ആകാശത്ത് ചെന്നിത്തല, റിപ്പോർട്ടർ സ്റ്റുഡിയോയിൽ 'മെസ്സിയായ' പൂരം!
കൊച്ചിയിലെ ഹൈക്കോടതി ജംഗ്ഷനിലെ തട്ടുകടയിൽ എണ്ണയിറ്റുവീഴുന്ന ചൂടുള്ള പരിപ്പുവട കൊറിച്ച് ഇരിക്കുകയാണ് കന്നാസും കടലാസും. കടയുടെ മുകളിൽ വെച്ചിരിക്കുന്ന ടിവി സ്ക്രീനിൽ ചുവന്ന അക്ഷരത്തിൽ ബ്രേക്കിംഗ് ന്യൂസ് തെളിയുന്നു: 'റിപ്പോർട്ടർ ടിവിയിൽ പൊലീസ് റെയ്ഡ്! ഫോണുകൾ പിടിച്ചെടുത്തു!' ഒപ്പം സ്റ്റുഡിയോയ്ക്കകത്തെ നിലവിളികളും ഉച്ചഭാഷിണിയിലൂടെ കടപ്പുറത്തോളം കേൾക്കാം.
"അല്ല കടലാസേ, ടിവിയിൽ എന്തൊരു അലർച്ചയാണ് കേൾക്കുന്നത്!" കന്നാസ് ചായയിലേക്ക് നോക്കി കണ്ണ് മിഴിച്ചു. "ഇത്രയും കാലം മറ്റുള്ളവരെ വിളിച്ചിരുത്തി പച്ചയ്ക്ക് വിചാരണ ചെയ്ത ആ തറവാട്ടിലേക്ക് പൊലീസ് ബൂട്ടും കെട്ടി ലാത്തിയുമായി കേറി നിരങ്ങുകയാണല്ലോ!"
കടലാസ് മീശ തുടച്ച് പൊട്ടിച്ചിരിച്ചു. "പിന്നല്ലാതെ കന്നാസേ! ഇന്നലെ വരെ ക്യാമറയ്ക്ക് മുന്നിൽ കൈചൂണ്ടി 'ജനങ്ങൾക്ക് അറിയണം' എന്ന് വാളോങ്ങി അലറിയ ഡോക്ടർ അരുൺകുമാർ ഇപ്പോൾ പൊലീസിന് മുന്നിൽ നിന്ന് വിറയ്ക്കുകയാണ്! 'എന്ത് അധികാരത്തിൽ, എന്ത് അവകാശത്തിൽ? ഒരുപാട് നായാട്ടുകൾ കണ്ട് മാധ്യമമുറിയിലേക്ക് എത്തിയ ജേർണലിസ്റ്റുകളാണ് ഞങ്ങൾ, ഭയപ്പെടില്ല!' എന്നൊക്കെ മാസ് ഡയലോഗ് കാച്ചുന്നുണ്ടെങ്കിലും ആ മൊട്ടത്തലയിലെ വിയർപ്പും കയ്യിലെ വിറയലും സ്ക്രീനിൽ നല്ല ക്ലിയറായി കാണാം!"
"എന്നിട്ട് പൊലീസ് വല്ലതും വകവെച്ചോ?" കന്നാസ് പരിപ്പുവട കടിച്ചുമുറിച്ച് ചോദിച്ചു.
"എവിടെ! കോടതി ഉത്തരവുമായി വന്ന പൊലീസ് നേരെ ഡിജിറ്റൽ ഡെസ്കിലേക്ക് കയറി അങ്ങോട്ട് നിരന്നു. 'ഇത് അഡ്മിനിസ്ട്രേഷൻ ബ്ലോക്കല്ല, ഡിജിറ്റൽ വിഭാഗത്തിൽ ജോലി ചെയ്യുന്ന പാവങ്ങളാണ്' എന്ന് അരുൺ നിലവിളിച്ചിട്ടും പൊലീസ് മൈൻഡ് ചെയ്തില്ല. അവിടെയിരുന്ന മാധ്യമപ്രവർത്തകരെ കസേരയിൽ നിന്ന് ഒന്നൊന്നായി എഴുന്നേൽപ്പിച്ചു വിട്ടു, സ്വന്തം ഫോണുകളൊക്കെ പിടിച്ചു വാങ്ങി പോക്കറ്റിലിട്ടു. പോരാത്തതിന് എസിപി ബിജോയ് ചന്ദ്രൻ ആ പ്രധാന കസേരയിലേക്ക് കയറിയിരുന്ന് ചുറ്റും നോക്കി ഒരൊറ്റ ഇരുത്തം! അതോടെ അരുൺകുമാറിന്റെ വായ താനേ അടഞ്ഞുപോയി!"
