നമ്മുടെ നാട്ടിൽ ഒരു കാലത്ത് സ്‌കൂൾ പ്രവേശനസമയത്ത് പിള്ളേരെ പിടുത്തക്കാർ ഇറങ്ങും .

മടിയുള്ള പിള്ളേരെ വലവീശി പിടിക്കുവാൻ സ്‌കൂൾ അദ്ധ്യാപകർ രംഗത്തിറങ്ങാറുണ്ട് . അതുപോലെ തമിഴ്‌നാട്ടിലും വടക്കേ ഇന്ത്യയിലും സ്‌കൂളിൽ പോകാതെ വീട്ടിലിരിക്കുന്ന കുട്ടികളെ മറ്റുള്ള കുട്ടികളും രക്ഷകർത്താക്കളും കൂടി കൈകളിലും കാലുകളിലും പിടിച്ചു പൊക്കിയെടുത്ത് സ്‌കൂളുകളിലേക്ക് കൊണ്ട് പോകുന്ന കാഴ്ചകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ റീലുകളിലൂടെ നാം കാണുന്നു .

ഇക്കഴിഞ്ഞ ആഴ്ച ഇലക്ഷൻ കമ്മീഷണർ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയ ഉടനെ സിപിഐ യും സിപിഎമ്മും കേരളത്തെ ഞെട്ടിച്ചുകൊണ്ട് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുമ്പോൾ അവരവരുടെ പേരുകൾ ടിവിയിലൂടെ കേട്ടുകൊണ്ടിരുന്ന പല മാന്യവ്യകതികളും വീട്ടിലിരുന്നു ഞെട്ടുകയായിരുന്നു . അതിൽ ആദ്യത്തേത് താനൂരിലെ ഇപ്പോഴത്തെ എംഎൽഎ യും മന്ത്രിയുമായിരുന്ന മെസ്സി അബ്ദുറഹ്മാനായിരുന്നു . എങ്ങനെയെങ്കിലും ഇത്തവണ സ്ക്രൂട്ടാവാൻ കാത്തിരുന്ന അബ്‌ദുറഹ്‌മാൻ ആദ്യ വെടി പൊട്ടിച്ചിരിക്കുന്നു .

അത്യാവശ്യം നല്ല സിഗരറ്റ് കച്ചവടമൊക്കെ നടത്തി മോശമല്ലാത്ത പണം സമ്പാദിച്ച അബ്‌ദുറഹ്‌മാൻ ജീവിതത്തിൽ ഒരു ആഗ്രഹം കൂടി പൂർത്തീകരിക്കുവാൻ ലേശം പണം ചിലവാക്കിക്കൊണ്ട് എംഎൽഎ ആകുവാൻ തീരുമാനിച്ചു . സ്വാതന്ത്ര വേഷത്തിലിറങ്ങിയ അബ്ദുറഹ്മാൻ രണ്ടുതവണ താനൂരിൽ നിന്നും ജയിച്ചു കയറുകയും കഴിഞ്ഞ തവണ എന്തോ പൊട്ട ഭാഗ്യം കൊണ്ട് മന്ത്രിയാകുകയും ചെയ്തു .

പേരുമോശം ഒന്നും ഉണ്ടാക്കാതെ റോഡ് വക്കത്തുകൂടി പോയിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്നാണ് മെസ്സി എന്ന ദുർഭൂതത്തെ മരംമുറിക്കാർ ഇറക്കിവിട്ടത് .

പന്തുകളി ഇഷ്ടമുള്ള ആളായതുകൊണ്ട് മന്ത്രി കേട്ട പാതി കേൾക്കാത്ത പാതി മെസ്സിയുടെ പിന്നാലെ കൂടുകയും വിൻഡോകൾ അന്വേഷിച്ചു പോകുകയും ചെയ്തപ്പോൾ കിട്ടിയ പണി അദ്ദേഹത്തെ പിടിച്ചുലച്ചു . അവസാനം മാർച്ചിലെ വിൻഡോക്കായി കാത്തിരുന്നു എങ്കിലും അതും സെല്ഫ് ഗോൾ ആയി നാറുകയും ചെയ്തു . ഇപ്പോൾ മന്ത്രി എങ്ങനെയെങ്കിലും തലയൂരാൻ പാർട്ടി നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ് .

