കേരള രാഷ്ട്രീയത്തിൽ “മക്കൾ രാഷ്ട്രീയം” എന്ന വാക്ക് വലിയ വിവാദമായി മാറിയത് ലീഡർ കെ. കരുണാകരൻ കാലത്താണ്. അദ്ദേഹത്തിന്റെ മകൻ കെ. മുരളീധരൻ വളരെ ചെറുപ്പത്തിൽ തന്നെ സേവാദൾ പ്രസിഡന്റായി ഉയർന്നതും പിന്നീട് കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ ഇ.കെ. ഇമ്പിച്ചിബാവയെ തോൽപ്പിച്ച് എംപിയായതും, തുടർന്ന് എം.പി. വീരേന്ദ്രകുമാറിനെ തോൽപ്പിച്ച് വീണ്ടും എംപിയായതും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു.
അന്നത്തെ കാലത്ത് മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും “മക്കൾ രാഷ്ട്രീയം” എന്ന മുദ്രകുത്തലോടെ കരുണാകരനെതിരെ വലിയ പ്രചാരണം നടത്തി. വീരേന്ദ്രകുമാറും മാതൃഭൂമി മാധ്യമവൃത്തങ്ങളും ഈ വിഷയത്തെ ശക്തമായി ഉയർത്തിയപ്പോൾ കോൺഗ്രസ്സിനുള്ളിലും തിരുത്തൽവാദം ഉയർന്നു. ആ വിഷയം കുത്തിപ്പൊക്കിയ എം.പി. വീരേന്ദ്രകുമാറിന്റെ മകൻ ശ്രേയാംസ് കുമാർ പിന്നീട് രാഷ്ട്രീയത്തിലേക്കും മന്ത്രിസ്ഥാനത്തേക്കും എത്തി.
കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ മുൻകാലത്തും നേതാക്കളുടെ മക്കൾ രാഷ്ട്രീയത്തിലേക്ക് കടന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മകൻ ഇ.എം. ശ്രീധരൻ രാഷ്ട്രീയത്തിൽ സജീവമാകാൻ ശ്രമിച്ച സംഭവങ്ങൾ ഒരുകാലത്ത് ചർച്ചയായി. എന്നാൽ പിന്നീട് കേരള രാഷ്ട്രീയത്തിൽ പല പാർട്ടികളിലും സമാനമായ കുടുംബ രാഷ്ട്രീയത്തിന്റെ ഉദാഹരണങ്ങൾ കണ്ടുതുടങ്ങി. ഇടതുപക്ഷ രാഷ്ട്രീയത്തിൽ തന്നെ ആറ്റിങ്ങൽ എംപിയായിരുന്ന എ സമ്പത്ത്, പുനലൂർ എംഎൽഎയായിരുന്ന പി.എസ്. സുപാൽ, വി.എസ്. അച്യുതാനന്ദന്റെ മകൻ അരുൺകുമാർ തുടങ്ങിയ പേരുകൾ പലപ്പോഴും ചർച്ചകളിൽ ഉയർന്നിരുന്നു.
അതുപോലെ തന്നെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലെ പ്രമുഖനായ പി.കെ. വാസുദേവൻ നായരുടെ മകൾ പറവൂരിൽ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായ സംഭവവും കുടുംബ രാഷ്ട്രീയത്തിന്റെ ഉദാഹരണമായി പറയപ്പെട്ടു. അന്നൊക്കെ മറ്റുള്ളവരെ വിമർശിച്ചിരുന്നവർ തന്നെ പിന്നീട് സമാനമായ വഴികളിലൂടെ പോകുന്നത് കേരള രാഷ്ട്രീയത്തിലെ വിരോധാഭാസമായി മാറി.
