ഈച്ച രാമനും ഈച്ച രാധയും: കൊടുങ്ങല്ലൂർ മുതൽ ജൂഹു ബീച്ച് വരെയുള്ള ഒരു അപൂർവ്വ ജീവിതകഥ : 'ഈ കഥകൾ' ഭാഗം ഒന്ന് ..
അസാമാന്യ രൂപവും ആ ചിരിയും
അസാമാന്യമായ ഉയരം. മെലിഞ്ഞതാണെങ്കിലും ബലിഷ്ഠമായ ശരീരം. തലയിൽ കുടുമ്മി. നീളമുള്ള മുഖത്ത് നിരയൊക്കാത്തതാണെങ്കിലും, സാമാന്യത്തിലധികം നീളമുള്ള പല്ലുകൾ. ആൾ വിരൂപനല്ലെങ്കിലും മുഖത്തിന്റെ നീളവും, പല്ലിന്റെ നിരയും, ആകപ്പാടെയുള്ള ആകാരവും കാരണം ചിരിക്കുമ്പോൾ ഒരു മടി തോന്നും.
ശബ്ദമില്ലാത്ത സെക്കൻഡുകൾ മാത്രം നിൽക്കുന്ന ആ ചിരി ഒരു ഇളിച്ചുകാട്ടലോ മുഖച്ചേഷ്ടയോ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാൻ 1975-ൽ ആദ്യമായി കാണുമ്പോൾ എരമക്കാട്ട് പറമ്പിൽ രാമന് 55-60 വയസ്സായിക്കാണും. രാമന് പത്തിൽ കുറയാതെ സന്തതികൾ. അതിലുള്ള ഏക ആൺതരി എന്റെ കൂട്ടുകാരൻ രാധാകൃഷ്ണൻ.
'ഈച്ച രാമൻ' എന്ന പേരിന് പിന്നിൽ
എരമക്കാട്ട് പറമ്പിൽ രാമന് മറ്റൊരു പേരുണ്ട്. കൊടുങ്ങല്ലൂർക്കാരുടെ ഇടയിൽ ആ പേരിലേ അദ്ദേഹത്തെ അറിയൂ. ആ പേര് വീഴാൻ ഒരു കാരണവുമുണ്ട്. മഴക്കാലത്ത് കൂലിപ്പണിക്കാർക്ക് ഞങ്ങളുടെ നാട്ടിൽ പണിയുണ്ടാവില്ല. അവർ ഒഴിഞ്ഞ കടത്തിണ്ണയിലിരുന്ന് 'നൂറും കോലും', 'ഈച്ചക്ക് കാശ്', 'പരൽ', 'വിളി' തുടങ്ങിയ കളികളിലേർപ്പെട്ട് സമയം കളയും. രാമന്റെ വൈദഗ്ധ്യം 'ഈച്ചക്ക് കാശ്' വെച്ച് കളിക്കുന്നതിലാണ്.
ഒരു ചതുരമോ വട്ടമോ വരച്ച് അതിൽ എല്ലാവരും ഒരു നാണയം വെക്കും. ആദ്യം വയ്ക്കുന്ന ആൾ വെച്ച നാണയത്തിന് തുല്യമായ മൂല്യമുള്ള നാണയം എല്ലാവരും വെക്കണം. മൂന്ന് തൊട്ട് ആറ് പേർ വരെ ഈ കളിയിലുണ്ടാകാറുണ്ട്. കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ വട്ടത്തിന്റെയോ ചതുരത്തിന്റെയോ വലുപ്പം കൂട്ടും. എല്ലാവരും നാണയം വെച്ചുകഴിഞ്ഞാൽ കളത്തിൽ നിന്നും മാറി നിൽക്കും. ആരുടെ നാണയത്തിലാണോ ഈച്ച ആദ്യം വന്നിരിക്കുന്നത്, അവർക്ക് കളത്തിൽ വെച്ചിട്ടുള്ള എല്ലാ നാണയങ്ങളും കിട്ടും. (അക്കാലത്ത് ഈച്ചകൾക്ക് ഇവിടെ ഒരു ക്ഷാമവുമില്ലായിരുന്നു, അവ എല്ലാടത്തുമുണ്ടായിരുന്നു).
രാമൻ കളിക്കാനുണ്ടെങ്കിൽ ബാക്കിയുള്ളവർക്ക് താല്പര്യം കുറവായിരിക്കും. കാരണം 'ഈച്ചഭാഗ്യം' മിക്കവാറും രാമനായിരിക്കും. രാമൻ കുറെ മഴക്കാലങ്ങൾ ഈ കളിയിൽ കൊടുങ്ങല്ലൂരിലെ ജേതാവായിരുന്നു. കാലങ്ങൾക്ക് ശേഷം രാമന്റെ നാണയത്തിൽ മധുരത്തിന്റെ അംശമുണ്ടെന്ന് സംശയം തോന്നിയ കളിക്കാർ, രാമൻ കള്ളിമുണ്ടിനടിയിൽ ഇട്ടിരുന്ന വരയൻ നിക്കറിന്റെ പോക്കറ്റിൽ നിന്നും ശർക്കരക്കഷ്ണം കണ്ടുപിടിച്ചു!
