ഗോവിന്ദനും സുധാകരനും… പിന്നെ ഞാനും
കേരള രാഷ്ട്രീയത്തിൽ ചിലപ്പോൾ സംഭവങ്ങൾ നടക്കുന്നതല്ല, നാടകങ്ങൾ അരങ്ങേറുന്നതാണ് എന്ന് തോന്നുന്ന നിമിഷങ്ങൾ ഉണ്ടാകും. ഇപ്പോൾ അത്തരം ഒരു സമയമാണ്. ഒരിടത്ത് ഒരു സുധാകരൻ മയക്കുവെടി വെച്ച് സിപിഎമ്മിനെ തളച്ചിടാൻ ശ്രമിക്കുമ്പോൾ മറുവശത്ത് മറ്റൊരു സുധാകരൻ കതിനവെടി മൂന്ന് തവണ പൊട്ടിച്ച് കോൺഗ്രസ്സിനെ തന്നെ പുകമറയിൽ ആക്കിയിരിക്കുന്നു. ഇതൊക്കെ കണ്ടുനിൽക്കുന്ന സാധാരണക്കാരന് ഒരേ സംശയം മാത്രം — കേരള രാഷ്ട്രീയത്തിൽ ആശയങ്ങളേക്കാൾ പേരുകളാണ് ഇപ്പോൾ ഏറ്റുമുട്ടുന്നത് എന്നത്.
അതേസമയം ഗോവിന്ദന്മാരും പിന്നിലല്ല. ഒരു ഗോവിന്ദൻ ശൈലജ ടീച്ചറെ പേരാവൂരിലേക്ക് വനവാസത്തിന് അയച്ചതും ജയരാജന്മാരെ മെല്ലെ വക്കിലാക്കി നിർത്തിയതും കേരള രാഷ്ട്രീയത്തിലെ വലിയ ചർച്ചയായി. അതിനിടെ സ്വന്തം പൊണ്ടാട്ടിയെ തളിപ്പറമ്പിൽ അവരോധിച്ചപ്പോൾ പാർട്ടിക്കുള്ളിൽ തന്നെ പലർക്കും അത്ഭുതം തോന്നി. രാഷ്ട്രീയ തന്ത്രങ്ങൾ എപ്പോഴും ഉണ്ടായിരുന്നു, പക്ഷേ വീട്ടും പാർട്ടിയും ചേർന്ന ഒരു പുതിയ ഗോവിന്ദൻ ശൈലി ഉണ്ടാകുമെന്നു ആരും കരുതിയിരുന്നില്ല.
ഇതിനിടയിലാണ് മറ്റൊരു രംഗം തുറന്നത്. ടി.കെ. ഗോവിന്ദൻ എന്ന മറ്റൊരു നേതാവ്, ഗോവിന്ദൻ മാഷിനെ തന്നെ ദ്വന്ദയുദ്ധത്തിന് വെല്ലുവിളിച്ചിരിക്കുകയാണ്. കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ ആശയങ്ങളുടെ പോരാട്ടം മതിയെന്നില്ല; വാക്കിന്റെ യുദ്ധവും വെല്ലുവിളിയും ചേർന്നാൽ മാത്രമേ വാർത്ത പൂർണ്ണമാകുന്നുവെന്ന തോന്നലാണ്. ഇതെല്ലാം കണ്ടുനിൽക്കുന്ന കേരളം ഇപ്പോൾ ഒരു വലിയ നാടകവേദി പോലെ തന്നെയാണ്.
അവസാനം ജനങ്ങൾ ചിന്തിക്കുന്നത് മറ്റൊന്നാണ്. ഗോവിന്ദന്മാരും സുധാകരന്മാരും ഈ വയസ്സാൻ കാലത്ത് കാണിച്ചുകൂട്ടുന്ന വിക്രിയകൾക്ക് കേരളം മുഴുവൻ മൂകസാക്ഷിയാകുകയാണ്. ആരാണ് ജയിക്കുന്നത് എന്നതല്ല ചോദ്യം; ഇതെല്ലാം കണ്ടിട്ട് ചിരിച്ചുകൊണ്ടിരിക്കണോ, അല്ലെങ്കിൽ കരഞ്ഞുകൊണ്ടിരിക്കണോഎന്നതാണ് ജനങ്ങളുടെ സംശയം. അതുകൊണ്ടാണ് കഥയുടെ തലക്കെട്ട് ഇങ്ങനെ തീരുന്നത് — ഗോവിന്ദനും സുധാകരനും… പിന്നെ ഞാനും.
കന്നാസും കടലാസും:





