കേരള രാഷ്ട്രീയത്തിലെ സോഷ്യൽ മീഡിയ യുദ്ധഭൂമിയിൽ രണ്ട് പേരുകൾ പ്രതീകങ്ങളായി മാറിയിട്ടുണ്ട് — ‘പോരാളി ഷാജി’യും ‘പോരാളി വാസു’യും. യഥാർത്ഥത്തിൽ ഇവ രണ്ടും വ്യക്തികളല്ല; രണ്ട് പാർട്ടികളിലായി പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ആത്മാർത്ഥ സൈബർ പ്രവർത്തകരുടെ മുഖങ്ങളാണ്.
സിപിഎമ്മിനെ അധികാരത്തിലെത്തിക്കാനും തുടർഭരണം ഉറപ്പിക്കാനും പോരാളി ഷാജി എന്ന പ്രതീകം വഹിച്ച പങ്ക് നിഷേധിക്കാനാവില്ല. അതുപോലെ തന്നെ, കോൺഗ്രസിന്റെ സൈബർ നാഡിയായി പോരാളി വാസു സ്വന്തം പാർട്ടിക്കുവേണ്ടി പ്രവർത്തിച്ച പരിശ്രമവും ചെറുതല്ല.
പി.ആർ. ഓഫിസുകളിൽ ഇരുന്ന് തന്ത്രം മെനഞ്ഞവരെക്കാൾ, ഈ പോരാളികൾ പാർട്ടിക്ക് വേണ്ടി കയ്യും മെയ്യും മറന്നാണ് പണിയെടുത്തത്. പി ആറുകാർ രണ്ടു വഞ്ചികളിലും കാലിടുന്നവരാണ് . അവർ കൂലിയെഴുത്തുകാരാണ് . ഇപ്പോൾ പോസ്റ്ററുകളും ഹോർഡിങ്ങുകളും പടച്ചുവിടുന്നവർ ആർക്കുവേണ്ടിയും ആ പണികൾ ചെയ്തുകൊണ്ടിരിക്കും . അവരെ വിശ്വസിക്കരുത് , പാവം പോരാളികളുടെ തന്ത്രങ്ങളാണ് അവർ വിറ്റ് കാശാക്കുന്നത് .
ഇവരുടെ പ്രവർത്തനങ്ങൾക്ക് പിന്നിൽ വലിയ പ്രതിഫലങ്ങളൊന്നുമില്ല. ശമ്പളമില്ല, പദവിയില്ല, സുരക്ഷയില്ല. ഒരു വിവാദം വന്നാൽ പാർട്ടി ഒപ്പം നിൽക്കും എന്ന ഉറപ്പുപോലുമില്ല. എന്നിട്ടും അവർ മുന്നിലാണ്. കാരണം അവർക്കിത് കച്ചവടമല്ല, വിശ്വാസമാണ്. കാഫിർ സ്‌ക്രീൻഷോട്ട് പോലുള്ള വിവാദങ്ങൾക്ക് ശേഷം പോരാളി ഷാജിയിലോ മറ്റു പോരാളിമാരിലോ കാണുന്ന മൗനം ആലസ്യമല്ല; അവഗണനയുടെ ക്ഷീണമാണ്.
പാർട്ടികൾ അവരെ ഉപയോഗിച്ചുവെന്നും, പക്ഷേ വേണ്ട സമയത്ത് ഗൗനിച്ചില്ലെന്നുമുള്ള തോന്നൽ സാധാരണ പ്രവർത്തകരിൽ ശക്തമാകുകയാണ്. അവഗണന വേണേൽ അവർ സഹിച്ചേക്കാം , പക്ഷെ നേതൃത്വം പരസ്യമായി അവരെ തള്ളിപ്പറഞ്ഞപ്പോൾ അത് വളരെ അപ്രതീക്ഷിതമായിരുന്നു . അതവരിൽ മുറിവുകളേൽപ്പിച്ചു .
സിപിഎമ്മായാലും കോൺഗ്രസായാലും കഥ ഒന്നുതന്നെ. സോഷ്യൽ മീഡിയ പോരാട്ടങ്ങളിൽ മുൻനിരയിൽ നിൽക്കുന്നവർ പലരും സ്വന്തം ജീവിതം പോലും മാറ്റിവെച്ചവരാണ്. ചിലർക്ക് ജോലി നഷ്ടമായി, ചിലർക്ക് കുടുംബജീവിതം തകര്ന്നു. എന്നിട്ടും അവർ പിന്മാറുന്നില്ല. കാരണം അവർക്കിത് ‘ലാഭം’ അല്ല, ‘ലക്ഷ്യം’ ആണ്.
