെട്ടുറപ്പിനെ അവഗണിക്കാനാവില്ല . കോൺഗ്രസ്സും ബിജെപിയും സിപിഎമ്മും അവരുടെ ആ പ്രൊഫഷണൽ രീതികളെ കണ്ടു പഠിച്ചാൽ നന്ന് .
കഴിഞ്ഞ കുറെ വർഷങ്ങളായി ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും അരങ്ങേറിയ സംഭവങ്ങളെ വളരെ തന്മയത്വത്തോടെ കൈകാര്യം ചെയ്തു എന്നതിൽ അവർക്ക് അഭിമാനിക്കാം . പൗരത്വ ബിൽ പ്രക്ഷോഭങ്ങളും , 2018 -2109 വെള്ളപ്പൊക്കവും , കോവിഡ് മഹാമാരിയും , മുണ്ടക്കൈ ചൂരൽമല തകർച്ചകളും ഏറ്റവും പെട്ടെന്ന് ഏറ്റവും ഭംഗിയായി , അതും വളരെ ആത്മാർഥമായി നേരിടുവാൻ അവർക്ക് സാധിച്ചു എന്നതിൽ അണികൾക്കും നേതാക്കൾക്കും ശക്തമായ പങ്കുണ്ട് .
കോവിഡ് മഹാമാരി കാലത്ത് ഗൾഫ് മേഖലകളിൽ അവിടത്തെ സർക്കാരുകൾക്കൊപ്പം നിന്നുകൊണ്ട് മറിച്ചൊന്നും ചിന്തിക്കാതെ തെരുവുകളിൽ ഇറങ്ങി ജനങ്ങളുടെ കഷ്ടപ്പാടുകൾക്ക് അറുതി വരുത്തുന്നതിൽ ലീഗിന്റെ പോഷക സംഘടനായ കെഎംസിസിയുടെ പങ്ക് നിസ്സാരമല്ല . ദുബായ് പോലത്തെ സർക്കാർ സംവിധാനങ്ങൾ വരെ അവരെ ആദരിച്ചതും നാം കണ്ടു .
1992 ഡിസംബർ 6 ന് ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ ഇന്ത്യയിൽ ഒന്നടങ്കം പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ സമാധാനത്തിനായി ആഹ്വാനം ചെയ്ത മഹദ് വ്യക്തിയായ പാണക്കാട് സഈദ് മുഹമ്മദലി ശിഹാബ് അലി തങ്ങൾ ഇന്ന് ലോകത്തിനു തന്നെ മാതൃകയാണ് . അന്ന് ഒരു തീപ്പൊരി വീണാൽ കേരളം കത്തുമായിരുന്നു . അന്നദ്ദേഹത്തിന്റെ ആ ആർജ്ജവം എന്നും ചർച്ച ചെയ്യപ്പെടുന്ന വസ്തുതകൾ തന്നെയാണ് . അതിന്റെ പേരിൽ പാർട്ടിയിൽ തന്നെ വിള്ളലുകൾ ഉണ്ടാക്കിക്കൊണ്ട് പല വലിയ നേതാക്കളും പാർട്ടിയോട് വിടപറയുകയും കടുപ്പത്തിനായി മറ്റു പാർട്ടികൾ രൂപീകരിക്കുകയും ചെയ്തിരുന്നു . ഇന്നല്ലെങ്കിൽ നാളെ ലീഗിലേക്ക് ( ഐ എൻ എൽ ) , ഐഎസ്എസ് , പിഡിപി ഒക്കെ രൂപീകരിച്ചത് ലീഗിന്റെ തീവ്രത പോരാഞ്ഞിട്ടാണ് .
1991 നിയമസഭാ തിരഞ്ഞെടുപ്പിൽ കെ കരുണാകരനോട് 22 സീറ്റുകൾ ആവശ്യപ്പെടുകയും 19 എണ്ണത്തിൽ വെന്നിക്കൊടി പാറിക്കുകയും ചെയ്തപ്പോൾ കുഞ്ഞാലിക്കുട്ടി എന്ന നേതാവ് കേരളത്തിൽ ഉദയം ചെയ്തു . വ്യവസായം വിദ്യാഭ്യസം തുടങ്ങിയ നാല് വകുപ്പുകൾ ലീഗ് കൈകാര്യം ചെയ്തപ്പോൾ പിന്നെ കുത്തിത്തിരുപ്പുകാർ പിന്നാലെ കൂടി .
