ശബരിമല ശാപം വെറും വാക്കല്ല:
മുരാരി ബാബുവിന്റെ പതനം നൽകുന്ന മുന്നറിയിപ്പ്
ശബരിമല എന്ന പുണ്യഭൂമിയെയും അയ്യപ്പസ്വാമിയുടെ തിരുവാഭരണങ്ങളെയും ചതിക്കാൻ ശ്രമിച്ചവർക്ക് കാലം കാത്തുവെച്ച തിരിച്ചടിയുടെ ഒടുവിലത്തെ ഉദാഹരണമാണ് മുൻ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ബി. മുരാരി ബാബുവിന്റെ അപ്രതീക്ഷിത മരണം. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വെറുമൊരു 'വാച്ചർ' പദവിയിൽ നിന്ന് പിൻവാതിലിലൂടെ കോടീശ്വരനായി വളർന്ന ഒരു മനുഷ്യന്റെ നാടകീയ ജീവിതത്തിനാണ് കൊച്ചിയിലെ അമൃത ആശുപത്രിയിൽ അർബുദ രോഗബാധയോടെ തിരശ്ശീല വീണത്.
വിജിലൻസ് പിടിമുറുക്കുന്നത് വരെ അതീവ ആരോഗ്യവാനായിരുന്ന മുരാരി ബാബു, 90 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴേക്കും തിരിച്ചറിയാൻ വയ്യാത്തവിധം മെലിഞ്ഞുണങ്ങിയിരുന്നു. ജാമ്യവ്യവസ്ഥയുടെ ഭാഗമായി പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോൾ, തന്റെ രോഗാവസ്ഥയെക്കുറിച്ച് വികാരാധീനനായി പൊലീസിനോട് ഇദ്ദേഹം പറഞ്ഞ വാക്കുകൾ കേരളം ചർച്ച ചെയ്യേണ്ടതാണ്: "ഇത് നാലാം സ്റ്റേജ് കാൻസറാണ്... എല്ലാം അയ്യപ്പൻ നേരിട്ട് തന്ന ശിക്ഷയാണ്!"
വാച്ചറിൽ നിന്ന് 'തേക്ക് കൊട്ടാരത്തിലേക്ക്': ഒരു അഴിമതി ചരിത്രം
ചങ്ങനാശേരി പെരുന്നയിലെ ഒരു സാധാരണ പലചരക്ക് വ്യാപാരിയുടെ മകനായിരുന്ന മുരാരി ബാബുവിന്റെ വളർച്ച വഴിവിട്ട വഴികളിലൂടെയായിരുന്നു.
- പിൻവാതിൽ നിയമനം: 1994-ൽ പോലീസ് കോൺസ്റ്റബിൾ ജോലി ലഭിച്ചെങ്കിലും കണ്ണൂരിലെ കഠിനമായ പരിശീലനം ഭയന്ന് ഓടിപ്പോന്നു. പിന്നീട് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ മന്ത്രിയുമായിരുന്ന എൻ. ഭാസ്‌കരൻ നായരുടെ പേഴ്‌സണൽ ഗുമസ്തനായിരുന്ന സ്വന്തം കൊച്ചച്ഛന്റെ സ്വാധീനം ഉപയോഗിച്ച് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി പിൻവാതിലിലൂടെ സ്ഥിരനിയമനം നേടി.
- രാഷ്ട്രീയവും സമുദായ സൗഹൃദവും: ഇടതുപക്ഷ അനുഭാവിയായി സി.ഐ.ടി.യു (CITU) സംഘടനയിലൂടെ ദേവസ്വത്തിൽ സ്വാധീനമുറപ്പിച്ചു. ശബരിമല യുവതീ പ്രവേശന വിവാദകാലത്ത്, താനാണ് ആചാരങ്ങൾ സംരക്ഷിക്കുന്നതെന്ന രീതിയിൽ എൻ.എസ്.എസ് (NSS) നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ച് പെരുന്ന കരയോഗത്തിന്റെ വൈസ് പ്രസിഡന്റ് പദവി വരെ നേടിയെടുത്തു.
