ബിജെപി നേതൃത്വത്തിനുള്ള ഒരു തുറന്ന കത്തും തിരുത്തൽ നിർദ്ദേശവും
ആരോപണങ്ങളും രാഷ്ട്രീയ ധാർമ്മികതയും
കോൺഗ്രസ്സ് നാണം കെട്ട പാർട്ടിയാണ് എന്ന് ബിജെപി പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ അരുളി ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പാർട്ടിക്കുള്ളിൽ നടന്നതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുമായ നാണക്കേടുകൾ അദ്ദേഹത്തിന് അറിയുന്നുണ്ടാവില്ല. ഒരു തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ കേരളത്തിലെ ബിജെപിക്ക് വിഷുവും വലിയ പെരുന്നാളും ഒരുമിച്ച് വന്ന സന്തോഷമാണ്. കാരണം അത്രമാത്രം ഫണ്ടാണ് ഇങ്ങോട്ട് ഒഴുകുന്നത്, അത് മഞ്ചേശ്വരം വഴിയാകാം കൊടകര വഴിയാകാം.
ഫണ്ട് രാഷ്ട്രീയവും നേതൃത്വത്തിന്റെ പശ്ചാത്തലവും
ഇന്നത്തെ പ്രസിഡണ്ടിന് അമ്മായി അപ്പൻ കഷ്ടപ്പെട്ട് ഉണ്ടാക്കി കൊടുത്ത പണം സുലഭമായി കയ്യിൽ ഉള്ളതുകൊണ്ട് കൊടകര പണത്തിനായി കാത്തിരിക്കേണ്ട ആവശ്യകതയില്ല. അദ്ദേഹത്തിന് ഒരു ശതമാനം എങ്കിൽ ഒരു ശതമാനം വോട്ട് പാർട്ടിക്ക് അധികം വാങ്ങി കൊടുത്താൽ മതി. സീറ്റൊന്നും അത്ര ഗൗരവമായി ഡൽഹിക്കാർ പ്രതീക്ഷിക്കുന്നില്ല. വോട്ട് ശതമാനം കൂട്ടി കൂട്ടി മെല്ലെ ഇങ്ങോട്ട് നുഴഞ്ഞു കയറിയാൽ മതിയെന്നാണ് ഇരട്ട സഹോദരന്മാരുടെ മനസ്സിലുള്ളത്.
രാഷ്ട്രീയ തിരിച്ചടികളും ട്വന്റി ട്വന്റി സഖ്യവും
അങ്ങനെ കാര്യങ്ങൾ പ്ലാൻ ചെയ്തുകൊണ്ടിരിക്കുമ്പോൾ കന്യാസ്ത്രീ ആക്രമണത്തിന്റെ പേരിൽ ക്രിസങ്കികൾ ഒന്നടങ്കം പാർട്ടിയെ തള്ളിപ്പറഞ്ഞതും വൈപ്പിനിലെ വഖഫ് ബോർഡ് കളികൾ ഏൽക്കാതെ പോയതും ശബരിമല ശാസ്താവ് അനുഗ്രഹിക്കാത്തതും വലിയ തിരിച്ചടികൾ ആയി ഇരിക്കുമ്പോൾ ട്വൻറി ട്വൻറി എന്ന സിപിഎം ചാരനെ കൂടെ കൂട്ടിയത്. ട്വൻറി ട്വൻറി മത്സരിക്കുന്ന സീറ്റുകൾ മാത്രം വീക്ഷിച്ചാൽ ഇതിലെ ആ ദുരൂഹത ഏവർക്കും മനസിലാക്കാം. ശബരിമല ഉൾപ്പെടുന്ന റാന്നിയിലും , ബിജെപി എ ക്‌ളാസ് മണ്ഡലമായ തൃപ്പൂണിത്തുറയിലും ഇത്തവണ ട്വൻറി ട്വൻറിയെ ഏൽപ്പിച്ചുകൊണ്ട് ഡീലുകൾ ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു .
