കേരളത്തിലെ ചില ചാനലുകൾ അടുത്തിടെ നടത്തിയ സർവേകൾ നോക്കിയാൽ ഒരു വിചിത്ര ലോകം തന്നെയാണ് കാണുന്നത്. ഓരോ സർവേയും തുറന്നാൽ ഒരേ വിധി — പിണറായി വിജയൻ തന്നെ ഏറ്റവും നല്ല മുഖ്യമന്ത്രി, ഇപ്പോഴത്തെ ഭരണം തന്നെ ഏറ്റവും മികച്ചത്, പിന്നെയും അതേ സർക്കാർ തുടരും.
ജനങ്ങളുടെ മനസ്സിൽ എന്താണ് നടക്കുന്നത് എന്നതിലുപരി, ചില സ്റ്റുഡിയോകളിൽ എന്താണ് തീരുമാനിക്കപ്പെടുന്നത് എന്നതാണ് ഈ സർവേകളിൽ കാണുന്നതെന്ന് പലർക്കും തോന്നുന്നു. അതുകൊണ്ടുതന്നെ ഇവ സർവേകളോ, അല്ലെങ്കിൽ മുൻകൂട്ടി തയ്യാറാക്കിയ സ്ക്രിപ്റ്റുകളോ എന്ന സംശയം സ്വാഭാവികമാണ്.
സർവേ എന്നത് ജനങ്ങളുടെ അഭിപ്രായം അറിയാനുള്ള ഉപാധിയാണ്. എന്നാൽ അത് ചിലപ്പോഴൊക്കെ ഒരു രാഷ്ട്രീയ നാടകത്തിന്റെ ഭാഗമായിത്തീരുമ്പോൾ അതിന്റെ വിശ്വാസ്യത നഷ്ടമാകും. ഒരേ രീതിയിലുള്ള ഫലങ്ങൾ വീണ്ടും വീണ്ടും പുറത്തുവരുമ്പോൾ ജനങ്ങൾ ചോദിക്കാൻ തുടങ്ങും —
ഇതെല്ലാം യഥാർത്ഥ ജനാഭിപ്രായമാണോ, അല്ലെങ്കിൽ ആരുടെയെങ്കിലും ആഗ്രഹമാണോ? മാധ്യമങ്ങളുടെ ഏറ്റവും വലിയ ശക്തി വിശ്വാസ്യതയാണ്; അതു നഷ്ടപ്പെട്ടാൽ ചാനലുകൾ വെറും പ്രചാരണ കേന്ദ്രങ്ങളായി മാറും.
ഇവിടെ പ്രശ്നം ഒരു നേതാവിനെയോ ഒരു പാർട്ടിയെയോ കുറിച്ചല്ല. പ്രശ്നം മാധ്യമങ്ങളുടെ നിലപാടിനെക്കുറിച്ചാണ്. ഒരു ജനാധിപത്യത്തിൽ മാധ്യമങ്ങൾ അധികാരത്തെ ചോദ്യം ചെയ്യേണ്ടവരാണ്.
പക്ഷേ അധികാരത്തെ വിമർശിക്കേണ്ടവരാണ് അതിനെ പുകഴ്ത്താനുള്ള മത്സരത്തിലേക്ക് ഇറങ്ങുമ്പോൾ ജനങ്ങൾക്കുള്ള വിശ്വാസം തകർന്നു പോകും. മാധ്യമപ്രവർത്തനം ഒരു ജോലി മാത്രമല്ല; അത് ഒരു സാമൂഹിക ഉത്തരവാദിത്തവുമാണ്.
ഇത്തരത്തിലുള്ള അവിഞ്ഞ കളികൾ അധികരിച്ചപ്പോഴാണ് ചില പത്രങ്ങളും ചാനലുകളും പിടിച്ചുനിൽക്കുവാനും നിലനിർത്തുവാനും ചക്രശ്വാസം വലിക്കേണ്ടി വന്നത്. ഇന്ത്യാ വിഷൻ പോലുള്ള ചാനലുകൾ ഒരുകാലത്ത് നിലനിന്നിരുന്നുവെങ്കിലും ഇന്ന് അവ പൂട്ടിക്കെട്ടിയ കഥകളും നമ്മൾ കണ്ടതാണ്.