"ഇതിലൊക്കെ വലിയ കോമഡി വേറെയുണ്ട് കടലാസേ," കന്നാസ് ചിരിയമർത്തി പറഞ്ഞു. "പോലീസ് റെയ്ഡ് തുടങ്ങിയതും കട്ടക്കലിപ്പിൽ രക്ഷപ്പെടാൻ വേണ്ടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വിളിക്കുകയാണ് മൊട്ട അരുൺകുമാർ. ഫോണിൽ നിന്ന് വരുന്നതോ 'ദ പേഴ്സൺ യു ആർ കോളിങ് ഈസ് ഇൻ ഫ്ലൈറ്റ് മോഡ്'! പുള്ളി അങ്ങ് അമേരിക്കയിൽ നിന്ന് വിമാനത്തിലിരുന്ന് പറക്കുകയാണ്! വിളിച്ച് കിട്ടാതെ വന്നപ്പോഴാണ് 'ആഭ്യന്തരമന്ത്രി അറിഞ്ഞോ റിപ്പോർട്ടർ ന്യൂസ് ഡെസ്കിലെ പൊലീസ് ഗുണ്ടായിസം' എന്ന് പറഞ്ഞ് സ്വന്തം സ്ക്രീനിൽ സ്ക്രോൾ ഓടിക്കുന്നത്! ആരുടെ ബുദ്ധിയാണോ എന്തോ, വിമാനം ലാൻഡ് ചെയ്യുമ്പോൾ കാര്യങ്ങളൊക്കെ കഴിഞ്ഞിട്ടുണ്ടാകും!"
കടലാസ് കൈയടിച്ച് ചിരിച്ചു. "മെസ്സി കാരണം ആകെക്കൂടി 'മെസ്സാ'യ റിപ്പോർട്ടർ എന്നല്ലാതെ എന്താ പറയുക! കോടതി ഉത്തരവും കയ്യിൽപ്പിടിച്ച് വന്ന പൊലീസിനെക്കണ്ട് പ്രൊപോഗണ്ട ഫാക്ടറിയുടെ ഷട്ടർ താനേ താഴേക്ക് വീണു. ഇല്ലാത്ത സർവേകളും കള്ളക്കഥകളും മെനഞ്ഞുണ്ടാക്കി പത്തുകൊല്ലം കേരളത്തെ പറ്റിച്ചവർക്ക് കിട്ടിയ ദൈവത്തിന്റെ ശിക്ഷയാണെന്നാണ് നാട്ടുകാർ ഒന്നടങ്കം പറയുന്നത്!"
"അതൊക്കെ പോട്ടെ കടലാസേ, അരുൺകുമാറും കൂട്ടരും സ്റ്റുഡിയോയിൽ 'ഭയപ്പെടില്ല' എന്ന് ഉറക്കെ കരയുമ്പോൾ ഇതിന്റെ പിന്നിലെ പ്രധാന കളിക്കാരനായ സാക്ഷാൽ ആന്റപ്പൻ എവിടെയാണെന്ന് വല്ല വിവരവുമുണ്ടോ?" കന്നാസ് അടുത്ത പരിപ്പുവടയിലേക്ക് കൈനീട്ടി.
"ആന്റപ്പനും സഹോദരന്മാരും ഇപ്പോൾ പഴയതുപോലെ മുട്ടിൽ മരങ്ങളുടെ പിന്നിൽ ഒളിച്ചിരിക്കുകയാണത്രേ!" കടലാസ് വീണ്ടും പൊട്ടിച്ചിരിച്ചു. "പണ്ട് വയനാട്ടിലെ ഈട്ടിമരം മുറിച്ചു കടത്തിയ അതേ കട്ടപ്പൻ ബുദ്ധിയുമായി ചാനലിൽ ഇറങ്ങിയ ആന്റപ്പന്റെ 'രണ്ടാംകെട്ട്' മോഹം കൃത്യം എട്ടുമണിക്ക് എട്ടുനിലയിൽ പൊട്ടിത്തരിപ്പണമായി! റേറ്റിംഗും പ്രതാപവും കൂട്ടി വീണ്ടും കൊടികുത്തി വാഴാമെന്ന് കരുതിയ മോഹമാണ് ഒറ്റയടിക്ക് നിലംപരിശായത്."