അക്കാലത്തെ ഏറ്റവും വലിയ വിവാദമായിരുന്നു നിലവിളക്കിൽ തിരി കൊളുത്താതെ കുഞ്ഞാലിക്കുട്ടി മാറി നിന്നതും അതുപോലെയുള്ള കുറെ ചെറിയ ചെറിയ കാര്യങ്ങൾ ഊതിപ്പെരുപ്പിച്ചതും . വളർന്നു വരുന്ന നല്ല നേതാക്കളെ നോട്ടമിട്ട് ആക്രമിക്കുക എന്ന തന്ത്രം എതിരാളികൾ പയറ്റിക്കൊണ്ടിരുന്നു . അതിന്റെ ഫലമായി ഐസ്ക്രീം കേസുകളും മറ്റും ലീഗിനെ വേട്ടയാടിക്കൊണ്ടിരുന്നു .
ശരിക്കും പറഞ്ഞാൽ ആ കേസും അതിന്റെ പേരിൽ പ്രമുഖ നേതാക്കന്മാർക്ക് എല്ലാം സ്വന്തം പാളയങ്ങളിൽ കാലിടറിയതും ഒരു കണക്കിന് ഉർവശി ശാപം ഉപകാരമായി എന്ന് വേണം കരുതുവാൻ . ആ തോൽവികൾക്ക് ശേഷം നേതാക്കന്മാരും കുറെ പാഠങ്ങൾ പഠിച്ചെടുത്തു . പണ ചാക്കുകൾ പണവുമായി വരുമ്പോൾ പായയിട്ട് കൊടുക്കുന്ന രീതികളിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി .
അനാവശ്യ വിവാദ പ്രസ്താവനകൾ, വാശികൾ, പ്രകോപനം സൃഷ്ടിക്കുന്ന പ്രസ്താവനകൾ , മറ്റുള്ളവർ പ്രകോപനം സൃഷ്ടിക്കുവാൻ വായിൽ വിരലിട്ട് കുത്തുമ്പോൾ കാണിക്കുന്ന മൗനം , എല്ലാം ലീഗിനെ കൂടുതൽ ശക്തമാക്കി . ഇക്കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവെച്ചുകൊണ്ട് നിയമസഭയിൽ മത്സരിച്ചതും എതിരാളികൾ ആയുധമാക്കിയത് നാം കണ്ടു .
ഇന്നത്തെ ലീഗ് അതിൽ നിന്നൊക്കെ ഏറെ മാറിയിരിക്കുന്നു . ഇരുത്തം വന്ന നേതാക്കളും അതിനൊപ്പം നിൽക്കുന്ന ചങ്കുറപ്പുള്ള അണികളും .തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ അവർ കാണിക്കുന്ന ആത്മാർത്ഥത റിസൾട്ട് വരുന്നവരെ നിലനിർത്തുന്നു . സ്ത്രീകളെ കൂടുതൽ മുൻനിരയിലേക്ക് കൊണ്ടുവരുന്നു . ന്യൂ ജെൻസി ക്കായുള്ള പ്രവർത്തനങ്ങളും രീതികളും കൊണ്ടുവന്നു .
ഇപ്പോൾ വയനാട്ടിൽ വെച്ചുകൊടുത്തത് 51 വീടുകളല്ല . അതിൽ മൊത്തം സ്നേഹമായിരുന്നു . ആ പോസ്റ്ററുകൾ മുതൽ അതിന്റെ സ്റ്റേജ് സെറ്റപ്പുകളും അവിടെ പങ്കെടുത്തവരുടെ ശാന്തതയും എല്ലാം ഒരു പുതിയ സംസ്കാരത്തിന് ലീഗ് വഴിതുറന്നിരിക്കുന്നു . സോഷ്യൽ മീഡിയയിലും അല്ലാതെയുള്ള ക്യാമ്പയിനുകളിലും എല്ലാം വളരെ കൂളായ, ഭംഗിയുള്ള ഡിസൈനുകൾ , ചെറുപ്പക്കാരുടെ പ്രവർത്തന രീതികൾ എല്ലാം പുതുതലമുറക്കായി മാറിയിരിക്കുന്നു .
ഒരു ഭാഗത്ത് ശാന്ത സ്വഭാവക്കാരനായ കുഞ്ഞാലിക്കുട്ടിയും മറുഭാഗത്ത് ജനങ്ങളുടെ ആവേശമായ കെഎം ഷാജിയും നയിക്കുമ്പോൾ പാർട്ടിയുടെ മുഖമായ സയീദ് സാദിഖലി ശിഹാബ് തങ്ങളുടെ ആ മുഖവും മനസ്സും ജനങ്ങളിൽ ആവേശം പകരുന്നു . മറ്റുള്ള പാർട്ടികളിൽ നിന്നും ആളുകൾ കൂടുതലായി ചേരണമെന്ന് ആശിക്കുന്നുണ്ടെങ്കിലും മുസ്ലിം ലീഗ് എന്ന് പറയുമ്പോൾ , അതിലെ ആ മുസ്ലിം എന്ന വാക്കായിരിക്കും അവരെ ലേശം പിന്തിരിപ്പിക്കുന്നുണ്ടാകുന്നത് .
