വല്ലപ്പോഴും വരുമെന്ന് പ്രതീക്ഷിച്ചിരിക്കേണ്ട ഒരു യുദ്ധത്തിന് വേണ്ടിയാണ് ഇന്ത്യയും അതുപോലെയുള്ള മഹാരാജ്യങ്ങളും ഇത്രയധികം വെറും ആറുലക്ഷത്തി എൺപത്തിയൊന്നായിരം കോടിയാണ് പട്ടാളത്തിനും അതുമായി ബന്ധപ്പെട്ട പ്രതിരോധ സംവിധാനങ്ങൾക്കും വേണ്ടി നാം പ്രതിവർഷം ചിലവാക്കിക്കൊണ്ടിരിക്കുന്നത് . നമ്മുടെ ജീവിതത്തിൽ ആകെ ഒന്നോ രണ്ടോ യുദ്ധമാണ് ഇതുവരെ നേരിട്ടിട്ടുള്ളത് . എന്തുകൊണ്ടാണ് ഇത്രയും പണം നാം സുരക്ഷക്കായി ചിലവാക്കുന്നത് ? . ഇവിടെയാണ് നാം പറഞ്ഞുവരുന്ന ജീവിത യാഥാർഥ്യങ്ങൾ . ഒരു വ്യക്തി കച്ചവടപരമായോ , രാഷ്ട്രീയപരമായോ ,സാമൂഹികപരമായോ , സാംസ്‌കാരികപരമായോ ഉയരങ്ങളിലേക്ക് കുതിക്കുമ്പോൾ അവരവരുടെ ജീവിത രീതികൾ മാറുന്നതനുസരിച്ചുകൊണ്ട് അവരുടെ സുരക്ഷ, അവർക്കെതിരെയുള്ള ശത്രുക്കൾ , അവരുടെ കച്ചവടത്തിലെ എതിരാളികൾ , രാഷ്ട്രീയത്തിൽ വീഴ്ചകൾ തക്കം പാർത്തിരിക്കുന്നവർ എല്ലാം ജാഗരൂകമായി വീക്ഷിക്കേണ്ടതുണ്ട് .

അതിന്നായി എപ്പോഴും വിശ്വസ്തരായ നല്ല ശക്തിയും ബുദ്ധിയുമുള്ള ഉപദേശകൻ , നിയമം പഠിച്ചവർ , ചാണക്യ തന്ത്രങ്ങൾ അറിയുന്നവർ കൂടെ വേണം . അതിന്നായി സമ്പാദ്യത്തിന്റെ അഞ്ചോ പത്തോ ശതമാനം ചിലവഴിക്കേണ്ടി വന്നേക്കാം . അതുപോലെ ആത്മാർഥമായി പാവങ്ങളെ സഹായിക്കുകയും വേണം . ദാനധർമ്മങ്ങൾ ആപത്തുകളെ തടയും എന്നാണ് നബിവചനം .