- തേക്ക് കൊള്ള: ശബരിമലയിൽ സ്വർണ്ണക്കൊള്ള നടന്ന അതേ 2019 ലാണ് ചങ്ങനാശേരിയിൽ രണ്ട് കോടിയോളം രൂപ ചെലവിട്ട് ഇദ്ദേഹം ആഡംബര മന്ദിരം പണിയുന്നത്. തിരുനക്കര, ഏറ്റുമാനൂർ ക്ഷേത്രങ്ങളുടെ ആവശ്യത്തിനെന്ന പേരിൽ വനംവകുപ്പിന്റെ കോട്ടയം നട്ടാശേരി ഡിപ്പോ വഴി കബളിപ്പിച്ച് സ്വന്തമാക്കിയ മുന്തിരി ഇനം തേക്കുതടികളാണ് ഈ വീടിനായി കടത്തിയത്.
അയ്യപ്പന്റെ സ്വത്തുക്കൾ കവർന്ന ബുദ്ധികേന്ദ്രം
വിജയ് മല്യ സന്നിധാനത്തെ ദ്വാരപാലക ശിൽപ്പങ്ങളിലും കട്ടിളപ്പടിയിലും ചാർത്തിയ കോടികൾ വിലമതിക്കുന്ന സ്വർണ്ണപ്പാളികൾ കവർന്ന കേസിലെ രണ്ടാം പ്രതിയായിരുന്നു മുരാരി ബാബു. വിലപിടിപ്പുള്ള സ്വർണ്ണപ്പാളികൾ വെറും ചെമ്പ് പാളികളാണെന്ന് കത്തുകളിലും മഹസറുകളിൽ ബോധപൂർവ്വം തിരുത്തി എഴുതിക്കൂട്ടിയത് ഇദ്ദേഹത്തിന്റെ ബുദ്ധിയായിരുന്നു.
വൈക്കം, തിരുനക്കര ക്ഷേത്രങ്ങളിലെ ആനക്കരാർ ക്രമക്കേടുകൾ, ഏറ്റുമാനൂർ ക്ഷേത്രത്തിലെ സ്വർണ്ണ രുദ്രാക്ഷമാലയും സ്‌ട്രോങ്ങ് റൂമിലെ ഉരുപ്പടികളും കാണാതായ സംഭവങ്ങൾ എന്നിവയിലെല്ലാം വിജിലൻസ് ഇദ്ദേഹത്തിന്റെ പങ്ക് കണ്ടെത്തിയിരുന്നു. ഒടുവിൽ 2024 ഒക്ടോബറിലും സ്മാർട്ട് ക്രിയേഷൻസ് എന്ന കമ്പനിക്ക് ബോർഡറിയാതെ കത്തയച്ച് ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശലിൽ കള്ളക്കളി നടത്താൻ ശ്രമിച്ചതോടെയാണ് മുരാരി ബാബുവിന്റെ പതനം പൂർണ്ണമായത്.
ശബരിമലയോട് കളിച്ചവർക്കുള്ള മുന്നറിയിപ്പ് (അന്വേഷണ ഉദ്യോഗസ്ഥർക്കും പ്രതികൾക്കും)
ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളോടും, കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോടും (SIT) ജനങ്ങൾക്ക് നൽകാനുള്ള മുന്നറിയിപ്പ് ഇതാണ്: അയ്യപ്പ സ്വാമിയുടെ പുണ്യത്തോട് കളിച്ചാൽ പ്രതികാരം ഭയങ്കരമായിരിക്കും. മുരാരി ബാബുവിന്റെ മരണം ഇതിന്റെ ഏറ്റവും വലിയ ഒടുവിലത്തെ തെളിവ് മാത്രമാണ്. മുൻപ് നമ്മൾ കണ്ടതും കേട്ടതുമായ ചരിത്രങ്ങൾ ഇതിന് അടിവരയിടുന്നു.
