കേരളത്തിലെ 140 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് വിവിധ സ്വഭാവങ്ങളിലുള്ള ജനങ്ങളുമായി ഇടപഴകിക്കൊണ്ട് , ചായക്കടകളിലും തട്ടുകടകളിലും കോളേജ് ക്യാംപസുകളിലും ചുറ്റിക്കറങ്ങി രൂപപ്പെടുത്തിയ ചില സ്ഥാനാർത്ഥി സാധ്യതകളാണ് ഇവിടെ ചേർക്കുന്നത് . സ്ഥാനാർത്ഥി മോഹങ്ങളുമായി കുപ്പായം തയ്പ്പിച്ചിരിക്കുന്നവരെ മാറ്റി നിർത്തിക്കൊണ്ട് ജനങ്ങളുമായി കൂടുതൽ അടുത്തു പ്രവർത്തിക്കുന്ന ആളുകളെയാണ് നാം ഇവിടെ ചൂണ്ടിക്കാണിക്കുന്നത് .
ഇക്കഴിഞ്ഞ പത്തു വർഷങ്ങളായി നമ്മുടെ മണ്ഡലങ്ങളിൽ നിന്നും ജയിച്ചുവരുന്ന എംഎൽഎ മാർ ഒട്ടുമിക്കവരും നാടിനോ നാട്ടുകാർക്കോ യാതൊരു ഗുണമില്ലാത്ത പാഴ്മരങ്ങളാണ് എന്ന തിരിച്ചറിവിലാണ് നാം ഇവിടെ കുറിക്കുന്നത് . ഇത്തവണ കേരളത്തിലെ സാധാരണക്കാരുടെ നാടായ , കരിമ്പനകളുടെ നാടായ , പാലക്കാടാണ് ഇത്തവണ !!!
തൃശൂരിനടുത്ത തൃത്താലയിൽ നിന്നും തുടങ്ങുമ്പോൾ അവിടെ രണ്ടു യുവരക്തങ്ങളാണ് അങ്കത്തിനായി കച്ചകെട്ടിയിരിക്കുന്നത് . ഇന്നത്തെ എക്സൈസ് മന്ത്രിയും മുൻ എം പിയുമായ എംബി രാജേഷ് കഴിഞ്ഞ തവണ ഒരു പ്രത്യേക സാഹചര്യത്തിൽ ജയിച്ചുകയറിയ മണ്ഡലത്തിൽ ജനകീയൻ ഇപ്പോഴും വിടി ബൽറാം തന്നെ . എകെജി യെ സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചു എന്നതുകൊണ്ടും പിണറായി വിജയനെ നേരിട്ട് വിമർശിക്കുന്നതുകൊണ്ടും തപ്പിയെടുത്ത് തോൽപ്പിച്ച ഒരു ചെറുപ്പക്കാരൻ .
ഇന്നാണെങ്കിൽ പിണറായി വിജയനെ വിമർശിച്ചാൽ സഖാക്കളുടെ മാത്രം വോട്ട് കൂടുതൽ കിട്ടി ജയസാധ്യതയും ഏറെയാണ് . കടിച്ചാൽ പൊട്ടാത്ത മലയാളം ഭാഷയിൽ പ്രസംഗിച്ചു നടക്കുന്ന മന്ത്രി എംബി രാജേഷ് പാലക്കാട്ടെ ഡിസ്റ്റിലറി വിഷയത്തിൽ കുറച്ചുനാളുകൾ ആദർശം പണയം വെച്ചിരുന്നു . മണ്ഡലത്തിൽ ഇക്കഴിഞ്ഞ അഞ്ചുകൊല്ലം ഓടിനടന്ന് പണിയെടുത്തതുകൊണ്ട് സാധ്യത ഇപ്പോഴും വിടി ബൽറാമിന് തന്നെ . വിടി പാലക്കാട് സീറ്റിൽ മത്സരിച്ചാൽ സന്ദീപ് വാര്യർ ഇങ്ങോട്ട് മാറിയാൽ കൂടുതൽ ഭൂരിപക്ഷം കിട്ടുവാൻ സാധ്യതയുള്ള മണ്ഡലവും തൃത്താല തന്നെ . ഒറ്റപ്പാലം മണ്ഡലത്തെ കുറിച്ച് പറയുമ്പോൾ ഇടതു മണ്ഡലമാണെങ്കിലും മൃഗീയ ഭൂരിപക്ഷം ഒന്നും ആർക്കും കിട്ടിയിട്ടില്ല . വിസി കബീർ കുത്തകയാക്കി വെച്ചിരുന്ന മണ്ഡലം ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 6460 വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു . ഒരു നല്ല ചെറുപ്പക്കാരനെ രംഗത്തിറക്കിയാൽ എളുപ്പമായി പിടിച്ചെടുക്കാവുന്ന ഒരു സീറ്റായി ഒറ്റപ്പാലം മാറിയിരിക്കുന്നു .
അവസരവാദനങ്ങളുമായി പാർട്ടി മാറിയ പി സരിൻ മത്സരിക്കുകയാന്നെകിൽ സന്ദീപ് വാര്യരുമായി ഒരു നല്ല അങ്കവും വാചക കസർത്തുകളും കാണാം . സന്ദീപ് വാര്യർക്ക് നല്ല ഭൂരിപക്ഷത്തിൽ ജയിച്ചു കയറുവാനുമാകും . കെ എസ് ജയഘോഷ് , ജില്ലാ യൂത്ത് കോൺഗ്രസ് സ്ഥാനം വഹിച്ചിരുന്ന ടി എഛ് ഫിറോസ് ബാബുവിനും നല്ല കടുത്ത മത്സരം കാഴ്ച വെക്കുവാനാകും .
