ജി സുധാകരൻ എന്ന നല്ല കമ്മ്യുണിസ്റ്റ് , ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന അല്ലെങ്കിൽ കേരളത്തിൽ ഇപ്പോഴുള്ള കമ്മ്യുണിസ്റ്റുകളിൽ ഏറ്റവും അവസാനത്തെ ഒറിജിനൽ കമ്മ്യുണിസ്റ്റാണ് ആലപ്പുഴയുടെ ജി സുധാകരൻ .
സ്‌കൂൾ ജീവിതത്തിൽ അക്ഷരശ്ലോകത്തിനും കവിതകൾക്കും കവിതാ പാരായണത്തിനും പ്രസംഗങ്ങൾക്കും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സുധാകരൻ മന്ത്രിയായിരുന്നപ്പോഴും ആ കലാവാസനയെ മറന്നില്ല എന്നതാണ് ആ മനുഷ്യനിലെ വ്യക്തിത്വം .
കേരളത്തിലെ ഇടതുപക്ഷ മന്ത്രിമാരിൽ കൈക്കൂലി വാങ്ങാത്ത , മറ്റുള്ള കമ്മീഷൻ ഇടപാടുകളിൽ കൈവെക്കാത്ത , സാഹചര്യങ്ങൾ ഉണ്ടായിട്ടും പാർട്ടിയുടെ മൗന സമ്മതം ഉണ്ടായിട്ടും സ്വന്തം കൈകളിൽ കറ പുരളാത്ത അദ്ദേഹത്തിന് അതിന്റെ മാത്രം പേരിലാണ് ഇത്രയധികം ശത്രുക്കൾ പാർട്ടിയിൽ നിന്നും ഉണ്ടായത് .
ഐഎഎസ് കാരെ മുഖത്ത് നോക്കി അധിക്ഷേപിക്കുന്ന കാര്യങ്ങൾ വിഎസ് മന്ത്രി സഭയിലും പിന്നീട് പിണറായി മന്ത്രി സഭയിലും വെച്ച് പറയുവാൻ ധൈര്യം കാണിച്ച സഖാവ് എന്നതിൽ അദ്ദേഹത്തിന് അഭിമാനിക്കാം .
മന്ത്രി സജി ചെറിയാനിൽ തുടങ്ങിയ അങ്കം പിന്നീട് സലാമിലും ആരിഫിലും പ്രതിഫലിച്ചപ്പോൾ പിണറായി വിജയൻ ജി സുധാകരനെ കൈവിടാൻ പാടില്ലായിരുന്നു . വിഎസ് ഭരണത്തിൽ അദ്ദേഹം പിണറായിയുടെ കൂടെ നിലനിന്നത് അദ്ദേഹം മറക്കരുതായിരുന്നു .
ആലപ്പുഴയിലെ പാർട്ടിയുടെ എല്ലാമെല്ലാമായി സജി ചെറിയാനെ പിണറായി അവരോധിച്ചപ്പോൾ നല്ല സഖാക്കളെ അവർ കൈവിടുകയായിരുന്നു . കാരണം അവർക്ക് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ആളുകളെയായിരുന്നു .
വിഎസ് മന്ത്രിസഭയിൽ സഹകരണ - ദേവസ്വം -കയർ വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം സഹകരണ വകുപ്പിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട് . കൂടാതെ അന്നൊന്നും ദേവസ്വം ബോർഡിൽ കയറി കളിക്കുവാൻ ഒരു പോറ്റിയെയും തന്ത്രിയെയും പത്മകുമാറിനെയും അനുവദിച്ചിരുന്നില്ല .
സഹകരണ ബാങ്കുകൾക്ക് ഒരു പെരുമാറ്റ ചട്ടം കൊണ്ടുവന്നതും അദ്ദേഹമായിരുന്നു . പിന്നീട് വന്ന മന്ത്രിസഭയിൽ ആയിരുന്നു സഖാക്കൾ കരുവന്നൂർ ബാങ്കും അതുപോലെയുള്ള സഹകരണസംഘങ്ങളും കൊള്ളയടിച്ചത് .
പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്തിരുന്ന പിണറായി മന്ത്രിസഭയിൽ ചില കോൺട്രാക്ടർമാർ ഇറിഗേഷൻ പ്രോജക്ടുകളിലും മറ്റുള്ള ചെറിയ പാലങ്ങൾ , പ്രോജക്ടുകൾ ചെയ്തിരുന്നവർ കടും വെട്ടുകൾ വെട്ടിയപ്പോൾ മന്ത്രി സുധാകരൻ അവരുടെ പേരുകൾ സഹിതം ഫേസ്‌ബുക്കിൽ പോസ്റ്റുകൾ ചെയ്തിരുന്നു .
അവരെ കരിമ്പട്ടികയിൽ പെടുത്തിയ ദേഷ്യത്തിന് ആ ലോബി ആലപ്പുഴയിലെ മറ്റുള്ള നേതാക്കളെ കൂട്ടുപിടിച്ചുകൊണ്ട് സമാന്തരമായി സുധാകരനെതിരെ പടപ്പുറപ്പാടുകൾ ചെയ്തുകൊണ്ടിരുന്നു . മിക്കവാറും സമയങ്ങളിൽ ഡൽഹിയിൽ ആയിരുന്നു ഗൂഢാലോചനകൾ നടന്നുവന്നത് . ആ ലോബിയാണ് ഇന്നിപ്പോൾ ആലപ്പുഴയിലെ പാർട്ടിയുടെ അന്തകരായി മാറിയത് .
ഈ ഗൂഢാലോചന സംഘമായിരുന്നു മുൻ പൊതുമരാമത്ത് മന്ത്രിയെ കളമശ്ശേരി പാലത്തിന്റെ പേരിൽ വിജിലൻസ് കോടതിയിൽ കേസുകൾ കൊടുപ്പിച്ചതും അവസാനം ആ പാവം മന്ത്രിയെ അഴിക്കുള്ളിൽ ആക്കിയതും . അന്ന് ക്യാൻസർ അസുഖം ബാധിച്ചിരുന്ന മന്ത്രി ആശുപത്രി കിടക്കയിൽ വെച്ചായിരുന്നു മരണത്തെ സ്വീകരിച്ചത് .
പാലാരിവട്ടം സംഭവത്തിന്റെ മുഖ്യ കാർമ്മികത്വം വഹിച്ചയാളുകളാണ് പിന്നീട് സുധാകരന്റെ നേരെ തിരിഞ്ഞതും അദ്ദേഹത്തെ ഇതുപോലെ ഒരു അവസ്ഥയിലേക്ക് എത്തിച്ചതും .
സിപിഎം എന്ന പാർട്ടിയുടെ അപചയത്തെയാണ് ഈ കാര്യങ്ങൾ സൂചിപ്പിക്കുന്നത് . നാടിനെ കൊള്ള ചെയ്തവർ , പാലം പണികളിൽ വെട്ടിപ്പ് നടത്തിയവർ സുഖലോലുപരായി നാട്ടിൽ ഉന്നത സ്ഥാനങ്ങളിൽ വിലസുമ്പോൾ അതിന് കൂട്ടുനിൽക്കാത്തവരെ ഒറ്റപ്പെടുത്തുന്ന , അല്ലെങ്കിൽ സമൂഹത്തിൽ അവരെ നശിപ്പിച്ചു കാണിക്കുന്ന പ്രവണത വരുത്തി വെക്കുന്നത് .
അവരിപ്പോഴും കേരളത്തിലെ പ്രമാണിമാരായി വിലസുമ്പോൾ സുധാകരൻ പോലുള്ള നന്മയുള്ള ഒറിജിനൽ സഖാക്കൾ പാർട്ടിയുടെ ആട്ടും തുപ്പുമേറ്റ് തിക്താനുഭവങ്ങളാൽ ജീവിച്ചു പോകുന്നു .
ജി. സുധാകരന്റെ സാഹിത്യസംഭാവനകൾ അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം പോലെതന്നെ സജീവമാണ്. 'ആരാണ് നീ ഒബാമ', 'ഉണ്ണി മകനേ മനോഹര', 'സന്നിധാനത്തിലെ കഴുതകൾ', 'പൂച്ചേ പൂച്ചേ', 'നേട്ടവും കോട്ടവും', 'ഭൂമിക്ക് മരണമില്ല', 'നവയുഗ പുത്രൻ' തുടങ്ങിയ കവിതകൾ വായനക്കാർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടവയാണ്.
കവിതകൾക്ക് പുറമെ, നിയമസഭയിലെ പ്രസംഗങ്ങൾ ക്രോഡീകരിച്ച 'കനൽവഴിയിൽ കരിപുരളാതെ', പ്രവാസലോകത്തെ അടയാളപ്പെടുത്തിയ 'അറേബ്യൻ പണിക്കർ', ഭാരതീയ ചിന്തകൾ പങ്കുവെക്കുന്ന 'ഇന്ത്യയെ കണ്ടെത്തൽ', എന്നീ പുസ്തകങ്ങളും അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്ന ശ്രദ്ധേയമായ കൃതികളാണ്.
കേരളപ്പിറവി നാളായ നവമ്പർ ഒന്നിന് ജനിച്ച നവനീതത്തിലെ ഗോപാലക്കുറുപ്പിന്റെ മകൻ സുധാകരനൊപ്പം കേരളം !!!
ശരിക്കും ആ ഇരുണ്ടകാലം എന്നായിരുന്നു എന്ന് ഓർത്തിട്ട് ഒരു പിടുത്തവും കിട്ടുന്നില്ലെന്ന് അമ്പലപ്പുഴ ദാസനും
എന്നിട്ടും മൂന്നാം പിണറായി സർക്കാർ പ്രവചിച്ചുകൊണ്ട് മറ്റു കൊള്ളക്കാർ ഭരിക്കുന്നു എന്ന് ആലപ്പുഴ വിജയനും .





