കേരളത്തിലെ രാഷ്ട്രീയത്തിൽ പ്രചാരണ തന്ത്രങ്ങൾക്കും പരസ്യ ക്യാമ്പയിനുകൾക്കും വലിയ പ്രാധാന്യമുണ്ട്. ഭരണത്തിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സർക്കാരുകളും പാർട്ടികളും വിവിധ രീതികളിൽ പരസ്യങ്ങൾ ഇറക്കുന്നത് പുതുമയുള്ള കാര്യമല്ല.
എന്നാൽ ചിലപ്പോൾ അതേ പരസ്യങ്ങൾ തന്നെ തിരിച്ചടിയായി മാറുന്ന സാഹചര്യം രാഷ്ട്രീയ ചരിത്രത്തിൽ പലതവണ കണ്ടിട്ടുണ്ട്. അടുത്തകാലത്ത് എൽഡിഎഫ് സർക്കാരിനെ അനുകൂലിച്ച് ഇറക്കിയ ചില പരസ്യങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
“റോഡെല്ലാം റെഡിയായി” എന്ന വാചകമുള്ള ട്രാൻസ്‌പോർട്ട് ബസ്സുകൾ കുണ്ടും കുഴികളുമുള്ള റോഡുകളിൽ സഞ്ചരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. അതുപോലെ “വിശ്വസിക്കാം സർക്കാർ കൂടെയുണ്ട്” എന്ന വലിയ പരസ്യബോർഡുകളുടെ അരികിൽ “ഏത് തള്ളുകളും താങ്ങും” എന്ന രീതിയിൽ സ്ഥാപിച്ച മറുപടി ബോർഡുകളും ജനശ്രദ്ധ പിടിച്ചു.
ഇപ്പോൾ പത്രങ്ങളിൽ വന്ന പരസ്യത്തിലെ വാർത്തകൾ ഒന്നടങ്കം വെളുക്കാൻ തേച്ചത് പാണ്ടായതുപോലെയാണ് . എല്ലാറ്റിലും അറം പറ്റുന്ന വാക്കുകൾ ഇപ്പോഴത്തെ ഭരണത്തിന് എതിരായി തന്നെ ജനം ഉൾക്കൊള്ളുന്നതിനാൽ ആ പരസ്യം ഇനി വേണ്ട എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുകയാണ് .
പരസ്യങ്ങൾക്ക് നേരെയുള്ള ഇത്തരത്തിലുള്ള പ്രതികരണങ്ങൾ സർക്കാർ സന്ദേശങ്ങളെ ചോദ്യം ചെയ്യുന്ന രീതിയിൽ വ്യാപകമായി പ്രചരിച്ചത് ഭരണകൂടത്തെ അസ്വസ്ഥരാക്കുകയും ചെയ്തു. മാർക്കറ്റിംഗ് ഫീച്ചർ എന്ന പേരിൽ പത്രങ്ങളുടെ മുൻപേജ് പരസ്യങ്ങൾ ഇറക്കിയ തന്ത്രവും പുതുമയുള്ളതല്ല. വർഷങ്ങൾക്ക് മുമ്പ് തന്നെ ഇത്തരം ആശയങ്ങൾ പരീക്ഷിച്ചിട്ടുണ്ടെങ്കിലും അവ വലിയ രാഷ്ട്രീയ വിജയമൊന്നും നേടിക്കൊടുത്തിട്ടില്ല എന്ന വിലയിരുത്തലുകളും ഉയരുന്നു.
ഒരുകാലത്ത് “കെ. മുരളീധരൻ കേരള മുഖ്യമന്ത്രി” അല്ലെങ്കിൽ “ഉമ്മൻചാണ്ടി കേരള മുഖ്യമന്ത്രി” ‘‘കടക്കൂ പുറത്ത് ‘‘ എന്ന രീതിയിൽ ക്യാമ്പെയ്‌നുകൾ നടത്തിയിരുന്ന പരസ്യ കമ്പനികളാണ് ഇന്നും രാഷ്ട്രീയ പ്രചാരണ രംഗത്ത് പ്രവർത്തിക്കുന്നതെന്നതും ചിലർ ചൂണ്ടിക്കാണിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് മറ്റൊരു വിമർശനവും ഉയരുന്നുണ്ട്. ചില പരസ്യ ഏജൻസികൾ ഒരേ സമയത്ത് വ്യത്യസ്ത രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിലൂടെ പാർട്ടികളുടെ ആശയങ്ങളും തന്ത്രങ്ങളും പരസ്പരം ചോർന്നുപോകാൻ സാധ്യതയുണ്ടെന്നാണ് ചില പ്രവർത്തകർ കരുതുന്നത്. ഒരേ സമയത്ത് വിവിധ പാർട്ടികൾക്കായി പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നത് രാഷ്ട്രീയ പ്രചാരണത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന ആശങ്കയും അണികളിൽ നിലനിൽക്കുന്നു.
