ഡോക്ടർ എം.കെ. മുനീർ: ആദർശത്തിന്റെയും നിഷ്കളങ്കതയുടെയും രാഷ്ട്രീയ പാഠം

ഒരു മുൻ മുഖ്യമന്ത്രിയുടെ മകൻ, ദീർഘകാലം മന്ത്രിയായും എം.എൽ.എയായും സേവനമനുഷ്ഠിച്ച വ്യക്തി, അറിയപ്പെടുന്ന എഴുത്തുകാരനും കലാകാരനും—ഡോക്ടർ എം.കെ. മുനീറിന് വിശേഷണങ്ങൾ ഏറെയാണ്. എന്നാൽ ഇന്ന് അദ്ദേഹം വാർത്തകളിൽ നിറയുന്നത് തന്റെ ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ പാർട്ടി സഹായം തേടേണ്ടി വന്ന ഒരു 'സാധാരണക്കാരൻ' എന്ന നിലയിലാണ്. ഇത് പരിഹാസമല്ല, മറിച്ച് ഈ കാലഘട്ടത്തിൽ വലിയൊരു സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്.

അഴിമതിയുടെ ആർഭാടങ്ങൾക്കിടയിലെ ഒറ്റയാൻ

കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കേരളം കണ്ടത് അധികാരത്തിൻ്റെ തണലിൽ കോടികൾ സമ്പാദിച്ചുകൂട്ടുന്ന രാഷ്ട്രീയക്കാരുടെ നിരയാണ്. മുഖ്യമന്ത്രിയും കുടുംബവും മക്കളും മരുമക്കളും മുതൽ ലോക്കൽ സെക്രട്ടറിമാർ വരെ തങ്ങളുടെ വരുംതലമുറകൾക്ക് വേണ്ട സമ്പാദ്യം ഉണ്ടാക്കിക്കഴിഞ്ഞു. കരുവന്നൂർ ബാങ്ക് കൊള്ള മുതൽ ശബരിമലയുടെ പേരിൽ വരെ കോടികൾ തട്ടിയെടുത്ത സഖാക്കളും, സ്വർണ്ണക്കടത്തിലൂടെയും മറ്റും ആർഭാട ജീവിതം നയിക്കുന്ന നേതാക്കളും വാഴുന്നിടത്താണ് മുനീർ വേറിട്ടുനിൽക്കുന്നത്. പത്മകുമാറും, പ്രശാന്തും, മുരാരി ബാബുവും അടങ്ങുന്ന ഒരു സംഘം വഴിവിട്ട മാർഗത്തിലൂടെ സമ്പത്ത് കുന്നുകൂട്ടിയപ്പോൾ, ഭരണത്തിലിരുന്നിട്ടും സ്വന്തം ബാധ്യതകൾ തീർക്കാൻ മുനീറിന് കഴിഞ്ഞില്ല എന്നത് അദ്ദേഹത്തിൻ്റെ കൈകൾ ശുദ്ധമാണെന്നതിന് തെളിവാണ്.

വിശ്വാസത്തിന് നൽകേണ്ടി വന്ന വില

മുനീർ തന്റെ ജീവിതത്തിൽ ചെയ്ത ഒരേയൊരു പിഴവ് ഒരാളെ കണ്ണടച്ച് വിശ്വസിച്ചു എന്നതാകാം. ഒരു സഖാവിന്റെ മകൻ നികേഷ് കുമാറിന്റെ വാചകക്കസർത്തിൽ വീണ് ചാനൽ തുടങ്ങാൻ ഇറങ്ങിപ്പുറപ്പെട്ടതാണ് അദ്ദേഹത്തിൻ്റെ തകർച്ചയ്ക്ക് കാരണമായത്. നികേഷിനെ വിശ്വസിച്ച മുനീറിന് നഷ്ടമായത് കൈയ്യിലെ പണം മാത്രമല്ല, തന്റെ മാനവും ആരോഗ്യവുമാണ്. ഈ വഞ്ചനയും സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിച്ച മനോവേദന അദ്ദേഹത്തെ രോഗബാധിതനാക്കി. 'ജീവിക്കാൻ അറിയാത്തവൻ' എന്ന് രാഷ്ട്രീയ എതിരാളികൾ അദ്ദേഹത്തെ പരിഹസിക്കുന്നുണ്ടാകാം. എന്നാൽ അഴിമതി നടത്തി ജീവിക്കാൻ അറിയാത്തതാണ് ഒരാളുടെ പരാജയമെങ്കിൽ, ആ പരാജയമാണ് ഇന്നത്തെ കാലത്ത് ഏറ്റവും വലിയ വിജയം.

സ്നേഹത്തിന്റെ യും നീതിയുടെയും കരുതൽ

കയ്പ്പേറിയ അനുഭവങ്ങൾക്കൊടുവിൽ മുസ്ലിം ലീഗ് ഈ ബാധ്യത ഏറ്റെടുക്കാൻ തീരുമാനിച്ചത് വൈകിയാണെങ്കിലും ഉചിതമായ തീരുമാനമാണ്. കൂടെയുള്ളവർ തഴഞ്ഞു എന്ന തോന്നലുണ്ടായിരുന്നിടത്ത് പാർട്ടി തന്നെ താങ്ങായി എത്തുമ്പോൾ അത് മുനീറിന് നൽകുന്ന ആശ്വാസം ചെറുതല്ല. ഒരു കലാകാരന്റെ മനസ്സുള്ള, പാവപ്പെട്ടവന്റെ വേദനയറിയുന്ന ഈ ഡോക്ടർക്കൊപ്പം ഇന്ന് കേരളത്തിലെ സാധാരണ ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കുന്നു.

അഴിമതിക്കാരും കൊള്ളക്കാരും മാളികകൾ പണിയുമ്പോൾ, അധികാരത്തിലിരുന്നിട്ടും കടക്കാരനായി പോയ മുനീർ കേരള രാഷ്ട്രീയത്തിലെ 'അപൂർവ്വമായൊരു പച്ചപ്പാണ്'. ആ ആദർശശുദ്ധി തന്നെയാണ് അദ്ദേഹത്തെ ജനപ്രിയനാക്കുന്നതും.

ഇരുണ്ടനാളുകൾ: