മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ്: രണ്ട് നടന്മാർ, രണ്ട് സമീപനം
കേരളത്തിന്റെ സാംസ്‌കാരിക-രാഷ്ട്രീയ വേദിയിൽ അടുത്തിടെ ഉയർന്ന ഒരു ചർച്ചയാണ് മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് നടന്മാരോട് കാണിച്ച വ്യത്യസ്ത സമീപനം. മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിക്കെതിരെ സൈബർ ഇടങ്ങളിൽ ഉയർന്ന ആക്രമണങ്ങൾക്ക് പിന്നാലെ, മുഖ്യമന്ത്രി വ്യക്തിപരമായി ഇടപെട്ട് മാപ്പ് പറയുകയും അതിനെതിരെ നിലപാട് അറിയിക്കുകയും ചെയ്തു.
എന്നാൽ അതേ സമയം, സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മുൻ ചെയർമാനും നടനുമായ പ്രേംകുമാറിനെതിരെ സൈബർ ഇടങ്ങളിൽ നടന്ന അതിക്രൂരമായ വ്യക്തിഹത്യയും അപമാനവും നടന്നപ്പോൾ അതിനെതിരെ സമാനമായ ഒരു ഇടപെടലോ പ്രതികരണമോ ഉണ്ടായില്ലെന്ന ആരോപണം ഉയരുന്നു.
സാമൂഹിക നിലയിലും സ്വാധീനത്തിലും വലുതായ വ്യക്തികളോടും സാധാരണ പ്രവർത്തകരോടും ഭരണകൂടം കാണിക്കുന്ന സമീപനത്തിൽ വ്യത്യാസമുണ്ടോ എന്ന ചോദ്യം ഇതിലൂടെ ഉയരുന്നു. ഒരാളുടെ വേദനക്ക് സർക്കാർ ഉടൻ പ്രതികരിക്കുമ്പോൾ മറ്റൊരാളുടെ വേദന അവഗണിക്കപ്പെടുന്നത് നീതിയുടെ തൂക്കക്കോൽ ഒരുപോലെ പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയം സമൂഹത്തിൽ ഉയർത്തുന്നു.
മമ്മൂട്ടിയും പ്രേംകുമാറും എന്ന രണ്ട് നടന്മാരെ ചുറ്റിപ്പറ്റി ഉയർന്ന ഈ സംഭവങ്ങൾ, കേരള രാഷ്ട്രീയത്തിൽ “ഇരട്ടനീതി” എന്ന ചർച്ച വീണ്ടും ശക്തമാക്കുകയാണ്.
മുഖ്യമന്ത്രി മാപ്പ് പറയുമ്പോൾ
മലയാളത്തിന്റെ മഹാനടൻ ചൂരൽമല സന്ദർശിക്കാൻ എത്തിയപ്പോൾ ഒപ്പമുണ്ടായിരുന്ന ഒരു നേതാവിനോടുള്ള തന്റെ നീരസം അഭിനയമില്ലാതെ, നാട്യമൊന്നും കാണിക്കാതെ, അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചു. വാർത്ത പുറംലോകം അറിഞ്ഞതുമാത്രം, ഒരിക്കൽ അതേ മഹാപ്രതിഭയെ വാഴ്ത്തിപ്പാടിയവർ തന്നെ എല്ലാം മറന്ന് സൈബർ ഇടങ്ങളിൽ ക്രൂരമായി ആക്രമിച്ചു. എല്ലാ മനുഷ്യരെയും പോലെ, ആ സൈബർ ആക്രമണം അദ്ദേഹത്തിന്റെ മനസ്സിനെയും വേദനിപ്പിച്ചു.
ആ സാഹചര്യത്തിൽ കേരളത്തിന്റെ ആദരണീയനായ മുഖ്യമന്ത്രി, സൈബർ പോരാളികളുടെ നീചമായ പ്രവർത്തികളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് അദ്ദേഹത്തോട് മാപ്പ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ആ വിശാല മനസ്സിനെയും മാനവികബോധത്തെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.
എന്നാൽ, പൊതുസമൂഹം ഒന്നടങ്കം പറയാൻ ആഗ്രഹിച്ചിരുന്ന “ആശാ സമരം പരിഹരിക്കണം” എന്ന നിർദോഷവും മനുഷ്യപക്ഷവുമായ നിലപാടിന്റെ പേരിൽ, സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് ഒരു അറിയിപ്പുപോലുമില്ലാതെ എന്നെ പുറത്താക്കി. അതിനെക്കുറിച്ച് “മാധ്യമങ്ങളിലൂടെ അറിയേണ്ടിവന്ന ഗതികേട്” എന്റെ അഭിമാനത്തിന് ഏൽപ്പിച്ച ക്ഷതത്തെപ്പറ്റി ഞാൻ പറഞ്ഞതിന്റെ പേരിൽ, എനിക്കെതിരെ സൈബർ പോരാളികൾ അഴിച്ചുവിട്ട ആക്രമണം എല്ലാ അതിരുകളും ലംഘിച്ച് ഇന്നും പൂർവാധികം ശക്തിയോടെ തുടരുകയാണ്.
