ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ മൗനം തന്നെയാണ് ഏറ്റവും വലിയ ചർച്ചാവിഷയം. ഒരുകാലത്ത് സെൽഫികളും, റീലുകളും, റോഡ് ഉദ്ഘാടനം മുതൽ തുരങ്കപാത പ്രഖ്യാപനങ്ങൾ വരെ ദിവസേന വാർത്തയായിരുന്ന ഒരാൾ, ഇന്നു പെട്ടെന്ന് നിശ്ശബ്ദനാകുമ്പോൾ അതിന് പിന്നിൽ കാരണങ്ങൾ അന്വേഷിക്കുന്നത് സ്വാഭാവികമാണ്.
പാർട്ടിക്കുള്ളിൽ തന്നെ “രണ്ടാം സ്ഥാനക്കാരൻ” എന്ന നിലയിൽ ഉയർത്തിക്കാട്ടിയിരുന്ന വീരവാദങ്ങളും അപ്രത്യക്ഷമായി. ഒരു നേതാവിന്റെ ശബ്ദം മങ്ങുമ്പോൾ, രാഷ്ട്രീയത്തിൽ അത് ദുർബലതയായി തന്നെ വായിക്കപ്പെടും.
കോഴിക്കോടിന്റെ മാനസപുത്രനായി ഉയർന്നുവന്ന റിയാസ്, ഒരുകാലത്ത് ചെറുപ്പക്കാരുടെ ആവേശമായിരുന്നു. രാഷ്ട്രീയ ഭേദങ്ങൾ മറന്ന് പോലും പലരും അദ്ദേഹത്തെ പിന്തുണച്ചിരുന്നു. യുഡിഎഫ് അനുഭാവികളിൽ വരെ ഒരു വിഭാഗം അദ്ദേഹത്തിനായി മറുകണ്ടം ചാടിയ കാലമുണ്ടായിരുന്നു.
എന്നാൽ അധികാരം കൈവന്നതോടെ സമീപനത്തിലും ഭാഷയിലും വന്ന മാറ്റങ്ങൾ ആ ജനകീയ മുഖത്തെ മങ്ങിച്ചുവെന്ന വിമർശനം ശക്തമായി ഉയർന്നു. ബേപ്പൂരിൽ ജയിച്ച് മന്ത്രിയായതോടെ, വിനയത്തിനുപകരം അഹങ്കാരമാണ് മേൽക്കോയ്മ നേടിയതെന്ന വിലയിരുത്തൽ പലരിലും ഉണ്ടായി.
പഴയ കൂട്ടുകാർ ഒറ്റപ്പെടുകയും, ഒരുകാലത്ത് കൂടെയുണ്ടായിരുന്നവർ തന്നെ മാറിനിൽക്കുകയും ചെയ്യുന്നത് രാഷ്ട്രീയത്തിൽ ചെറിയ കാര്യമല്ല. വ്യക്തിജീവിതത്തിലെ തീരുമാനങ്ങൾ പൊതുജീവിതത്തിലേക്കും നീണ്ടുവന്നപ്പോൾ, ബന്ധങ്ങൾ വെട്ടിമാറ്റിയെന്ന ആരോപണങ്ങൾ ശക്തമായി .
ഒരുകാലത്ത് ഒപ്പം നിന്നവരെ “കാലു മടക്കി അടിച്ച് ഒഴിവാക്കിയതുപോലെ” ഒഴിവാക്കിയെന്ന ഉപമ പോലും കേൾക്കപ്പെടുന്നു. സ്നേഹിതർ ഒന്നടങ്കം അകലം പാലിക്കുമ്പോൾ, നേതാവ് ഒറ്റപ്പെടുന്നത് അനിവാര്യമായിത്തീരുന്നു. ഏറ്റവും വലിയ തിരിച്ചടിയായത് തന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ ആയിരുന്ന വ്യക്തി കോഴിക്കോട്ടെ മേയർ സ്ഥാനാർത്ഥിയാവുകയും എട്ടുനിലകളിൽ പൊട്ടിയതുമാണ് .
പാളയം മാർക്കറ്റ് നവീകരണവും റിയൽ എസ്റ്റേറ്റ് ബന്ധങ്ങളും വിനയായപ്പോൾ കൂടെ നിന്നവർക്ക് തന്നെ കാര്യങ്ങൾ ബോധ്യപ്പെട്ടതിന്റെ അടിസ്‌ഥാനത്തിലാണ് തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് .
ഇതിനിടെയാണ് ബേപ്പൂരിൽ പുതിയ രാഷ്ട്രീയ നീക്കങ്ങൾ ശ്രദ്ധ നേടുന്നത്. അൻവറിന്റെ രംഗപ്രവേശം, റിയാസിനെ ചുറ്റിപ്പറ്റിയ ചില ഫയലുകൾ പ്രതിപക്ഷ നേതാവിന് കൈമാറിയെന്ന അഭ്യൂഹങ്ങൾ, കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളെക്കുറിച്ചുള്ള ചർച്ചകൾ—ഇവയെല്ലാം ചേർന്ന് ഒരു വലിയ രാഷ്ട്രീയ ചിത്രമാണ് രൂപപ്പെടുന്നത്.
മേയർ സ്ഥാനത്തേക്കായി കുപ്പായം തൈപ്പിച്ചിരുന്നവരുടെ തോൽവി, വിപണി മേഖലകളിലെ കള്ളക്കളികൾ തുടങ്ങിയ ആരോപണങ്ങൾ ജനങ്ങളിൽ കൂടുതൽ സംശയം വളർത്തുകയാണ്. അവസാനം ചോദ്യം ഒറ്റത്തന്നെ: ബേപ്പൂരിൽ യഥാർത്ഥത്തിൽ ആരാണ് “സുൽത്താൻ”? രാഷ്ട്രീയത്തിൽ ശബ്ദം കുറയുമ്പോൾ കഥകൾ ഉയരും; പ്രവർത്തനം മങ്ങുമ്പോൾ സംശയങ്ങൾ വളരും.
ജനങ്ങൾ കാത്തിരിക്കുന്നത് ആഡംബര പ്രഖ്യാപനങ്ങളല്ല, സുതാര്യതയും ഉത്തരവാദിത്തവുമാണ്. മൗനം താൽക്കാലികമായി രക്ഷയായേക്കാം; പക്ഷേ മറുപടികൾ വൈകുമ്പോൾ രാഷ്ട്രീയ വില കനത്തതായിരിക്കും. ബേപ്പൂരിലെ ഭാവി ആരുടെ കൈകളിലാകും എന്ന് തീരുമാനിക്കുക ഒടുവിൽ ജനങ്ങളാണ്—അത് സമയം തന്നെ തെളിയിക്കും.
ബേപ്പൂർ ഫയലുകളുമായി അൻവർ മണ്ഡലം കറങ്ങുമ്പോൾ റിയാസ് മണ്ഡലം മാറിയേക്കും അല്ലെങ്കിൽ തിരഞ്ഞെടുപ്പിൽ നിന്നും തത്കാലം മാറിനിൽക്കും എന്നൊക്കെ കോഴിക്കോട്ടെ പഴയ സ്നേഹിതർ സൊറ പറയുന്നുണ്ട് . എന്തായാലും കേരളം കാത്തിരിക്കുന്നു ബേപ്പൂർ ഫയലുകൾക്കായി !!!