ബിസ്ക്കറ്റ് രാജാവ് രാജൻപിള്ളയെ കച്ചവടത്തിന്റെ ചതികളിൽ പെട്ട് തിഹാർ ജയിലിലേക്ക് അയച്ചപ്പോൾ അദ്ദേഹത്തിന്റെ കരളിന് അസുഖം ബാധിച്ചിരുന്നു . തിഹാർ ജയിലധികൃതർ അദ്ദേഹത്തെ സഹായിക്കാമെന്ന ഉറപ്പുമായി ജയിലിലെ ദൂതന്മാർ മുഖേന രാജൻ പിള്ളയുടെ വീട്ടുകാരുടെ അടുത്തെത്തി . അവർ ആകെ ആവശ്യപ്പെട്ടത് രണ്ടു ലക്ഷം രൂപ വില വരുന്ന ഒരു മാരുതി 800 കാറായിരുന്നു . അത് കൊടുക്കാൻ കൂട്ടാക്കാതെ വീട്ടുകാർ അവരെ തിരിച്ചയപ്പോൾ അദ്ദേഹത്തിന്റെ മരുന്നുകളും സൗകര്യങ്ങളും ഒക്കെ വെട്ടിച്ചുരുക്കി . അവസാനം ആ മനുഷ്യൻ ജയിലിനുള്ളിൽ മരണത്തിന് കീഴടങ്ങി . ഈ വക നുള്ളി പിശുക്കുകൾ കാണിക്കുമ്പോഴാണ് എത്ര സമ്പാദിച്ചവനായാലും അവസാന കാലങ്ങൾ ഇങ്ങനെയുള്ള ദുരവസ്ഥകളിലേക്ക് എത്തിപ്പെടുന്നത് . തൃശൂർ ജില്ലയിലെ ഒരു കുന്നംകുളത്തുകാരനെ പെട്ടെന്ന് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . നൂറോളം ഏക്കർ തെങ്ങുംപറമ്പിന്റെ ഉടമസ്ഥനാണ് ആ മുതലാളി . പരിശോധന ഒക്കെ കഴിഞ്ഞപ്പോൾ ഡോക്ടർ നിർദ്ദേശിച്ചു എന്നും രാവിലെയും വൈകീട്ടും കരിക്കിൻ വെള്ളം കുടിക്കണമെന്ന് . അങ്ങനെ ആദ്യമായി ആ മനുഷ്യൻ കരിക്കിൻ വെള്ളം കുടിച്ചപ്പോൾ അയാൾ പറയുകയാണ് '' ഈ വെള്ളം ഇത്രേം രസമുള്ളതായിരുന്നോ '' എന്ന് . നൂറോളം ഏക്കറിൽ തെങ്ങുകൾ ഉണ്ടായിട്ടും ഒരു കരിക്ക് പോലും കുടിക്കാതെ ജീവിതം തള്ളി നീക്കിയ ആ കുന്നംകുളത്തുകാരനെ പോലെ എത്രയോ മുതലാളിമാർ ജീവിതം മുഴുവൻ തുപ്പലിറക്കി കൊണ്ട് ജീവിക്കുന്നു . പിന്നീട് വരുന്ന അവരുടെ മക്കൾ എല്ലാം എടുത്തിട്ടടിച്ചു ചിലവാക്കുന്നത് കാണുമ്പൊൾ കട്ടിലിൽ കിടന്ന് മോങ്ങുകയല്ലാതെ വേറെ നിർവാഹമില്ല .

ഇത്രയൊക്കെ പറയുവാൻ കാരണം , ഇക്കഴിഞ്ഞ ദിവസം സ്വയം വെടിവെച്ചുകൊണ്ട് ജീവിതം തുലച്ച അമ്പത്തിയേഴുകാരൻ റോയ് സിജെ യെ കുറിച്ച് ഓർക്കുമ്പോഴാണ് . കഥ തിരക്കഥ സംഭാഷണം സംവിധാനം എല്ലാം ഒരാൾ തന്നെ ചെയുന്നത് പോലെയാണ് അദ്ദേഹം കാര്യങ്ങൾ ചെയ്തു പോന്നിരുന്നത് . ഒരു നല്ല സെക്രട്ടറിയോ , ഒരു നല്ല നിയമോപദേശകനോ , ഒരു നല്ല ആരോഗ്യ ഉപദേശകനോ , പെട്ടെന്ന് ഒരു പ്രശ്നം വന്നാൽ കൂടെ നിൽക്കാവുന്ന ഒരു ഒരു നല്ല സ്നേഹിതനോ ഇവർക്ക് ഉണ്ടാകണമെന്നില്ല .

അതുപോലെ സ്വപ്രയത്നത്തിൽ കരകയറിയ ഒട്ടുമിക്ക മുതലാളിമാരും കൂടപ്പിറപ്പുകളുമായി അകൽച്ചയിലായിരിക്കും . മിക്കവാറും കാരണക്കാർ ഭാര്യമാർ തന്നെ . ഒരു സെൽഫിഷ് സ്വഭാവക്കാരനായിരുന്നു റോയ് , അതുകൊണ്ടു തന്നെയാണ് ആ ഈഗോയിൽ സ്വയം ജീവൻ എടുത്തതും . അല്ലെങ്കിൽ പത്തോ അമ്പതോ നൂറോ കോടി കൈക്കൂലിയായോ നേരിട്ട് പിഴയടച്ചോ തീർക്കാവുന്ന പ്രശനമല്ലേ ഉണ്ടായിരുന്നുള്ളൂ . കൊലപാതക്കേസോ മയക്കുമരുന്ന് കേസോ ഒന്നും ആയിരുന്നില്ലല്ലോ .

അവർ ജയിച്ചു ജയിച്ചു കയറുമ്പോൾ എല്ലാം അവരുടെ കഴിവുകളാണെന്നുള്ള മൂഢ സ്വർഗ്ഗത്തിൽ പലരും വന്ന വഴികൾ മറക്കുന്നു . അവർക്കുള്ള ഐശ്വര്യം ഒന്നുകിൽ അവരുടെ മാതാവിന്റെയോ പിതാവിന്റെയോ അനുഗ്രഹവും അവർ ചെയ്തുകൂട്ടിയ നന്മകൾക്കുള്ള പ്രതിഫലവും ആണെന്ന് കരുതുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ട് പോയിരിക്കും .

