സുഹൃത്തിന്റെ അച്ഛന് കരൾ പകുത്തുനൽകിയ രഞ്ജു ഇന്ന് കിടപ്പിൽ; ഭക്ഷണത്തിനും ചികിത്സയ്ക്കും സുമനസ്സുകളുടെ സഹായം തേടി കുടുംബം

മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം കരളിന്റെ ഒരു ഭാഗം പകുത്തുനൽകിയ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി രഞ്ജുവിന് ഇന്ന് ജീവൻ നിലനിർത്താനുള്ള ഭക്ഷണം വാങ്ങാൻപോലും സഹായം ആവശ്യമാണ്. ശസ്ത്രക്രിയയ്ക്കുശേഷമുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും തുടർച്ചയായ ചികിത്സാച്ചെലവും ഒരു കുടുംബത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

വിദേശത്ത് ജോലി ചെയ്തിരുന്ന രഞ്ജു അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് സുഹൃത്തിന്റെ അച്ഛന് കരൾ ദാനം ചെയ്തത്. മറ്റൊരു കുടുംബത്തിന് ആശ്വാസമാകുമെന്ന് കരുതിയ തീരുമാനം, പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ചികിത്സാപിഴവാണ് രഞ്ജുവിന്റെ അവസ്ഥയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് നിയമനടപടികളും സ്വീകരിച്ചിട്ടുണ്ടെന്നാണ് കുടുംബം പറയുന്നത്.

ശസ്ത്രക്രിയയ്ക്കുശേഷം ചലനശേഷി നഷ്ടപ്പെട്ട രഞ്ജുവിന് ആസ്പിറേഷൻ ന്യൂമോണിയ കൂടി ബാധിച്ചതോടെ സംസാരിക്കാനും കഴിയാതായി. സാധാരണ രീതിയിൽ ഭക്ഷണം കഴിക്കാനാകാത്തതിനാൽ ട്യൂബിലൂടെയാണ് പോഷകാഹാരം നൽകുന്നത്. സഹോദരി രശ്മിയാണ് അദ്ദേഹത്തിന്റെ പരിചരണവും ചികിത്സയും ഏറ്റെടുത്തിരിക്കുന്നത്.

കരൾ സ്വീകരിച്ച വ്യക്തിയുടെയും കുടുംബത്തിന്റെയും പിന്തുണ പിന്നീട് ലഭിച്ചില്ലെന്നും അവരെ അന്വേഷിച്ചപ്പോൾ താമസിച്ചിരുന്ന വീട് വിട്ടുപോയതായി അറിഞ്ഞെന്നും രഞ്ജുവിന്റെ കുടുംബം പറയുന്നു. സഹായം പ്രതീക്ഷിച്ചവരിൽനിന്നുപോലും പിന്തുണ ലഭിക്കാതെ, ചികിത്സയും പരിചരണവും തുടരാനുള്ള ഭാരമത്രയും രശ്മിയുടെ ചുമലിലായി.

ചികിത്സയ്ക്കായി ഒന്നരക്കോടിയിലേറെ രൂപ ചെലവായെന്നാണ് കുടുംബം അറിയിക്കുന്നത്.ആറ്റിങ്ങലിലെ സ്വന്തം വീട് വിറ്റിട്ടും കടബാധ്യതകൾ അവസാനിച്ചില്ല. തുടർചികിത്സയ്ക്കായി ഇപ്പോൾ കൊച്ചി ഇടപ്പള്ളിയിലെ വാടകവീട്ടിലാണ് രഞ്ജുവും സഹോദരിയും കഴിയുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രശ്മിയുടെ വരുമാനംകൊണ്ട് വാടകയും ചികിത്സയും മരുന്നും പ്രത്യേക പോഷകാഹാരവും ഒരുമിച്ച് കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്.