എന്നാൽ സമീപകാലത്ത് പി.ആർ. കളിക്കാർ മാത്രമാണ് ശ്രദ്ധിക്കപ്പെടുന്നത് എന്ന തോന്നൽ ശക്തമാണ്. പ്രവർത്തകരെ മറന്ന് ക്യാമ്പയിനുകളും തന്ത്രങ്ങളും മാത്രം മുന്നോട്ടുപോകുമ്പോൾ പാർട്ടിയുടെ അടിത്തറ തന്നെ ദുർബലമാകും. രാവും പകലും കുത്തിപ്പിടിച്ചിരുന്നുകൊണ്ട് തങ്ങൾ സ്നേഹിക്കുന്ന പാർട്ടിക്ക് വേണ്ടിയും നേതാക്കൾക്ക് വേണ്ടിയും എഴുതി തളരുമ്പോൾ അവരുടെ ജീവിതം എന്തായിരിക്കുമെന്ന് നേതാക്കൾ ഓർക്കണമെന്നില്ല .
ഇത് കുറ്റപ്പെടുത്തലല്ല; പിന്തുണയോടെയുള്ള ശക്തമായ മുന്നറിയിപ്പാണ്. പോരാളി ഷാജിയെയും പോരാളി വാസുവിനെയും പോലെ ഉള്ളവർ പാർട്ടികളുടെ ആസ്തിയാണ്. അവരെ സംരക്ഷിക്കാതെയും അംഗീകരിക്കാതെയും മുന്നോട്ടുപോയാൽ, സോഷ്യൽ മീഡിയയിലെ ആവേശം ഒരുനാൾ തണുക്കും.
പി.ആർ. തന്ത്രങ്ങൾ താൽക്കാലികമായി രക്ഷിച്ചേക്കാം; പക്ഷേ പാർട്ടികളെ നിലനിർത്തുന്നത് ഇത്തരം ആത്മാർത്ഥ പോരാളികളാണ്. അവരെ ഗൗനിക്കുക, അവരെ വിലമതിക്കുക. ഇല്ലെങ്കിൽ, പ്രതിഫലമില്ലാത്ത ആ സുഖം പോലും ഒരുനാൾ മങ്ങിപ്പോകും. ഓരോരോ പോസ്റ്റുകളും ജനങ്ങളിൽ എത്തുന്നതും ലൈക്കുകൾ , കമന്റുകൾ , ഷെയറുകൾ , തെറിവിളീകൾ, ഇതൊക്കെ കാണുന്നതാണ് അവരുടെ ലഹരി . ഇപ്പോഴത്തെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ പഴയതുപോലെ ആത്മാർത്ഥമായ റീച്ച് കൊടുക്കുന്നില്ല എങ്കിലും ഉള്ളത് കൊണ്ട് അവർ സംതൃപ്തിയടയുന്നു .
ശരിക്കും പറഞ്ഞാൽ അവരൊക്കെ പാവങ്ങളാണ് , അവരൊന്നും എ സി മുറികളിൽ ഇരുന്നല്ല ഇതൊക്കെ പടച്ചുവിടുന്നത് . നല്ല ഒരു മൊബൈൽ ഫോണോ കംപ്യുട്ടറോ അവർക്കുണ്ടാകണമെന്നില്ല , മൊബൈലിൽ ഡാറ്റ കയറ്റുവാൻ കൂട്ടുകാരിൽ നിന്നും ഗൂഗിൾ പെയിൽ പണം കടം വാങ്ങിയും ഒക്കെയാണ് അവർ അവരിഷ്ടപ്പെടുന്ന പാർട്ടികളെ സ്നേഹിക്കുന്നത് .
അത് കമ്മ്യുണിസ്റ്റ് ആയാലും , കോൺഗ്രസ്സ് ആയാലും , സംഘപരിവാർ ആയാലും ലീഗ് ആയാലും മറ്റുള്ള പാർട്ടിക്കാർ ആയാലും !!! പോരാളി ഷാജിയായാലും പോരാളി വാസുവായാലും കാവിപ്പടകൾ ആയാലും പച്ചപ്പടകൾ ആയാലും ... അവർ വ്യക്തികൾ ആകണമെന്നില്ല , മാനസിക പൊരുത്തമുള്ള കുറെ പേരുടെ കൂട്ടായ്മ ആകാം , എന്നാലും അവരെ മറക്കരുത് .. ഒരു പാർട്ടിക്കാരും ... ഒരു നേതാവും ...