ചില വ്യക്തികൾക്ക് മാധ്യമപ്രവർത്തനത്തിന്റെ വിശ്വാസ്യത നഷ്ടമായപ്പോൾ സമൂഹം തന്നെ അവരെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരാക്കി മാറ്റിയ സംഭവങ്ങളും കേരളം കണ്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ വരെ അവരുടെ വിധി ജനം എഴുതി . അതൊക്കെ മാധ്യമലോകത്തിന് ഒരു മുന്നറിയിപ്പായി തന്നെ നിലകൊള്ളുന്നു.
ഇന്ന് പണം കൈക്കൂലിയായി വാങ്ങി ചാനലുകളിൽ ഇരുന്നു വീമ്പിളക്കുന്നവർക്ക് ഒരു കാര്യം ഓർക്കാം. നാളെയെങ്കിലും ജോലി നഷ്ടപ്പെട്ടാൽ, സമൂഹത്തിൽ അവരുടെ വിശ്വാസ്യത എത്രമാത്രം ശേഷിക്കും എന്നതാണ് വലിയ ചോദ്യം.
മുമ്പ് ഇത്തരത്തിലുള്ള വഴികളിലൂടെ പോയ ചിലരുടെ അവസ്ഥ എന്തായെന്ന് നമുക്ക് ചുറ്റും തന്നെ കാണാം. ഒരുകാലത്ത് ക്യാമറയ്ക്ക് മുന്നിൽ വലിയവരായിരുന്നവർ പിന്നീട് ഒരു ഗതിയും പരഗതിയും ഇല്ലാതെ നടക്കുന്ന അവസ്ഥയും കേരളം കണ്ടിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഒരു ഓർമ്മപ്പെടുത്തൽ മാത്രം — നുണ പറയുമ്പോൾ പോലും സ്വന്തം മനസ്സാക്ഷിക്ക് വില കൽപ്പിക്കുക. മാധ്യമങ്ങൾ ജനങ്ങളുടെ വിശ്വാസം കൊണ്ടാണ് നിലനിൽക്കുന്നത്.
ആ വിശ്വാസം ഒരിക്കൽ നഷ്ടപ്പെട്ടാൽ തിരികെ പിടിക്കാൻ വളരെ ബുദ്ധിമുട്ടാണ്. അവസാനം തീരുമാനിക്കുന്നത് ജനങ്ങളാണ്; സ്റ്റുഡിയോയിലെ സർവേകൾക്കപ്പുറം യഥാർത്ഥ വിധി പറയുന്നത് സമൂഹത്തിന്റെ മനസ്സാണ്.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഈ സർവേ കുലകുത്തികളുടെ ഒച്ചപ്പാടുകൾ കേരളം കേട്ടതാണല്ലോ ? . ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ റിസൾട്ട് വന്നുകൊണ്ടിരിക്കുമ്പോഴും എല്ലാ കോർപ്പറേഷനുകളും ഇവർ വിധിയെഴുതിയതാണല്ലോ ?
ക്രിമിനലുകൾ ചാനൽ ഡെസ്കിൽ കയറിയിരുന്ന് മേയുന്ന ഈ ഇരുണ്ട കാലത്ത് എല്ലാം തീരുമാനിക്കുന്നത് ജനങ്ങളാണ്. ജനങ്ങളും ഇവരുടെ മുഖങ്ങൾ ഓർത്തുവെക്കണം , കൂടാതെ അടുത്ത ഭരണാധികാരികളും !!
സ്റ്റുഡിയോയിലെ സർവേകൾ എത്ര വന്നാലും, യഥാർത്ഥ സർവേ നടക്കുന്നത് തിരഞ്ഞെടുപ്പ് ബൂത്തിലായിരിക്കും. അവിടെ ക്യാമറകളും സ്ക്രിപ്റ്റുകളും ഇല്ല; ജനങ്ങളുടെ യഥാർത്ഥ മനസ്സാണ് മാത്രം സംസാരിക്കുന്നത്. അതുകൊണ്ടുതന്നെ മാധ്യമങ്ങൾക്കും രാഷ്ട്രീയത്തിനും ഒരു ഓർമ്മപ്പെടുത്തൽ ഇതാണ് — ജനങ്ങളെക്കാൾ വലിയ സർവേ മറ്റൊന്നുമില്ല.
വേതാളത്തെ തോളിലേറ്റിക്കൊണ്ട് വിക്രമാദിത്യൻ :





