ഡി.സി.സി ഓഫീസിലെ ചായക്കടയും യു.ഡി.എഫ് സർക്കാരിന്റെ അഞ്ചാംമാസത്തെ കട്ടൻചായ ചർച്ചയും!
(സ്ഥലം: തിരുവനന്തപുരം ഡി.സി.സി ഓഫീസിനോട് ചേർന്നുള്ള പഴയൊരു ചായക്കട. മേശപ്പുറത്ത് ആവി പറക്കുന്ന രണ്ട് കട്ടൻ ചായയും പരുത്തിപ്പൊടിയും. കന്നാസ് കയ്യിലെ ഫോണിൽ വാർത്ത വായിച്ച് തലയിൽ കൈവെച്ച് ഇരിക്കുന്നു. കടലാസ് അടുത്തുള്ള ബെഞ്ചിൽ കാൽമേൽ കാൽ കയറ്റിവെച്ച് ചായ ഊതിക്കുടിക്കുന്നു.)
കന്നാസ്: ഡാ കടലാസേ... ഒരു കാര്യം ചോദിക്കട്ടെ, നമ്മുടെ ആളുകൾ സംസ്ഥാനത്ത് ഭരണം പിടിച്ചിട്ട് കൃത്യം എത്ര ദിവസമായി എന്ന വല്ല കണക്കുമുണ്ടോ നിന്റെ കയ്യിൽ?
കടലാസ്: (ചായ ഒരിറക്ക് കുടിച്ചിട്ട്) അതെന്താ കന്നാസേ പെട്ടെന്നൊരു സംശയം? കണക്കൊക്കെ എനിക്ക് മനഃപാഠമല്ലേ... കൃത്യം പറഞ്ഞാൽ ഇന്നേക്ക് 161 ദിവസം പൂർത്തിയായി! കോൺഗ്രസിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് സർക്കാർ അധികാരം ഏറ്റെടുത്തിട്ട് ആറു മാസത്തോടടുക്കുന്നു. പക്ഷേ നീ എന്തിനാ ഇപ്പോൾ ഈ ദിവസവും മാസവുമൊക്കെ ഇങ്ങനെ എണ്ണി നടക്കുന്നത്?
കന്നാസ്: ഒന്നുമില്ലെടോ... 161 ദിവസം എന്ന് പറഞ്ഞാൽ സാമാന്യം നല്ലൊരു കാലയളവാണ്. ഭരണം കിട്ടിയിട്ട് ഇത്രയും നാളായെങ്കിലും, എന്റെ കണ്ണ് വെട്ടിച്ച് പോകുന്ന ചില കാഴ്ചകൾ കണ്ട് എന്റെ തലച്ചോർ പുകഞ്ഞിരിക്കുകയാണ്. നീ ആ കസേരകളിലെ ഇരിപ്പൊന്ന് നോക്കിക്കേ!
കടലാസ്: ഏത് കസേര? നിയമസഭയിലെ ഒപ്പിച്ചു കസേരയോ, അതോ മന്ത്രിമാരുടെ കസേരയോ?
കന്നാസ്: അതൊന്നുമല്ലടോ! നമ്മൾ മാറിക്കാണുമെന്ന് കരുതിയ ചില പ്രധാനപ്പെട്ട കമ്മീഷൻ കസേരകളില്ലേ?അവിടെയൊക്കെ ഇന്നും ആരാണ് വാഴുന്നത് എന്ന് വല്ല പിടിയുമുണ്ടോ? കേരളത്തിന്റെ വനിതാ കമ്മീഷൻ അധ്യക്ഷയായി ഇപ്പഴും ഇരിക്കുന്നത് സാക്ഷാൽ സഖാവ് പി. സതീദേവിയാണ്! സാക്ഷാൽ പി. ജയരാജന്റെ പെങ്ങൾ!
കടലാസ്: (ചായ ഗ്ലാസ് മേശപ്പുറത്ത് വെച്ച് ഞെട്ടലോടെ) അതെങ്ങനെ ശരിയാകും? നിയമാനുസൃതമായ കാലാവധിയൊക്കെ എന്ന് പണ്ടേ പൂർത്തിയായതല്ലേ? എന്നിട്ടും അവർ അവിടെത്തന്നെ തുടരുകയാണോ?
കന്നാസ്: പിന്നെ! അതുകൊണ്ടും തീർന്നില്ല. അടുത്തത് നമ്മുടെ സംസ്ഥാന യുവജന കമ്മീഷൻ നോക്ക്. അവിടെ ഇരിക്കുന്നത് ആരാ? ഡി.വൈ.എഫ്.ഐയുടെ നേതാവായ ഷാജിർ! അങ്ങേരുടെ യുവജന കമ്മീഷൻ പദവിയുടെ കാലാവധിയും കഴിഞ്ഞുപോയിട്ട് കാലം എത്രയായി! എന്നിട്ടും അദ്ദേഹം യാതൊരു ഉളുപ്പുമില്ലാതെ ഇപ്പോഴും ആ കസേരയിൽത്തന്നെ കടിപിടി കൂടി കിടക്കുകയാണ്!
കടലാസ്: (ചിരിച്ചുകൊണ്ട്) ഹാ ഹാ! കന്നാസേ, നീ ഇപ്പറഞ്ഞത് സത്യമാണ്. രണ്ടു ദിവസം മുൻപ് ഒരു ചാനൽ ചർച്ചയിൽ ഈ ഡിവൈഎഫ്ഐ നേതാവ് ഷാജിർ ഇരുന്ന് നമ്മുടെ കോൺഗ്രസിനെയും വി.ഡി. സതീശനെയും ഒക്കെ പരസ്യമായി ഉപദേശിക്കുന്നതും വിമർശിക്കുന്നതും ഞാൻ കണ്ടിരുന്നു. അതു കണ്ടപ്പോൾ എനിക്ക് ഷാജിറിനോടല്ല, നമ്മുടെ സ്വന്തം നേതാക്കളോട് സഹതാപം തോന്നിപ്പോയി!
കന്നാസ്: ആരോട്? നമ്മുടെ മുഖ്യമന്ത്രിക്കും കെ.പി.സി.സി പ്രസിഡണ്ടിനും തന്നെയല്ലേ? മുഖ്യമന്ത്രിയോടും കെ.പി.സി.സി പ്രസിഡണ്ടിനോടും തന്നെയാണ് ഈ എളിയവന്റെയും ചോദ്യം!
കടലാസ്: അതാണ്! പത്തു കൊല്ലം പ്രതിപക്ഷത്തിരുന്നപ്പോൾ ഈ പാർട്ടിക്ക് വേണ്ടി രാപ്പകലില്ലാതെ സമരം ചെയ്ത്, പൊലീസിന്റെ ലാത്തിച്ചാർജും വാട്ടർ പീരങ്കിയും വാങ്ങി, സഖാക്കളുടെ തല്ലും കൊണ്ട്, ജയിൽ ശിക്ഷ വരെ അനുഭവിച്ച് കഷ്ടപ്പെട്ട നൂറുകണക്കിന്, ആയിരക്കണക്കിന് യു.ഡി.എഫ്, കോൺഗ്രസ് പ്രവർത്തകർ പുറത്ത് തെരുവിൽ നിൽപ്പുണ്ട്!
കന്നാസ്: വിദ്യാഭ്യാസമമുള്ളവർ, വിവരമുള്ളവർ, ആർജ്ജവമുള്ളവർ, ജനങ്ങളുടെ മുന്നിൽ നന്നായി സംസാരിക്കാനും പ്രവർത്തിക്കാനും അറിയാവുന്ന എത്രയോ മിടുക്കന്മാർ നമ്മുടെ കൂട്ടത്തിലുണ്ട്!
കടലാസ്: ആണുങ്ങൾ മാത്രമല്ലല്ലോ, ആർജ്ജവമുള്ള എത്രയോ മികച്ച വനിതാ നേതാക്കൾ നമ്മുടെ പാർട്ടിക്കുള്ളിലുണ്ട്! ഡോ. സോയാ ജോസഫിനെപ്പോലെ, വീണ എസ്. നായരെപ്പോലെ... അങ്ങനെ എത്രയോ യോഗ്യതയുള്ളവർ പുറത്തുനിൽക്കുമ്പോൾ, ഭരണം കിട്ടി മാസങ്ങൾ കഴിഞ്ഞിട്ടും ഇതുപോലെയുള്ള ചെറിയ നിയമനങ്ങളിൽ പോലും ശ്രദ്ധ ചെലുത്താൻ നമ്മുടെ നേതൃത്വത്തിന് കഴിയുന്നില്ലെങ്കിൽ പിന്നെ എന്ത് പറയാനാണ്!കഷ്ടം എന്ന് പറയാൻ പോലും എന്റെ നാവ് അനുവദിക്കുന്നില്ല!
കന്നാസ്: ഇവിടെ നമ്മൾ വി.ഡി. സതീശൻ എന്ന വ്യക്തിയെയോ, വേറെ ആരെങ്കിലുമോ വ്യക്തിപരമായി അധിക്ഷേപിക്കുകയല്ല. പാർട്ടിയുടെ കെപിസിസി പ്രസിഡണ്ടിനെയും, കോൺഗ്രസിന്റെ കേരളത്തിലെ ഏറ്റവും വലിയ പദവിയായ മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്നവരെയുമാണ് നമ്മൾ ചോദ്യം ചെയ്യുന്നത്.
