ആരാണ് യഥാർത്ഥ വർഗ്ഗവഞ്ചകർ? സി.പി.എമ്മിലെ കൊള്ളസംഘങ്ങൾക്കെതിരെ ഒരു തുറന്ന കത്ത്

കേരള രാഷ്ട്രീയത്തിൽ ആദർശശുദ്ധിയോടെ നിലകൊണ്ട ജി. സുധാകരനെ 'വർഗ്ഗവഞ്ചകൻ' എന്ന് മുദ്രകുത്താൻ മുതിരുന്ന സജി ചെറിയാനും എച്ച്. സലാമും യഥാർത്ഥത്തിൽ സ്വന്തം കണ്ണാടിയിലേക്കാണ് നോക്കേണ്ടത്. ഇരുളിന്റെ മറവിൽ ഗുണ്ടകളെ വിട്ട് ഒരു മുതിർന്ന നേതാവിന്റെ വീടിന്റെ ഉമ്മറത്ത് പോസ്റ്റർ ഒട്ടിക്കുന്ന സംസ്‌കാരം കമ്മ്യൂണിസമല്ല, മറിച്ച് ഫാസിസമാണ്.

തൊഴിലാളി വർഗ്ഗത്തെ പച്ചയ്ക്ക് പറ്റിച്ച് മുതലാളി വർഗ്ഗത്തിന് കുടപിടിക്കുന്ന ഈ 'കൊള്ളസംഘങ്ങൾ' പാർട്ടിയെ പടുകുഴിയിലേക്കാണ് തള്ളിവിടുന്നത്. ഇതുവരെ പാർട്ടിയെ തള്ളിപ്പറയാത്ത ഒരു നേതാവിനെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിക്കുന്നവർ അറിഞ്ഞിരിക്കേണ്ടത്, ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്നാണ്.

പാർട്ടി അഖിലേന്ത്യാ സെക്രട്ടറി എം.എ. ബേബിക്ക് പോലും ഇവിടുത്തെ കാര്യങ്ങൾ നന്നായി അറിയാം. സുധാകരനെ ഉപദ്രവിക്കരുത് എന്ന അദ്ദേഹത്തിന്റെ നിർദ്ദേശം അവഗണിക്കപ്പെടുന്നത് പാർട്ടിക്കുള്ളിലെ അച്ചടക്കമില്ലായ്മയുടെ തെളിവാണ്. ബേബിയെപ്പോലെയുള്ള നേതാക്കൾ ഇന്ന് ചെകുത്താനും കടലിനും നടുവിലാണ്.

പാർട്ടിയെ നശിപ്പിക്കുന്ന കൊള്ളസംഘങ്ങളെ ചെറുക്കാനും വയ്യ, എന്നാൽ സത്യം തുറന്നുപറയാനും പറ്റാത്ത അവസ്ഥ. ഈ ശ്വാസംമുട്ടിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിൽ നിന്നാണ് പുതിയൊരു പോരാട്ടത്തിന് തുടക്കമാകുന്നത്. വഞ്ചനയുടെ ചരിത്രമാണ് ഇന്ന് ഈ പ്രസ്ഥാനത്തെ നയിക്കുന്ന പലർക്കുമുള്ളത്.

ചരിത്രം പരിശോധിച്ചാൽ സി.പി.എം നേതൃത്വം എത്രത്തോളം ക്രൂരമായാണ് സ്വന്തം നേതാക്കളോട് പെരുമാറിയതെന്ന് വ്യക്തമാകും. എം.വി. രാഘവനോട് ചെയ്തത് വഞ്ചനയായിരുന്നില്ലേ? കെ.ആർ. ഗൗരിയമ്മയോട് കാട്ടിയത് നീതികേടായിരുന്നില്ലേ? വി.എസ്. അച്യുതാനന്ദനെന്ന ജനനായകനെ ഇല്ലാതാക്കാൻ ശ്രമിച്ചത് വഞ്ചനയായിരുന്നില്ലേ?

പവിത്രമായ രക്തസാക്ഷ്യങ്ങളോടും ടി.പി. ചന്ദ്രശേഖരനോടും ഇവർ ചെയ്ത ക്രൂരതകൾക്ക് കാലം മറുപടി നൽകിക്കഴിഞ്ഞു. എന്നിട്ടും ഇവരെല്ലാം ചേർന്ന് ആദർശ രാഷ്ട്രീയത്തിന്റെ വക്താവായ ജി. സുധാകരനെ വർഗ്ഗവഞ്ചകൻ എന്ന് വിളിക്കുന്നത് പരിഹാസ്യമാണ്.

ശബരിമലയിലെ അയ്യപ്പവിശ്വാസികളോട് ഇവർ കാട്ടിയത് പച്ചയായ വഞ്ചനയായിരുന്നു. ആചാരങ്ങൾ ലംഘിക്കാനും വിശ്വാസികളെ അടിച്ചമർത്താനും മുതിർന്ന പിണറായി സർക്കാർ ഒടുവിൽ തോൽവി സമ്മതിക്കേണ്ടി വന്നത് അയ്യപ്പന്റെ മണ്ണിലെ നീതിയാണ്. വിശ്വാസികളോട് മാത്രമല്ല, പാർട്ടിക്ക് വേണ്ടി അഹോരാത്രം പണിയെടുക്കുന്ന നിഷ്കളങ്കരായ സഖാക്കളോടും ചെറുപ്പക്കാരോടും ഇവർ ചെയ്യുന്നത് കടുത്ത ദ്രോഹമാണ്.

അധ്വാനിക്കുന്നവന്റെ പാർട്ടി എന്ന ലേബലിൽ അധികാരത്തിലെത്തി സാധാരണക്കാരെ പിഴിഞ്ഞൂറ്റുന്ന ഈ ശൈലി കേരളത്തോടുള്ള ഏറ്റവും വലിയ വഞ്ചനയാണ്.

വർഗ്ഗം എന്നാൽ തൊഴിലാളി വർഗ്ഗമെന്നും മുതലാളി വർഗ്ഗമെന്നും രണ്ടേയുള്ളൂ. ഇതിൽ തൊഴിലാളി വർഗ്ഗത്തെ മറന്ന് സമ്പന്നർക്കും മാഫിയകൾക്കും വേണ്ടി ഭരണം നടത്തുന്നവരാണ് യഥാർത്ഥത്തിൽ വർഗ്ഗത്തെ വഞ്ചിക്കുന്നത്. പാർട്ടിയുടെ നട്ടെല്ലായിരുന്ന മുതിർന്ന നേതാക്കളെ പടിയടച്ചു പുറത്താക്കുന്ന ഈ ശൈലിക്ക് പിന്നിൽ അധികാരത്തോട് മാത്രമുള്ള ആർത്തിയാണ്.

അഴിമതിയും ധാർഷ്ട്യവും മുഖമുദ്രയാക്കിയ ഈ നേതൃത്വത്തിന് മുന്നിൽ ശിരസ്സ് നമിക്കാൻ തയ്യാറല്ലെന്ന സുധാകരന്റെ പ്രഖ്യാപനം കേരളത്തിലെ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരുടെ വികാരമാണ്.

എല്ലാം കണ്ടും കേട്ടും മടുത്തതുകൊണ്ടാണ് ജി. സുധാകരൻ ഇപ്പോൾ ഇങ്ങനെയൊരു തീരുമാനമെടുത്തത്. തന്നെ അറിയുന്ന നല്ല സഖാക്കൾ വോട്ട് ചെയ്യുമെന്ന അദ്ദേഹത്തിന്റെ വിശ്വാസം വെറുതെയല്ല. വ്യക്തിപരമായ നേട്ടങ്ങൾക്കപ്പുറം നാടിന്റെ നന്മയും രാഷ്ട്രീയ ധാർമ്മികതയും ഉയർത്തിപ്പിടിക്കുന്ന ഒരു ജനത അദ്ദേഹത്തിനൊപ്പം നിൽക്കും.

വഞ്ചനയെ രാഷ്ട്രീയ ആയുധമാക്കിയവർക്ക് അമ്പലപ്പുഴയിലെയും കേരളത്തിലെയും ജനങ്ങൾ വരും ദിവസങ്ങളിൽ കൃത്യമായ മറുപടി നൽകും.

തുറന്നു പറച്ചിൽ :