അങ്ങനെ അതും ശശിയായി. ശശിയുടെ തണലിൽ വാഴുന്ന പി.ആർ. കോമാളികൾ വീണ്ടും വീണ്ടും ശശിയായിക്കൊണ്ടിരിക്കുന്നു. വെക്കുന്ന വെടികളുടെ ഉണ്ടകൾ എല്ലാം സ്വന്തം ആസനത്തിൽ തിരിച്ചു പതിക്കുന്ന അപൂർവ പ്രതിഭാസം കാണുമ്പോൾ ശാസ്ത്രലോകം പോലും തലകുനിക്കും. ആറുമാസത്തിനുള്ളിൽ ഇത്ര പരാജയങ്ങൾ ഏറ്റുവാങ്ങാൻ പ്രത്യേക പരിശീലനം വേണം.

ചിലപ്പോൾ തോന്നും—ഇത് ഭരണകക്ഷിയുടെ പി.ആർ. വിഭാഗമല്ല, പ്രതിപക്ഷത്തിന്റെ രഹസ്യ ശാഖയോ എന്ന്. പ്രതിപക്ഷനേതാവിന്റെ കയ്യിൽ നിന്നും പണം വാങ്ങിയാണോ ഇക്കൂട്ടർ എകെജി സെന്ററിൽ ഇരിക്കുന്നത് എന്ന് തോന്നിപ്പോകുന്ന രീതിയിലാണ് ഓരോ നീക്കവും. വെളുപ്പിക്കാൻ ഇറങ്ങിയവർ ഓരോ തവണയും കരി തേച്ച് മടങ്ങുമ്പോൾ, സംശയങ്ങൾ സ്വാഭാവികമല്ലേ?

എന്തിനായിരുന്നു ആ “ഇരുണ്ടകാലം” വെബ്‌സൈറ്റ് ? ഇരുട്ട് കാണിക്കാനോ, വെളിച്ചം അണയ്ക്കാനോ? ഗോവിന്ദൻ മാഷിനെ പൊട്ടനാക്കി, ടീച്ചറമ്മയെ കോമാളിയാക്കി, ശിവൻകുട്ടിയെക്കൊണ്ട് ചുടുചോറ് വാരിപ്പിച്ചു —എല്ലാം ചേർന്നൊരു വലിയ തിരക്കഥ. പക്ഷേ ആ തിരക്കഥയിൽ നായകൻ ആരായിരുന്നു, വില്ലൻ ആരായിരുന്നു എന്നതിൽ പോലും കുഴപ്പം.

ഒരാളെ ഉയർത്താൻ ശ്രമിച്ചപ്പോൾ മറ്റൊരാൾ താഴ്ന്നില്ല; പകരം സ്വന്തം വിശ്വാസ്യതയാണ് താഴ്ന്നത്. വെബ്‌സൈറ്റ് തുറന്നവർക്ക് തന്നെ അതിന്റെ ഉള്ളടക്കം തിരിച്ചടിയായപ്പോൾ, “ആരാണ് ഇത് എഴുതിയത് ?” എന്ന ചോദ്യമാവുകയാണ് പാർട്ടി ഓഫീസിലെ പ്രധാന ചർച്ച.

റിയാസ് മോന്റെ സെൽഫിത്തരങ്ങൾ എപ്പോൾ അവസാനിച്ചു? ഇന്നലെ വരെ ക്യാമറ കണ്ടാൽ കൈവീശിയവർ, ഇന്ന് ക്യാമറ കണ്ടാൽ മുഖം തിരിക്കുന്നു. മോഹൻലാലിനെ ജനങ്ങളിൽ നിന്ന് അകറ്റാൻ ശ്രമിച്ച നീക്കവും ഒടുവിൽ തിരിച്ചടിയായി—ജനങ്ങൾ അവരുടെ പ്രിയതാരത്തെ രാഷ്ട്രീയത്തിന്റെ ചട്ടക്കൂടിൽ അടക്കാൻ സമ്മതിച്ചില്ല.

വീണ ജോർജ്ജിനെ നാടകനടിയാക്കിയത് ആരുടെ ഗുണത്തിനായി? ആരോഗ്യ മന്ത്രാലയത്തിന്റെ ഗൗരവം പ്രഹസനമായി മാറിയപ്പോൾ, പ്രേക്ഷകർ ചിരിച്ചെങ്കിലും പാർട്ടിയുടെ ഗൗരവം ചിരിച്ചില്ല. അവരിപ്പോഴും പാർട്ടിയുടെ തീവ്ര പരിചരണ വിഭാഗത്തിൽ !!

കഴിഞ്ഞ തവണ പി.ആർ. കളിച്ചു കളിച്ചു മട്ടന്നൂരിൽ ടീച്ചറമ്മയുടെ ജയം ഒന്നാമതാക്കി; ഈ തവണ അതേ കളി ആറന്മുളയിൽ വലിയ തോൽവിയാക്കി മാറ്റുന്നു . വെളുക്കാൻ തേച്ചത് പാണ്ടാവുന്ന കാഴ്ചകൾ ആവർത്തിക്കുമ്പോൾ, നുണയും പ്രചാരണവും തമ്മിലുള്ള രേഖ മങ്ങിപ്പോകുന്നു.

സോഷ്യൽ മീഡിയയിൽ ചോദ്യം ഉയരുന്നു—“പോരാളി ഷാജിമാരെ തിരിച്ചു വിളിക്കണോ?” ആത്മാർത്ഥതയുള്ള സൈബർ പോരാളികളെ മറന്ന് പി.ആർ. കളിക്കാർക്ക് മാത്രം വേദി കൊടുത്താൽ, വെടിയുണ്ടയും ആസനവും തമ്മിലുള്ള ഈ വിചിത്രബന്ധം തുടരും.

കന്നാസും കടലാസും ഇത്രയേ പറയുന്നു: പാർട്ടിയെ രക്ഷിക്കേണ്ടവർ തന്നെ പാർട്ടിയെ പരീക്ഷിക്കുമ്പോൾ, സംശയങ്ങൾ രാഷ്ട്രീയം കടന്ന് പരിഹാസമായി മാറും.