ഒരു ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്കായി ഭവനങ്ങൾ കൈമാറുന്ന സദസ്സിൽ പോലും കൂക്കിവിളി ഉയരുമ്പോൾ, കേരളത്തിന്റെ രാഷ്ട്രീയ സ്വഭാവം വീണ്ടും തെളിഞ്ഞു. ചൂരൽമലയിലും മുണ്ടക്കൈയിലും രക്ഷാപ്രവർത്തനത്തിനായി ഓടിനടന്ന ഒരു എംഎൽഎയ്ക്ക് നേരെ അസഭ്യങ്ങൾ മുഴങ്ങിയത്, അതും മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സന്നിഹിതരായ വേദിയിൽ.
രാഷ്ട്രീയം എന്തായാലും, ആ നിമിഷത്തിൽ നന്ദി പറയാതെ കൂവിയത് കേരളത്തിന്റെ ജനാധിപത്യ സ്വഭാവമോ, അതോ നന്ദിയില്ലായ്മയോ? എന്ന ചോദ്യമാണ് ഉയരുന്നത്. എങ്കിലും അടുത്തറിയുന്നവർ കൈയ്യടി നൽകി എന്നത് സത്യമാണ്.
അതിന്റെ പകരം പോലെ, കൊല്ലത്തെ ബൈപ്പാസ് ഉദ്ഘാടനം വേദിയിൽ മുഖ്യമന്ത്രിക്കെതിരെയും കൂവൽ. കാര്യങ്ങൾ പിടികിട്ടിയിട്ടും തിരഞ്ഞെടുപ്പ് അടുത്തതിനാൽ കോപം അടക്കി വച്ച മുഖ്യമന്ത്രി, “യോഗങ്ങളിൽ ഒച്ചവെക്കുന്നത് നല്ലതല്ല” എന്ന മാന്യമായ വാക്കിൽ കാര്യങ്ങൾ ഒതുക്കി.
പഴയകാലമായിരുന്നുവെങ്കിൽ? കൂവിയവരെ ജാമ്യമില്ലാത്ത വകുപ്പുകൾ ചാർത്തി അറസ്റ്റ് ചെയ്തേനെ എന്നതിൽ പലർക്കും സംശയമില്ല. മുദ്രാവാക്യം വിളിച്ചപ്പോൾ പെടലി വിലങ്ങിയ നാടാണ് കേരളം; കൊലക്കുറ്റം വരെ ചാർത്തിയ കാലം അധികം പഴയതല്ല.
ഇവിടെ കല്ലിടൽ മാത്രമല്ല, ബാക്കി എല്ലാം നടക്കുന്നുവെന്ന് റവന്യൂ മന്ത്രി പറഞ്ഞപ്പോൾ, ജനങ്ങൾ ചിരിക്കണമോ കരയണമോ എന്ന് ആശയക്കുഴപ്പത്തിൽ. പണിതീരാത്ത എത്രയോ പദ്ധതികളുടെ ഉദ്ഘാടനം നടക്കുന്ന പുണ്യഭൂമിയാണ് കേരളം.
വല്ലവരും കഷ്ടപ്പെട്ട് പണിയെടുത്താൽ, മറ്റൊരാൾ വന്ന് റിബൺ മുറിച്ച് ഫോട്ടോ എടുക്കും. റോഡുകളും തുരങ്കങ്ങളും ഓടിനടന്ന് ഉദ്ഘാടനം ചെയ്ത ദൃശ്യങ്ങൾ ഇന്നും സോഷ്യൽ മാധ്യമങ്ങളിൽ. അവ പൊളിഞ്ഞുവീഴുമ്പോൾ കുറ്റം പണിക്കാരനാണ്.
ഇനി റവന്യൂ മന്ത്രിയോട് പറയാനുള്ളത് കേരളത്തിലെ മഹിളകൾക്കാണ്. പാർട്ടി ഇട്ട മഞ്ഞക്കുറ്റികൾ പറിക്കുന്ന ഒരു പുതിയ ഉത്സവം തുടങ്ങിയിരിക്കുന്നു. വിളവെടുപ്പ് ഉത്സവം പോലെ “മഞ്ഞക്കുറ്റി പറിക്കൽ മഹോത്സവം” ആഘോഷമാക്കുന്ന കാഴ്ചകൾ ഗ്രാമങ്ങളിൽ.
ആശാവർക്കർമാർ ആറ്റുകാൽ പൊങ്കാല കഴിയുവാൻ കാത്തിരിക്കുകയാണ് മറ്റൊരു ഉത്സവത്തിനായി. രാഷ്ട്രീയം ഇവിടെ ഉത്സവമായി മാറുമ്പോൾ, പ്രതിഷേധവും ആചാരമാവുകയാണ്.
കേരളം അത്ഭുതങ്ങളുടെ നാടാണ്. ഇവിടെ കൂവലും കൈയ്യടിയും ഒരേ വേദിയിൽ നടക്കും. ഉദ്ഘാടനംയും പൊളിഞ്ഞുവീഴലും ഒരേ സർക്കാരിൽ. മഞ്ഞക്കുറ്റിയും പൊങ്കാലയും ഒരേ രാഷ്ട്രീയത്തിൽ. കന്നാസും കടലാസും പറയുന്നത് ഒറ്റവാക്ക്: ഈ നാടിന്റെ രാഷ്ട്രീയത്തിൽ നാടകം കുറയില്ല; പക്ഷേ അവസാനം വിധി പറയുന്നത് ജനങ്ങളാണ്.
ഇനിയും ഹർത്താലുകൾ പണിമുടക്കുകൾ ബന്ദുകൾ എല്ലാം തിരിച്ചുവരുന്ന ഒരു കാലത്തിനായി കാത്തിരിക്കുന്നു !!! ഈ നാട് ഇനിയെങ്കിലും നന്നാവുമോ ?
കന്നാസും കടലാസും





