റോബോട്ട് നായയും രാജ്യത്തിന്റെ ബുദ്ധിപരീക്ഷയും

രണ്ടായിരത്തി ഇരുപത്തിയാറ് ഫെബ്രുവരിയിൽ രാജ്യം ലോകത്തോട് ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചു — ഇന്ത്യ ബുദ്ധിയുടെ പുതിയ യുഗത്തിലേക്ക് കടക്കുന്നു. ഡൽഹിയിൽ നടന്ന ദേശീയ ബുദ്ധി സംഗമം അതിന്റെ വേദിയായി. മന്ത്രിമാർ സംസാരിച്ചു, വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാഗ്ദാനങ്ങൾ നൽകി, ഭാവി സ്വപ്നങ്ങൾ വാചകങ്ങളായി ഉയർന്നു. മനുഷ്യബുദ്ധിക്ക് പുറമെ യന്ത്രബുദ്ധിയിലും രാജ്യം മുന്നേറുമെന്ന പ്രഖ്യാപനങ്ങൾ മുഴങ്ങി.

അപ്പോഴാണ് പാച്ചുവും കോവാലനും തമ്മിൽ നോക്കിയത്. ഒരാളുടെ കണ്ണിൽ സംശയം. മറ്റൊരാളുടെ മുഖത്ത് ചെറുചിരി. വാലാടിയ “സ്വന്തം” കണ്ടുപിടിത്തം

സംഗമത്തിലെ ശ്രദ്ധാകേന്ദ്രം ഒരു യന്ത്ര നായ. നടക്കുന്നു, കുനിയുന്നു, ഇരിക്കുന്നു, വാലാടുന്നു. കാണികൾ കൈയ്യടിക്കുന്നു. വേദിയിൽ നിന്നുള്ള അവകാശവാദം ഗംഭീരം — ഇത് നമ്മുടെ രാജ്യത്ത് തന്നെ വികസിപ്പിച്ചെടുത്ത ഗവേഷണഫലം.

കോവാലൻ പതുക്കെ ചോദിച്ചു:

“ഇത്ര വേഗം ഇത്രയും മുന്നേറ്റമോ?”

പാച്ചു വീണ്ടും നോക്കി.

അതേ രൂപം. അതേ ചലനം. അതേ കുനിയൽ.

അന്വേഷിച്ചപ്പോൾ സത്യം പുറത്ത് വന്നു. ഇത് വിദേശ വിപണിയിൽ വർഷങ്ങളായി വിൽക്കുന്ന യന്ത്രനായ. ഇവിടെ പുതിയത് ഒന്നുമില്ല. പേര് മാത്രം മാറി. വേദി മാത്രം മാറി. അവകാശവാദം മാത്രം മാറി.

“നമ്മുടേതാണ്” എന്നത് “വാങ്ങിയതാണ്” ആയി മാറിയ നിമിഷം.

വിദ്യാഭ്യാസവും വേഷവും

യന്ത്രനായയെ സ്വന്തം ഗവേഷണമെന്ന പേരിൽ അവതരിപ്പിച്ചത് ഒരു സർവകലാശാല. ആരോപണം ഉയർന്നതോടെ വിശദീകരണങ്ങൾ വന്നു. പഠനത്തിനായാണ്, പ്രദർശനത്തിനായാണ്, തെറ്റിദ്ധാരണയാണ് എന്നിങ്ങനെ വാക്കുകൾ മാറി. പക്ഷേ, വേദിയിൽ പറഞ്ഞത് കണ്ടുപിടിത്തമെന്നായിരുന്നു.

വിദ്യാഭ്യാസം അറിവ് വളർത്തേണ്ട ഇടമാണ്. എന്നാൽ കയ്യടി നേടാൻ, തലക്കെട്ടുകൾ പിടിക്കാൻ, വാങ്ങിയ ഉപകരണങ്ങളെ കണ്ടുപിടിത്തമാക്കി അവതരിപ്പിക്കുന്നത് വിദ്യാർത്ഥികൾക്ക് തെറ്റായ പാഠമാണ്.

ഇത് ഒരു നായയുടെ കഥയല്ല

കോവാലൻ പറഞ്ഞു: “ഇത് ഒരു യന്ത്രനായയുടെ കഥയല്ല. ഇത് ഒരു മനോഭാവത്തിന്റെ കഥയാണ്.”

ഗവേഷണം സമയം എടുക്കും. പരാജയങ്ങൾ ഉണ്ടാകും. പരിശ്രമം വേണം. അതാണ് ശാസ്ത്രം. പക്ഷേ ക്ഷമയില്ലാതെ വേദിയിൽ തിളങ്ങാൻ ശ്രമിച്ചാൽ, ബുദ്ധി വളരില്ല. പ്രദർശനം മാത്രം വളരും.

സംഗമവും സത്യപരീക്ഷയും

ഇത്തരം സംഗമങ്ങൾ പ്രദർശനമാത്രമല്ല; വിശ്വാസത്തിന്റെ പരീക്ഷയാണ്. അവിടെ പറയുന്ന ഓരോ വാക്കും രാജ്യത്തിന്റെ പ്രതിച്ഛായയെ നിർണയിക്കുന്നു. അവിടെ സത്യം വഴുതിയാൽ, നാളെ നയങ്ങളും വഴുതും.

പാച്ചു ഒടുവിൽ പറഞ്ഞു:

“യന്ത്രനായ വാലാടുന്നത് പ്രശ്നമല്ല.” കോവാലൻ ചേർത്തു: “വസ്തുതകൾ വാലാടുന്നതാണ് പ്രശ്നം.”

അവസാനം രാജ്യത്തിന്റെ ഭാവി ബുദ്ധിയിലാകട്ടെ.

പക്ഷേ ആ ബുദ്ധി വേദിയിലല്ല — ഗവേഷണശാലകളിൽ പിറക്കണം.

പ്രഖ്യാപനങ്ങളിലല്ല — സത്യത്തിൽ പണിയണം.

പാച്ചുവും കോവാലനും അത്ര മാത്രം പറഞ്ഞു നടന്നു പോയി.

യന്ത്രനായ പിന്നെയും വാലാടിക്കൊണ്ടിരുന്നു.

നേഹ സിങ്ങിനെ അടുത്തുതന്നെ രാജ്യസഭാ എംപി ആയി കാണേണ്ടി വന്നാൽ ആരും അത്ഭുതപ്പെടരുത് , ഒരു നായയും

പാച്ചുവും കോവാലനും :