സംസ്കാരമുള്ള ആരെങ്കിലും കേട്ടാൽ പോലും അറയ്ക്കുന്ന തെറികളും മുറിപ്പെടുത്തുന്ന വാക്കുകളും ഉപയോഗിച്ച് എന്നെ തേജോവധം ചെയ്തു. എന്നെ മാത്രമല്ല, എന്റെ കുടുംബത്തെയും അത്യന്തം മ്ലേച്ഛമായി അവഹേളിക്കുകയും ലോകത്തിലെ ഏറ്റവും മോശം മനുഷ്യനായി ചിത്രീകരിക്കുകയും ചെയ്തു. ഇതെല്ലാം നടക്കുമ്പോൾ “അരുത്” എന്നൊരു വാക്കുപോലും ബഹുമാനപ്പെട്ട അങ്ങയിൽ നിന്ന് മാത്രമല്ല, മറ്റാരിൽ നിന്നുമില്ല.
കഴിഞ്ഞ 35 വർഷമായി ഈ പ്രസ്ഥാനത്തിന്റെ സഹയാത്രികനായി ഞാൻ പ്രവർത്തിച്ചു. ഫാസിസത്തിനെതിരെയും വർഗീയതയ്‌ക്കെതിരെയും കൃത്യമായ രാഷ്ട്രീയം പറഞ്ഞും, സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്നുമാണ് എന്റെ പൊതുജീവിതം കടന്നുപോയത്. ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾ സാംസ്കാരിക മന്ത്രി ഉൾപ്പെടെ ഏവരും പ്രശംസിക്കുന്ന തരത്തിൽ മികവുറ്റതാക്കി, ആത്മാർത്ഥതയോടെയും അർപ്പണബോധത്തോടെയും സുതാര്യമായും പ്രവർത്തിച്ച എനിക്ക് നേരെയുണ്ടായ ഈ അതിക്രൂരമായ വ്യക്തിഹത്യ അങ്ങയെയും അങ്ങയുടെ ഒപ്പമുള്ളവരെയും അല്പം പോലും ആസ്വസ്ഥമാക്കിയില്ലെന്നത് എന്നെ ഇന്നും അത്ഭുതപ്പെടുത്തുന്നു.
പ്രമാണിമാർക്കും ഉന്നതർക്കും ഒരു നീതി, സാധാരണ മനുഷ്യർക്കു മറ്റൊരു നീതി — ഈ ഇരട്ടനീതിയാണ് സാഹിത്യ അക്കാദമി ചെയർമാനോടും മഹാനടനോടും കാണിച്ച സമീപനത്തിന്റെയും എന്നോടുള്ള സമീപനത്തിന്റെയും വ്യത്യാസം വ്യക്തമാക്കുന്നത്.
മഹാനടനുമായി എനിക്ക് താരതമ്യമൊന്നുമില്ലെന്നും ഞങ്ങൾ തമ്മിൽ അജഗജാന്തരമുണ്ടെന്നും ഞാൻ അറിയുന്നു. എങ്കിലും, മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു “ചെറിയ നടൻ” ആണ് ഞാനും.
തുല്യനീതി ഉറപ്പുള്ള ഒരു നാട്ടിൽ എന്നോടും മാപ്പ് പറയണമെന്ന് ആവശ്യപ്പെടാനുള്ള അഹങ്കാരം എനിക്കില്ല. പക്ഷേ, “ഈ പാവപ്പെട്ടവനെ ഇനി ഉപദ്രവിക്കരുത്” എന്ന് ഒരു വാക്കെങ്കിലും ആ സൈബർ പോരാളികളോട് ദയവായി അങ്ങ് പറയണം.
ചരിത്രം തുടങ്ങേണ്ടത് ഏറ്റവും അടിത്തട്ടിൽ നിന്നാണെന്നും, പാർശ്വവൽക്കരിക്കപ്പെട്ട പാവപ്പെട്ടവരുടെ ചരിത്രമാണ് യഥാർത്ഥ ചരിത്രമെന്നും, അവരെയും കരുതിക്കൊണ്ടായിരിക്കണം എല്ലാ തീരുമാനങ്ങളെന്നും പഠിപ്പിച്ച കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികത ഓർത്തുകൊണ്ട്—
സൈബർ ഇടങ്ങളിൽ മുഖം ഒളിപ്പിച്ച കൂലി എഴുത്തുകാരായ സൈബർ പടയാളികളിൽ നിന്ന് ആക്രമണം നേരിടുന്ന, സത്യത്തിന്റെയും നീതിയുടെയും ശരിയുടെയും മനുഷ്യന്റെയും പക്ഷത്ത് നിൽക്കുന്ന,തുല്യദുഃഖിതരായ എല്ലാ സഹോദരങ്ങളോടും ഐക്യദാർഢ്യം അറിയിച്ചുകൊണ്ട്,
സ്നേഹാദരവുകളോടെ, പ്രേംകുമാർ