ഏറ്റവും വലിയ പെടല് പെട്ടിരിക്കുന്നത് പ്രശസ്ത പണ്ഡിതനും വാഗ്മിയും ഭക്തകുചേലനും ഡോക്ടറുമായ കെടി ജലീൽ എന്ന പുണ്യാളനാണ്‌ . കേരളം കണ്ട ഏറ്റവും അൽപ്പനായിരുന്ന മന്ത്രി എന്ന് ഖ്യാതി നേടിയ ജലീൽ കഴിഞ്ഞ തവണ ആരുടെയൊക്കെയോ ഖുദ്റത്ത് കൊണ്ട് എങ്ങനെയോ ജയിച്ചു കയറി . കാര്യങ്ങൾ കൈവിട്ടുപോയി എന്ന് മനസ്സിലാക്കിയ ജലീൽ കഴിഞ്ഞ കുറെ വർഷങ്ങളായി താനിനി രാഷ്ട്രീയ പ്രക്രിയയിൽ നിന്നും വിശ്രമിക്കുകയാണ് .

ഇനിയുള്ള കാലം പേരക്കുട്ടികളുമായി ആട് ജീവിതം നയിക്കുവാൻ പോകുന്നു എന്നൊക്കെ പറഞ്ഞ് പ്രസ്താവനകൾ ഇറക്കി വിട്ടിരുന്നുവെങ്കിലും ഇപ്പോൾ തവനൂരിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോൾ അതേ കുറിച്ച് ഒരക്ഷരം ഉരിയാടിയിട്ടില്ല എന്നത് എന്തുകൊണ്ട് എന്നത് മനസ്സിലാകുന്നില്ല .

ലീഗിനെ സംബന്ധിച്ചിടത്തോളം അവർ ഏറ്റവും കൂടുതൽ ബഹുമാനിക്കേണ്ടത് ഈ ജലീലിനെയാണ് . കാരണം ജലീൽ ഉള്ളതുകൊണ്ടാണ് ലീഗ് ഇന്നിപ്പോൾ ഒരാൾക്കും പിടിച്ചുകെട്ടാനാവാത്ത നിലയിൽ വളർന്നത് . പുള്ളി വീട്ടിലെ അടുക്കളയിൽ ഇരുന്നുകൊണ്ട് ഓരോരോ പിച്ചും പേയും ഫേസ്‌ബുക്കിലൂടെ പടച്ചു വിടുമ്പോൾ ലീഗ് അണികൾ അതേറ്റെടുക്കുകയും അവരിൽ അത് വാശിയായി മാറുകയും പാർട്ടിയെ വളർത്തുവാനായി സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെ നല്ലത് പോലെ എണ്ണയിട്ട യന്ത്രം പോലെ പ്രയോഗിക്കുകയും ചെയ്തു .

കൂടാതെ അന്ന് 2006 ഇൽ ലീഗ് തോറ്റിലായിരുന്നു എങ്കിൽ പാർട്ടിയുടെ അവസ്ഥ വളരെ ദയനീയമവുമായിരുന്നു . ആയതിനാൽ ജലീലാണ് ലീഗിനെ ഇത്രയൂം കെട്ടുറപ്പുള്ള പാർട്ടിയായി വളർത്തുവാൻ കാരണക്കാരനായത് .

എന്തായാലും ഇത്തവണത്തെ എൽഡിഎഫ് സീറ്റ് വിഭജനം കഴിഞ്ഞപ്പോൾ പാർട്ടി ഗ്രാമങ്ങളിൽ ബോംബുകൾ അവരുടെ കയ്യിലിരുന്ന് പൊട്ടുകയാണ് . ഒപ്പം പാലക്കാട്ടും ആലപ്പുഴയിലും മിസൈലുകൾ പതിച്ചുകൊണ്ട് വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് .മട്ടന്നൂരിലെ ശൈലജ ടീച്ചറും , ഗൗരിയമ്മയെ തോൽപിച്ച എഎം ആരിഫുമൊക്കെ ചാവേറുകളായി മാറിക്കഴിഞ്ഞു . ഇപ്പോഴും അവിടവിടെയായി വെടിയൊച്ചകൾ കേൾക്കുന്നുമുണ്ട് .

അപ്പോഴും ഗോവിന്ദൻ മാഷ് ആറു വിരലുകളുമായി ഇപ്പോഴും പത്രസമ്മേളനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു .

കന്നാസും കടലാസും :