കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കടക്കൽ ചന്ദ്രൻ 'വൺ' എന്ന സിനിമയുമായി വന്ന് തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പേ റിലീസ് ചെയ്തുകൊണ്ട് കളം പിടിച്ച എൽഡിഎഫ് ഇത്തവണ ആരുടെയൊക്കെയോ അനാവശ്യ ഇടപെടലിൽ , ആരൊക്കെയോ സാമ്പത്തിക ലാഭം മുന്നിൽ കണ്ടുകൊണ്ട് ഇറക്കിയ 'ഇരുവർ ' ഒരേ സമയം കേരളത്തിലെ ഒട്ടുമിക്ക ചാനലുകളിലും റിലീസ് ചെയ്തിട്ടും വിചാരിച്ചത്ര ഓളം സൃഷ്ടിക്കുവാനാകാത്തതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി യുണ്ടെന്ന് അടുത്തവൃത്തങ്ങൾ വ്യക്തമാക്കുന്നു .
മമ്മുട്ടിയെ അടുത്ത അഭിമുഖത്തിന് ക്ഷണിച്ചെങ്കിലും ചികിത്സയുടെ പേരിൽ അദ്ദേഹം തലയൂരിയിരിക്കുകയാണ് . യുവാക്കളെ ആകർഷിക്കുവാൻ ദുൽഖറിനായുള്ള ശ്രമങ്ങൾ നടന്നുവരുന്നുമുണ്ട് .
മോഹൻലാൽ എന്ന മഹാനടനെ സംബന്ധിച്ചിടത്തോളം തനിക്ക് ലഭിക്കാവുന്ന ഏതൊരു വേഷവും വളരെ തന്മയത്തത്തോടെ കൈകാര്യം ചെയ്തുകാണിക്കുവാൻ മിടുക്കനാണ് . തന്റെ കരിയറിൽ 2008-2009 കാലഘട്ടങ്ങളിൽ റിലീസ് ചെയ്ത ചിത്രങ്ങളും , ഉദാഹരണമായി വാമനപുരം ബസ് റൂട്ടും , ഹരിഹരൻ പിള്ള ഹാപ്പിയാണ് , അലക്‌സാണ്ടർ ദി ഗ്രേറ്റ് , ഏയ്ജൽ ജോൺ പോലുള്ള പരാജയങ്ങളും
ഇപ്പോൾ ഇറങ്ങിയ ബറോസും, വൃഷഭ യുമൊക്കെ അനുഭവിച്ചിട്ടുള്ളതുകൊണ്ട് വിജയ പരാജയങ്ങൾ അദ്ദേഹത്തെ ബാധിക്കുന്ന പ്രശ്നമല്ല . ഈ വക സിനിമകളുടെ പരാജയ കാരണങ്ങളും ഈ കൂടെ ബോബനും മോളിയിലെ നായക്കുട്ടിയെ പോലെ നടക്കുന്ന ചിലരുടെ നിർബന്ധങ്ങളാണ് .
ഒരു കാലത്ത് ലാലേട്ടൻ സ്വയം തിരഞ്ഞെടുത്ത് അഭിനയിച്ച സിനിമകളായിരുന്നു മണിച്ചിത്രത്താഴും , ഹിസ് ഹൈനസ് അബ്ദുള്ളയും , ഭരതവും, നാടോടിക്കാറ്റും , കിരീടവും , അമൃതംഗമയായും , കമലദളവും ,മിഥുനവും , ദേവാസുരവും , സന്മനസ്സ് ഉള്ളവർക്ക് സമാധാനവുമൊക്കെ .
പിന്നീട് ഡ്രൈവർ കാര്യസ്ഥനായപ്പോൾ ഉണ്ടാക്കിയ ചിത്രങ്ങളാണ് നരസിംഹവും , താണ്ഡവവും , ആറാം തമ്പുരാനും, രാവണപ്രഭുവും , പ്രജയും , ഉസ്താദും ഒക്കെ . എന്തൊക്കെ തന്നെയായാലും ലാലേട്ടനെ സംബന്ധിച്ചിടത്തോളം മണപ്പുറമായാലും മലബാർ ഗോൾഡ് ആയാലും , ഹെഡ്ജ് ആയാലും അതദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമായുള്ള കണ്ടെത്തലുകൾ .
പിണറായി വിജയനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് യോജിക്കുന്നത് ആ ഗൗരവം തന്നെ . മൈക്ക് ചീത്തയാകുമ്പോൾ പറയുന്ന വാക്കുകൾ , സ്റ്റേജിൽ സെൽഫി എടുക്കുവാൻ വരുന്നവരെ ശ്രദ്ധിക്കാതിരിക്കൽ , പത്രക്കാരുടെ മുഖത്തടിച്ചത് പോലെ മൈക്ക് ഓഫാക്കൽ ഇതൊക്കെയാണ് പിണറായി വിജയൻ എന്ന സഖാവിനെ മുഖ്യമന്ത്രിയാക്കിയത് .
അങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോൾ മണ്ണപ്പം ചുട്ടതും ചായ കാച്ചിയതും , പാമ്പിനെ പിടിച്ചതും , കാക്കക്ക് വെള്ളം കൊടുത്തതും , പൈസ കടം വാങ്ങിയതും , പ്രേതവും , ഭൂതവും , ഒടിയനും, രാമായണവും, പഞ്ചാംഗവും ഒന്നും കേൾക്കുവാൻ സഖാക്കൾക്ക് താത്പര്യമില്ല. കാർക്കശ്യക്കാരനായ പിണറായിയാണ് ഒറിജിനൽ പിണറായി . അദ്ദേഹത്തെ കൊണ്ട് പാട്ടൊക്കെ പാടിക്കുന്നത് തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പോലെയാണ് .
എന്തായാലും മലയാളത്തിൽ ഒരു ട്രോളുകാരും വരെ തൊടാതെ ആ അഭിമുഖം വൃഥാവിലായിപ്പോയി . മിക്കവരും പറയുന്നത് എ ഐ യിൽ ഉണ്ടാക്കിയ ചോദ്യങ്ങളായിരുന്നു എന്നാണ് . അദ്ദേഹം ഇപ്പോൾ നേരിടുന്ന വിഷയങ്ങൾ ഒക്കെ ചാറ്റ് ജിപിടിയിൽ അടിച്ചുകൊണ്ട് അവർ ഉണ്ടാക്കി കൊടുത്ത തിരക്കഥയായിരുന്നു അതെന്നാണ് വിവരമുള്ളവർ പറയുന്നത് . അതുകൊണ്ടാണ് മൊത്തത്തിൽ ഒരു ജീവൻ തുടിക്കാതിരുന്നത് .
അതല്ലെങ്കിൽ ലാലേട്ടനെ പോലെ ഒരാളെ വെച്ചുകൊണ്ട് പിണറായിയെ പോലെ അതികായനെ അഭിമുഖം നടത്തുമ്പോൾ കിട്ടാവുന്ന ഓളം ഇതൊന്നുമല്ല . അങ്ങനെയെങ്കിലും നാലാളുകൾ കാണുമായിരുന്നു . ഇനിയിപ്പോൾ ബസ് സ്റ്റാൻഡിലും, റെയിവേസ്റ്റേഷനിലും, സർക്കാർ ആശുപത്രികളിലും കാത്തിരുപ്പ് മുറികളിലെ ടിവിയിൽ ഇട്ടാൽ നിവൃത്തിയില്ലാതെ ജനം അത് നോക്കിക്കാണും !! ട്രോളർമാർ വരെ അതിൻമേൽ തൊടുന്നില്ല , പേടിച്ചിട്ടാകാം !!