രാമൻ വരയൻ നിക്കറിന്റെ പോക്കറ്റിൽ നിന്നാണ് നാണയം എടുക്കുക. രാമന്റെ ഭാഗ്യത്തിന് കാരണം കണ്ടുപിടിച്ചതിന് ശേഷം കൊടുങ്ങല്ലൂർക്കാർ രാമന് 'ഈച്ചവെച്ച് കളിക്ക്' ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി 'ഈച്ച രാമൻ' എന്ന പേരും നൽകി പരിഹസിച്ചു. ഈ സംഭവങ്ങളെല്ലാം അറുപതുകളുടെ അവസാനത്തിലാണ് നടക്കുന്നത്. ഞാൻ രാമനെ കാണുമ്പോൾ 'ഈച്ച രാമൻ' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. രാമൻ ജീവിച്ചിരിക്കുമ്പോൾ തന്നെ 'ഈച്ച' എന്ന വിശേഷണം രാമന്റെ ഏക പുത്രൻ, എന്റെ സുഹൃത്ത് രാധക്കും കിട്ടി—'ഈച്ച രാധ' എന്ന പേര്.
അധ്വാനിയും ശാന്തനുമായ രാമൻ
രാമൻ നല്ലവണ്ണം അധ്വാനിക്കും, കുടുംബം നോക്കും. സന്ധ്യ കഴിഞ്ഞാൽ ചാരായഷാപ്പിന്റെ മുൻപിൽ ഒരു നാല് ചക്ര വണ്ടിയിൽ അല്ലറചില്ലറ സാധനങ്ങൾ വിൽക്കും. രാത്രിയിലെ അവസാന സിനിമാപ്രദർശനം കഴിഞ്ഞ് കൊടുങ്ങല്ലൂർ 'രാജ്' തിയേറ്ററിൽ നിന്നുള്ള ആളുകളെല്ലാം പോയിക്കഴിഞ്ഞാൽ നാല് ചക്ര വണ്ടിയുമായി വീട്ടിലേക്ക് തിരിക്കും.
വീട്ടിലെത്തിയാൽ നേരത്തെ വണ്ടിയിൽ വാങ്ങിവച്ചിട്ടുള്ള ചാരായം കുടിച്ച് സന്തോഷത്തോടെ കയ്യിലുള്ള പൈസയെല്ലാം ഭാര്യയെ ഏൽപ്പിക്കും. ആർക്കും ഒരു ശല്യവുമില്ല, വീട്ടുകാർക്കും സമാധാനം. 1996-ലെ ഗവൺമെന്റിന്റെ ചാരായ നിരോധനം മുൻകൂട്ടി കണ്ട് രാമൻ എല്ലാ ദിവസവും ചാരായം ശേഖരിച്ചു വെക്കുമായിരുന്നു. ചാരായമില്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കാൻ രാമന് വിഷമമായിരുന്നു. ചാരായ നിരോധനത്തിന് ശേഷവും രാമൻ ദിവസവും ശേഖരിച്ചു വെച്ചിരുന്ന ചാരായം കുടിച്ചുകൊണ്ടിരുന്നു.
1998 ഡിസംബർ വരെ രാമന് ദിവസവും കുടിക്കാനുള്ള ശേഖരം ഉണ്ടായിരുന്നു എന്നാണ് 'ഈച്ച രാധ' പറഞ്ഞു അറിവ്. കയ്യിലെ ശേഖരം തീർന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ 'ഈച്ച രാമൻ' മരിച്ചു. മരിക്കുന്നതിന് വളരെ മുൻപ് തന്നെ എല്ലാ മക്കളുടെയും വിവാഹം കഴിച്ചുകൊടുത്ത് ചുമതലകളെല്ലാം അദ്ദേഹം നിറവേറ്റിയിട്ടുണ്ടായിരുന്നു.
ബഹുമുഖ പ്രതിഭയായ 'ഈച്ച രാധ'
എന്റെ കൂട്ടുകാരൻ 'ഈച്ച രാധ' ഒരു ബഹുമുഖ പ്രതിഭയാണ്. ഞാനാണ് അവനെ ചെസ്സ് കളി പഠിപ്പിച്ചത്. ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ അതിൽ ആളൊരു വിദഗ്ദ്ധനായി. ബോബി ഫിഷറിന്റെയും, സ്പാസ്കിയുടെയും ജീവചരിത്രം അവരുടെ മാതാപിതാക്കളെക്കാളും നന്നായി രാധ പറയും. ക്രിക്കറ്റ് വേഗമേറിയ ബൗളർ; ബൗൾ ചെയ്താൽ ഓടിയെത്തുന്ന ആ വേഗത കാണേണ്ടതായിരുന്നു. ബാറ്റ് ചെയ്താൽ തുകൽ പന്ത് അടിച്ചു പൊളിക്കും. ക്രിക്കറ്റ് സ്ഥിതിവിവരക്കണക്കുകൾ എല്ലാം മനോപാഠം.