സൗദിയയിലെ ക്ലിനിക്ക് ഉടമയെ ഒക്കെ ഭാര്യവീട്ടുകാരും ബന്ധുക്കളും ചേർന്ന് വീട്ടിൽ കെട്ടിയിട്ടത് കുറെ പേർക്കെല്ലാം അറിയാവുന്ന സത്യങ്ങൾ . കലാഭവൻ മണിയുടെ അവസാന കാലഘട്ടങ്ങളും നാം അറിഞ്ഞതാണ് . അറ്റ്ലസ് രാമചന്ദ്രനോട് നൂറു വട്ടം പറഞ്ഞതാണ് ഇത്രേം പണമുള്ളപ്പോൾ നല്ല ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുവാൻ . അല്ലാതെ ഈ മീഡിയക്കാരെയും , സിനിമക്കാരെയും മാത്രം കൂട്ടുകാരാക്കി നടന്നാൽ പോരാ എന്ന് . ഒരു പ്രശ്നം വന്നാൽ സഹായിക്കുവാൻ ഒരു ടീം എപ്പോഴും ഉണ്ടാക്കിയെടുക്കണം. യുസഫലിക്ക ലോകത്തു ഇവിടെ ചെന്നാലും അവിടത്തെ ഒന്നമനോ രണ്ടാമനോ ആയിട്ടായിരിക്കും അദ്ദേഹത്തിന്റെ ഇടപാടുകൾ ആരംഭിക്കുക .സാധാരണ കുടുംബത്തിൽ ജനിച്ചു കൊണ്ട് സാധാരണ സർക്കാർ സ്‌കൂളിൽ മലയാളം മീഡിയത്തിൽ പഠിച്ച അദ്ദേഹം സൗദിയയിൽ സൗദി രാജാവുമായും യുപിയിൽ അവിടത്തെ മുഖ്യമന്ത്രിയുമായും ആസ്‌ട്രേലിയയിൽ അവിടത്തെ പ്രധാനമന്ത്രിയുമായും കൂട്ടുകെട്ട് ഉണ്ടാക്കിയാണ് സാമ്രാജ്യം വളർത്തുന്നത് .

ഹെലികോപ്റ്റർ അപകടത്തിൽ പെട്ടപ്പോൾ പ്രത്യേക വിമാനമയച്ചത് യുഎഇ പ്രസിഡന്റാണ് . അതുപോലെ ജോയ് ആലുക്കാസ് മധുരയിൽ സ്റ്റാലിന്റെ സഹോദരൻ അഴഗിരിയുമായി കൊമ്പ് കോർത്തപ്പോൾ ബന്ധങ്ങളുടെ ആഴം കാണിച്ചുകൊടുത്തു . അഴഗിരി യുടെ ജീവിതത്തിൽ തന്നെ ആദ്യമായി മുട്ടുകുത്തിയത് ജോയേട്ടന്റെ അടുത്തായിരിക്കും . ഒരാൾ കച്ചവടം ആരംഭിച്ചു കഴിഞ്ഞാൽ ലേശം പരസ്യമൊക്കെ കൊടുത്തു തുടങ്ങിയാൽ ഒട്ടുമിക്ക മാധ്യമക്കാരും ഇവെന്റുകാരും സെലിബ്രിറ്റികളും റേഡിയോക്കാരും ഒക്കെ ഇവരുടെ കൂടെ പറ്റിക്കൂടും .

അവരെക്കൊണ്ട് ആവശ്യമുള്ളയിടത്തും ഇല്ലാത്തയിടത്തും പണം ചിലവഴിപ്പിച്ചുകൊണ്ട് അവരെ അവരറിയാതെ പ്രാഞ്ചിയേട്ടന്മാരാക്കി മാറ്റിയെടുക്കും . ഒരു ഇവന്റ് എങ്ങാനും സ്പോൺസർ ചെയ്തത് കണ്ടാൽ പിന്നെ ഇപ്പറഞ്ഞ മുതലാളിമാർക്ക് ഫോൺ എടുക്കാനേ സമയം കാണൂ .ഇതിന്നിടയിൽ ഇവരിലും ലേശം സുഖം കയറിത്തുടങ്ങും . ആളുകൾ തിരിച്ചറിയുന്നത് കാണുമ്പൊൾ ഇവരിലും ലേശം ലഡ്ഡുകൾ പൊട്ടിത്തുടങ്ങും . പിന്നെ ഇവിടെ പണം വീശണം ഇവിടെ വീശരുത് എന്നത് കൈവിട്ടു പോകും . പ്രത്യേകിച്ച് ദുബായ് പോലൊരു നഗരത്തിൽ ആളുകളിൽ എത്തിപ്പെടുവാൻ വളരെ എളുപ്പമാണ് .

ദുബായ് പോലെ ഗൾഫ് മണ്ണിൽ കച്ചവടം ചെയുമ്പോൾ , വളരെ അച്ചടക്കത്തോടെ കച്ചവടം ചെയ്തുപോയാൽ അധികം ആരുടെയും ''കണ്ണിൽ പെടാതെയും കണ്ണേർ പെടാതെയും'' സൂക്ഷിച്ചാൽ കുറെയധികം നാൾ ജീവിച്ചുപോകാം .

ഇവിടെയുള്ള വഹാബിനും വികെ അഷ്‌റഫിനും സണ്ണി വർക്കിക്കും രവി പിള്ളക്കും ആസാദ് മൂപ്പനും ഒക്കെ ഒരു പറമ്പ് മുഴുവൻ കാറുകൾ വാങ്ങിക്കൂട്ടി ജനത്തെ ഞെട്ടിച്ചു ജീവിക്കാം . അവരൊക്കെ അവർക്ക് ആവശ്യമുള്ള വസ്തുക്കൾ മാത്രമേ വാങ്ങിക്കൂട്ടുന്നുള്ളൂ , കാർ ആയാലും ഹെലികോപ്റ്റർ ആയാലും . എന്നാലും ഇവരുടെയൊക്കെ ഓരോരോ നീക്കങ്ങളും നാട്ടിലെ ഇ ഡിയും , ഇൻകം ടാക്സുകാരും , ഫെമയും ഒക്കെ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്നതും കാണാം . ജോയ് ആലുക്കാസിന്റെ വീട്ടിലെയും സ്ഥാപനങ്ങളിലെയും റെയ്ഡുകൾ നാം കണ്ടതല്ലേ !!

ഏതോ കിഴക്കൻ യൂറോപ്പിൽ നിന്നും എത്തിയ വലിയ ഒരു തുക , പല വിധത്തിൽ വെളുപ്പിച്ചുകൊണ്ട് കൊച്ചിയിൽ എത്തിയെന്നുള്ള കണ്ടെത്തലിലാണ് റോയ് നിരീക്ഷണത്തിൽ ആയത് എന്നാണ് അറിയുവാൻ കഴിയുന്നത് . സാധാരണയായി ഇന്ത്യയിൽ നിന്നുമാണ് കള്ളപ്പണം വിദേശത്തേക്ക് കടത്തുന്നത് എന്നതാണ് നമ്മളൊക്കെ കേട്ട് കൊണ്ടിരിക്കുന്നത് . ഇതിപ്പോൾ റിവേഴ്സിലാണ് സംഭവിച്ചത് എന്നും ഒട്ടുമിക്ക റിയൽ എസ്റ്റേറ്റ് കമ്പനികളിലും ഡെവലപ്പേഴ്സിന്റെ ഇടയിലേക്കും നമ്മുടെ നാടിന്റെ ചാരക്കണ്ണുകൾ സാധാരണ ബ്രോക്കർമാരായോ മാനേജർമാരായോ ഒക്കെ കയറിപ്പറ്റുന്നു എന്നതും അവർ മനസ്സിലാക്കി പ്രവർത്തിക്കേണ്ടതുണ്ട് . ആയതിനാൽ രാജ്യദ്രോഹപരമായ കാര്യങ്ങളിൽ ഏർപ്പെടാതെ ഉള്ളതുകൊണ്ട് ഓണം പോലെ എന്ന മട്ടിൽ ജീവിച്ചാൽ കുറെ നാൾ കൂടി സൂര്യോദയം കാണാം !! തിളക്കങ്ങളിൽ മയങ്ങാതെ കച്ചവടം ചെയ്‌താൽ കുറെ നാളുകൾ മനസ്സമാധാനം എന്ന് ദാസനും

ചെറുപ്പക്കാരായ കച്ചവടക്കാർ ലേശം ശ്രദ്ധിക്കണമെന്ന ഉപദേശത്താൽ വിജയനും