തമിഴ്നാട്ടിലെ രാഷ്ട്രീയത്തെ ചിലപ്പോൾ നോക്കിയാൽ അത് ഒരു സാധാരണ തെരഞ്ഞെടുപ്പ് പോരാട്ടമല്ല; മറിച്ച് ഒരു വലിയ ചതുരംഗപ്പലക പോലെയാണ്. ഓരോ നീക്കവും കൃത്യമായി കണക്കുകൂട്ടി നടത്തുന്ന ഒരു കളി. ആരെങ്കിലും ഒരു കരുക്കൾ നീക്കുമ്പോൾ മറ്റൊരാൾ അതിന് മറുപടിയായി മറ്റൊരു കരുക്കൾ നീക്കും. ഇപ്പോൾ തമിഴ്‌നാട്ടിലെ രാഷ്ട്രീയ വേദിയിൽ നടക്കുന്നത് അതുതന്നെയാണ് — ചെക്ക്, കൗണ്ടർ ചെക്ക്, പിന്നെ വീണ്ടും ഒരു ചടുല നീക്കം.

ഇതിന്റെ നടുവിൽ പുതിയ കളിക്കാരനായി എത്തിയിരിക്കുന്നത് നടൻ വിജയ്. “കീളെ ഇറങ്ക് തമ്പി” എന്ന് ജനങ്ങൾ വിളിച്ചപ്പോൾ അദ്ദേഹം രാഷ്ട്രീയ ചതുരംഗപ്പലകയിൽ കാൽവെച്ചു. പക്ഷേ നേരെ മുന്നോട്ട് ഓടിയില്ല; പകരം ഒരു കളിക്കാരനെ പോലെ സൂക്ഷ്മമായ നീക്കങ്ങൾ തുടങ്ങി. ചിലപ്പോൾ ഒരു സ്റ്റെപ്പ് പിന്നോട്ട്, പിന്നെ മറ്റൊരു നീക്കം മുന്നോട്ട്. രാഷ്ട്രീയത്തിലെ ആദ്യ കളിയിൽ തന്നെ വിജയ് തന്റെ കരുക്കൾ എവിടെ വെക്കണം എന്ന് കണക്കുകൂട്ടുകയാണ്.

മറുവശത്ത് സ്റ്റാലിൻ ഒരു പഴയ ചതുരംഗ മാസ്റ്ററുടെ പോലെ കളി തുടരുന്നു. ഒരു ഭാഗത്ത് കാലാൾപ്പടയെ ഇറക്കി കളം നിറക്കുമ്പോൾ, മറുഭാഗത്ത് ആരെങ്കിലും തേരിറക്കി ആക്രമിക്കാൻ ശ്രമിച്ചാൽ അതിനെ വെട്ടി മാറ്റുന്ന രീതിയിലാണ് നീക്കങ്ങൾ. അണ്ണാമലയുടെ മുന്നേറ്റം ഒരിക്കൽ വലിയ തേരുപോലെ തോന്നിയെങ്കിലും അതിനെ കാലാൾപ്പട കൊണ്ടുതന്നെ തടഞ്ഞുവെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

അണ്ണാ ഡി എം കെ യുടെ ഭാഗത്ത് നിന്ന് പനീർ ശെൽവം എന്ന കുതിര ഒരിക്കൽ മുന്നോട്ട് ചാടിയെങ്കിലും അതിനെ മറ്റൊരു നീക്കത്തിലൂടെ പിടിച്ചെടുക്കാനുള്ള ശ്രമം കണ്ടു. അതേസമയം വിജയ് കാന്തിന്റെ ഡിഎംഡികെ എന്ന കരുക്കളെ രണ്ട് സ്റ്റെപ്പ് മുന്നിലേക്ക് നീക്കി പുതിയ കൂട്ടുകെട്ടുകൾക്കുള്ള സാധ്യതകളും തുറന്നു. എൻഡിഎ ഇപ്പോഴും കരുക്കൾ നീക്കാതെ ചതുരംഗപ്പലകയുടെ അരികിൽ നിന്ന് കളി നോക്കുകയാണ് എന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ഇതിനിടെ ചിലർ വിജയിനെ റാണിയെ വെച്ച് വെട്ടാൻ ശ്രമിക്കുമ്പോൾ വിജയ് തന്നെ മറ്റൊരു റാണിയെ ഇറക്കി തടയുന്ന രീതിയിലുള്ള നീക്കങ്ങൾ ഉണ്ടാകുന്നു. ശശികലയും കാലാൾപ്പടയെ മുന്നോട്ട് നീക്കാൻ ശ്രമിക്കുന്നുണ്ട്. അതിനിടയിൽ സ്റ്റാലിന്റെ മന്ത്രിമാർ ഓരോരുത്തരെയും ചെക്ക് വെക്കുന്ന നീക്കങ്ങളും നടക്കുന്നു.

തമിഴ്നാട്ടിലെ ഈ രാഷ്ട്രീയ ചതുരംഗം ഇപ്പോഴും തുടരുകയാണ്. ആരാണ് ഒടുവിൽ ചെക്ക്‌മേറ്റ് പറയുക എന്നത് ഇനിയും വ്യക്തമല്ല. പക്ഷേ ഒരു കാര്യം ഉറപ്പ് — തമിഴ് രാഷ്ട്രീയത്തിന്റെ ഈ കളി ഇപ്പോൾ സിനിമയേക്കാൾ കൂടുതൽ രസകരമാണ്.

പാച്ചുവും കോവാലനും: