കേരള രാഷ്ട്രീയത്തെ ഇന്നൊക്കെ നോക്കിയാൽ അത് ഒരു സാധാരണ രാഷ്ട്രീയ വേദിയല്ല, മറിച്ച് ഒരു വലിയ ആയുധ പരീക്ഷണ കേന്ദ്രം പോലെ തോന്നും. ലോകത്ത് എവിടെയെങ്കിലും യുദ്ധം നടക്കുമ്പോൾ മിസൈലുകളും ഡ്രോണുകളും ബോംബുകളും വാർത്തകളിൽ കാണാറുണ്ട്.

എന്നാൽ കേരളത്തിൽ അതൊന്നും ആവശ്യമില്ല — ഇവിടെ രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകൾ തന്നെ മതിയാകുന്നു. ഓരോ ദിവസവും ഒരു ബോംബ്, ഒരു മിസൈൽ, ഒരു ഡ്രോൺ… അങ്ങനെ വാർത്തകളുടെ ആകാശം നിറഞ്ഞുകിടക്കുകയാണ്.

അടുത്തിടെ പാലക്കാട്ട് പൊട്ടിയത് പി.കെ. ശശിയുടെ ബോംബായിരുന്നു. അത്രയും വലിയ ശബ്ദമായതുകൊണ്ട് സിപിഎമ്മിന് ഗത്യന്തരമില്ലാതെ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ടി വന്നു. എന്നാൽ കഥ അവിടെ തീർന്നില്ല. പാർട്ടിയിൽ ഇല്ലെങ്കിലും അദ്ദേഹം ഇപ്പോഴും കെ.ടി.ഡി.സി ചെയർമാനായി തുടരുന്നു.

അതിനിടയിൽ പാർട്ടിയിൽ “രണ്ട് ശശിമാർ വേണ്ട” എന്ന് പി. ശശി പറഞ്ഞപ്പോൾ വയനാട്ടിലെ ശശികുമാർ തലപൊക്കി “അപ്പോൾ ഞാൻ എന്ത് ചെയ്യും?” എന്നൊരു നിശബ്ദ ചോദ്യം ചോദിക്കുന്ന അവസ്ഥയും ഉണ്ടായി.

ഇതിനിടെ ജി. സുധാകരൻ ഇന്നലെ മറ്റൊരു പാർട്ടിക്കെതിരെ ഒരു മിസൈൽ അയച്ചു. പക്ഷേ അത് ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് എം.എ. ബേബി ഒരു ഡ്രോൺ അയച്ചു അതിനെ മധ്യാകാശത്തിൽ തന്നെ പൊട്ടിച്ചു. വലിയ പൊട്ടിത്തെറി ഒഴിവായി, പക്ഷേ ചെറിയ പുകമറ രാഷ്ട്രീയ ആകാശത്ത് നിറഞ്ഞു.

കൊട്ടാരക്കരയിൽ തുടക്കം കുറിച്ച വിസ്മയ ബോംബുകൾ ഇനിയും സജീവമാണ്; അവയ്ക്ക് പിന്നിൽ കുറെ മിസൈലുകളും ഡ്രോണുകളും ഒരു വിളിക്കായി കാതോർത്തിരിക്കുകയാണ്.

അതേസമയം പിരായിരിയിൽ തയ്യാറാക്കിയിരുന്ന ബോംബ് നനഞ്ഞ പടക്കമായി മാറിക്കൊണ്ടിരിക്കുകയാണ്. മട്ടന്നൂരിലെ പാട്രിയറ്റിനെ ഇരിക്കൂറിലേക്ക് അയച്ചതോടെ അത് നിർവീര്യമാവുകയും ചെയ്തു. ആറന്മുളയിലെ ക്ലസ്റ്റർ ബോംബ് സ്വയം പൊട്ടിത്തെറിച്ചു.

എകെജി സെന്ററിലെ നുണ ബോംബ് ഫാക്ടറിയുടെ സ്റ്റോർ മുറിയിൽ വെള്ളം കയറിയതോടെ അവിടെ തയ്യാറാക്കിയിരുന്ന പടക്കങ്ങൾ എല്ലാം നനഞ്ഞിരിക്കുകയാണ്. പി.ആർ.ഡി ടീമുകൾ ഊതി നോക്കിയിട്ടും അവയിൽ നിന്ന് പുക മാത്രമേ വരുന്നുള്ളൂ.

പയ്യന്നൂരിലെ ഏറുപടക്കങ്ങൾ കയ്യിലിരുന്നു പൊട്ടുന്ന അവസ്ഥയാണ്. പാലായിലെ റബ്ബർ ബോംബുകൾ തിരി കൊളുത്താൻ കാത്തിരിക്കുകയാണ്. ചില ചാനലുകളിൽ പടക്കങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതുപോലെ ചർച്ചകൾ നടക്കുന്നു. കെടാൻ പോകുന്ന വിളക്കുകൾ പോലും ആളിക്കത്തിക്കാൻ ശ്രമിക്കുന്ന അവസ്ഥയാണ്.

ഇതിനിടയിൽ ക്ലിഫ് ഹൗസിൽ സൂക്ഷിച്ചിരുന്ന ആറ്റം ബോംബിനെ പോലും റോബിൻ നായ കടിച്ചു നശിപ്പിച്ചുവെന്ന വാർത്തയും പരന്നു.ലോകത്ത് യുദ്ധങ്ങൾ നടക്കുമ്പോൾ കേരള രാഷ്ട്രീയത്തിൽ നടക്കുന്ന ഈ ‘വെടിക്കെട്ടുകൾ’ കാണുമ്പോൾ ഒരേ ഒരു വാക്ക് മാത്രമേ മനസ്സിൽ വരൂ —

“സ്വാമിയേ ശരണമയ്യപ്പാ!”

കന്നാസും കടലാസും -