സുരക്ഷയും ആഘോഷവും കൈകോർക്കുമ്പോൾ: കേരളത്തിൽ ഫ്രണ്ട്ലി പോലീസ് സംവിധാനത്തിന്റെ ആവശ്യം
കേരളം സംസ്കാരങ്ങളുടെ സംഗമഭൂമിയാണ്. മതവും ഭാഷയും ആചാരങ്ങളും കലകളും ഒന്നിച്ചു ചേർന്ന് ജീവിക്കുന്ന സമൂഹമാണ് ഇവിടെ. എന്നാൽ അടുത്തകാലത്ത് ഒരു വിഷമകരമായ യാഥാർത്ഥ്യം ഉയർന്നുവരുന്നു. പുതുവർഷാഘോഷങ്ങൾ, ക്ഷേത്രോത്സവങ്ങൾ, പള്ളികളിലെ നേർച്ചകൾ, ഗ്രാമങ്ങളിലെ ഗാനമേളകൾ—ഇവയെല്ലാം വളരെ നേരത്തെ അവസാനിപ്പിക്കണമെന്ന് പൊലീസ് നിർദ്ദേശിക്കുന്ന അവസ്ഥയാണ് .
പല സ്ഥലങ്ങളിലും. പലപ്പോഴും ഇത് പൊതുസുരക്ഷയുടെ പേരിലാണ് ചെയ്യപ്പെടുന്നത്. പക്ഷേ നാട്ടിലെ ഗുണ്ടാസംഘങ്ങളെയും ലഹരി മാഫിയകളെയും നിയന്ത്രിക്കാൻ കഴിയാത്തതിനാൽ സാധാരണ ജനങ്ങളുടെ ആഘോഷങ്ങൾ നിയന്ത്രിക്കപ്പെടുന്നു എന്ന ധാരണ സമൂഹത്തിൽ ശക്തമാകുന്നത് ഒരു സംസ്ഥാനത്തിനും അഭിമാനകരമല്ല.
ലോകത്തിലെ പല രാജ്യങ്ങളിലും ഇതിന് വ്യത്യസ്തമായ ഒരു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. അവിടെയുളള “ഫ്രണ്ട്ലി പോലീസ്” അല്ലെങ്കിൽ “കമ്മ്യൂണിറ്റി പോലീസ്” സംവിധാനം സമൂഹത്തെയും പോലീസിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ്. അമേരിക്ക, ജപ്പാൻ, സിംഗപ്പൂർ, യൂറോപ്പിലെ പല രാജ്യങ്ങൾ എന്നിവിടങ്ങളിൽ നാട്ടുകാരുമായി നേരിട്ടുള്ള സഹകരണം വളർത്തുന്ന പോലീസ് സംവിധാനം പ്രവർത്തിക്കുന്നു.
അവിടെ പോലീസുകാർ ഒരു നിയന്ത്രണ ശക്തിയായി മാത്രമല്ല, സമൂഹത്തിന്റെ സഹയാത്രികരായി പ്രവർത്തിക്കുന്നു. നാട്ടിലെ ക്ലബ്ബുകൾ, സാമൂഹ്യ സംഘടനകൾ, വിദ്യാർത്ഥി കൂട്ടായ്മകൾ, വളണ്ടിയർ സംഘങ്ങൾ എന്നിവയെ ഉൾപ്പെടുത്തി സുരക്ഷയും സാമൂഹിക പ്രവർത്തനങ്ങളും ഒരുമിച്ചു കൊണ്ടുപോകുന്ന രീതിയാണ് അവിടെ കാണുന്നത്.