രഞ്ജുവിന്റെ ഏറ്റവും അടിയന്തരമായ ആവശ്യം ട്യൂബിലൂടെ നൽകുന്ന പോഷകാഹാരമാണ്.ദഹനപ്രക്രിയയിലെ തകരാറിനെത്തുടർന്ന് Peptamen എന്ന പ്രത്യേക പോഷകാഹാരമാണ് നൽകുന്നതെന്ന് കുടുംബം പറയുന്നു. ഒരു പാക്കിന് ഏകദേശം ₹1,700 ചെലവാകുന്നു. ചികിത്സാച്ചെലവും കടബാധ്യതയും വർധിച്ചതോടെ ഇത് വാങ്ങാൻപോലും കുടുംബത്തിന് കഴിയുന്നില്ല.

കുടുംബം നൽകുന്ന വിവരമനുസരിച്ച്, 28 ദിവസം കൂടുമ്പോൾ ഭക്ഷണം നൽകുന്ന റൈൽസ് ട്യൂബും ഓരോ മാസവും സിലികോൺ കത്തീറ്ററും മാറ്റേണ്ടതുണ്ട്. ഇടയ്ക്കിടെ സക്ഷനും മറ്റു പരിചരണങ്ങളും ആവശ്യമാണ്. ഭക്ഷണത്തിനും മരുന്നിനും ചികിത്സയ്ക്കുമായി പ്രതിമാസം ഏകദേശം മൂന്നുലക്ഷം രൂപ ചെലവാകുന്നതായി നേരത്തെ പ്രസിദ്ധീകരിച്ച വാർത്തയിലും സഹോദരി വ്യക്തമാക്കിയിരുന്നു.

മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ മുന്നോട്ടുവന്ന ഒരു മനുഷ്യനും, അദ്ദേഹത്തെ ചേർത്തുപിടിച്ച് പരിചരിക്കുന്ന സഹോദരിയും ഇന്ന് സമൂഹത്തിന്റെ കൈത്താങ്ങ് തേടുകയാണ്.

കൊച്ചിയിലുള്ളവർക്ക് കുടുംബവുമായി ബന്ധപ്പെട്ട് ആവശ്യമായ Peptamen പോഷകാഹാരം വാങ്ങിനൽകാം. അകലെയുള്ളവർക്ക് ആവശ്യമായ ഉൽപ്പന്നവും അളവും വിലാസവും രശ്മിയുമായി ഉറപ്പാക്കി ഓൺലൈനിലൂടെ വാങ്ങി അയയ്ക്കാം. പോഷകാഹാരം വാങ്ങിനൽകാൻ കഴിയാത്തവർക്ക് തങ്ങളാൽ കഴിയുന്ന തുക സംഭാവന ചെയ്യാം. ചെറിയൊരു സഹായംപോലും ഈ കുടുംബത്തിന് ആശ്വാസമാണ്.

സഹായിക്കാൻ കഴിയുന്ന വ്യക്തികളിലേക്കും പ്രവാസി കൂട്ടായ്മകളിലേക്കും സന്നദ്ധസംഘടനകളിലേക്കും ഈ അഭ്യർത്ഥന എത്തിക്കണം. നിങ്ങളുടെ ഒരു പങ്കുവെക്കൽ രഞ്ജുവിന് ആവശ്യമായ ഭക്ഷണവും ചികിത്സാസഹായവും ലഭിക്കാൻ വഴിയൊരുക്കിയേക്കാം.

സഹായത്തിനുള്ള വിവരങ്ങൾ

അക്കൗണ്ട് ഉടമ: Resmi Rഅക്കൗണ്ട് നമ്പർ: 0114053000109508ബാങ്ക്: South Indian Bankശാഖ: AttingalIFSC: SIBL0000114

ബന്ധപ്പെടാൻ: 9544390122Google Pay / PhonePe: 9544390122, 9562174154

മറ്റൊരാൾക്ക് ജീവിതം നൽകാൻ കരൾ പകുത്തുനൽകിയ രഞ്ജുവിന്, ചികിത്സയും പരിചരണവും തുടരാൻ നമുക്ക് കൈത്താങ്ങാകാം.

SUNNY : EDITORIAL

image