കൊടുങ്ങല്ലൂരിലെ വോട്ട് കച്ചവടം
ഏറ്റവും ആദ്യത്തേത് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ 20 ശതമാനം വോട്ടുകൾ കിട്ടിയ ബിജെപി ഇത്തവണ ആ സീറ്റ് എന്തുകൊണ്ടാണ് ട്വന്റി ട്വൻറിക്ക് കൊടുത്തത് എന്നതാണ് സംശയങ്ങൾക്ക് ആക്കം കൂട്ടുന്നത്. അതും ഉമ്മൻചാണ്ടിയുടെ മരുമകൻ എന്ന് പറയുന്ന ഒരാളെ അങ്ങോട്ട് കെട്ടിയിറക്കുമ്പോൾ ആ സീറ്റിൽ നിന്നും ബിജെപിയുടെ നേതാവ് ബി ഗോപാലകൃഷ്ണൻ ഔട്ട് ആവുകയായിരുന്നു.
കൊടുങ്ങല്ലൂരിൽ ഇത്തവണ യുഡിഎഫിനും എൽഡിഎഫിനും ഈഴവ സ്ഥാനാർത്ഥികൾ ആയതുകൊണ്ട് ബിജെപി യുടെ കൊങ്കിണി നായർ വോട്ടുകൾ സിപിഎം സ്ഥാനാർത്ഥിക്ക് നൽകുവാനുള്ള ഫോർമുലയാണ് കൊടുങ്ങല്ലൂർ നഗരസഭാ ബിജെപി കമ്മറ്റിയും നിലവിലെ എംഎൽഎയും വെച്ചിട്ടുള്ള ഡീൽ. കൊങ്കിണി നായർ വോട്ടുകൾ ഒരിക്കലും ഒരു ക്രിസ്ത്യാനിക്ക് നൽകില്ല എന്ന തിരിച്ചറിവ് ഇതിൽ പ്രധാനമാണ്.
തൃശൂരിലെ അവിശുദ്ധ ധാരണകൾ
പകരമായി തൃശൂർ സീറ്റിൽ ബിജെപിയുടെ പത്മജയെ സിപിഎം ജയിപ്പിച്ചു കൊടുക്കും. കൂടാതെ ഉദ്ദിഷ്ടകാര്യങ്ങൾക്കുള്ള ഉപകാരസ്മരണയെന്നോണം ഇരിങ്ങാലക്കുട, മണലൂർ, കുന്നംകുളം എന്നിവിടങ്ങളിലെ മന്ത്രിമാരെയും മുൻ മന്ത്രിമാരെയും ജയിപ്പിച്ചു കൊടുക്കാൻ സിപിഎം - ബിജെപി ധാരണയിലായിരിക്കുന്നു. അതുപോലെ ചാലക്കുടിയിലും തൃപ്പൂണിത്തുറയിലുമൊക്കെ ട്വൻറി ട്വൻറി യെക്കൊണ്ട് സമാന കളികളാണ് കളിക്കുവാൻ സിപിഎം പ്ലാനുകൾ ചെയ്തിട്ടുള്ളത്.
നേതൃത്വത്തിന്റെ പരാജയവും തിരിച്ചറിവും
ഈ വക കളികളൊന്നും മനസ്സിലാക്കുവാനുള്ള പ്രായോഗിക ബുദ്ധിയോ ജ്ഞാനമോ ഇപ്പോഴത്തെ ബിജെപി പ്രസിഡണ്ടിന് ഇല്ലെന്നുള്ളത് പഴയ ബിജെപി നേതാക്കൾക്കറിയാം. അവർക്ക് അറിയാം അടുത്തൊന്നും പാർട്ടി ജയിക്കുവാൻ പോകുന്നില്ല എന്നതും പരമാവധി ഡീലുകൾ ഉറപ്പിച്ചുകൊണ്ട് പരമാവധി പണം വസൂലാക്കിക്കൊണ്ടിരിക്കുകയാണ്. അതല്ല മറിച്ച് ഇപ്പോഴത്തെ ഈ പ്രസിഡണ്ടും ട്വൻറി ട്വൻറി കാരനും കച്ചവടക്കാർ ആയതുകൊണ്ട് അവരും പണത്തിനെ വെറുക്കുന്നവരല്ല എന്നതും ഒരു ചോദ്യചിഹ്നമായി മറുപക്ഷവും ആരോപിക്കുന്നു. എന്തായാലും ജയിച്ചാലും തോറ്റാലും ഈ വക നാണം കെട്ട കളികൾ അവസാനിപ്പിക്കണം എന്നാണ് പ്രതിപക്ഷവും ആരോപിക്കുന്നത്.
ഇനിയും ഈ വോട്ട് കച്ചവടം തുടർന്നാൽ, കേരളത്തിൽ ബിജെപി എന്ന പ്രസ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളപ്പെടും.