കേരളത്തിലും “ജനമൈത്രി പോലീസ്” എന്ന ആശയം ഒരു പരിധിവരെ നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ അത് കൂടുതൽ സജീവമാക്കാനും സമൂഹത്തോട് കൂടുതൽ അടുപ്പിക്കാനും കഴിയും. ഓരോ ഗ്രാമങ്ങളിലും പ്രവർത്തിക്കുന്ന നല്ല ക്ലബ്ബുകളെയും സാമൂഹ്യ സംഘടനകളെയും വളണ്ടിയർ സംഘങ്ങളായി ഉൾപ്പെടുത്താവുന്നതാണ്. ഇവർ മതം, ജാതി, രാഷ്ട്രീയം എന്നിവയുടെ പരിധി കടന്ന് നാട്ടിലെ ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന ഒരു കൂട്ടായ്മയായി പ്രവർത്തിക്കണം. ഉത്സവങ്ങൾ, കലാപരിപാടികൾ, പുതുവർഷാഘോഷങ്ങൾ എന്നിവ നടക്കുമ്പോൾ പോലീസിനൊപ്പം ഇവർ സഹകരിച്ചാൽ സുരക്ഷയും സ്വാതന്ത്ര്യവും ഒരുപോലെ ഉറപ്പാക്കാൻ കഴിയും.
ഇത്തരം ഒരു സംവിധാനത്തിന് പ്രോത്സാഹനങ്ങളും നൽകാം. നന്നായി പ്രവർത്തിക്കുന്ന വളണ്ടിയർമാർക്ക് സംസ്ഥാന തലത്തിൽ അംഗീകാരങ്ങൾ നൽകുക, വിദ്യാർത്ഥികൾക്ക് സേവന മാർക്കുകൾ നൽകുക, സാമൂഹ്യ സേവനത്തിനുള്ള പ്രത്യേക സർട്ടിഫിക്കറ്റുകൾ നൽകുക എന്നിവ ചെയ്യാം. ഇതിലൂടെ യുവാക്കളെ സമൂഹ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനും സാധിക്കും. ഒരുവശത്ത് ലഹരി മാഫിയകളെയും ഗുണ്ടാ സംഘങ്ങളെയും ശക്തമായി നേരിടുകയും മറുവശത്ത് സമൂഹത്തെ സുരക്ഷയുടെ പങ്കാളികളാക്കുകയും ചെയ്യുന്ന ഒരു മാതൃക കേരളത്തിൽ വളർത്തിയെടുക്കാൻ സാധിക്കും.
സുരക്ഷയുടെ പേരിൽ ആഘോഷങ്ങളെ അടിച്ചമർത്തുന്ന ഒരു സമൂഹം ജീവന്തമാകില്ല. അതേസമയം നിയന്ത്രണമില്ലാത്ത ആഘോഷങ്ങൾ അക്രമത്തിനും വഴിവയ്ക്കാം. ഈ രണ്ടിനും ഇടയിൽ സമതുലിതമായ ഒരു വഴി കണ്ടെത്തുകയാണ് ഭരണകൂടത്തിന്റെ ഉത്തരവാദിത്വം. ലോകത്തിന്റെ പല രാജ്യങ്ങളിലും വിജയകരമായി നടപ്പിലാക്കിയ “ഫ്രണ്ട്ലി പോലീസ്” മാതൃകയെ കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങൾക്ക് അനുയോജ്യമായി രൂപപ്പെടുത്താൻ കഴിയുമെങ്കിൽ, സുരക്ഷയും ആഘോഷവും ഒരുമിച്ച് നിലനിൽക്കുന്ന ഒരു സമൂഹം നമുക്ക് സൃഷ്ടിക്കാനാകും.
കേരളത്തിൽ ഇനിവരുന്ന സർക്കാരിനോടും അടുത്ത മുഖ്യമന്ത്രിയോടും അഭ്യർത്ഥിക്കുന്നു , ഇനിയെങ്കിലും നമ്മുക്ക് നമ്മുടെ കേരളത്തിൽ നമ്മുടെ ആഘോഷങ്ങൾ ആരെയും ഭയക്കാതെ , സ്വൈര്യമായി നടത്തുവാനുള്ള സൗകര്യങ്ങൾ ഉണ്ടാക്കണം . അതിന്നായി കടുത്ത തീരുമാനങ്ങൾ ഭരണതലത്തിൽ എടുത്തേ പറ്റൂ !!!
തുറന്ന് പറച്ചിൽ :





