സിനിമയിലെ സൂപ്പർതാരങ്ങൾ രാഷ്ട്രീയത്തിലെ 'എക്സ്ട്രാ' വേഷങ്ങളാകുമ്പോൾ!

കന്നാസ്: എന്താ കടലാസേ, ഈ രാഷ്ട്രീയ പാർട്ടികൾക്ക് ഇപ്പോൾ സിനിമയോട് ഇത്ര വലിയൊരു പ്രേമം? സ്ഥാനാർത്ഥിപ്പട്ടിക നോക്കിയാൽ ഷൂട്ടിംഗ് ലൊക്കേഷൻ ആണോ എന്ന് സംശയം തോന്നും. മമ്മൂട്ടിയും മോഹൻലാലും ഒഴികെ ബാക്കി പകുതി പേരും രാഷ്ട്രീയ ഗോദയിലാണല്ലോ!

കടലാസ്: അതൊക്കെ ഒരു പരീക്ഷണമല്ലേ കന്നാസേ. പക്ഷേ പണ്ടൊക്കെ ഈ പരീക്ഷണം അമ്പേ പാരാജയമായിരുന്നു എന്ന് ഇവർ മറന്നുപോയി. മുരളി ആലപ്പുഴയിലും ലെനിൻ രാജേന്ദ്രൻ ഒറ്റപ്പാലത്തും സാക്ഷാൽ ഒ.എൻ.വി തിരുവനന്തപുരത്തും പയറ്റിയിട്ട് എട്ടുനിലയിൽ പൊട്ടിയ ചരിത്രമുണ്ട്. പദവിയും പണവും പ്രശസ്തിയുമുണ്ടെന്ന് കരുതി ജനം പെട്ടിയിൽ വോട്ട് വീഴ്ത്തുമെന്ന് വിചാരിച്ചാൽ തെറ്റി. ആനപ്പുറത്ത് ഇരിക്കുന്നവനെ തറയിലിരുത്താൻ കേരളത്തിലെ വോട്ടർമാർക്ക് പ്രത്യേക കഴിവാണ്.

കന്നാസ്: ശരിയാണ്, പക്ഷേ ഇന്നസെന്റും ഗണേഷ് കുമാറും മുകേഷും ഒക്കെ ജയിച്ചു കയറിയത് നമ്മൾ കണ്ടതല്ലേ? അവരൊക്കെ രാഷ്ട്രീയത്തിൽ പച്ചപിടിച്ചില്ലേ?

കടലാസ്: ജയിച്ചു എന്നുള്ളത് സത്യം തന്നെ, പക്ഷേ അമ്പേ പരാജയമായിരുന്നു ഫലം എന്ന് പറയേണ്ടി വരും. സിനിമയിലെ ഡയലോഗ് അടിക്കുന്നത് പോലെയല്ലല്ലോ നിയമസഭയിലെ കാര്യം. പലരും വെറും കാഴ്ചക്കാരായി ഒതുങ്ങിപ്പോയി. ധർമ്മജന്റെ കാര്യം എടുത്താലോ, അതൊരു വലിയ പരാജയമായിരുന്നില്ലേ? കൊല്ലം തുളസിയും ഭീമൻ രഘുവും ഒക്കെ രാഷ്ട്രീയത്തിലിറങ്ങി തടി കേടാക്കിയത് മിച്ചം. രമേഷ് പിഷാരടിയെ വേണമെങ്കിൽ കൂട്ടത്തിൽ കുറച്ച് ഭേദമായി കൂട്ടാം, പുള്ളിക്ക് അത്യാവശ്യം രാഷ്ട്രീയ വിവരം ഒക്കെയുണ്ട്.

കന്നാസ്: അതൊക്കെ പോട്ടെ കടലാസേ, ഈ ട്വന്റി ട്വന്റിയും എൻ.ഡി.എയും ഒക്കെ കാണിച്ച ആ പണി കണ്ടോ? സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, ഫ്ലക്സ് അടിച്ചു, പ്രചാരണവും തുടങ്ങി. ഒടുവിൽ നോക്കിയപ്പോൾ സ്ഥാനാർത്ഥികൾക്ക് വോട്ടർപട്ടികയിൽ പേരില്ല! വീണ നായരെ ഏറ്റുമാനൂരിലേക്കും ലക്ഷ്മി പ്രിയയെ പെരുമ്പാവൂരിലേക്കും കെട്ടിയിറക്കാൻ നോക്കിയപ്പോഴാണ് ഈ 'ട്വിസ്റ്റ്' നാട്ടുകാർ അറിയുന്നത്. സ്വന്തം വോട്ട് എവിടെയാണെന്ന് അറിയാത്തവരാണോ നാട്ടുകാരെ ഭരിക്കാൻ വരുന്നത്?

കടലാസ്: അതാണ് പറഞ്ഞത്, രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുൻപ് ഇവർക്ക് മിനിമം ഒരു 'എൻട്രൻസ് പരീക്ഷ' എങ്കിലും വെക്കണം. ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേരെന്താണെന്നും കേരളം ഭരിക്കുന്നത് ആരാണെന്നും ഒക്കെയുള്ള ലളിതമായ ചോദ്യങ്ങൾ ചോദിക്കണം. അതിൽ ജയിക്കുന്നവരെ മാത്രം ഗോദയിലേക്ക് വിട്ടാൽ മതി. വാലു മുറിച്ചാൽ തീരുന്നതല്ലല്ലോ രാഷ്ട്രീയം, അതിന് കൃത്യമായ കാഴ്ചപ്പാടും ഉത്തരവാദിത്തവും വേണം. വെറുതെ പണച്ചാക്കുകളെയും താരങ്ങളെയും ഇറക്കി ജനങ്ങളെ വിഡ്ഢികളാക്കാൻ നോക്കിയാൽ ഇങ്ങനെയൊക്കെ തന്നെ സംഭവിക്കും!

കന്നാസും കടലാസും :