പട്ടികാ രാഷ്ട്രീയം: സതീശൻ തളയ്ക്കപ്പെട്ടോ? അതോ പടയൊരുക്കം ബാക്കി സീറ്റുകളിലോ?

കോൺഗ്രസിന്റെ 55 അംഗ ആദ്യ പട്ടിക പുറത്തുവരുമ്പോൾ തെളിയുന്നത് വെറുമൊരു സ്ഥാനാർത്ഥി നിർണ്ണയമല്ല, മറിച്ച് വരാനിരിക്കുന്ന 'മുഖ്യമന്ത്രി' കസേരയ്ക്ക വേണ്ടിയുള്ള കരുനീക്കങ്ങളാണ്. ഗ്രൂപ്പ് സമവാക്യങ്ങൾ അദൃശ്യമായി നിയന്ത്രിച്ച ഈ പട്ടികയിൽ സതീശൻ ക്യാമ്പിന് വിചാരിച്ചത്ര മേൽക്കൈ നേടാനായില്ലെന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു.

എറണാകുളത്തെ 'സതീശൻ കോട്ട'യിലെ വിള്ളലുകൾ

വി.ഡി. സതീശന്റെ തട്ടകമായ എറണാകുളത്ത് പോലും കാര്യങ്ങൾ അനായാസമല്ല. കൊച്ചിയിൽ മുഹമ്മദ് ഷിയാസിനായി സതീശൻ ചരടുവലിക്കുമ്പോൾ ദീപ്തി മേരി വർഗ്ഗീസിനെപ്പോലെയുള്ളവർ ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. തൃപ്പൂണിത്തുറയിൽ എം. ലിജുവും ദീപക് ജോയിയും രാജു പി. നായരും തമ്മിലുള്ള വടംവലി നീണ്ടുപോകുന്നത് നേതൃത്വത്തിന്റെ ദൗർബല്യമായാണ് വായിക്കപ്പെടുന്നത്. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയെ മാറ്റാൻ സതീശൻ ആഗ്രഹിക്കുമ്പോൾ, രമേശ് ചെന്നിത്തല എൽദോസിന് നൽകുന്ന പരസ്യ പിന്തുണ ഗ്രൂപ്പ് പോര് വീണ്ടും സജീവമായതിന്റെ തെളിവാണ്.

സുധാകരന്റെ 'കണ്ണൂർ' കല്ലുകടി

എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് നിലപാടിൽ ഏറ്റവും കൂടുതൽ അസ്വസ്ഥനായത് കെ. സുധാകരനാണ്. കണ്ണൂർ സീറ്റ് പ്രഖ്യാപിക്കാതെ മാറ്റിവെച്ചത് സുധാകരന്റെ കടുത്ത സമ്മർദ്ദം കാരണമാണെന്ന് വ്യക്തം. അന്തിമ തീരുമാനം എ.ഐ.സി.സിക്ക് വിട്ടുകൊടുത്ത് സതീശനും ചെന്നിത്തലയും വേണുഗോപാലും കൈകഴുകുമ്പോൾ, സുധാകരനെന്ന കരുത്തനായ നേതാവ് പാർട്ടിക്കുള്ളിൽ ഒറ്റപ്പെടുന്നുവോ എന്ന ചോദ്യം പ്രസക്തമാണ്.

ലീഗിലെ പുകച്ചിലും രണ്ടത്താണി തന്ത്രവും

യു.ഡി.എഫിലെ കരുത്തരായ മുസ്ലിം ലീഗിലും ചിത്രം സമാധാനപരമല്ല. പ്രാദേശിക വികാരം മാനിച്ചില്ലെന്ന അബ്ദുറഹ്മാൻ രണ്ടത്താണിയുടെ പരസ്യ പ്രതികരണം ലീഗ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വനിതാ പ്രാതിനിധ്യം വെറും ചടങ്ങായി മാറിയെന്ന ആക്ഷേപം അണികൾക്കിടയിൽ പുകയുകയാണ്.

കളി ബാക്കിയുണ്ട്; മുഖ്യമന്ത്രി കസേര ലക്ഷ്യം

"സതീശൻ തോറ്റു, ചെന്നിത്തലയും വേണുഗോപാലും ജയിച്ചു" എന്ന് ഈ പട്ടികയെ ഒറ്റവാക്കിൽ തള്ളിക്കളയാനാവില്ല. പ്രഖ്യാപിക്കാത്ത ബാക്കി സീറ്റുകളിലാണ് യഥാർത്ഥ ശക്തിപരീക്ഷ നടക്കാൻ പോകുന്നത്. മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഉത്തരം നൽകുന്നത് പട്ടികയല്ല, മറിച്ച് തിരഞ്ഞെടുപ്പിന് ശേഷം സഭയിലെത്തുന്ന എം.എൽ.എമാരുടെ എണ്ണമായിരിക്കും. ആ എം.എൽ.എമാർ ആരുടെ പക്ഷത്ത് നിൽക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കേരളത്തിന്റെ ഭാവി ഭരണം.

പാച്ചുവും കോവാലനും :