ബാലകൃഷ്ണപിള്ള പറഞ്ഞ പഴയൊരു കഥ: പണ്ട് മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ള ശബരിമലയിലെ കൊള്ളകളെക്കുറിച്ച് തുറന്നുപറഞ്ഞ ഒരു കഥയുണ്ട്. സന്നിധാനത്ത് ഭണ്ഡാരത്തിൽ നാണയങ്ങളും പണവും എണ്ണുന്ന ഇടങ്ങളിൽ ചില ജീവനക്കാർ കാലിലും ചെരുപ്പിലും ഒക്കെ മനഃപൂർവ്വം പശ തേച്ച് നടക്കുമായിരുന്നു. തറയിൽ വീഴുന്ന നാണയങ്ങളും നോട്ടുകളും ഈ പശയിൽ ഒട്ടിപ്പിടിച്ച് അവർ രഹസ്യമായി കടത്തുമായിരുന്നു. എന്നാൽ, അയ്യപ്പന്റെ പണം ഇങ്ങനെ മോഷ്ടിച്ചവർക്കൊന്നും അത് അനുഭവിക്കാൻ യോഗമുണ്ടായില്ല. അവരെല്ലാവരും മാരകമായ അസുഖങ്ങൾ പിടിപെട്ട് അതിദാരുണമായാണ് മരണമടഞ്ഞത്.
അപ്പത്തിലും അരവണയിലും കള്ളക്കളി കളിച്ചവർ: സ്വാമിയുടെ പ്രധാന പ്രസാദങ്ങളായ അപ്പത്തിലും അരവണപ്പായസത്തിലും വരെ അഴിമതിയും കള്ളക്കളിയും കാണിച്ച് കോടികൾ കൊയ്തവരും പിൽക്കാലത്ത് വിനാശകരമായ അവസ്ഥയിലാണ് ചെന്നെത്തിയത്. കുടുംബം തകരുകയും, രോഗബാധിതരാവുകയും, സമൂഹത്തിൽ നാണംകെട്ട് അങ്ങേയറ്റം ഗതികേടിലാണ് അവർ ജീവിച്ചുതീർത്തത്.
അധികാരത്തിന്റെ അഹങ്കാരവും അയ്യപ്പ ധർമ്മത്തിന്റെ മൗനപ്രതികാരവും
ശബരിമല സ്ത്രീ പ്രവേശന വിഷയം കേരളത്തിൽ കേവലം ഒരു നിയമപ്രശ്നമായിരുന്നില്ല. അത് ഭരണകൂടത്തിന്റെ അധികാരബോധവും ഭക്തിസമൂഹത്തിന്റെ ആത്മീയ അവകാശവും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലായിരുന്നു. “ഭരണഘടന” എന്ന വാക്ക് ആവർത്തിച്ച് പറഞ്ഞ്, “ആചാരം” പിന്നാക്കമെന്നു മുദ്രകുത്തിയവർ, ഇന്ന് ഓരോരുത്തരായി സ്വന്തം ജീവിതത്തിലൂടെ ഉത്തരങ്ങൾ തേടേണ്ടിവരുന്ന അവസ്ഥയിലാണ്. ഇത് ഭക്തിയെ വെല്ലുവിളിച്ച്, ആചാരത്തെ അപമാനിച്ച്, “ഭരണഘടന”യുടെ മറവിൽ അധികാരം എത്ര ദൂരം പോകും എന്ന് പരിശോധിച്ച ഒരു രാഷ്ട്രീയ പരീക്ഷണമായിരുന്നു. ആ പരീക്ഷണത്തിന്റെ വില ഇന്ന് ഭരണകൂടവും അതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തികളും ഓരോ നിലയിലും കൊടുത്തുകൊണ്ടിരിക്കുകയാണ്.
പിണറായി വിജയൻ – ഒറ്റപ്പെടലിന്റെയും തകർച്ചയുടെയും രാഷ്ട്രീയം
“ഇരട്ട ചങ്ക്” രാഷ്ട്രീയം കൊണ്ട് ശബരിമല വിഷയം ആളിക്കത്തിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഈ വിഷയമാണ് കേരളത്തെ കടുത്ത ധ്രുവീകരണത്തിലേക്ക് തള്ളിയത്. എന്നാൽ ഇന്ന് അദ്ദേഹം നേരിടുന്ന അവസ്ഥ ഭക്തസമൂഹം കാണുന്നുണ്ട്.
ആഗോള അയ്യപ്പസംഗമം താളം തെറ്റിയതും, കൂടെയുണ്ടായിരുന്ന ഉറ്റവർ പലരും ജയിലിനകത്തായതും ഇതിന്റെ തുടക്കമാണ്. മകളെയും മകനെയും ചുറ്റിപ്പറ്റിയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾ, പാർട്ടിയിലെയും മുന്നണിയിലെയും കടുത്ത രാഷ്ട്രീയ ഒറ്റപ്പെടൽ, നിരന്തരം വേട്ടയാടുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ എന്നിവ അദ്ദേഹത്തെ തളർത്തുന്നു.
