കേരളത്തിൽ ഫുട്ബോൾ ആരാധകർക്ക് ദൈവമുണ്ടെങ്കിൽ അത് മെസ്സിയാണ്. അതുകൊണ്ടാണ് ചില സ്പോൺസർ മഹാന്മാർ ഒരുദിവസം എഴുന്നേറ്റ് പ്രഖ്യാപിച്ചത് — “മെസ്സിയെ എന്ത് വിധേനയും കേരളത്തിൽ എത്തിക്കും!” ഇത്രയൊക്കെ പറഞ്ഞാൽ മതിയായിരുന്നു. പക്ഷേ അതിൽ തൃപ്തിപ്പെടാതെ അവർ കൂട്ടിച്ചേർത്തത്:

“പണം വാങ്ങി മെസ്സി വന്നില്ലെങ്കിൽ മെസ്സി വിവരം അറിയും!” അതോടെ കേരളക്കാർക്ക് ഒരു സംശയം — മെസ്സിയുടെ മാനേജറും ഫിഫയും എല്ലാം ഇവരുടെ ഓഫീസിലാണോ പ്രവർത്തിക്കുന്നത് എന്ന്.

പ്രഖ്യാപനം കേട്ടതോടെ കേരളത്തിൽ വലിയ ആവേശം. ഫ്ലെക്സുകൾ ഉയർന്നു, പോസ്റ്ററുകൾ വന്നു, സോഷ്യൽ മീഡിയയിൽ “മെസ്സി കേരളത്തിൽ” എന്ന തലക്കെട്ടിൽ ആഘോഷം തുടങ്ങി.

ചിലർ ഇതിനകം തന്നെ മെസ്സിയോടൊപ്പം സെൽഫി എടുക്കാൻ ഫോൺ റെഡി. ചിലർ മെസ്സിക്ക് കൊടുക്കാൻ കപ്പയും മീനും ഒരുക്കം. എന്നാൽ ഒരു ചെറിയ കാര്യം ആരും ചോദിച്ചില്ല — മെസ്സിക്ക് ഇതെല്ലാം അറിയാമോ എന്ന്.

ഇതിനിടയിൽ രാഷ്ട്രീയവും കളത്തിലിറങ്ങി. ഫുട്ബോൾ ആരാധകരുടെ ആവേശം പിടിച്ചാൽ വോട്ടും കിട്ടും എന്ന കണക്കുകൂട്ടൽ. ചില നേതാക്കൾ മെസ്സിയെ വരവേൽക്കാൻ പ്രസംഗം വരെ എഴുതി വെച്ചു.

പക്ഷേ അവസാനം മെസ്സി വരാത്തപ്പോൾ രാഷ്ട്രീയ ഗോൾ പോസ്റ്റാണ് ഒടിഞ്ഞത്. ഒരു മന്ത്രി പോലും മനസ്സിൽ പറഞ്ഞിരിക്കാം — “മെസ്സി വന്നിരുന്നെങ്കിൽ ഈ തിരഞ്ഞെടുപ്പിൽ ഞാൻ ജയിച്ചേനേ!”

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തന്നെ തോറ്റു തൊപ്പിയിട്ടിരുന്ന ചിലർ ഇപ്പോൾ വലിയ ആശങ്കയിലാണ്. ഇനി അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിലും തോറ്റാൽ എന്ത് പറയണം? അതിനുള്ള പരിഹാരവും ചിലർ കണ്ടുകഴിഞ്ഞു —

“മെസ്സി വരാത്തതുകൊണ്ടാണ് തോറ്റത്!” പിന്നെ നേരെ ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ കേസ് കൊടുക്കാം. പ്രതി: ലയണൽ മെസ്സി. കുറ്റം: കേരള രാഷ്ട്രീയത്തിൽ ഗോൾ അടിക്കാതിരുന്നത്.

അവസാനം കേരളക്കാർ ഒരു കാര്യം മനസ്സിലാക്കി. മെസ്സി കേരളത്തിൽ വന്നാലോ വരാതെയോ കളി നടക്കും. പക്ഷേ ഇവിടെ ചിലർ പന്ത് അടിക്കുന്നതിന് മുമ്പേ ഗോൾ ആഘോഷിക്കുകയാണ്. ഫലം? പന്ത് പുറത്തേക്ക് പോയാലും ആഘോഷം തുടരുന്നു.

അതുകൊണ്ട് കേരളത്തിലെ ഫുട്ബോൾ ആരാധകർ ഒടുവിൽ പറഞ്ഞത് ഒറ്റ വാക്ക് — “മെസ്സി വന്നില്ലെങ്കിലും കോമഡി ഗോൾ കേരളത്തിൽ ഇതിനകം അടിച്ചു കഴിഞ്ഞു!”

കന്നാസും കടലാസും: