സോഷ്യൽ സ്വാമി: കാഴ്ചപ്പാടുകളെ തിരുത്തിയെഴുതുന്ന ഒരു വെർട്ടിക്കൽ ഡോക്യുമെന്ററി

image

റിവ്യൂ: ചാതുരി ചന്ദ്രഗീത

ശ്രീ ദിവ്യ നാഗ സൈരന്ധ്രി ദേവിയുടെ ജീവിതത്തെയും അവരുടെ വിവാദസമൃദ്ധമായ സോഷ്യൽ മീഡിയ വ്യക്തിത്വത്തെയും കൂട്ടിയിണക്കി അഭിലാഷ് ബാബു സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് ‘സോഷ്യൽ സ്വാമി’.

മാധ്യമവും പരീക്ഷണവും: ബിഗ് സ്ക്രീനിലെ വെർട്ടിക്കൽ കാഴ്ച

പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ സോഷ്യൽ മീഡിയയിൽ സ്ഥിരം സ്ഥാപിത സ്വാമി സങ്കൽപ്പങ്ങളെ വെല്ലുവിളിച്ചുകൊണ്ട് വൈരുധ്യമാർന്ന ഒരു സ്വാമി പരിവേഷത്തോടെ വൈറൽ ആയ നാഗ ദേവിയെ ചിത്രത്തിൽ അവതരിപ്പിക്കുന്നതും അവരുടെ വ്യക്തിത്വത്തിലെ ഈ ദ്വന്ദ ഭാവങ്ങളെ അടയാളപ്പെടുത്തി കൊണ്ട് തന്നെയാണ്. നമ്മൾ മൊബൈൽ സ്ക്രീനിൽ കണ്ട് പരിചയിച്ച നാഗ ദേവിയെ ബിഗ് സ്ക്രീനിൽ എത്തിക്കുമ്പോൾ പോലും അഭിലാഷ് തിരഞ്ഞെടുക്കുന്നത് വെർട്ടിക്കൽ സ്ക്രീൻ തന്നെയാണ്. മൊബൈൽ സ്ക്രീനിനകത്താണു സിനിമ സംഭവിക്കുന്നത് എന്ന തോന്നൽ സൃഷ്ടിക്കുന്ന രീതിയിലാണ് മുഴുവനായും ഇതിന്റെ ചിത്രീകരണം.

സ്ഥിരം കാഴ്ച ശീലങ്ങളെ പൊളിച്ചെഴുതാൻ സംവിധായകൻ ബോധപൂർവം തന്നെ ശ്രമിക്കാറുണ്ടെന്ന് അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്. വൈലോപ്പിള്ളിയുടെ കവിതയെ ആസ്പദമാക്കി അദ്ദേഹം സംവിധാനം ചെയ്ത കൃഷ്ണാഷ്ടമി അതിനൊരു മികച്ച ഉദാഹരണവുമാണ്. ഇവിടെയും കൃത്യമായ ചില തിരഞ്ഞെടുപ്പുകളിലൂടെ സംവിധായകൻ ആ ശ്രമം തുടരുകയും അതിൽ വിജയിക്കുകയും ചെയ്യുന്നുണ്ട്. ഒരുപക്ഷേ മലയാളത്തിലെ ആദ്യത്തെ വെർട്ടിക്കൽ ഡോക്യുമെന്ററി സിനിമ ആയിരിക്കും ‘സോഷ്യൽ സ്വാമി’.

മുൻവിധികളില്ലാത്ത കഥപറച്ചിലും ദൃശ്യാവിഷ്കാരവും

നാഗ ദേവിയെ ഒരു പക്ഷേ സോഷ്യൽ മീഡിയയിൽ ‘തെറി പറയുന്ന സ്വാമി’ എന്ന പേരിലായിരിക്കും മിക്കവർക്കും പരിചയം. തന്റെ ലൈവുകളിൽ നാഗ ദേവി വിളിച്ചു പറഞ്ഞ ആ പച്ച തെറികൾക്കു മറുപുറം ഒളിഞ്ഞിരിക്കുന്ന അത്രയും തന്നെ പച്ചയായ ഒരു ജീവിതത്തിന്റെ നേർക്കാഴ്ച ഒട്ടും മുൻവിധിയില്ലാതെ വരച്ചു കാട്ടാൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് ഒരു കാഴ്ചക്കാരി എന്ന നിലയിൽ ഉറപ്പായും പറയാൻ കഴിയും.

വളരെ വ്യത്യസ്തമായതും അതേ സമയം സൂക്ഷ്മമായ തിരഞ്ഞെടുപ്പോടു കൂടിയതുമായ കഥ പറച്ചിൽ രീതിയും എഡിറ്റിങ്ങും ഈ സിനിമയുടെ മൂർച്ച കൂട്ടിയിട്ടുണ്ട്. നരേറ്റീവിനിടയിൽ രേഖാചിത്രാവിഷ്കാരങ്ങളിലൂടെ വാല്മീകി, വേദ വ്യാസൻ, ശ്രീനാരായണ ഗുരു, ശ്രീ അമൃതാനന്ദമയി, ഒടുവിൽ നാഗ ദേവി എന്നിവരുടെ കഥകളെ കൃത്യമായ ഇടവേളകളിൽ ഉൾകൊള്ളിച്ച് ആ കഥകളെ കൂടി ഇതിന്റെ ഭാഗമെന്നോണം പറഞ്ഞു വെയ്ക്കുന്നുണ്ട്. ഈ ദൃശ്യങ്ങൾ ചിത്രത്തിന്റെ ആശയ തലങ്ങൾക്ക് പുതിയ മാനം നൽകുന്നു.

സമൂഹത്തിൽ ഭ്രഷ്ട് കൽപ്പിക്കപ്പെട്ടതോ മാറ്റി നിർത്തപ്പെട്ടതോ ആയ ഇടങ്ങളിൽ നിന്നും ഉയർന്നു വന്നു ഇന്ന് നമ്മൾ കാണുന്ന മഹാകവിയായും ഗുരുവായും ദേവിയായും ഒക്കെ മാറിയവരുടെ പിൻതലമുറക്കാരി എന്നോണം ഒടുവിൽ നാഗ ദേവിയെയും പറഞ്ഞു വയ്ക്കുന്നു. അവർക്കിടയിലേക്ക് ചേർത്ത് വയ്ക്കാൻ പാകത്തിന് നാഗ ദേവി സമൂഹത്തിനായി സംഭാവന ചെയ്തതെന്തെന്ന ചോദ്യം പ്രസക്തമായി തന്നെ നിലനില്ക്കെ, അവരൊക്കെ തന്നെയും കവിയായും ഗുരുവായും സ്വാമിയായും ആൾ ദൈവമായും മറ്റും ആദരിക്കപ്പെടുമ്പോൾ വലിയൊരു ശതമാനം പൊതുസമൂഹത്തിന്റെ തെറിവിളികളും കല്ലേറുകളുമാണ് നാഗ ദേവി നിരന്തരം നേരിടുന്നത് എന്ന് കൂടി കാണാതെ വയ്യ. നാഗ ദേവി നേരിടുന്ന തെറി വിളികളിൽ നല്ലൊരു പങ്കും ജാതിപരവും ലിംഗപരവുമാണെന്നത് എടുത്തു പറയേണ്ടതില്ലല്ലോ. കീഴ്ജാതി പെണ്ണൊരുത്തിയെ തെറി പറഞ്ഞു അടക്കാൻ നോക്കുന്ന ഒരു സമൂഹത്തെ വ്യക്തമായി തന്നെ അവരുടെ കമന്റ് ബോക്സുകളിൽ നിന്ന് വായിച്ചെടുക്കാനാവും.

ആൾദൈവ സങ്കൽപ്പവും വ്യക്തിപരമായ നിലപാടുകളും

പറഞ്ഞു പറഞ്ഞു ഇവരെ ഇനി അടുത്ത ആൾ ദൈവമാക്കാനുള്ള പരിപാടിയാണോ എന്ന ശങ്ക നിങ്ങളുടെ ഉള്ളിൽ തോന്നി തുടങ്ങും മുന്നേ അതിനുള്ള മറുപടി വ്യക്തമായി അവർ പറഞ്ഞു വയ്ക്കുന്നുണ്ട്. അവരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ബുദ്ധിജീവികളും, മണ്ടന്മാരും, പൊട്ടന്മാരും, വട്ടന്മാരും ചേർന്നാണ് ആൾ ദൈവങ്ങളെ ഉണ്ടാക്കുന്നത്.

‘ദേവി’ എന്നത് താൻ ഇഷ്ടപ്പെട്ടു സ്വയം തിരഞ്ഞെടുത്ത ഒരു പേരുമാത്രമാണെന്നും അത് കേട്ടിട്ട് ആളുകൾ അവരുടെ മനസ്സിലുള്ള ദേവി സങ്കൽപ്പത്തെ തന്നിലേക്ക് ചാർത്തി തന്നു ആ വിശുദ്ധിയുടെ ഭാരം തന്റെ തോളുകളിൽ വച്ച് കെട്ടുന്നതിനോടുള്ള എതിർപ്പും വ്യക്തമായി പ്രകടിപ്പിക്കുന്നുണ്ട് അവർ. താൻ തെറി പറയുമ്പോൾ അത് തനിക്ക് കിട്ടുന്നത് തിരിച്ച് നൽകാനുള്ള ബാധ്യസ്ഥത കൊണ്ട് മാത്രമാണെന്ന് നാഗ ദേവി പറഞ്ഞു വയ്ക്കുന്നു.

സ്ത്രീപക്ഷ രാഷ്ട്രീയവും പ്രതിരോധത്തിന്റെ ഭാഷയും

തനിക്ക് രാഷ്ട്രീയമില്ലെന്നും താൻ ഫെമിനിസ്റ്റ് അല്ലെന്നും ആണയിട്ട് പറയുന്ന നാഗ ദേവി പക്ഷേ സോഷ്യൽ മീഡിയയിൽ വന്ന് തന്നെ തെറി വിളിക്കുന്ന പൊതു ജനത്തോട് അതേ ഭാഷയിൽ ഒരു പക്ഷേ അതിലും ‘മൂർച്ചയിൽ തെറി പറയുന്ന സ്ത്രീ’ എന്ന ലേബലിൽ മുന്നോട്ട് വയ്ക്കുന്ന എല്ലാ രാഷ്ട്രീയവും ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളും കേരളത്തിലെന്നല്ല ലോകത്തെല്ലായിടത്തും ഇന്നും പ്രസക്തം തന്നെയാണ്.

ആ പ്രസക്തി തന്നെയാവാം ഒരുപക്ഷേ അവരെ ഒരുപാട് സ്ത്രീകളുടെയും പുതിയ തലമുറയിലെ പെൺകുട്ടികളുടെയും ആരാധനാ പാത്രമാക്കുന്നതും. അച്ചടക്കം പഠിപ്പിക്കാൻ വരുന്ന ആങ്ങളമാരെയും സ്വാതന്ത്ര്യത്തെ അശ്ലീലമാക്കി വ്യാഖ്യാനിച്ചു അടക്കം പറയുന്ന അമ്മച്ചിമാരെയും തങ്ങൾക്ക് വിളിക്കാൻ പറ്റാതെ പോകുന്ന തെറികൾ വിളിച്ചു പറയുന്ന നാഗ ദേവിയിൽ സ്വന്തം പ്രതിരോധത്തിന്റെ രൂപം കണ്ടാവാം അവർ ആരാധിക്കുന്നത്.

തികഞ്ഞ സത്യസന്ധത പുലർത്തുന്ന സിനിമാനുഭവം

നാഗ ദേവി എന്ന സോഷ്യൽ മീഡിയ പ്രതിഭാസത്തിനപ്പുറം അവരുടെ ജീവിത പരിസരങ്ങൾ സൂക്ഷ്മമായി തന്നെ ചിത്രീകരിക്കാൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. ഒരിക്കൽ പോലും അഭിലാഷിന്റെ ക്യാമറ കണ്ണുകൾ സഹതാപം ജനിപ്പിക്കുന്നതിനോ നാഗാദേവിയെ അവരുടെ കാഴ്ചപ്പാടുകളെ വിശദീകരിക്കുന്നതിനുള്ള ശ്രമങ്ങളിലേക്കോ മുതിരുന്നില്ല. മറിച്ചു തികച്ചും ഒരു കാഴ്ചക്കാരന്റെ ജിജ്ഞാസയോടെ തന്നെ അവരുടെ ജീവിതത്തെ അത്രയും സത്യസന്ധതയോടെ നോക്കിക്കാണുകയാണ്.

തുടക്കത്തിൽ ഒരു പക്ഷേ ഇതവരെ ട്രോളാനുള്ള മറ്റൊരു ശ്രമമാണോ എന്ന് സംശയിച്ചേക്കാവുന്ന കാണികളിലേക്ക് അവരുടെ നേരുകളെ തുറന്നു വയ്ക്കുന്നതോട് കൂടി സംവിധായകൻ മുൻവിധികൾക്കപ്പുറം കാണികളെ കൈ പിടിച്ച് നടത്താനുള്ള ഏറ്റവും സത്യസന്ധമായ ശ്രമം കാഴ്ച വയ്ക്കുന്നു. ആ സത്യസന്ധത തന്നെയാണ് ഒരു പക്ഷേ സോഷ്യൽ സ്വാമിയെന്ന ഈ ഡോക്യുമെന്ററിയുടെ ഏറ്റവും മികച്ച മുഖ ചിത്രം.

image