കേരള രാഷ്ട്രീയത്തിന്റെ ചരിത്രം നോക്കിയാൽ ഒരു കാര്യം വളരെ വ്യക്തമാണ് — വലിയ നേതാക്കളെക്കാൾ പലപ്പോഴും രാഷ്ട്രീയ തിരമാലകൾ സൃഷ്ടിച്ചത് അവരുടെ ചുറ്റുമുണ്ടായിരുന്ന പുതുതലമുറയാണ്. നേതാവിന് പിന്നിൽ നിന്നു പ്രവർത്തിച്ച യുവശക്തിയാണ് പല കാലങ്ങളിലും പാർട്ടികളെ മുന്നോട്ട് നയിച്ചത്.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തെ നോക്കുമ്പോൾ ആ പഴയ മാതൃക എവിടെയോ തകരാറിലായതായി തോന്നുന്നു. ചില പാർട്ടികൾ പുതുതലമുറയെ വളർത്തിയപ്പോൾ, ചിലത് അതിൽ വ്യക്തമായ ശൂന്യത അനുഭവിക്കുന്നതും കാണാം.
കെ. കരുണാകരൻ 111 സീറ്റുകൾ നേടി കേരള രാഷ്ട്രീയത്തെ അതിശയിപ്പിച്ച കാലം ഓർത്താൽ, അദ്ദേഹത്തിന്റെ വിജയം ഒറ്റയാൾ നേതൃകഴിവിന്റെ ഫലമാത്രമല്ലായിരുന്നു. ആന്റണി, സുധീരൻ, ഉമ്മൻചാണ്ടി, എം.എം. ഹസ്സൻ, വയലാർ രവി തുടങ്ങിയ യുവതുർക്കികൾ അന്നത്തെ കോൺഗ്രസിന്റെ മുന്നേറ്റശക്തിയായിരുന്നു. അവർ കരുണാകരന്റെ രാഷ്ട്രീയത്തിന് ശക്തിയും ചൂടും നൽകി. ഒരാൾ മാത്രം മുന്നിൽ നിന്ന നേതൃമല്ല, ഒരു സംഘമായി പ്രവർത്തിച്ച യുവ നേതൃത്വമാണ് ആ കാലഘട്ടത്തെ വിജയത്തിലേക്ക് നയിച്ചത്.
-
ഇതുപോലെ തന്നെ സഖാവ് ഇ.എം.എസ് ന്റെ കാലത്തും പാർട്ടിയുടെ ശക്തി യുവ നേതാക്കളിൽ നിന്നാണ് വന്നത്. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ജയരാജന്മാർ, വൈക്കം വിശ്വൻ, ഗോവിന്ദൻ മാസ്റ്റർ, പ്രകാശൻ മാസ്റ്റർ തുടങ്ങിയവരാണ് അന്നത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പുതിയ കരുത്തായി വളർന്നത്. പാർട്ടിയുടെ സിദ്ധാന്തത്തോടൊപ്പം പ്രവർത്തനക്ഷമതയും സംഘടനാ കഴിവും ഇവർ പാർട്ടിക്ക് നൽകി. അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് യുവ നേതാക്കളുടെ ഒരു ശക്തമായ പടയാളി സംഘം ഉണ്ടായിരുന്നതാണ് യാഥാർത്ഥ്യം.
ദേശീയ രാഷ്ട്രീയത്തിലും അതേ മാതൃക തന്നെയാണ് കാണുന്നത്. അടൽബിഹാരി വാജ്‌പേയിയുടെ നേതൃത്വകാലത്ത് ബിജെപിയുടെ ശക്തി അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിൽ മാത്രമല്ല, ചുറ്റുമുണ്ടായിരുന്ന യുവ നേതാക്കളുടെ സംഘത്തിലുമായിരുന്നു. പ്രമോദ് മഹാജൻ, സുഷമ സ്വരാജ്, ഗോപിനാഥ് മുണ്ടെ, വസുന്ധര രാജേ സിന്ധ്യ, അരുണ് ജെയ്റ്റ്ലി, ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയ നേതാക്കൾ പാർട്ടിയെ ദേശീയ രാഷ്ട്രീയത്തിൽ വ്യാപിപ്പിക്കാൻ വലിയ പങ്കുവഹിച്ചു. നേതാവിനെ പിന്തുണയ്ക്കുന്ന ശക്തമായ ഒരു രണ്ടാം നിര ഉണ്ടെങ്കിൽ മാത്രമേ രാഷ്ട്രീയ പ്രസ്ഥാനം വളരുകയുള്ളു എന്നതിന് അത് ഒരു ഉദാഹരണമാണ്.
