കായംകുളം കണ്ണീർ വാണിഭം:
കന്നാസ്: എടാ കടലാസേ, കായംകുളത്ത് ഇപ്പൊ വോട്ട് ചോദിക്കാൻ സ്ഥാനാർത്ഥികൾ വരുന്നത് കണ്ടാൽ തോന്നും ഏതെങ്കിലും മെഗാ സീരിയലിന്റെ ലൊക്കേഷനാണെന്ന്. യുഡിഎഫ് സ്ഥാനാർത്ഥി സ്റ്റേജിൽ ഇരുന്ന് അലമുറയിട്ടു കരയുകയാണല്ലോ!
കടലാസ്: അതെയതെ, പണ്ട് പലതവണ തോറ്റു പോലും! അതുകൊണ്ട് ഇത്തവണ ഒരു 'സങ്കട വോട്ട്' വേണമെന്ന്. ഇതെന്താ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണോ അതോ വല്ല വൃദ്ധസദനത്തിലേക്കുള്ള അപേക്ഷാ ഫോം പൂരിപ്പിക്കലാണോ?
വികസനം ചോദിച്ചാൽ വെള്ളം കുടിക്കും, വോട്ട് ചോദിച്ചാൽ ഗ്ലിസറിൻ കുടിക്കും!
കന്നാസ്: അല്ല, ഇതേ സ്ഥാനാർത്ഥിയല്ലേ പണ്ട് തോറ്റപ്പോൾ പത്തായം കീറിയ കൊച്ചുണ്ണിയെ പോലെ വിറപ്പിച്ചത്? ഇപ്പൊ കായംകുളം കായലിലെ വെള്ളത്തേക്കാൾ ഉപ്പുരസമുണ്ടല്ലോ പുള്ളിയുടെ കണ്ണീരിന് :
കടലാസ്: അത് കന്നാസേ, എതിരാളി കരയുമ്പോൾ താൻ ചിരിച്ചാൽ വോട്ടർമാർക്ക് മോശമായി തോന്നിയാലോ എന്ന് കരുതി നമ്മുടെ എംഎൽഎയും ഇറങ്ങിയിട്ടുണ്ട് പത്രക്കാർക്ക് മുന്നിൽ മൂക്കുപിഴിയാൻ. പണ്ട് വനിതാ മാധ്യമപ്രവർത്തകരെ കുറിച്ച് പുള്ളിക്കാരി പറഞ്ഞ 'മുത്ത് കോർത്ത' തെറികളൊക്കെ ഇപ്പൊ കണ്ണീരിൽ കഴുകി വിശുദ്ധമാക്കിയിരിക്കുകയാണ് !!
പഴയ തെറികൾ മെമ്മറി കാർഡിൽ നിന്ന് ഡിലീറ്റ് ആയോ? അതോ സെന്റിമെന്റ്‌സ് കൊണ്ട് ഫോർമാറ്റ് ചെയ്തോ?
കന്നാസ്: നേതാക്കന്മാർക്ക് മറ്റു പാർട്ടിക്കാരെ എന്തുമാകാം, പക്ഷേ തിരിച്ചു കിട്ടുമ്പോൾ ഉടനെ 'കടന്നൽ കൂട്' ഇളകിയതുപോലെ മുഖ്യമന്ത്രി വരെ ആയിരം നാവുമായി വരുമല്ലോ? സ്വന്തം പാർട്ടിക്കാർ മറ്റു വനിതാ നേതാക്കളെ അധിക്ഷേപിക്കുമ്പോൾ ഈ കടന്നലുകളൊക്കെ ഹിമാലയത്തിൽ തപസ്സിലായിരുന്നോ?
കടലാസ്: അതൊക്കെ അത്രേയുള്ളൂ കന്നാസേ. മാന്യത എന്നത് തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം പുറത്തെടുക്കുന്ന ഒരു പഴയ കോട്ടായി മാറി. വായ മൂടാൻ പണം കിട്ടിയ ചാനലുകൾ ഇതിലേക്ക് ലേശം വർഗീയ വിഷം കൂടി കലർത്തി വിളമ്പുന്നുമുണ്ട്.
തെറി പറയുന്നത് ഹോബി, കരയുന്നത് പ്രൊഫഷൻ - ഇതാണ് കായംകുളം സ്പെഷ്യൽ !
കന്നാസ്: എടാ കടലാസേ, ഈ കായംകുളത്തെ ആ പാവം മനുഷ്യനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കേട്ടല്ലോ! വലിയ ചങ്കൂറ്റമാണെന്നാണല്ലോ വർത്തമാനം?
കടലാസ്: വലിയ ചങ്കൂറ്റം തന്നെ കന്നാസേ! പക്ഷേ പഴയ ചില കാര്യങ്ങൾ ഓർക്കുമ്പോഴാ ഒരു തരിപ്പ്. രമ്യ ഹരിദാസിനെ അവഹേളിച്ച വിജയരാഘവനെ അന്ന് ആരെങ്കിലും പുറത്താക്കിയോ? ലതികയെ കളിയാക്കിയ വിഎസിനെതിരെ എന്തെങ്കിലും നടപടി ഉണ്ടായോ? ഇല്ലല്ലോ! എന്തിനധികം പറയുന്നു , കായംകുളത്തെ അരിതയെ വരെ അവർ വെറുതെ വിട്ടില്ലല്ലോ ? അവരൊക്കെ ഇപ്പോൾ ഈ വിഷയത്തിൽ കണ്ണീർ പൊഴിക്കുന്നുണ്ടാകും !!
സ്വന്തം പാർട്ടിക്കാർ പറഞ്ഞാൽ അത് 'തമാശ', മറ്റുള്ളവർ പറഞ്ഞാൽ അത് 'അറസ്റ്റ്'!
കന്നാസ്: അത് ശരിയാ. അച്ചു ഉമ്മനെതിരെ മോശം പരാമർശം നടത്തിയവരെയോ, സിന്ധു സൂര്യകുമാറിനെയും സ്മൃതി പരുത്തിക്കാടിനെയും അനാവശ്യം പറഞ്ഞു നടന്നവരെയോ ആരെങ്കിലും തൊട്ടോ? വീണ നായരെ വൃത്തികേട് പറഞ്ഞവരും ഇപ്പോഴും പാർട്ടിയിൽ സുഖമായി വാഴുന്നില്ലേ?
കടലാസ്: അതെന്താ അങ്ങനെ ചോദിച്ചത്? ഈ മാധ്യമപ്രവർത്തകരായ സ്ത്രീകളെ ഒന്നടങ്കം വൃത്തികെട്ട ഭാഷയിൽ മൈക്കിന് മുന്നിൽ അധിക്ഷേപിച്ച അതേ എംഎൽഎ ഇപ്പോഴും കായംകുളത്ത് എംഎൽഎ കസേരയിൽ ഇരിക്കുന്നില്ലേ? അന്നൊന്നും ഇല്ലാത്ത ഏത് 'ചങ്കൂറ്റമാണ്' ഇപ്പോൾ പുറത്തെടുത്തത് എന്നാണ് നാട്ടുകാരുടെ ചോദ്യം!
ആട് കിടന്നിടത്ത് പൂട പോലുമില്ല, പക്ഷേ ചീത്ത വിളിച്ച എംഎൽഎക്ക് മാത്രം ഒരു പോറലുമില്ല!
കന്നാസ്: അപ്പൊ ഈ 'പുറത്താക്കൽ' വെറും തിരഞ്ഞെടുപ്പ് സ്റ്റണ്ടാണോ?
കടലാസ്: സംശയമുണ്ടോ? കായംകുളത്തെ ആ മനുഷ്യനെ പുറത്താക്കി ഞങ്ങൾ 'നീതിമാന്മാരാണെന്ന്' കാണിക്കാൻ ലേശം ചങ്കൂറ്റം വേണം. പക്ഷേ പഴയ ലിസ്റ്റ് എടുത്തു നോക്കിയാൽ ഈ ചങ്കൂറ്റം വെറും 'ചങ്കിലെ പുകച്ചിൽ' മാത്രമാണെന്ന് മനസ്സിലാകും. എല്ലാം വോട്ടിന് വേണ്ടിയുള്ള വെറും കണ്ണീർ നാടകങ്ങൾ!
പഴയ പാപങ്ങൾ കണ്ണീരിൽ കഴുകാം, പക്ഷേ ജനം ഇതൊക്കെ കാണുന്നുണ്ട് ..
കന്നാസ്: ആകാശത്തിരുന്ന് ഇതെല്ലാം കാണുന്ന 'ഹരി' പോലും വിചാരിക്കുന്നുണ്ടാകും, "ഈ കായംകുളം കൊച്ചുണ്ണിമാരെക്കൊണ്ട് തോറ്റല്ലോ" എന്ന്!
കടലാസ്: ഹരിഗോവിന്ദം! വോട്ട് കഴിഞ്ഞാൽ ഈ കണ്ണീരൊക്കെ പിറ്റേന്ന് തന്നെ ഉണങ്ങും. പിന്നെ അടുത്ത അഞ്ചു കൊല്ലം വോട്ടർമാർ കരയേണ്ടി വരും, അത്ര തന്നെ!
ഹരി എല്ലാം കാണുന്നുണ്ട്, പക്ഷേ ഇതൊക്കെ കണ്ട് ഹരിക്ക് പോലും ചിരിയാണ് വരുന്നത്!