"അതിന്റെ ഇടയ്ക്കാണ് അടുത്ത ഷോക്ക്!" കന്നാസ് കട്ടൻചായ ഊതിക്കുടിച്ചു. "പെട്ടെന്ന് ദാ വരുന്നു കലൂർ സ്റ്റേഡിയത്തിലെ ഫ്ലഡ്‌ലൈറ്റുകാരുടെ ഫോൺ കോൾ—'സാറേ, ആ ലൈറ്റും സൗണ്ടും ഇട്ടതിന്റെ കാശ് തരാതെ മുങ്ങിയാൽ പണി പാളും, പൈസ എവിടെ?' എന്ന് ചോദിച്ച് അവർ കഴുത്തിന് പിടിക്കുന്നു! സ്റ്റേഡിയത്തിൽ വെളിച്ചം കൊടുത്തവർക്ക് പോലും വട്ടപ്പൂജ്യമാണ് കൊടുത്തിരിക്കുന്നത്."
കടലാസ് താളം പിടിച്ചു ചിരിച്ചു. "പോരാത്തതിന് സാക്ഷാൽ മെസ്സിയുടെ പേരും പറഞ്ഞ് ഫണ്ട് വെട്ടിച്ചതിന്റെ കേസുകൾ വേറെയും പിന്നാലെ വരുന്നുണ്ട്! ഫുട്ബോൾ ദൈവത്തിന്റെ പേര് വിറ്റ് കോടികൾ അടിച്ചെടുത്ത് മറ്റൊരു വഴിക്ക് വകമാറ്റിയ ആ തരികിട കേസുകൾ കൂടി ഇ.ഡിയുടെയും പൊലീസിന്റെയും മുന്നിലെത്തി. തട്ടിപ്പ് എന്നൊരു വാക്ക് മലയാള നിഘണ്ടുവിൽ ഉണ്ടെങ്കിൽ അതിന് കാരണക്കാരായ ഈ ആന്റപ്പന്മാർക്ക് ഇനി അന്ത്യകൂദാശ നേരാനല്ലാതെ വേറെ ഒന്നിനും സമയമില്ല!"
"അല്ല കടലാസേ, ഇതിനിടയിൽ ഇരവാദം ഇറക്കുന്ന വിജയനും സംഘത്തിനും എന്താ ഇത്ര ആവേശം?" കന്നാസ് സംശയം പ്രകടിപ്പിച്ചു.
കടലാസ് കൈയിലെ ചായഗ്ലാസ് മേശപ്പുറത്ത് ആഞ്ഞുവെച്ചു, "അതാണ് കന്നാസേ ഒന്നാംതരം ഇരട്ടത്താപ്പ്! വാർത്ത പറഞ്ഞതിന്റെ പേരിലല്ല പോലീസ് അവിടെ കയറിയത്. അടിമുടി തട്ടിപ്പ് നടത്തി ജീവിക്കുന്ന ഒരു സംഘം ഒരു ചാനൽ വാങ്ങി എന്നുവെച്ച് അവരുടെ മുൻകാല വെട്ടിപ്പുകൾ അന്വേഷിക്കാതിരിക്കാൻ പൊലീസിന് കൈകെട്ടി നിൽക്കാൻ പറ്റുമോ? സർക്കാർ ഉൾപ്പെടെ അനേകരെ പറ്റിച്ച് ജീവിക്കുന്ന ഒരു തിരുട്ട് സംഘം ചാനലിന്റെ ലേബലിൽ ഞെളിഞ്ഞിരുന്നപ്പോൾ, തെളിവ് പിടിക്കാൻ കോടതി ഉത്തരവോടെ എത്തിയതാണ് പോലീസ്. ഈ വിജയന്മാർ പറയുന്ന ന്യായമാണെങ്കിൽ, നാളെ ഏതെങ്കിലും ഒരു കൊടും ഭീകരവാദിക്ക് ചാനൽ തുടങ്ങി രേഖകളൊക്കെ അവിടെ ഒളിപ്പിച്ചുവെച്ച് 'മാധ്യമസ്വാതന്ത്ര്യം' എന്ന് നിലവിളിച്ചാൽ മതിയല്ലോ!"
"ശരിക്കും! പരമ്പരാഗത പത്രങ്ങളിൽ പണിയെടുത്തും പിന്നീട് ഓൺലൈനിലേക്ക് മാറിയും ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർ എത്രയോ പേരുണ്ട്," കന്നാസ് തലയാട്ടി.