അതേസമയം പിന്നീട് കേരള രാഷ്ട്രീയത്തിൽ പല പാർട്ടികളിലും സമാനമായ കുടുംബ രാഷ്ട്രീയത്തിന്റെ ഉദാഹരണങ്ങൾ കാണാൻ തുടങ്ങി. കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ പോലും നേതാക്കളുടെ കുടുംബാംഗങ്ങൾ രാഷ്ട്രീയത്തിലേക്ക് എത്തിയിട്ടുണ്ട്. ഉദാഹരണമായി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള ആന്തൂർ നഗരസഭ ചെയർപേഴ്സൺ ആയതും പിന്നീട് സ്ഥാനാർത്ഥിയായതും വലിയ വിവാദമായി. അതുപോലെ കെ.കെ. ശൈലജയുടെ ഭർത്താവ് കെ. ഭാസുരേന്ദ്രൻ, എം.എം. മണിയുടെ കുടുംബബന്ധങ്ങൾ, ഇ.പി. ജയരാജന്റെ ബന്ധുക്കൾ, എ.കെ. ബാലന്റെ കുടുംബാംഗങ്ങൾ, പി.കെ. ശ്രീമതിയുടെ കുടുംബ ബന്ധങ്ങൾ എന്നിവയും പലപ്പോഴും രാഷ്ട്രീയ ചർച്ചകളിൽ ഉയർന്നിട്ടുണ്ട്.
എംവി രാഘവന്റെ മകൻ നികേഷ്കുമാർ എല്ലാം പരാജയപ്പെട്ട് അവസാനം രാഷ്ട്രീയത്തിലെത്തി . അവിടെയും തോൽവികൾ ബാക്കി .കോടിയേരി ബാലകൃഷ്ണന്റെ മക്കളായ ബിനീഷ് കോടിയേരിയും ബിനോയ് കോടിയേരിയും, ചിലർ ഇത് കുടുംബപാരമ്പര്യമെന്നു വിമർശിച്ചപ്പോൾ പാർട്ടി വൃത്തങ്ങൾ അതിനെ പൊതുപ്രവർത്തനത്തിന്റെ ഭാഗമായാണ് വിശദീകരിച്ചത്.
അതുപോലെ സികെ വിശ്വനാഥന്റെ മകൻ ബിനോയ് വിശ്വം , പി.ആർ. കുറുപ്പിന്റെ മകൻ മോഹനൻ, ആർ. ബാലകൃഷ്ണപിള്ളയുടെ മകൻ കെ.ബി. ഗണേഷ് കുമാർ, കെ.എം. മാണിയുടെ മകൻ ജോസ് കെ. മാണി, പി.ജെ. ജോസഫിന്റെ മകൻ അപ്പു ജോസഫ്, ജി. കാർത്തികേയന്റെ മകൻ ശബരീനാഥ്, ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ, എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി ,സീതിഹാജിയുടെ മകൻ ബഷീറും സിഎച്ചിന്റെ മകൻ മുനീറും ബേബിജോന്റെ മകൻ ഷിബു ബേബിജോണും , ടിഎം ജേക്കബിന്റെ മകൻ അനൂപ് ജേക്കബും , പിടി ചാക്കോയുടെ മകൻ പിസി തോമസും ഈഡന്റെ മകൻ ഹൈബി ഈഡനും രാമകൃഷ്ണന്റെ മകൾ അമൃത , അച്യുതന്റെ മകൻ സുമേഷ് തുടങ്ങിയവരും രാഷ്ട്രീയത്തിലേക്ക് കടന്ന നേതാക്കളാണ്. ഒരുകാലത്ത് മറ്റുള്ളവരെ വിമർശിച്ചിരുന്ന രാഷ്ട്രീയ വൃത്തങ്ങൾക്കുതന്നെ പിന്നീട് കുടുംബ പാരമ്പര്യം ഒഴിവാക്കാൻ കഴിഞ്ഞില്ല.
ഇപ്പോഴത്തെ രാഷ്ട്രീയത്തിൽ പോലും കുടുംബ ബന്ധങ്ങൾ ചർച്ചയാകുന്ന ഉദാഹരണങ്ങൾ തുടരുകയാണ്. പിണറായി വിജയന്റെ മരുമകൻ മുഹമ്മദ് റിയാസ് മന്ത്രിയായി ഉയർന്നത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കി. അതുപോലെ വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാർ വെള്ളാപ്പള്ളി രാഷ്ട്രീയ രംഗത്ത് സജീവമാണ്. വിവിധ പാർട്ടികളിൽ നേതാക്കളുടെ മക്കളും ബന്ധുക്കളും മുന്നണികളിലും സംഘടനകളിലും സ്ഥാനങ്ങൾ കൈവരിക്കുന്നത് കേരള രാഷ്ട്രീയത്തിലെ സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്.
സിനിമാരംഗത്തും ഒരുകാലത്ത് “മക്കൾ രാഷ്ട്രീയം” എന്ന ആശയം പരിഹസിച്ചിരുന്നുവെങ്കിലും പിന്നീട് പല പ്രമുഖ നടന്മാരുടെ മക്കൾ സിനിമയിലേക്ക് കടന്നു. മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ, മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ, ജയറാമിന്റെ മകൻ കാളിദാസ് ജയറാം തുടങ്ങിയവർ അച്ഛന്റെ വഴിയിലൂടെ തന്നെ മുന്നേറിയവരാണ്. അതിനാൽ തന്നെ “മക്കൾ രാഷ്ട്രീയം” അല്ലെങ്കിൽ “കുടുംബ പാരമ്പര്യം” എന്നത് കേരളത്തിൽ മാത്രം ഒതുങ്ങുന്ന വിഷയമല്ല; വിവിധ മേഖലകളിൽ കാണപ്പെടുന്ന ഒരു സാമൂഹിക പ്രവണതയാണ്.
അന്നത്തെ കാലത്ത് “മക്കൾ രാഷ്ട്രീയം” എന്ന് മുദ്രകുത്തി ലീഡർ കെ. കരുണാകരനെ വിമർശിച്ച മാധ്യമലോകം ഇന്ന് തന്നെ മറ്റൊരു വിരോധാഭാസം നേരിടുകയാണ്. അന്ന് കരുണാകരന്റെ മകൻ കെ. മുരളീധരൻ രാഷ്ട്രീയത്തിലേക്ക് വന്നതിനെതിരെ വലിയ പ്രഭാഷണങ്ങൾ നടത്തിയ പല പത്രപ്രവർത്തകരുടെയും മാധ്യമപ്രഭുക്കളുടെയും മക്കൾ ഇന്ന് അതേ മാധ്യമസ്ഥാപനങ്ങളിൽ തന്നെ അപ്പന്മാരുടെ കസേരകളിൽ ഇരിക്കുകയാണ്.
എഡിറ്ററായിരുന്നവരുടെ മക്കൾ എഡിറ്റർമാരായി, ചാനൽ തലവന്മാരുടെ മക്കൾ ചാനൽ ചുമതലക്കാരായി, മാധ്യമ സാമ്രാജ്യങ്ങളുടെ അവകാശികളായി മാറിയിരിക്കുന്നു. ഒരുകാലത്ത് രാഷ്ട്രീയ കുടുംബങ്ങളെ വിമർശിച്ചിരുന്നവരുടെ സ്വന്തം കുടുംബങ്ങളിൽ പോലും “മക്കൾ പാരമ്പര്യം” തന്നെയാണ് തുടരുന്നത് എന്നത് കേരളത്തിന്റെ സാമൂഹിക–രാഷ്ട്രീയ ജീവിതത്തിലെ വലിയ വിരോധാഭാസമായി മാറിയിരിക്കുകയാണ്. കുറെ പേരുകൾ ചേർക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു .
അവസാനം ചോദ്യം ഒരേയൊന്നാണ്—ഒരുകാലത്ത് ശക്തമായി വിമർശിക്കപ്പെട്ട “മക്കൾ രാഷ്ട്രീയം” ഇന്ന് എല്ലാ പാർട്ടികളിലും സാധാരണ യാഥാർത്ഥ്യമായി മാറിയില്ലേയെന്നത്. പേരും കുടുംബ പശ്ചാത്തലവും വഴി രാഷ്ട്രീയത്തിലേക്ക് പ്രവേശനം ലഭിച്ചാലും, ജനങ്ങൾ അംഗീകരിക്കാത്ത പക്ഷം അതിന് നിലനിൽപ്പില്ല. അതിനാൽ തന്നെ കേരള രാഷ്ട്രീയത്തിലെ കുടുംബ പാരമ്പര്യത്തിന്റെ കഥ വിമർശനവും യാഥാർത്ഥ്യവും ചേർന്ന ഒരു നീണ്ട അധ്യായമായി തുടരുകയാണ്; അവസാന വിധി പറയുന്നത് എന്നും പോലെ ജനങ്ങളാണ്.
മക്കളായാലും മരുമക്കളയാലും അമ്മാവനായാലും ഇളയച്ഛനായാലും അർഹതയുള്ളവർക്ക് അംഗീകാരം ജനം കൊടുക്കട്ടെ !! ആരും വേവലാതിപ്പെടേണ്ട !!