പണ്ട് തള്ളിപ്പറഞ്ഞ അമേരിക്കയിലേക്ക് തന്നെ വീണ്ടും വീണ്ടും ചികിത്സക്കായി പോകേണ്ടി വരുന്നതും, അഹങ്കാരം തലക്കടിച്ചപ്പോൾ മാറ്റി നിർത്തിയ നേതാക്കൾക്ക് മുന്നിൽ വീണ്ടും മുട്ടുമടക്കേണ്ടി വരുന്നതും അയ്യപ്പ കോപത്തിന്റെ തെളിവായി ജനങ്ങൾ വിലയിരുത്തുന്നു. ഇനിയുള്ള കാലം ദുഖങ്ങളുടേത് മാത്രമായി മാറുകയാണ്.
വി. എൻ. വാസവൻ – ഭയത്തിലും മാനസിക സമ്മർദ്ദത്തിലും
അന്ന് സ്ത്രീപ്രവേശന അശാന്തികൾക്ക് പിന്നിൽ പാർട്ടി–ഭരണ നീതി നടപ്പാക്കാൻ മുന്നിൽ നിന്ന വി. എൻ. വാസവൻ, ഇന്ന് ശബരിമല സ്വർണ്ണക്കൊള്ള കേസിന്റെ അന്വേഷണ നിഴലിലാണ്. കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുന്നതോടെ അറസ്റ്റ് ഭീഷണി അദ്ദേഹത്തെ നിരന്തരം വേട്ടയാടുന്നു.
ഓരോ പൊതുവേദിയിലും അദ്ദേഹത്തിന്റെ മുഖത്ത് കാണുന്ന പിരിമുറുക്കവും പരിഭ്രമവും ഉറക്കമില്ലാത്ത രാത്രികളുടെ സമ്മാനമാണ്. സ്വന്തം സുരക്ഷയ്ക്കായി സമുദായ നേതാക്കളെ നിരന്തരം വിളിച്ചുകൂട്ടി അഭയം തേടേണ്ടി വരുന്ന ഗതികേടിലാണ് അദ്ദേഹം. വഴികളെല്ലാം അടയുകയാണ്, ബാലറ്റ് ബോക്സിലെ മറുപടി എന്തായാലും മലയാളി മറക്കില്ല.
കടകംപള്ളി സുരേന്ദ്രൻ – അധികാരഭാരം തളർത്തിയ മനസ്സ്
ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ അഹങ്കാരത്തോടെ എടുത്ത തീരുമാനങ്ങളുടെ വലിയ ഭാരമാണ് ഇന്ന് പേറുന്നത്. ഇന്ന് പൊതുവേദികളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ ഒരു മാനസിക പിരിമുറുക്കത്തിന്റെ പ്രതീകമാണ്. മാധ്യമങ്ങൾ ചോദ്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന ആശയക്കുഴപ്പവും പരിഭ്രമവും ജനങ്ങൾ കാണുന്നുണ്ട്.
ജീവിതത്തിൽ ഒരിക്കലും മന്ത്രിയാകരുതെന്ന് തോന്നിപ്പോകുന്ന അവസ്ഥയിലാണ് അദ്ദേഹം. മാളികപ്പുറത്തേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറുന്നത് കാണുമ്പോഴും, നാളെ ജയിലിലെ വൃത്തികെട്ട കക്കൂസ് ഉപയോഗിക്കേണ്ടി വരുമോ എന്ന് ഓർക്കുമ്പോഴും നരകവും സ്വർഗ്ഗവും ഈ ഭൂമിയിൽ തന്നെയാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു.
കൊടിയേരി ബാലകൃഷ്ണൻ – മാനുഷികവും രാഷ്ട്രീയവുമായ പരാജയം
ശബരിമല വിഷയത്തിൽ “നവോത്ഥാനം” എന്ന രാഷ്ട്രീയ വാക്കിനെ മുൻനിർത്തി 'നവോത്ഥാന മതിൽ' പണിയാനും വിശ്വാസവിരുദ്ധ പ്രസംഗങ്ങൾ നടത്താനും മുന്നിൽ നിന്നത് കൊടിയേരി ബാലകൃഷ്ണനായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിൽ മക്കളുടെ പേരിലുള്ള മോശമായ ആരോപണങ്ങളും അവരുടെ ജയിൽ വാസവും വലിയ ആഘാതമായി. പിന്നീട് സ്വയമേ വേദന അനുഭവിക്കുന്ന മാരകമായ രോഗത്തിന് അദ്ദേഹം കീഴടങ്ങി.