കടലാസ്: കൃത്യം! ഇതുപോലത്തെ ഗതികേട് കണ്ടുകൊണ്ടിരിക്കുമ്പോൾ, അത് ചൂണ്ടിക്കാണിച്ചു വിമർശിക്കാതെ,‘അയ്യോ നേതാവേ നിങ്ങൾ ചെയ്യുന്നത് ഒക്കെ സാക്ഷാൽ അമൃതാണെന്ന്’ പറഞ്ഞു സ്തുതി പാടാൻ ഞങ്ങൾക്ക് രക്തത്തിൽ അലിഞ്ഞിട്ടില്ല! അതിന് തൽക്കാലം ഉദ്ദേശിച്ചിട്ടുമില്ല!
കന്നാസ്: (ചായക്കടയുടെ മുന്നിലൂടെ മീശ പിരിച്ചു പോകുന്ന രണ്ടു സഖാക്കളെ നോക്കി) പിന്നെ... ഇതൊക്കെ കണ്ട് വായ പൊത്തിപ്പിടിച്ച് ഇളിച്ചുകൊണ്ട് ഇങ്ങോട്ട് വരുന്ന ചില സഖാക്കളോട് കൂടിയാണ് പറയാനുള്ളത്!
കടലാസ്: അതെ അതെ! നിങ്ങളുടെ നേതാക്കൾ നാട്ടിൽ എന്ത് വൃത്തികേട് കാണിച്ചാലും, ഉടുതുണി അഴിച്ച് തലയിൽ കെട്ടിയാലും, അതൊക്കെ 'പാർട്ടി തീരുമാനമാണ് സഖാവേ' എന്നും പറഞ്ഞ് കണ്ണുമടച്ച് ന്യായീകരിച്ച്,ഉടുമുണ്ടഴിച്ച് അരയിൽ കെട്ടി, ഓച്ഛാനിച്ച് നിന്ന് 'ഓ അംബ്ര... തമ്പ്രാ...' എന്ന് പറഞ്ഞ് അടിമകളായി ജീവിക്കാൻ കോൺഗ്രസുകാരെ കിട്ടില്ലെന്ന് ഓർക്കുന്നതാണ് നല്ലത്!
കന്നാസ്: ഞങ്ങൾക്ക് നട്ടെല്ലുണ്ട്! ഞങ്ങൾ ജീവിക്കുന്നതും പ്രവർത്തിക്കുന്നതും ഏതെങ്കിലും ഒരു പാർട്ടിയുടെ ഔദാര്യത്തിലോ അടിമത്വത്തിലോ അല്ല!
കടലാസ്: അതുകൊണ്ടുതന്നെ, ഞങ്ങളുടെ നേതാക്കൾക്കെതിരെ എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ,ഞങ്ങൾ ഇങ്ങനെ ഡി.സി.സി ഓഫീസിനു മുന്നിലെ കട്ടൻചായക്കടയിൽ ആയാലും ശരി, പൂരപ്പറമ്പിൽ കയറി നിന്ന് വിളിച്ചുപറയാനുള്ള ആർജ്ജവവും നട്ടെല്ലും ഞങ്ങൾക്കുണ്ട്! അത് ഞങ്ങളുടെ ശൈലിയാണ്. അതില്ലാത്തവർ ജീവിതാവസാനം വരെ അടിമകളായി തുടരും... അതിനെയാണ് ഞങ്ങൾ ആത്മാഭിമാനമില്ലായ്മ എന്ന് വിളിക്കുന്നത്!
കന്നാസ്: (ചായ ഗ്ലാസ് മേശപ്പുറത്ത് വെച്ച് ഗൗരവത്തിൽ) ശരിയാണ് കടലാസേ... ഭരണം കിട്ടിയിട്ടും പഴയ കമ്മീഷൻ ചേച്ചിമാരും ഡിവൈഎഫ്ഐ നേതാക്കളും കസേരകളിൽ തന്നെ ഇരുന്നോട്ടെ, നമ്മൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. കാരണം, കോൺഗ്രസുകാരന്റെ നട്ടെല്ല് ആരുടെ മുന്നിലും വളയുന്നതല്ല!
ഔഷധിയിലെ ചെമ്പരത്തിപ്പൂക്കളെ ഓർമ്മിച്ചുകൊണ്ട് തത്ക്കാലം എല്ലാം നിര്ത്തുന്നു .
(രണ്ടുപേരും ചായക്കടക്കാരൻ ചേട്ടന് പൈസയും കൊടുത്ത് ഗാംഭീര്യത്തോടെ ഡി.സി.സി ഓഫീസിലേക്ക് തിരിഞ്ഞു നടക്കുന്നു.)
KANNASUM KADALASUM : MOHAN APPA