അതുപോലെ കുഞ്ഞാലിക്കുട്ടി - സൂപ്പി എന്നിങ്ങനെയുള്ള പേരുകളും ചിലരിൽ അവമതിപ്പ് ഉണ്ടാക്കുന്നുണ്ടാവാം . പേരുകളും മുഖഭാവങ്ങളും എല്ലാം ജനങ്ങളെ ആകർഷിക്കുന്നതിന്റെ ഭാഗമായി വരുന്നുണ്ട് . എന്തായാലും ലീഗിനെ പോലെ കെട്ടുറപ്പുള്ള ഒരു പാർട്ടി ഇന്നത്തെ ഇന്ത്യയിൽ ഉണ്ടോ എന്ന് സംശയമാണ് .
കെഎംസിസി യുടെ പങ്കും ഇന്നത്തെ യൂത്ത് ലീഗിന്റെ കൂട്ടായ്മയും അതുപോലെ ലീഗിനെ മനസ്സ് കൊണ്ട് ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് പ്രവർത്തകന്മാരുടെ സഹായങ്ങളും മുതൽക്കൂട്ടായി . എങ്കിൽ തന്നെയും ഒരു നല്ല ടെലിവിഷൻ ചാനലോ, യൂട്യൂബ് ചാനലോ ആരംഭിക്കുവാൻ ഇവർക്കായിട്ടില്ല എന്നത് ഒരു പോരായ്മ തന്നെയാണ് . ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പുണ്യ പ്രവർത്തികൾ മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ ആകുന്നില്ല എന്നത് സങ്കടകരമാണ് .
ചന്ദ്രിക പത്രം പോലും നല്ല രീതിയിൽ പ്രവർത്തിക്കുന്നില്ല എന്നാണറിവ് . മറ്റുള്ളവർ ലീഗിനെ വെറുതെ കുറ്റപ്പെടുത്തുമ്പോൾ , നിങ്ങൾ കരുതുന്ന പാർട്ടിയല്ല ലീഗ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുവാൻ സോഷ്യൽ മീഡിയയും മറ്റുള്ള മീഡിയകളും അത്യവശ്യമാണ് .
അതുപോലെ കാൽപന്തുകളിയെ ഇത്രത്തോളം ഇഷ്ടപ്പെടുന്ന ഒരു ജനതയാണ് മലബാറുകാർ എന്ന് ഫിഫ ഇന്റർനാഷണൽ വരെ സമ്മതിച്ചിരിക്കുന്നു . എന്തുകൊണ്ട് ശിഹാബ് തങ്ങളുടെ പേരിൽ ഒരു ലീഗ് മത്സരം കെഎംസിസി ക്കോ , പാർട്ടിക്കോ സാധിക്കുന്നില്ല എന്നതും ചിന്തിക്കേണ്ട വസ്തുതകളാണ് .
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സ്റ്റേഡിയവും ഫുട്ബാൾ അക്കാദമിയുമൊക്കെ ആരംഭിച്ചുകൊണ്ട് ഇന്നത്തെ ചെറുപ്പക്കാരെ മദ്യത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും അകറ്റി നിർത്തണം . പെരിന്തൽമണ്ണയിലെ ഐഎഎസ് അക്കാദമി പോലെ ആധുനിക തലത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ , സ്വയം തൊഴിൽ കണ്ടെത്തുവാനുള്ള സ്ഥാപനങ്ങൾ , കേരളത്തിലെ തനത് നാടൻ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുവാനും പരിപോഷിപ്പിക്കുവാനുമുള്ള സ്ഥാപനങ്ങൾ എന്നിവ തുടങ്ങുവാനും ശ്രമിക്കുക .
ഈ വരുന്ന തിരഞ്ഞെടുപ്പിലും സമാധാനമായ കുറെ പ്രവർത്തനങ്ങൾ കാഴ്ചവെച്ചുകൊണ്ട് , പാവങ്ങളെ സേവിച്ചുകൊണ്ട് , സഹായ ഹസ്തങ്ങളുമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെന്നുകൊണ്ട് ഒരു നല്ല വിജയം ആശംസിക്കുന്നു .
തുറന്ന് പറച്ചിൽ :