ഒരു കാലത്ത് പിണറായി വിജയന്റെ ചുറ്റും പോലും ഒരു യുവസംഘം ഉണ്ടായിരുന്നു. എം.ബി. രാജേഷ്, പി. രാജീവ്, എം. സ്വരാജ്, മുഹമ്മദ് റിയാസ്, എ.എൻ. ഷംസീർ, പി.കെ. ബിജു, രാഗേഷ് തുടങ്ങിയവർ അന്നത്തെ പാർട്ടിയുടെ മുഖമായി ഉയർന്നുവന്നവരാണ്. സംഘടനയിൽ ശക്തമായ നിലപാടുകളോടെ മുന്നോട്ടുവന്ന ഒരു പുതുതലമുറ അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടായിരുന്നു. എന്നാൽ കാലം മാറിയപ്പോൾ ആ സംഘത്തിന്റെ ഊർജ്ജം കുറഞ്ഞു, പുതിയൊരു ശക്തമായ തലമുറ അതേ രീതിയിൽ ഉയർന്നുവന്നില്ല എന്നതാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
ഇപ്പോൾ കൂടെ കാണപ്പെടുന്ന റഹീമും , അർഷോയും , വസീഫും , ജെയ്ക്ക് തോമസും , ആര്യ രാജേന്ദ്രനും , ചിന്ത ജെറോമും , സരിനും എല്ലാം ജനങ്ങളിൽ നിന്നും ഏറെ അകന്നു കഴിയുകയാണ് . കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ സഹായിച്ച കൊച്ചിയിലെ ന്യൂ ജെൻ ലോബികൾ എല്ലാം സ്വകാര്യ പ്രശ്നങ്ങൾ കാരണം വിട്ടുനിൽക്കുകയാണ് .
അതേസമയം പ്രതിപക്ഷ രാഷ്ട്രീയത്തിൽ ഇന്ന് ഒരു വലിയ യുവസംഘം രൂപം കൊണ്ടതായി കാണാം. വി.ഡി. സതീശന്റെ ചുറ്റും ഷാഫി പറമ്പിൽ, റോജി എം. ജോൺ, വി.ടി. ബൽറാം, മാത്യു കുഴൽനാടൻ, കെ.എസ്. വിഷ്ണുനാഥ്, ഓ ജെ ജെനീഷ് , അബിൻ വർക്കി , അഭിജിത്ത്, സോയ, ആൻ സെബാസ്റ്റ്യൻ , പിഷാരടി, സന്ദീപ് വാര്യർ, സനീഷ്, മഹേഷ്, ശബരീനാഥ് , രമ്യ ഹരിദാസ് , അലോഷ്യസ് സേവ്യർ, തുടങ്ങിയ നിരവധി ചെറുപ്പക്കാർ സജീവമാണ്.
സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും അവർ ഒരു പുതിയ രാഷ്ട്രീയ ശബ്ദമായി മാറാൻ ശ്രമിക്കുന്നതും കാണാം. കേരളത്തിലെ മുസ്ലിം ലീഗിലും ഇതുപോലെ തന്നെ ചെറുപ്പക്കാരുടെ ഒരു നീണ്ട നിര ഉയർന്ന് വരുന്നത് ശ്രദ്ധേയമാണ്. കെ.എം. ഷാജിയെ കൂടാതെ പി.കെ. ഫിറോസ്, നവാസ്, ഫാത്തിമ തഹ്‌ലിയ, അബ്ദുൽ റഷീദ് , അർഷാദ് , മുഫീദ തുടങ്ങിയവരെ ഉൾപ്പെടുത്തി ഒരു പുതിയ തലമുറ ലീഗിന്റെ രാഷ്ട്രീയ ശബ്ദമായി മാറുകയാണ്.
-
ഇതിനിടെ മറ്റൊരു വാസ്തവവും മറക്കാൻ കഴിയില്ല — കേരളത്തിൽ ബിജെപിക്കും പ്രതീക്ഷിച്ചതുപോലെ ശക്തമായ യുവ നേതൃനിര ഉയർന്ന് വന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. കേന്ദ്ര രാഷ്ട്രീയത്തിലും പുതുതലമുറ നേതാക്കളെ വളർത്തുന്നതിൽ ബിജെപി വലിയ മുന്നേറ്റം കാട്ടിയിട്ടില്ലെന്ന വിമർശനവും ഉയരുന്നു.
ഇതൊക്കെ ചേർന്നുനോക്കുമ്പോൾ ഇന്നത്തെ കേരള രാഷ്ട്രീയത്തിൽ ഒരു വലിയ ചർച്ച വ്യക്തമായി ഉയരുന്നു: യുവശക്തിയെ മുന്നോട്ട് നിർത്തി രാഷ്ട്രീയത്തെ പുതുക്കുന്ന പാർട്ടികൾക്ക് ഭാവിയുണ്ട്; എന്നാൽ പുതുതലമുറയെ വളർത്തുന്നതിൽ പിന്നിലാകുന്ന പാർട്ടികൾക്ക് മുന്നിലുള്ള വഴി കൂടുതൽ കഠിനമായിരിക്കും. കേരളത്തിന് വേണ്ടത് നല്ല യുവാക്കളുടെ ശബ്ദമാണ് . തിരഞ്ഞെടുപ്പുകൾ അതിന്നായി വിനിയോഗിക്കാം !!!
യുവാക്കൾക്ക് അധികം സീറ്റുകൾ കൊടുക്കുന്ന പാർട്ടികൾക്ക് എന്റെ വോട്ടെന്ന് ദാസനും ഇനിയും കൂടുതൽ ചെറുപ്പക്കാർ രാഷ്ട്രീയത്തിലേക്ക് കടന്നുവരട്ടെ എന്ന് വിജയനും