അദ്ദേഹത്തിന്റെ മരണശേഷം കുടുംബം ആഗ്രഹിച്ചതുപോലെ ഒരു പൊതുവിലാപയാത്ര പോലും നടത്താൻ സ്വന്തം കൂട്ടുകാരനോ പാർട്ടിയോ തയ്യാറായില്ലെന്ന വേദന പാർട്ടി അനുഭാവികൾക്കിടയിൽ പോലുമുണ്ട്. വിശ്വാസത്തോട് കരുണ കാണിക്കാത്ത രാഷ്ട്രീയത്തിന്, സ്വന്തം നേതാവിനോട് പോലും കരുണയില്ലെന്ന് കാലം തെളിയിച്ചു.
നവീൻ ബാബു – പാർട്ടി കൈവിട്ട ഉദ്യോഗസ്ഥൻ
ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിലെ പ്രധാന അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന നവീൻ ബാബു, സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നിർണായക ഭരണനടപടികൾ നടപ്പാക്കിയ ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു. പിന്നീട് പ്രമോഷൻ ലഭിച്ച് കണ്ണൂരിലേക്ക് എഡിഎം ആയി പോയത് സർക്കാരിന്റെ അംഗീകാരമായി കാണിച്ചെങ്കിലും, അദ്ദേഹത്തിന് നേരിടേണ്ടി വന്ന ദാരുണമായ അന്ത്യം കേരളത്തെ ഞെട്ടിച്ചു.
സ്വന്തം മനസ്സാക്ഷി ഇഷ്ടപ്പെട്ടിരുന്ന പാർട്ടിയുടെ തന്നെ സമുദ്രതുല്യയായ ഒരു നേതാവിനാൽ അദ്ദേഹത്തിന്റെ ജീവൻ ബലി കൊടുക്കപ്പെട്ടു. പാർട്ടി ആവശ്യത്തിന് മാത്രം ഉദ്യോഗസ്ഥരെ ഉപയോഗിക്കുകയും പ്രതിസന്ധിയിൽ ഒറ്റപ്പെടുത്തുകയും ചെയ്യുമെന്നതിന്റെ ദയനീയ ചിത്രമായി അദ്ദേഹം മാറി.
എസ്. ഹരിശങ്കർ (ശങ്കർദാസിന്റെ മകൻ) – നിയമം തിരിഞ്ഞുകൊത്തുമ്പോൾ
പിണറായി വിജയനെ 'അങ്കിൾ' എന്ന് അഭിസംബോധന ചെയ്യാൻ തക്കവണ്ണം മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ഹരിശങ്കർ. സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഏറ്റവും കൂടുതൽ ഊർജ്ജം ചെലവഴിച്ച വ്യക്തി.
എന്നാൽ ശബരിമല വിഷയത്തിൽ തന്നെ അദ്ദേഹത്തിന്റെ അച്ഛൻ ശങ്കർദാസ് വലിയ നിയമനടപടികൾ നേരിട്ടപ്പോൾ രക്ഷിക്കാൻ ആ ഭരണകൂടത്തിനായില്ല. പോലീസ് ബുദ്ധിപ്രകാരം ഐസിയുവിൽ ട്യൂബുകളിട്ട് കിടത്തിയിട്ടും ഹൈക്കോടതി സമ്മതിക്കാതെ അറസ്റ്റ് ചെയ്യേണ്ടി വന്നു. മറ്റുള്ളവർക്കായി നിയമം വളച്ചവന് സ്വന്തം വീട്ടിൽ നിയമം അതേപടി നേരിടേണ്ടി വന്നു.
