കേരളം ഉണ്ടായ നാൾ മുതൽ ആരോഗ്യമേഖല മോശമായിരുന്നില്ല. മഴ പെയ്താൽ വെള്ളം കയറും, വെള്ളം കയറുമ്പോൾ പകർച്ചവ്യാധികൾ വരും, അത് കണ്ടു നമ്മൾ ജാഗ്രത പാലിക്കും—ഇതാണ് കേരള മോഡൽ. അതുകൊണ്ടാണ് ലോകം തേടി നടക്കുന്ന ഡോക്ടർമാരും നഴ്സുമാരും ഈ മണ്ണിൽ പിറന്നത്. അതുകൊണ്ടാണ് കേരളം “ആരോഗ്യകേരളം” ആയത്—പിന്നീട് “ആരോഗ്യപോസ്റ്റർ കേരളം” ആയത്. ആയുർവേദത്തിൽ കേരളം ലോകത്ത് ഒന്നാം നമ്പർ. പക്ഷേ അത് പറയാൻ നമ്മൾ പഠിച്ചില്ല. കാരണം ചികിത്സ പറഞ്ഞാൽ പിആർ നടക്കില്ല. ചികിത്സ മിണ്ടില്ല, പോസ്റ്റർ സംസാരിക്കും. വാർഡ് നിശ്ശബ്ദം, വാർത്താസമ്മേളനം ഉച്ചത്തിൽ.
നിപ വന്നപ്പോൾ നമ്മൾ ജാഗ്രത കാണിച്ചു. ഡെങ്കി വന്നു, ഹെപ്പറ്റൈറ്റിസ് ബി വന്നു, മങ്കിപ്പനി വന്നു—വൈറസുകൾ വന്നു പോയി. പക്ഷേ സ്ഥിരമായി നിന്നത് ഒരൊറ്റ വൈറസ് മാത്രം: പിആർ വൈറസ്. ഓരോ രോഗത്തിനും പിന്നാലെ അവാർഡുകൾ. ഓരോ മരണത്തിനും പിന്നാലെ വിശദീകരണം. “ഒറ്റപ്പെട്ട സംഭവം” എന്ന വാക്യം കേരള ആരോഗ്യവകുപ്പിന്റെ സ്ഥിരം മരുന്നായി. കോവിഡ് വന്നപ്പോൾ ആളുകളെ ഓടിച്ചിട്ട് പിടിച്ചു. കൈ കഴുകിച്ചു, മാസ്ക് കെട്ടിച്ചു, വീടുകളിൽ അടച്ചു. അതോടൊപ്പം ക്യാമറകളും ഓടി. ബിബിസി വന്നു, സിഎൻഎൻ വന്നു, യുണൈറ്റഡ് നേഷൻസ് വന്നു—പിആർ കമ്പനിക്കാർ അവാർഡ് ഫോം തുറന്നു. ടീച്ചറമ്മ വാഴ്ത്തപ്പെട്ടു. ജനവും വാഴ്ത്തി. ആ വാഴ്ത്തലിന്റെ താപ്പിന് രണ്ടാം ഭരണവും കയ്യിൽ വെച്ച് കൊടുത്തു. അവിടെനിന്നാണ് യഥാർത്ഥ “വീണവായന ” തുടങ്ങുന്നത്. ആരോഗ്യമന്ത്രി ചാനൽ തുറുപ്പുചീട്ടായി. ആംബുലൻസിൽ പീഡനം—“അന്വേഷണം നടക്കുന്നു.” ആശുപത്രി ബെഡിൽ പീഡനം—“കമ്മിറ്റി വെച്ചു.” ശസ്ത്രക്രിയ കഴിഞ്ഞ് വയറ്റിൽ കത്രികയും പഞ്ഞിയും—“മനുഷ്യപിശക്.” ആശുപത്രി കെട്ടിടം തലയിൽ വീണ് മരണം—“ദൗർഭാഗ്യം.” ബെഡ് കിട്ടാതെ മരണം—“തിരക്ക്.” മരുന്നില്ലാതെ മരണം—“സപ്ലൈ പ്രശ്നം.” മരിക്കുന്നവൻ എല്ലാം “പ്രശ്നം”. ഭരിക്കുന്നവർ എല്ലാം “വിജയം”.
പത്തു വർഷം കൊണ്ട് ആരോഗ്യമേഖലയിൽ വളർന്നത് ആശുപത്രികളല്ല, വിശദീകരണങ്ങളാണ്. ഡോക്ടർമാർ ക്ഷീണിച്ചു, നഴ്സുമാർ പൊള്ളി, രോഗികൾ പൊട്ടി. പക്ഷേ പോസ്റ്ററുകൾ തിളങ്ങി. വാർഡുകളിൽ രക്തം, ബാനറുകളിൽ പുഞ്ചിരി. എന്നിട്ടും കപ്പിത്താൻ കപ്പൽ മുന്നോട്ട് തന്നെ. കപ്പലിൽ വെള്ളം കയറുന്നുണ്ടോ? കയറട്ടെ. യാത്രക്കാരൻ മുങ്ങുന്നുണ്ടോ? മുങ്ങട്ടെ. പ്രധാനപ്പെട്ടത് ക്യാപ്റ്റന്റെ പ്രസംഗം തത്സമയം പോകണം. ഇപ്പോൾ തിരഞ്ഞെടുപ്പ് വരുന്നു. വോട്ടർ ചോദിക്കേണ്ടത് ലളിതമായൊരു ചോദ്യം മാത്രം:
ഈ പത്തു വർഷം നിങ്ങൾ കണ്ടത് ആശുപത്രിയോ, ഹോർഡിംഗോ? ചികിത്സയോ, ചാനലോ? ഡോക്ടറെയോ, ഡയലോഗോ? ഇനി വീണ്ടും “ആരോഗ്യകേരളം” എന്ന പോസ്റ്റർ മതിയോ, അതോ യഥാർത്ഥ ആരോഗ്യസംവിധാനം വേണമോ? വോട്ട് ചെയ്യുമ്പോൾ ഓർക്കുക: പോസ്റ്ററിൽ മരണം വരില്ല. വാർഡിലാണ് സത്യം കിടക്കുന്നത്. പാവങ്ങൾ ശ്വാസം മുട്ടി മരിക്കുമ്പോൾ ആരോഗ്യമന്ത്രി വീണ വായിക്കുന്നു ... ആരോഗ്യമെന്ന് പറഞ്ഞാൽ ഇതാണ്. ഈ പോക്കിൽ കപ്പൽ മുങ്ങും. കന്നാസും കടലാസും