കിട്ടുന്ന പത്രങ്ങളെല്ലാം ആദ്യം തൊട്ട് അവസാനം വരെ വായിക്കും. സംശയങ്ങളുടെ ഒരു കൂമ്പാരമായി എന്റെ അടുത്ത് വരും. എനിക്ക് അറിയുന്നതെല്ലാം പറഞ്ഞു കൊടുക്കും, അറിയാത്തത് എവിടെയെങ്കിലും, ആരോടെങ്കിലും ചോദിച്ച് മനസ്സിലാക്കി പറഞ്ഞു കൊടുക്കും. കമ്മ്യൂണിസം, ക്യാപിറ്റലിസം, സോഷ്യലിസം, ലിബറലിസം, കല, സംസ്കാരം തുടങ്ങിയ എല്ലാ വിഷയങ്ങളിലും അസാമാന്യ വിവരം. കൊടുങ്ങല്ലൂരിൽ 'വിൻസെന്റ് വാൻഗോഗ്'നെയും 'പിക്കാസോ'യെയും അറിയുന്ന അപൂർവ്വം ചിലരിൽ ഒരാൾ. ബോംബെ അധോലോകം, പാബ്ലോ എസ്കോബാർ തുടങ്ങിയ മാഫിയകളെക്കുറിച്ചും കുറ്റകൃത്യങ്ങളെക്കുറിച്ചും വായിച്ച് രസിക്കാറുള്ള, ചർച്ച ചെയ്യാറുള്ള ചുരുക്കം ചിലരിൽ ഒരാൾ.
ബോംബെ ജീവിതവും ജൂഹു ബീച്ചും
രാധ പത്തിൽ തോറ്റു. രണ്ടു മൂന്ന് കൊല്ലത്തിനുള്ളിൽ ബോംബെയ്ക്ക് വണ്ടികയറി. മൂന്ന് കൊല്ലത്തിന് ശേഷം ഞാൻ ബിരുദം കഴിഞ്ഞ് ബോംബെയിൽ ചെന്നപ്പോഴാണ് (1982 ഒക്ടോബറിൽ) രാധയെ പിന്നീട് കാണുന്നത്. രാധ അപ്പോഴേക്കും അച്ഛൻ രാമനെപ്പോലെ ആറടിയിൽ അധികം ഉയരമുള്ള ഒരു അതികായനായിത്തീർന്നിട്ടുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ സന്തോഷമായി. പക്ഷെ ഹിന്ദിയിലോ മറാഠിയിലോ മാത്രമേ സംസാരിക്കുകയുള്ളൂ.
ജൂഹു ബീച്ചിൽ ചോളം കച്ചവടമാണ്. അപ്പോൾ നാട്ടുകാരൻ തിലകനും അവിടെയുണ്ട്. രാധക്ക് കച്ചവടത്തിൽ വരുമാനം മോശമല്ലായിരുന്നു. ധൂർത്തും കുറവല്ലായിരുന്നു. ഒരു ദിവസം ഞങ്ങൾ രാത്രി ജൂഹു ബീച്ചിലിരുന്ന് നാട്ടിലെ കഥകളും വിശേഷങ്ങളും പങ്കുവെച്ചു. കൂപ്പർ ആശുപത്രിയിലെ ഒരു മലയാളി നഴ്സുമായി രാധക്ക് ചെറിയ അടുപ്പം. എനിക്ക് അത്ഭുതം!
രാധ ഇപ്പോൾ തന്നെ എന്റെ വീട്ടിൽ വന്നിരുന്നു. ഞാൻ പുള്ളിക്കാരന്റെ വൈദ്യശാസ്ത്ര ഉപദേശകനാണ്. കുറച്ചുനേരം സംസാരിച്ചിരുന്നു. രാധയെ കണ്ടപ്പോൾ ചില പഴയ കാര്യങ്ങൾ ഓർമ്മ വന്നതാണ് ഞാൻ മേലെ കുറിച്ചിരിക്കുന്നത്. രാധയെക്കുറിച്ച് പറയുവാനുള്ളതെല്ലാം എഴുതുകയാണെങ്കിൽ 'അവകാശികൾ' എന്ന നോവലിനെ വെല്ലുന്ന ഒരു വലിയ പുസ്തകമാകും.
രാധയുടെ ജീവിതം തുടരും .. ഈ കഥകൾ തുടരും ..
ലേശം സാഹിത്യം : മേനോൻ സുദീപ്