പ്രമോദ് നാരായൺ, പി. എസ്. പ്രശാന്ത്, ദേവസ്വം തലപ്പത്തെ പ്രമുഖർ (ഇ. പത്മകുമാർ, എൻ. വാസു, വിജയകുമാർ)
ശബരിമല വിഷയത്തിലും അതിന്റെ തുടർച്ചയായുള്ള സാമ്പത്തിക അഴിമതികളിലും സർക്കാരിന്റെ ആജ്ഞകൾ അനുസരിക്കാനും തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനും മുന്നിൽ നിന്ന റാന്നി എം.എൽ.എ അഡ്വ. പ്രമോദ് നാരായൺ, പി. എസ്. പ്രശാന്ത് എന്നിവർ കടുത്ത തിരിച്ചടികളാണ് ഇനി നേരിടാൻ പോകുന്നത്. അധികാരത്തിന്റെ ബലത്തിൽ അന്ന് കാണിച്ച അഹങ്കാരങ്ങൾക്കും എടുത്ത തീരുമാനങ്ങൾക്കും വരുംദിവസങ്ങളിൽ ഇവർ വലിയ വില കൊടുക്കേണ്ടി വരും.
ഇവരോടൊപ്പം ദേവസ്വം ബോർഡിന്റെ തലപ്പത്ത് ഇരുന്ന ഇ. പത്മകുമാർ, എൻ. വാസു തുടങ്ങിയവരും ഇന്ന് തീ തിന്നുന്ന അവസ്ഥയിലാണ്. നിയമപരമായ പ്രതിസന്ധികളും സ്വർണ്ണക്കൊള്ളക്കേസിലെ വിജിലൻസ് അന്വേഷണങ്ങളും ഇവരെ വേട്ടയാടുന്നു. പാർട്ടി നയങ്ങൾക്കായി മുന്നിൽ നിന്നവർ ഇന്ന് ഒറ്റപ്പെട്ട് കത്തുന്ന അവസ്ഥയിലാണ്. ജയിലിൽ നിന്നും ഇറങ്ങിയാൽ ജനം കല്ലെറിയാതിരുന്നാൽ നന്നായിരുന്നു എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുന്നു.
ഈ കേസുകളെല്ലാം ഒതുക്കിത്തീർക്കാൻ അണിയറയിൽ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും ഇതിന്റെയെല്ലാം യഥാർത്ഥ ഉത്തരവാദികൾക്കും ഏറ്റവും വലിയ ശിക്ഷ തന്നെയാണ് കാലം കാത്തുവെച്ചിരിക്കുന്നത്.
യൂണിഫോമിലെ രാഷ്ട്രീയ ദാസർ (ലോക്‌നാഥ് ബെഹ്റ, യതീഷ് ചന്ദ്ര, മനോജ് അബ്രഹാം, ശ്രീജിത്ത്)
ഭക്തർക്ക് നേരെ ലാത്തി ഓങ്ങാനും സന്നിധാനത്ത് അനാവശ്യ നിയന്ത്രണങ്ങൾ കൊണ്ടുവരാനും മുന്നിൽ നിന്ന ഈ ഉദ്യോഗസ്ഥർ നിയമത്തിന്റെ നിർവ്വാഹകരല്ല, മറിച്ച് പാർട്ടിയുടെ രാഷ്ട്രീയ ദാസന്മാരായാണ് പ്രവർത്തിച്ചത്. അതിന്റെ ഫലമായി പൊതുസമൂഹത്തിൽ ഇവരുടെ ജനവിശ്വാസം പൂർണ്ണമായും നഷ്ടപ്പെട്ടു. പിൽക്കാലത്ത് ഇവർ നേരിടേണ്ടി വന്ന കടുത്ത മാനസിക സമ്മർദ്ദങ്ങളും കുടുംബ പ്രശ്നങ്ങളും യൂണിഫോമിനുള്ളിലെ വിള്ളലുകളെയാണ് കാണിക്കുന്നത്.
തന്ത്രി കുടുംബവും ഉണ്ണികൃഷ്ണൻ പോറ്റിയും – അവസരവാദത്തിന്റെ മുഖങ്ങൾ
വിശ്വാസത്തിന്റെ കാവൽക്കാരാകേണ്ട ശബരിമല തന്ത്രി കുടുംബം ഭരണകൂടത്തോട് കാണിച്ച 'സൗകര്യപ്രദമായ മൗനവും' രാഷ്ട്രീയ അധികാരത്തോടുള്ള അസ്വാഭാവിക സമീപനങ്ങളും ഭക്തസമൂഹത്തെ വഞ്ചിക്കുന്നതായിരുന്നു. ഇന്ന് ആ കുടുംബം നേരിടുന്ന ആഭ്യന്തര കലഹങ്ങളും നാണക്കേടും തന്നെയാണ് അവർക്കുള്ള ശിക്ഷ.
