യൂത്ത് കോൺഗ്രസിന്റെ അതിജീവനവും പോരാട്ടവീര്യവും !

കേരള രാഷ്ട്രീയ ചരിത്രത്തിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർ കഴിഞ്ഞ പത്തു വർഷമായി കടന്നുപോകുന്നത് നരകതുല്യമായ വേട്ടയാടലുകളിലൂടെയാണ്. 2016-ന് ശേഷം സംസ്ഥാനത്തുണ്ടായ ഓരോ അഴിമതികൾക്കും സ്വർണ്ണക്കടത്ത് വിവാദങ്ങൾക്കുമെതിരെ തെരുവിലിറങ്ങിയ യുവജനതയെ ലാത്തികൊണ്ടും കള്ളക്കേസുകൾ കൊണ്ടും അടിച്ചമർത്താനാണ് സർക്കാർ ശ്രമിച്ചത്. ജിഷ്ണു പ്രണോയ് സമരകാലം മുതൽ നാം കണ്ടത് കേരള പോലീസിന്റെ ക്രൂരമായ മുഖമാണ്. ഓരോ സമരമുഖത്തും സാധാരണക്കാരായ പ്രവർത്തകരുടെ തല തല്ലിപ്പൊളിക്കുന്ന പോലീസിനെതിരെ ഷാഫി പറമ്പിലും ശബരീനാഥും വി.ടി. ബൽറാമും ഉൾപ്പെടെയുള്ള നേതാക്കൾക്ക് പലപ്പോഴും നേരിട്ട് ഏറ്റുമുട്ടേണ്ടി വന്നു. അടൂരിലെ കണ്ണനെപ്പോലെയുള്ള ആത്മാർത്ഥരായ പ്രവർത്തകർ ഏറ്റുവാങ്ങിയ മർദ്ദനമേറ്റ പാടുകൾ ഈ പോരാട്ടത്തിന്റെ അടയാളങ്ങളായി ഇന്നും അവശേഷിക്കുന്നു.

രക്തസാക്ഷികളുടെ ഓർമ്മകളും തളരാത്ത പോരാട്ടവീര്യവും

പോലീസിന്റെ ലാത്തിയടികൾക്ക് പുറമെ, സി.പി.എമ്മിന്റെ കൊലക്കത്തിക്ക് ഇരയായ പ്രിയപ്പെട്ട സഹപ്രവർത്തകരുടെ ഓർമ്മകൾ ഓരോ കോൺഗ്രസ്സുകാരന്റെയും ഉള്ളിൽ നീറുന്ന മുറിവായി നിലനിൽക്കുന്നു. മട്ടന്നൂരിലെ ഷുഹൈബിനെ പച്ചയ്ക്ക് വെട്ടിക്കൊന്നതും, കാസർഗോട്ടെ ആ പാവം യുവാക്കളായ കൃപേഷിനെയും ശരത് ലാലിനെയും തീർത്തുകളഞ്ഞതും ഒരു കോൺഗ്രസ്സുകാരനും ഒരിക്കലും മറക്കില്ല. ഈ രക്തസാക്ഷികളുടെ വിയർപ്പും ചോരയും വീണ മണ്ണിൽ നിന്നാണ് ഓരോ യൂത്ത് കോൺഗ്രസ് പ്രവർത്തകനും ഇന്നും പോരാടാനുള്ള കരുത്ത് ആർജ്ജിക്കുന്നത്. കൊലക്കത്തി കൊണ്ട് രാഷ്ട്രീയത്തെ നേരിടുന്നവർക്കെതിരെ നെഞ്ചുവിരിച്ചു നിൽക്കുന്ന യുവത്വമാണ് കോൺഗ്രസിന്റെ കരുത്ത്.

സ്ത്രീപക്ഷ പോരാട്ടങ്ങളും പോലീസിന്റെ അമിതാധികാരവും

സ്ത്രീപക്ഷ പോരാട്ടങ്ങളിലും കേരളം കണ്ടത് പോലീസിന്റെ ഭീകരമായ മർദ്ദനമുറകളാണ്. മണലൂരിലെ അരിമ്പൂർ സ്വദേശി ശില്പ എന്ന കെ.എസ്.യു പ്രവർത്തക സെക്രട്ടറിയേറ്റ് മതിൽ ചാടിക്കടന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെത്തിയ ധീരമായ സംഭവം ഇന്നും രാഷ്ട്രീയ കേരളം അത്ഭുതത്തോടെ ഓർക്കുന്നു. അരിതാ ബാബുവും മിവ ജോളിയും ഉൾപ്പെടെയുള്ള വനിതാ നേതാക്കളും പോലീസിന്റെ ക്രൂരമായ ലാത്തിയടിക്ക് വിധേയരായി. പോലീസിനുള്ളിൽ ഡി.വൈ.എഫ്.ഐക്കാരെയും ഇടത് അനുകൂലികളായ ജിം ട്രെയിനർമാരെയും കുത്തിനിറച്ച് സമാന്തരമായ ഒരു ഗുണ്ടാപ്പടയെ വളർത്താനാണ് സർക്കാർ ശ്രമിച്ചതെന്ന ആക്ഷേപം ഈ കാലയളവിൽ ശക്തമായിരുന്നു.

രക്ഷാപ്രവർത്തനമെന്ന ക്രൂരതയും വിമാനത്തിലെ പ്രതിഷേധവും

നവകേരള സദസ്സിനിടെയുണ്ടായ 'രക്ഷാപ്രവർത്തനം' എന്ന പുതിയ പ്രയോഗം കേരളത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ പരിഹസിക്കുന്നതായിരുന്നു. മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്സുകാരെ ചെടിച്ചട്ടികൊണ്ടും ഹെൽമെറ്റ് കൊണ്ടും തല്ലിച്ചതച്ച സി.പി.എം ഗുണ്ടകളെ മുഖ്യമന്ത്രി പരസ്യമായി ന്യായീകരിച്ചു. വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം വിളിച്ച മട്ടന്നൂരിലെ ഫർസീൻ മജീദ്, കണ്ണൂരിലെ നവീൻ കുമാർ എന്നിവർക്കെതിരെ തീവ്രവാദ കുറ്റം ചുമത്താനായിരുന്നു നീക്കം. ഈ സംഭവത്തിൽ ഗൂഢാലോചന ആരോപിച്ച് മുൻ എം.എൽ.എ കെ.എസ്. ശബരീനാഥിനെ അറസ്റ്റ് ചെയ്തതും സുനിത് നാരായണനെ പ്രതിയാക്കിയതും രാഷ്ട്രീയ പകപോക്കലിന്റെ പാരമ്യമായിരുന്നു.

നിരോധനങ്ങളുടെ ഭരണകൂടവും വേട്ടയാടപ്പെടുന്ന ജനപ്രതിനിധികളും

മുഖ്യമന്ത്രിയുടെ ഭയം കാരണം കേരളം കണ്ടത് കറുത്ത വസ്ത്രങ്ങൾക്കും കുടകൾക്കും ബാഗുകൾക്കും ഏർപ്പെടുത്തിയ വിചിത്രമായ നിരോധനമാണ്. കരിങ്കൊടിയുടെ പേരിൽ ആയിരക്കണക്കിന് യുവാക്കളെ അന്യായമായി തടങ്കലിൽ വെച്ചു. കഴിഞ്ഞ വർഷം വടകര എം.പിയുടെ മുഖത്ത് പോലീസ് ലാത്തികൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച സംഭവം നിയമസഭയെപ്പോലും പിടിച്ചുലച്ചു. പോലീസിനെ ദുരുപയോഗം ചെയ്ത് യുവനേതാക്കൾക്കെതിരെ കള്ളക്കേസുകളും നീചമായ 'പെണ്ണുകേസുകളും' പ്ലാൻ ചെയ്തുകൊണ്ട് അവരുടെ രാഷ്ട്രീയ ഭാവി നശിപ്പിക്കാൻ ആസൂത്രിതമായ നീക്കങ്ങൾ അരങ്ങേറി.

അധികാരമോഹങ്ങൾക്കപ്പുറം അണികളുടെ അതിജീവനം

ഇത്രയേറെ നരകയാതനകൾ അനുഭവിച്ച ഈ സാധാരണ പ്രവർത്തകർ ഇന്ന് കാത്തിരിക്കുന്നത് ഒരു ഭരണമാറ്റത്തിനാണ്. സ്വന്തം ജീവിതവും ആരോഗ്യവും പാർട്ടിക്ക് വേണ്ടി ഹോമിച്ച ഈ യുവാക്കളുടെ വിയർപ്പിനും ചോരയ്ക്കും വിലയുണ്ടെന്ന് നേതൃത്വം തിരിച്ചറിയണം. ഗ്രൂപ്പ് വൈരാഗ്യങ്ങളും അധികാരമോഹങ്ങളും കാരണം അർഹമായ വിജയസാധ്യതകൾ നേതാക്കൾ നഷ്ടപ്പെടുത്തരുത് എന്നതാണ് അണികളുടെ ഏക അപേക്ഷ. ഈ പോരാളികളുടെ ത്യാഗത്തിന് മുകളിലാണ് കോൺഗ്രസിന്റെ തിരിച്ചുവരവ് സാധ്യമാകേണ്ടതെന്ന് ഓരോ നേതാവും ഓർമ്മിക്കേണ്ടതുണ്ട്.

തലക്കടിച്ച പോലീസുകാരെല്ലാം ചെവിയിൽ നുള്ളിക്കോ എന്ന് യൂത്ത് നേതാവ് ദാസനും

പോലീസ് വേഷത്തിലറങ്ങിയ ഗുണ്ടകളെയും വെറുതെ വിടില്ല എന്ന ഉറപ്പിൽ യൂത്ത് നേതാവ് വിജയനും