ഷൊർണൂർ ജങ്ഷനിലേക്ക് എത്തിയാൽ ശരിക്കും ഒരു ഇടതു കോട്ട തന്നെയാണ് . പുതിയ മണ്ഡലമാണെങ്കിലും ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 4451 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇടതിനോടൊപ്പം നിന്നു . യുഡിഎഫിനെ സംബന്ധിച്ചിടത്തോളം മുൻ എംഎൽഎ പികെ ശശിയെ രംഗത്തിറക്കിയാൽ വേണമെങ്കിൽ സീറ്റ് പിടിച്ചെടുക്കാം .
ഇപ്പോൾ കേരളത്തിലെ കാറ്റ് യുഡിഎഫ് നു അനുകൂലമായതിനാൽ ശശി സമ്മതിക്കാതിരിക്കില്ല . അല്ലെങ്കിൽ കഴിഞ്ഞതവണ മത്സരിച്ചു തോറ്റ ടി എച് ഫിറോസ് ബാബുവോ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗിരീഷ് ഗുപ്തയോ മത്സരിച്ചാൽ വേണേൽ ഒരു കരുനാഗപ്പള്ളി ആവർത്തിക്കാം .
അതുപ്പോലെ മണ്ണാർക്കാട് സീറ്റിൽ കൂടുതലായൊന്നും ചിന്തിക്കുവാനോ പറയുവാനോ ഇല്ല . അവിടെ എൻ ഷംസുദ്ധീൻ അദ്ദേഹത്തിന്റെ ജൈത്രയാത്ര തുടരുകയാണ് . ഇത്തവണ ഒരു മന്ത്രിയാകാനുള്ള സാധ്യത ഇല്ലാതില്ല !! പട്ടികജാതി സംവരണ മണ്ഡലമായ കോങ്ങാട് രൂപീകരണത്തിന് ശേഷം സിപിഎം ജയിച്ചു കയറുന്നു എങ്കിലും അതൊരു കോട്ടയായി കണക്കാക്കുവാൻ സാധിക്കില്ല . ലോക്സഭയിൽ വികെ ശ്രീകണ്ഠൻ 6658 വോട്ടുകൾ അധികം നേടിയതും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ലഭിച്ച സീറ്റുകളും വെച്ച് കണക്കുകൂട്ടിയാൽ ശ്രീകണ്ഠന്റെ ഭാര്യ തുളസി ടീച്ചർക്ക് ജയിച്ചു കയറുവാനാകും . ലീഗിലെ യുസി രാമനായിരുന്നു കഴിഞ്ഞ തവണ മത്സരിച്ചത് . ഇത്തവണ വെച്ചുമാറ്റങ്ങൾ പ്രതീക്ഷിക്കാം . ജയമാണ് മുഖ്യം . അല്ലെങ്കിൽ രമ്യ ഹരിദാസിനും വിജയസാധ്യത കാണുന്നുണ്ട് .
അതുപോലെ തരൂർ സീറ്റ് ഇടതു ആധിപത്യം നിലനിൽക്കുന്നുവെങ്കിലും ലോക്സഭയിൽ ഭൂരിപക്ഷം നന്നേ കുറഞ്ഞു . കൂടാതെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് കുതിച്ചു ചാട്ടം നടത്തുകയും ചെയ്തു . തുളസി ടീച്ചറോ , ഷീബയോ മത്സരിക്കട്ടെ . രമ്യ ഹരിദാസിന് മധുരമായ പകരം വീട്ടുവാൻ സാധ്യത ഇല്ലാതെയില്ല . വേണേൽ ഫുട്‍ബോളർ ഐഎം വിജയനെയും പരീക്ഷിക്കാം , വിജയം ഉറപ്പ് . പട്ടാമ്പി സീറ്റ് ശരിക്കും ഭരണത്തിനൊപ്പം നിലനിൽക്കുന്ന ഒരു മണ്ഡലമാണ് . സഖാവ് ഇഎംഎസും കെ ഇ ഇസ്മായിലും ഹാട്രിക് നേടിയിട്ടുള്ള മണ്ഡലത്തിൽ ഒരു നല്ല സ്ഥാനാർത്ഥി വന്നാൽ യുഡിഎഫിന് വിജയം സുനിശ്ചിതം . വി കെ ശ്രീകണ്ഠൻ നേടിയത് 27030 വോട്ടുകളുടെ ഭൂരിപക്ഷമാണ് . കാലുവാരൽ നടന്നില്ലെങ്കിൽ ടി പി ഷാജിയോ റിയാസ് മുക്കോളിയോ നിന്നാൽ ജയിക്കാം .
ഏറ്റവും നല്ലത് കോൺഗ്രസ്സിൽ നിന്നും സീറ്റ് ലീഗ് വാങ്ങിയെടുത്തുകൊണ്ട് ഒരു നല്ല സംസ്ഥാന നേതാവിനെ അവിടെ മത്സരിപ്പിച്ചാൽ നല്ല വിജയം നേടാനാവും . കെഎൻഎ ഖാദർ ഒരു നല്ല സാരഥിയാണ് . അല്ലെങ്കിൽ പ്രാദേശിമായ സിഎഎംഎ കരീമോ , കെ ഇ തങ്ങളോ ഒക്കെ മത്സരിച്ചു ജയിച്ചുവരട്ടെ !! തൃശൂർക്കാരൻ