കലക്കവെള്ളത്തിൽ മീൻപിടിച്ച ഉണ്ണികൃഷ്ണൻ പോറ്റിയുടെ അവസ്ഥയും വ്യത്യസ്തമല്ല. ഭക്തരെ മുന്നിൽ നിർത്തി വികാരം ഉയർത്തിയ ശേഷം അധികാരകേന്ദ്രങ്ങൾക്ക് മുന്നിൽ നിലപാട് മാറ്റിയ ഇദ്ദേഹം, വലിയ തോതിൽ ക്ഷേത്രവസ്തുക്കൾ കവർന്ന് ഉന്നതങ്ങളിൽ വിറ്റഴിച്ചു. ഉന്നതരുമായി ഫോട്ടോയെടുത്തും വീട്ടിലേക്ക് ക്ഷണിച്ചും സ്വാധീനമുണ്ടാക്കാൻ നോക്കിയിട്ടും ഇന്ന് എല്ലാം വെള്ളത്തിൽ വരച്ച വരയായി മാറി.
കേസിലെ മറ്റ് പ്രതികളോട്:
മുരാരി ബാബുവിന്റെ മരണം കേട്ടറിഞ്ഞ് നെട്ടോട്ടമോടുന്ന മറ്റ് സഹപ്രതികൾ മനസ്സിലാക്കുക—നിയമത്തിന്റെ കണ്ണിൽ നിന്ന് നിങ്ങൾ രക്ഷപ്പെട്ടാലും ആ കാനനവാസന്റെ കണ്ണുകളിൽ നിന്ന് നിങ്ങൾക്ക് ഒളിക്കാൻ കഴിയില്ല. കവർന്ന സ്വർണ്ണവും സമ്പാദ്യവും അനുഭവിക്കാൻ യോഗമില്ലാതെ, സ്വന്തം ശരീരം രോഗത്തിന് അടിയറവ് വെക്കേണ്ടി വരുന്ന അവസ്ഥയേക്കാൾ വലിയ ശിക്ഷ മറ്റൊന്നുമില്ല. കാലിലും ചെരുപ്പിലും പശതേച്ച് പണം കടത്തിയവർക്കും പ്രസാദത്തിൽ കള്ളത്തരം കാണിച്ചവർക്കും വന്ന അതേ ഗതികേട് ഓർത്ത്, വൈകിയാണെങ്കിലും തെറ്റുകൾ ഏറ്റുപറഞ്ഞ് ശിക്ഷ വാങ്ങിക്കുക.
പ്രത്യേക അന്വേഷണ സംഘത്തോട് (SIT):
പ്രധാന പ്രതി മരണപ്പെട്ടെങ്കിലും അന്വേഷണം അന്തിമഘട്ടത്തിലായതിനാൽ കുറ്റപത്രം സമർപ്പിക്കുമെന്ന് എസ്.ഐ.റ്റി വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥർ ഓർക്കുക, ഈ അന്വേഷണം കേവലം ഒരു ഔദ്യോഗിക കടമയല്ല. കോടിക്കണക്കിന് ഭക്തരുടെ വികാരമാണ്.
പി. ശശിയെപ്പോലുള്ള ഉന്നതർ കേസ് ഒതുക്കാൻ ശ്രമിച്ചപ്പോൾ അതിന് കൂട്ടുനിൽക്കുകയും , രാഷ്ട്രീയ സ്വാധീനങ്ങൾക്കോ സാമ്പത്തിക പ്രലോഭനങ്ങൾക്കോ വഴങ്ങി കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ , മുരാരി ബാബുവിനെയും പഴയകാല കൊള്ളക്കാരെയും പിടികൂടിയ അതേ 'അദൃശ്യ ശക്തി' നിങ്ങളെയും തേടിയെത്തും. അതുറപ്പ് !!
സത്യസന്ധമായി അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക!!
സ്വാമിയേ ശരണം അയ്യപ്പാ!