"തീർച്ചയായും! ഇപ്പോൾ ഈ വിലപിക്കുന്ന വിജയന്റെ പോലീസ് അന്ന് മറ്റ് മാധ്യമസ്ഥാപനങ്ങളിൽ വാർത്ത എഴുതിയതിന്റെ പേരിൽ മാത്രം കേറി നിരങ്ങിയത് ആരും മറന്നിട്ടില്ല. കമ്പ്യൂട്ടറും ക്യാമറയും മാത്രമല്ല, ഒടുവിൽ മൗസ് പാഡും കീബോർഡും വരെ പോലീസ് ചുമന്ന് കൊണ്ട് പോയപ്പോൾ ഇവന്മാരുടെയൊക്കെ വായിൽ എന്തായിരുന്നു? അന്ന് മാധ്യമപ്രവർത്തകരുടെ വീടുകളിൽ പോലീസ് പാതിരാത്രിയിൽ കയറി നിരങ്ങി അമ്മമാരുടെയും പെങ്ങന്മാരുടെയും വരെ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തപ്പോൾ ഈ അരുൺകുമാറിന്റെയും വിജയന്റെയും നാവുകൾ എവിടെയായിരുന്നു?"
കടലാസ് ചൂടായി തുടർന്നു, "അന്ന് മറ്റ് മാധ്യമങ്ങൾ ചെയ്തത് വാർത്ത എഴുതുക മാത്രമായിരുന്നു; അല്ലാതെ ഈ ആന്റപ്പൻ മുതലാളിമാരെപ്പോലെ നാട് മുഴുവൻ തട്ടിപ്പ് നടത്തി കോടികൾ വെട്ടിക്കുകയല്ല ചെയ്തത്. അന്ന് 'അന്യ മാധ്യമങ്ങളെ പൂട്ടണം' എന്ന് പറഞ്ഞ് വാളോങ്ങി അട്ടഹസിച്ചവന്മാരാണ് ഇപ്പോൾ കോടതി ഉത്തരവുമായി പോലീസ് എത്തിയപ്പോൾ മാധ്യമസ്വാതന്ത്ര്യത്തിന്റെ അന്ത്യകൂദാശ പാടുന്നത്! ഭരണഘടനയിൽ വിശ്വസിച്ച് ഒറ്റയ്ക്ക് പോരാടിയാണ് ആളുകൾ ഇവിടെ നെഞ്ചുവിരിച്ചു നിൽക്കുന്നത്. അതുകൊണ്ട് മറ്റുള്ളവർക്ക് കുഴിച്ച കുഴിയിൽ ഇപ്പോൾ സ്വന്തമായി വീണുകിടന്ന് അനുഭവിച്ചേ പറ്റൂ."
"സത്യം," കന്നാസ് ഒഴിഞ്ഞ ഗ്ലാസ് മേശപ്പുറത്ത് വെച്ചു. "ഉപ്പുതിന്നവർ വെള്ളം കുടിക്കട്ടെ എന്ന് വെറുതെ പറയുന്നതല്ല. മുട്ടിൽ മരം മുതൽ മെസ്സിയുടെ ഫണ്ട് വരെ എവിടെയൊക്കെ കൈവെച്ചോ അവിടെയൊക്കെ ഇരട്ടത്താപ്പും വെട്ടിപ്പും മാത്രം! തട്ടിപ്പ് മുതലാളിമാർ അഴിയെണ്ണുന്ന ദിവസങ്ങളും, ഈ നുണ ഫാക്ടറിയുടെ ഷട്ടർ എന്നെന്നേക്കുമായി താഴുന്നതും കാണാൻ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് നാട്ടിലെ നീതിബോധമുള്ള മനുഷ്യർ."
കടലാസ് എഴുന്നേറ്റ് മുണ്ട് മടക്കിക്കുത്തി, "മുട്ടിൽ വീണ മരവും കെട്ടടങ്ങിയ ഫ്ലഡ്‌ലൈറ്റും കണ്ട് ഇനി ആരും നെടുവീർപ്പിട്ടിട്ട് കാര്യമില്ല കന്നാസേ, ആകാശത്ത് പറക്കുന്ന വിമാനം ലാൻഡ് ചെയ്യുന്നതിന് മുൻപ് വാ... നമുക്ക് നേരെ സ്റ്റേഡിയം വഴി അടുത്തൊരു ചായ കുടിക്കാൻ നടക്കാം!"
രാധ മണമ്മൽ : കന്നാസും കടലാസും