ഇതിനിടെ വലിയ പ്രതീക്ഷയോടെ നടത്തിയ ചില പ്രചാരണങ്ങൾ പ്രതീക്ഷിച്ച പ്രതികരണം നേടാത്തതും ശ്രദ്ധിക്കപ്പെടുന്നു. കോടികൾ ചെലവഴിച്ച് നടത്തിയ മോഹൻലാൽ പോലുള്ള പ്രമുഖ വ്യക്തികളുമായുള്ള അഭിമുഖങ്ങൾ പോലും പൊതുസമൂഹത്തിൽ വലിയ ചർച്ചയാകാതെ പോയത് പ്രചാരണ സംഘങ്ങൾക്ക് നിരാശയുണ്ടാക്കിയെന്നാണ് പറയപ്പെടുന്നത്.
അതിനാൽ പുതിയ ക്യാപ്ഷനുകളും ആശയങ്ങളും കണ്ടെത്താൻ യുവാക്കളെ തേടിയുള്ള ശ്രമങ്ങൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. രാഷ്ട്രീയ പരസ്യങ്ങളുടെ അടുത്ത ഘട്ടം എങ്ങനെയായിരിക്കും എന്നത് കാത്തിരിക്കേണ്ട കാര്യമാണ്.
കേരളം കണ്ടതിൽ വെച്ചേറ്റവും നല്ല പരസ്യവാചകം റേഡിയോ മംഗോ യുടെ ' നാട്ടിലെങ്ങും പാട്ടായി ' എന്നത് തന്നെ . റിലയൻസ് മൊബൈൽ ഫോൺ ഇറക്കിയപ്പോൾ ' എന്നിലുണ്ട് ചങ്കൂറ്റം ' എന്ന പരസ്യം നന്നായിരുന്നു . അമുലിനെ പിന്തുടർന്നുകൊണ്ട് മിൽമ യും ഒപ്പിക്കുന്നുണ്ട് . പണ്ട് ഈസ്റ്റേൺ കറി പൌഡർ നല്ല പരസ്യങ്ങൾ ചെയ്തിരുന്നു . ' കറിവേപ്പിലയുടെ കിന്നാരം ' ' മുളക് ചേച്ചിയുടെ നൊമ്പരം ' മല്ലിയുടെ സല്ലാപം ' അങ്ങനെയങ്ങനെ .
അതിപ്പോൾ ഏറ്റെടുത്തിരിക്കുന്നത് ആസ്റ്റർ ആശുപത്രിയും ആ വഴിയിൽ മറ്റുള്ള ആശുപത്രികളും . ' വൈകീട്ടെന്താ പരിപാടി ' നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷം ' ' വിശ്വാസം അതല്ലേ എല്ലാം ' എല്ലാം നല്ല പരസ്യ വാചകങ്ങൾ ആയിരുന്നു . ' ചരിത്രം വഴിമാറും ചിലർ വരുമ്പോൾ ' എന്നത് ഒട്ടേറെ ശ്രദ്ധിക്കപ്പെട്ടു .
പക്ഷെ ഇപ്പോൾ കാണുന്ന പരസ്യങ്ങളും അതിന്നായി ഉപയോഗിക്കുന്ന ലിപികളും , ഡിസൈനുകളും എട്ടാം മാസത്തിൽ പ്രസവിച്ച കുട്ടികളെ പോലെ ഒരു പൂർണ്ണത കുറവായി തോന്നുന്നുണ്ട് .
ഒന്നുകിൽ ഡിസൈൻ ചെയ്യുന്ന പയ്യന്മാർക്ക് പണം കൊടുക്കാതെയോ അല്ലെങ്കിൽ വേറെ പരസ്യങ്ങൾക്ക് ഈ പരസ്യങ്ങൾ ഫ്രീയായി ചെയ്തുകൊടുക്കുന്നതുകൊണ്ടോ എന്ന് തോന്നിപ്പോകുന്ന രീതിയിലുള്ള കുറവുകൾ പെട്ടെന്ന് നിഴലിക്കുന്നുണ്ട് . പച്ചയായി പറഞ്ഞാൽ ഒരു ആത്മാർത്ഥത കുറവ് കാണുന്നു !!
ഉപ്പോളം വരുമോ ഉപ്പിലിട്ടത് !!
ഇരുണ്ട നാളുകൾ:





